UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിക്കും ധാക്കയ്ക്കുമിടയില്‍ ഒരു നദി ഒഴുകുന്നുണ്ട്

Avatar

ടീം അഴിമുഖം

ഓ, ടീസ്റ്റ! ബംഗ്ലാദേശിലെ ഡെയിലി സ്റ്റാര്‍ പത്രത്തില്‍ ശനിയാഴ്ച്ച വന്ന തലക്കെട്ടാണ്, താഴെ ഇങ്ങനെയും: ശോഷിച്ച നദി ഇന്ത്യ ഏല്‍പ്പിച്ച ദുരിതങ്ങളെക്കുറിച്ച് ബംഗ്ലാദേശിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

മേഖലയിലെ വലിയൊരു വൈകാരിക വിഷയമാണ് നദീജലവും അതിന്റെ പങ്കിടലും. അതിലുള്‍പ്പെട്ട രാജ്യങ്ങളുടെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ ആശ്രയിച്ചാണതിന്റെ ഗതിവിഗതികള്‍. ഇന്ത്യയുമായി 54 നദികള്‍ പങ്കിടുന്ന ബംഗ്ലാദേശിന് ടീസ്റ്റ ഒരു വൈകാരിക വിഷയമാണ്. കഴിഞ്ഞ 18 കൊല്ലമായി ചര്‍ച്ചകള്‍ നടക്കുന്നു. എന്നാല്‍ വെള്ളം ഒരു സംസ്ഥാന വിഷയമായതിനാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അനുനയിപ്പിക്കാതെ ഇക്കാര്യത്തില്‍ കേന്ദ്രത്തിന് ഒരു തീരുമാനത്തിലും എത്താനാകില്ല. ടീസ്റ്റയിലെ ജലമൊഴുക്ക് അസാധാരണമാം വിധം ശോഷിക്കുന്നു എന്നാണ് ഇപ്പോള്‍ ബംഗ്ലാദേശിന്റെ പരാതി. വരണ്ട കാലമായി കണക്കാക്കുന്ന മാര്‍ച്ചില്‍ ടീസ്റ്റയിലെ ജലമൊഴുക്ക് 2015-ല്‍ 315 കുസെക്സ് ആണെന്നും 2014-ല്‍ ഇത് 2015-ല്‍ ഇത് 550 കുസെക്സ് ആയിരുന്നു എന്നും ബംഗ്ലാദേശ് പറയുന്നു. നദീജലം പങ്കിടുന്നതിനെ എതിര്‍ത്തുകൊണ്ട് പശ്ചിമ ബംഗാളും ഉയര്‍ത്തുന്ന ഒരു പരാതിയാണ് വേണ്ടത്ര വെള്ളമില്ല എന്നത്.

ഈ നൂറ്റാണ്ടില്‍ ലോകത്തെങ്ങും പ്രധാനപ്പെട്ട ഒരു നദീജലം പങ്കിടല്‍ കരാറും ഒപ്പുവെച്ചിട്ടില്ല എന്നത് ജലാക്ഷാമം ഇത്തരം സഹകരണവും പങ്കിടലും കടുപ്പമാക്കുന്നു എന്നതിന്റെ സൂചനയാണ്.

ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ ഉറപ്പിക്കുന്ന കാലത്ത്, നെഹ്രു ചെയ്തതുപോലെ ചെയ്യാന്‍ എളുപ്പമല്ല- ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് ജമ്മു കാശ്മീരിന്റെ താത്പര്യങ്ങളെ ഗൌനിക്കാതെ പാകിസ്ഥാനുമായി ഇന്‍ഡസ് ജല ഉടമ്പടിയില്‍ ഏര്‍പ്പെട്ട പോലൊന്ന്. പശ്ചിമ ബംഗാളില്‍ 2016-ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇക്കാര്യത്തില്‍ അയഞ്ഞുകൊടുക്കാന്‍ മമതയ്ക്കും ബുദ്ധിമുട്ടാണ്. മമത ബാനര്‍ജിയുടെ എതിര്‍പ്പുമൂലം ഒപ്പുവെക്കാതിരുന്ന 2011-ലെ കരാര്‍ പ്രകാരം ടീസ്റ്റ ജലം 50:50 എന്ന രീതിയില്‍ പങ്കിടാനായിരുന്നു ധാരണ. ഇരുരാഷ്ട്രങ്ങളും 1996-ല്‍ ഒപ്പിട്ട ഗംഗാ ന്ദീജല കരാര്‍ പോലെ.

പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തില്‍ ടീസ്റ്റ കരാര്‍ ഒപ്പിടാത്തതില്‍ ധാക്കയില്‍ കടുത്ത ബുദ്ധിമുട്ടുണ്ട്. “ഇന്ത്യക്ക് ഈ സന്ദര്‍ശനം വലിയ വിജയമായിരിക്കും. പക്ഷേ ബംഗ്ലാദേശിനെ സംബന്ധിച്ചു ടീസ്റ്റ കരാര്‍ കൂടാതെയുള്ള ഈ സന്ദര്‍ശനം നിരാശയും നയതന്ത്ര പരാജയവുമാണ്,” മുന്‍ നയതന്ത്രജ്ഞനായ അബ്ദുള്‍ ഹന്നന്‍ പറഞ്ഞു.

പരസ്പരം  ഗുണകരമായ ബന്ധങ്ങള്‍
എട്ട് കൊല്ലം മുമ്പ് ബംഗ്ലാദേശുമായി വൈദ്യുതി പങ്കുവെക്കാന്‍ ഇന്ത്യ വാഗ്ദാനം നല്കിയപ്പോള്‍ ബംഗ്ലാദേശ് താത്പര്യം കാണിച്ചില്ല. ഒരു പ്രകൃതിവാതക വൈദ്യുതി നിലയം പണിയാനുള്ള സാമഗ്രികള്‍  പശ്ചിമബംഗാളില്‍ നിന്നും ത്രിപുരയിലെത്തിക്കാനുള്ള പാത നല്കിയതിന്റെ പ്രത്യുപകാരമായി അതിനെ വ്യാഖ്യാനിച്ചു. പക്ഷേ വര്‍ഷങ്ങളായുള്ള പ്രേരണക്ക് ശേഷം 2013 മുതല്‍ ഇന്ത്യ ബംഗ്ലാദേശിലേക്കു വൈദ്യുതി നല്കാന്‍ തുടങ്ങി. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 70,000 മെഗാവാട് ജലവൈദ്യുത പദ്ധതി ഉത്പാദനശേഷിയുണ്ടെന്നാണ് കണക്കാക്കുന്നത്. പക്ഷേ ബംഗ്ലാദേശിനെ കൂടാതെ ആ വൈദ്യുതി ഉത്പാദനവും ഉപഭോഗവും  സാധ്യമല്ല. അപ്പോള്‍ ഒരു വലിയ രാജ്യമെന്ന് വെച്ചാല്‍ ചെറിയ അയല്‍ക്കാരോട് ക്ഷമാപൂര്‍വം, വിശാലഹൃദയരാവുക എന്നതുമാണ്.

കച്ചവടം നല്ലതാണ്, പക്ഷേ ധാക്കയുടെ ആശങ്കകള്‍ക്കും ചെവി കൊടുക്കണം
6.5 ബില്ല്യണ്‍ യു എസ് ഡോളറിലെത്തിയ കച്ചവടം മികച്ചത് തന്നെയാണ്. പക്ഷേ ഇതില്‍ ഇന്ത്യയിലേക്കുള്ള ബംഗ്ലാദേശിന്റെ കയറ്റുമതി വെറും 500 ദശലക്ഷം ഡോളറാണ്. ഈ വിടവ് ചെറുതാക്കാന്‍ ഇന്ത്യ ശ്രമിക്കണം. ബംഗ്ലാദേശിലെ ഇന്ത്യയുടെ നിക്ഷേപ പദ്ധതികളും വേഗത്തിലാക്കണം. വാണിജ്യത്തിലെ വലിയ വിടവ് ഇന്ത്യക്ക് മാത്രം ഗുണകരമാകുന്നു എന്ന തോന്നല്‍ നല്ലൊരു പങ്ക് ബംഗ്ലാദേശികള്‍ക്കും ഉണ്ട്. ഇന്ത്യയെ സംബന്ധിച്ചു നേപ്പാളും ഭൂട്ടാനുമടങ്ങുന്ന യു‌പി‌എ മേഖല ബന്ധ പദ്ധതിയില്‍ ബംഗ്ലാദേശിന് നിര്‍ണായക പങ്കുണ്ട്. അതുകൊണ്ടു കൂടുതല്‍ സന്തുലിതമായ ഒരു വാണിജ്യ ബന്ധം ആവശ്യമാണ്.

ഇരുകൂട്ടര്‍ക്കുമുള്ള സുരക്ഷ ആശങ്കകള്‍
ഇന്ത്യയും ബംഗ്ലാദേശും 4096 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നു. അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്-പശ്ചിമ ബംഗാള്‍ (2217 കിലോമീറ്റര്‍),അസം (262), മേഘാലയ (443), ത്രിപുര (856) മിസോറാം (318)-ബംഗ്ലാദേശുമായി അതിര്‍ത്തിയുണ്ട്. 2009 മുതല്‍ വടക്ക് കിഴക്കന്‍ പ്രദേശത്തെ തീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ ധാക്ക ഇന്ത്യയെ സഹായിക്കുന്നു.ഇന്ത്യന്‍ ഭൂപ്രദേശം  ഉപയോഗിച്ച്  തങ്ങള്‍ക്കെതിരെ തിരിയുന്ന സംഘങ്ങളെ കുറിച്ചു ബംഗ്ലാദേശിന്നും ആശങ്കകളുണ്ട്. ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നത് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സുരക്ഷാ ബന്ധവും ശക്തമാക്കും.

ജലം പങ്കുവെക്കലില്‍ ഉറപ്പുകള്‍ വീണ്ടും നല്‍കല്‍
18 വര്‍ഷമായിട്ടും ടീസ്റ്റ നദീജലം പങ്കുവെക്കുന്നതില്‍ തീരുമാനമായില്ല. സംസ്ഥാന വിഷയമായതിനാല്‍ പശ്ചിമ ബംഗാളിന്റെ സമ്മതമില്ലാതെ ഒന്നും നടക്കുകയുമില്ല. 1996-ല്‍ ഗംഗാ നദീജല കരാറുണ്ടാക്കാന്‍ 20 കൊല്ലമെടുത്തു. മാര്‍ച്ച് 22-നു തങ്ങള്‍ക്ക് ലഭിച്ചതു വെറും 232 കുസെക്സ് ആണെന്നും (ഒരു സെക്കണ്ടില്‍ വരുന്ന ക്യുബിക് ഫീറ്റ്) ഇത് ഇതുവരെ കിട്ടിയതില്‍ ഏറ്റവും കുറവാണെന്നും ബംഗ്ലാദേശ് പറയുന്നു. ഇരുരാഷ്ട്രങ്ങളും 54 നദികള്‍ പങ്കുവെക്കുമ്പോള്‍ ജലം പങ്കിടുന്നതില്‍ കൂടുതല്‍ ഉറപ്പുകള്‍ ഉണ്ടാകേണ്ടതാണ്.

കര അതിര്‍ത്തി കരാറിന്റെ നല്ല അന്തരീക്ഷം മുന്നോട്ട് കൊണ്ടുപോകണം
41 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരു രാഷ്ട്രങ്ങളും കര അതിര്‍ത്തി സംബന്ധിച്ച കരാറിന് അന്തിമ രൂപം നല്കിയിരിക്കുന്നു. അതിര്‍ത്തി സംസ്ഥാനങ്ങള്‍ സഹകരിക്കാതെ ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങള്‍ക്ക് ഇനി മുന്നോട്ട് പോകാനാകില്ല എന്നതാണു ഇത് കാണിക്കുന്നത്. 1996-ല്‍ ബംഗാള്‍ സര്‍ക്കാര്‍ നദീജല കരാറില്‍ ഒരടി മുന്നിലായിരുന്നു. ടീസ്റ്റയില്‍ ഉടക്കിയെങ്കിലും കര അതിര്‍ത്തി കരാര്‍ ഒപ്പിടാന്‍ മമതയും ബംഗ്ലാദേശിലേക്ക് കൂടെ പോയി. നിര്‍ണായകവും, സവിശേഷവുമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ പല നല്ല സൂചനകളും ഇപ്പോഴുണ്ട്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍