UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒബാമയുടെ ഇന്ത്യ സന്ദര്‍ശനം; ആഘോഷങ്ങളുടെ പ്രതീകാത്മകതയില്‍ മങ്ങിപ്പോകുന്ന ഭൗമരാഷ്ട്രീയ സൂചനകള്‍

Avatar

ടീം അഴിമുഖം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബരാക് ഒബാമയുടെ കൂടിക്കാഴ്ചയുടെ ഏററവും സുപ്രധാന ഘടകം, അദ്ദേഹം ഇന്ത്യയുടെ റിപബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയാണെന്നുള്ളതാണ്. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ തലവന് ഇന്ത്യ ഇങ്ങനെയൊരു ബഹുമതി നല്‍കുന്നത്. മറ്റെന്തിനേക്കാളും ഉപരി, ന്യൂഡല്‍ഹിയും വാഷിംഗ്ടണും തമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ബന്ധത്തിന്റെ ഊഷ്മളതയാണ് ഇത് കാണിക്കുന്നത്.

നാട്ടില്‍ വിവാദങ്ങള്‍ക്ക് കാരണമാകാത്തവരും ഇന്ത്യയുമായി തന്ത്രപരമായ അടുപ്പം നിലനിറുത്തുന്നതുമായ രാജ്യങ്ങളില്‍ നിന്നും വരുന്നവരുമായ വ്യക്തികളെയാണ് ഇന്ത്യ പരമ്പരാഗതമായി റിപബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി ക്ഷണിക്കാറുള്ളത്. അതുകൊണ്ട് തന്നെ ആദ്യ കാരണത്താല്‍ പാകിസ്ഥാനിലെയോ ചൈനയിലേയോ രാഷ്ട്ര തലവന്മാര്‍ ഇതുവരെ ക്ഷണിക്കപ്പെട്ടിട്ടില്ല. രണ്ടാമത്തെ കാരണത്താല്‍, ഒരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ തലവന്മാരും ഇതുവരെ ഇതിനായി ഇവിടെ വന്നിട്ടുമില്ല.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, അതൊരു സമ്പൂര്‍ണ ഭരണഘടനാ ജനാധിപത്യമായി ഉരുത്തിരിഞ്ഞുവന്നതിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യത്തിന്റെ തലവനെ ക്ഷണിക്കാന്‍ ഏഴ് ദശാബ്ദങ്ങള്‍ എടുത്തു എന്നത് തന്നെ ഇന്ത്യ-യുഎസ് ബന്ധത്തിലുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളുടെ ചില സൂചനകള്‍ നല്‍കുന്നു.

‘ഡെലിവെറബിള്‍സ്’- ഉറപ്പുള്ള ഉടമ്പടികളും കരാറുകളും- എന്ന് നയതന്ത്ര പ്രതിനിധികള്‍ വിശേഷിപ്പിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞ് വരുമെങ്കിലും, സാരാംശത്തെക്കാള്‍ പ്രതീകാത്മകതയ്ക്കായിരിക്കും ഈ സന്ദര്‍ശനത്തില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുക എന്ന് വേണം അനുമാനിക്കാന്‍.

കഴിഞ്ഞ സെപ്തംബറില്‍ മോദിയും ഒബാമയും തമ്മില്‍ ഫലപ്രദമായ ഒരു ഉച്ചകോടി നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ നവംബറില്‍ മ്യാന്‍മ്യാറില്‍ (ബര്‍മ്മ) നടന്ന കിഴക്കന്‍ ഏഷ്യന്‍ ഉച്ചകോടിക്കിടയില്‍ ഇരുവരും കണ്ടുമുട്ടിയപ്പോള്‍ മോദിക്ക് പെട്ടെന്ന് ഒരു നിമിഷത്തില്‍ ഉണ്ടായ ഉള്‍വിളിയുടെ ഫലമായിരുന്നു ഇപ്പോഴത്തെ ക്ഷണം എന്ന് വേണം കരുതാന്‍. ഇത് മൂലം ഒരു കൃത്യമായ അജണ്ട നിശ്ചയിക്കാന്‍ തീരെ ചുരുങ്ങിയ സമയമേ ലഭിച്ചുള്ളുവെന്ന് ഇരുഭാഗത്തെയും ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട്.

പ്രതിരോധം, ഊര്‍ജ്ജം, ഭീകരവിരുദ്ധ പോരാട്ടം എന്നീ മൂന്ന് മേഖലകളില്‍ ഊന്നിയുള്ള ഉഭയകക്ഷി ചര്‍ച്ചകളാവും റിപബ്ലിക് ദിന ഉച്ചകോടിയിലെ മുഖ്യ അജണ്ട. ഈ വിഷയങ്ങള്‍ എല്ലാ സര്‍ക്കാരുകളുടെയും സംവേദന മേഖലയില്‍ വരുന്നതാണെങ്കിലും, ഈ ഓരോ വിഷയത്തിലും നടക്കുന്ന ചര്‍ച്ചകളുടെ ആഴമായിരിക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള അടുപ്പം എത്രയാണെന്ന് അടിവരയിടുക.

താല്‍പര്യങ്ങളുടെ ഏറ്റുമുട്ടല്‍
പ്രതിരോധ മേഖലയില്‍, ആയുധങ്ങളുടെ വാങ്ങലിന്റെയും വില്‍ക്കലിന്റെയും കച്ചവടത്തേക്കാള്‍ ബന്ധങ്ങളുടെ കുന്തമുനയാകുന്നത്, പുതിയ തലമുറയിലെ ആയുധങ്ങള്‍ വികസിപ്പിക്കാനും നിര്‍മ്മിക്കാനുമുള്ള ഇന്തോ-യുഎസ് സംയുക്ത സംരംഭങ്ങളുടെ ശ്രമങ്ങളാണ്. ഈ ആശയം ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിരവധി തവണ തട്ടിക്കളിച്ചിട്ടുണ്ടെങ്കിലും, ഇരു തലസ്ഥാനങ്ങളിലേയും രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രതിരോധത്തെ അതിജീവിക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്തമാസം ഇത്തരം ഇടപാടുകള്‍ സംബന്ധിച്ച കരാറുകളില്‍ ഒപ്പുവയ്ക്കപ്പെടും എന്നത് മാത്രമാണ് ഇതിന് ഒരു അപവാദം. സാധ്യമായ കുറച്ച് ഡസന്‍ സാങ്കേതികവിദ്യകളും ആയുധ സംവിധാനങ്ങളും കൈമാറാമെന്ന് യുഎസ് സമ്മതിച്ചിട്ടുണ്ട്. അതിന്റെ വ്യോമ, നാവിക ശക്തികള്‍ വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള വൈമാനിക, വാഹക സാങ്കേതികവിദ്യകളിലാണ് ഇന്ത്യക്ക് പ്രത്യേക താല്‍പര്യമുള്ളത്.

ഊര്‍ജ്ജ മേഖലയില്‍ ഇരു രാജ്യങ്ങളും വിരുദ്ധ താല്‍പര്യങ്ങളിലാണ് ശ്രദ്ധ ഊന്നുന്നത്; ജൈവ ഇന്ധനത്തിന്റെ വിതരണം മെച്ചപ്പെടുത്തുക, കാലാവസ്ഥ മാറ്റങ്ങള്‍ക്ക് തടയിടുക. ആഗോള താപനം എന്ന വിഷയം അത്യധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ് എന്ന്‍ മോദിയുടെയും ഒബാമയുടെയും വ്യക്തിപരമായ വിശ്വാസങ്ങളുടെ പേരില്‍ ഇരുവരും മറ്റ് ലോക നേതാക്കളുടെ ഇടയില്‍ വ്യത്യസ്തരായി നില്‍ക്കുന്നു. അതുകൊണ്ട് തന്നെ ചില വാണീജ്യ താല്‍പര്യങ്ങള്‍ മനസിലുണ്ടെങ്കിലും, സൗരോര്‍ജ്ജം പോലെയുള്ള പാരമ്പര്യേതര ഊര്‍ജ്ജ രംഗത്തുള്ള ഇന്ത്യ സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ക്ക് യുഎസ് ശക്തമായ പിന്തുണ നല്‍കുന്നു. സപ്തംബറില്‍ നടന്ന ഇന്തോ-യുഎസ് ഉച്ചകോടിയില്‍ ഹരിത ഊര്‍ജ്ജം സംബന്ധിച്ച് ചില ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നു.പകരം ഇന്ത്യയുടെ കാര്‍ബണ്‍ വികിരണം സംബന്ധിച്ച്, സമീപകാലത്ത് ചൈന അംഗീകരിച്ചത്രയും വിശാലമായ ചില ഉറപ്പുകള്‍ മോദിയില്‍ നിന്നും ഒബാമ പ്രതീക്ഷിക്കുന്നുണ്ട്.

എന്നാല്‍ ഇന്ത്യയിലെ ജൈവ ഇന്ധന ബന്ധിത ഊര്‍ജ്ജോല്‍പാദന മേഖല പ്രശ്‌നാധിഷ്ടിതമാണ്. യുഎസില്‍ നിന്നുള്ള ചിലവ് കുറഞ്ഞ പ്രകൃതി വാതകത്തിന് വേണ്ടിയുള്ള ആവശ്യം ഇന്ത്യ ഉന്നയിക്കുന്നു എന്ന് മാത്രമല്ല, അത്തരം ഇറക്കുമതികള്‍ അനുവദിക്കുന്നതിനുള്ള ദീര്‍ഘകാല ഉറപ്പുകള്‍ വാഷിംഗ്ടണില്‍ നിന്നും ഉണ്ടാവുന്നതിന് വേണ്ടി സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നു. പകരം, ഊര്‍ജ്ജ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് റിയാക്ടറുകള്‍ വില്‍ക്കാന്‍ യുഎസിനും മറ്റ് രാജ്യങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ന്യൂനതകളുള്ള ആണവ ഉത്തരവാദിത്വ നിയമത്തില്‍ മാറ്റം വരുത്താന്‍ യുഎസ് ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തും.

ഈ ഉച്ചകോടിയില്‍ ഈ പ്രശ്‌നങ്ങളൊന്നും പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെങ്കിലും ആ ദിശയിലുള്ള ചര്‍ച്ചകള്‍ നടന്നേക്കും.

രഹസ്യവിവര കൈമാറ്റം
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വിലയിരുത്തുന്നതിനുള്ള നല്ല അളവുകോല്‍ തീവ്രവാദി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. ഒന്നാമതായി, യുഎസും ഇന്ത്യയുടെ പ്രാദേശിക എതിരാളിയായ പാകിസ്ഥാനും തമ്മിലുള്ള രഹസ്യാന്വേഷണ സഹകരണത്തെ കുറിച്ച് ഇന്ത്യ ജാഗരൂകരാണ്. ഇന്ത്യയുടെയും യുഎസിന്റെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാകുന്നതോടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പാകിസ്ഥാന്റെ നിഴല്‍ വീഴുന്നതിനുള്ള സാധ്യതകള്‍ കുറയും.

ഭീകരതയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതില്‍ ഇന്ത്യയും യുഎസും ഇതിനകം തന്നെ വളരെ ഉയര്‍ന്ന തലത്തിലുള്ള ബന്ധം പുര്‍ത്തുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. യുഎസിന്റെ ദേശീയ സുരക്ഷ ഏജന്‍സി, ഇലക്ട്രോണിക് സങ്കേതങ്ങള്‍ ഉപയോഗിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനെ കുറിച്ച് വിവരങ്ങള്‍ പുറത്ത് വന്നതിനെതുടര്‍ന്ന് യൂറോപ്യന്‍ സര്‍ക്കാരുകള്‍ ഉള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചപ്പോഴും, എന്‍എസ്എയുടെ വിവരങ്ങള്‍ ചോര്‍ത്തല്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കാനാണ് തീവ്രവാദ ഭീഷണി നേരിടുന്ന ഇന്ത്യ ആവശ്യപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ ഇരു രാജ്യങ്ങളും കൂട്ടായി പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ ഒന്ന് സൈബര്‍ സുരക്ഷയാണെന്നത് വേറെ കാര്യം. സൈബര്‍ ആശയവിനിമയത്തില്‍ കൂടുതല്‍ ശക്തമാകുന്ന ഇന്ത്യയ്ക്ക് ഈ മേഖലയില്‍ വരാവുന്ന വെല്ലുവിളികളെ കുറിച്ചും അത് നേരിടുന്നതിന് വേണ്ടിവരുന്ന അന്താരാഷ്ട്ര പിന്തുണയെകുറിച്ചും വ്യക്തമായ ധാരണയുണ്ട്.

എന്നാല്‍, റിപബ്ലിക് ദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ട കൗതുകങ്ങള്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള നിര്‍ണായക തന്ത്ര ആലോചന കൈമാറ്റങ്ങളില്‍ ഉള്ള ന്യൂനതകള്‍ മൂടിവയ്ക്കുന്നു. സ്വന്തം രാജ്യങ്ങളില്‍ നടപ്പാക്കുന്ന സാമ്പത്തിക, സാമൂഹിക അജണ്ടകള്‍ക്കുള്ള കിന്നരിയായി മാത്രമാണ് വിദേശനയത്തെ സമീപിക്കുന്നത് എന്നതിനാല്‍ ഇരു നേതാക്കളും ആഭ്യന്തര വിഷയങ്ങളിലാവും അതീവ ശ്രദ്ധയൂന്നുക.

അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും യുഎസ് നയങ്ങളുടെ കാര്യം വരുമ്പോള്‍ ഇരു നേതാക്കളും വിരുദ്ധ ചേരികളിലാവും.എന്നാല്‍ കിഴക്കന്‍ ഏഷ്യയെയും, ചൈനയെയും കുറിച്ചുള്ള വിഷയങ്ങള്‍ വരുമ്പോള്‍ ഇരുവരും ഏകദേശം യോജിക്കുകയും ചെയ്യും. ഇന്ത്യന്‍ പട്ടാളക്കാരുടെ സല്യൂട്ട് ഒബാമ സ്വീകരിക്കുമ്പോള്‍, ഇതൊന്നും ഉച്ചകോടിയിലെ മുഖ്യ അജണ്ടയായി വരില്ല.

ആഘോഷങ്ങളുടെ പ്രതീകാത്മകതയില്‍ മങ്ങിപ്പോകുന്ന ഭൗമരാഷ്ട്രീയ നാണയത്തിന്റെ മറുവശം ഇതാണ്: ഇന്ത്യയെയും യുഎസിനെയും ഒന്നിപ്പിക്കുന്ന കാര്യങ്ങളെക്കാള്‍ ദുര്‍ബലമാണ് അവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍