UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭൂട്ടാനെ കൊച്ചാക്കരുത്

Avatar

ടീം അഴിമുഖം

‘ഇത് മനുഷ്യ ചങ്ങലയല്ല, മനുഷ്യ മതിലാണ്’, പാറോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തിമ്പുവിലേക്കുള്ള 50 കിലോമീറ്റര്‍ നീളമുള്ള മനോഹരമായ പര്‍വത വീഥികളിലൂടെ ഞായറാഴ്ച ഉച്ചയ്ക്ക് നീങ്ങുന്നതിനിടയില്‍ കണ്ട ആയിരക്കണക്കിനാളുകളുടെ നീണ്ട നിരയെ നോക്കി നരേന്ദ്ര മോദി തന്റെ അനുയായികളോട് പറഞ്ഞു. ചൈനയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള ഈ ഹിമാലയന്‍ സാമ്രാജ്യത്തിലേക്കുള്ള നരേന്ദ്ര മോദിയുടെ ആദ്യ യാത്രയാണിത്. തന്റെ ആദ്യ യാത്ര തന്നെ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിലാണ് എന്ന പ്രത്യേകതയും അതിനുണ്ട്.

തന്ത്രപരമായി പറയുകയാണെങ്കില്‍, ഏഷ്യയിലെ രണ്ട് വന്‍ശക്തികളായ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ ഇടനാഴിയാണ് ഭൂട്ടാന്‍ എന്ന് പറയാം. സംസ്‌കാരവും പാരമ്പര്യവും ഇഴുകിച്ചേരുന്നത് മൂലവും ഭൂമിശാസ്ത്രപരമായ സമ്മര്‍ദങ്ങള്‍ മൂലവും ഇന്ത്യയുമായി പ്രത്യേക ബന്ധം സൂക്ഷിക്കുന്ന രാജ്യമാണ് ഭൂട്ടാന്‍. തന്റെ വിദേശയാത്രയെ കുറിച്ച് വലിയ ഒച്ചപ്പാടൊന്നും ഉണ്ടാക്കാതെ തന്നെ ഭൂട്ടാനിലേക്ക് പോകാന്‍ മോദി തീരുമാനിക്കുകയും ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രി പരാമര്‍ശിച്ച മനുഷ്യച്ചങ്ങല സൂചിപ്പിക്കുന്നത് പോലെ, ഭൂട്ടാനില്‍ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. തങ്ങളുടെ വടക്കന്‍ അതിര്‍ത്തി രാഷ്ട്രം തങ്ങളെ മറ്റൊരു ടിബറ്റ് ആക്കി മാറ്റുമോ എന്ന ഭൂട്ടാന്റെ ആശങ്ക മൂലം അവര്‍ക്ക് ചൈനയോടുള്ള ഭയം ഈ ബന്ധത്തിന്റെ ഊഷ്മളതയ്ക്ക് ഒരു കാരണമാണ്. 

ഭൂട്ടാന്‍ ഇന്ത്യയുടെ വളരെ അടുത്ത സുഹൃത്ത് ആണെങ്കില്‍ പോലും, ചൈന വീക്ഷിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ ഒരു കോണിലൂടെ ഈ ബന്ധത്തെ നോക്കി കാണുന്ന ഒരു അവസ്ഥയിലേക്ക് ഇന്ത്യ എത്തിയിരിക്കുന്നു. ദേശീയ സുരക്ഷ താല്‍പര്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കാന്‍ തീര്‍ച്ചയായും ഒരു സര്‍ക്കാരിനും സാധിക്കില്ല. ചുംബ താഴ്വര പദ്ധതി വികസിപ്പിക്കാന്‍ ഭൂട്ടാനു മേല്‍ ചൈന കടുത്ത സമ്മര്‍ദം ചെലുത്തുന്ന പക്ഷം, അത് ഇന്ത്യയ്ക്ക് മേല്‍ ഉണ്ടാക്കുന്ന അടിയന്തര പ്രതിഫലനം കടുത്തതായിരിക്കുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ചും വടക്ക് കിഴക്കന്‍ മേഖലയിലേക്കുള്ള ഇന്ത്യയുടെ ഏക വാതിലായ സിലിഗുരി ഇടനാഴിയെ പദ്ധതി ബാധിക്കുമെന്നതിനാല്‍. എന്നാല്‍ എല്ലാ ശ്രദ്ധയും ഈ വിഷയത്തിലേക്ക് തിരിച്ചു വിടുന്നതില്‍ ചില അപകടങ്ങള്‍ ഇല്ലാതില്ല. മോദിയുടെ സന്ദര്‍ശനത്തിന് തൊട്ട് മുമ്പ് ഭൂട്ടാന്‍ പ്രധാനമന്ത്രി തോഗ്‌ബെ പറഞ്ഞത് ഇങ്ങനെയാണ്, ‘ചൈനയുമായി ഭൂട്ടാന് യാതൊരു നയതന്ത്ര ബന്ധങ്ങളുമില്ല. എന്നാല്‍ ചൈനയുമായി ഇടനാഴി സഖ്യങ്ങള്‍ ഉണ്ടാക്കുന്നതിന് ഇതൊരു തടസമല്ല’.

സാമ്പത്തിക രംഗത്ത് ചൈനയുമായി നല്ല ബന്ധങ്ങള്‍ ആഗ്രഹിക്കുന്ന നിരവധി ഭൂട്ടാനികള്‍ ഉണ്ട്. ഈ യാഥാര്‍ത്ഥ്യത്തെ നമുക്ക് തിരസ്‌കരിക്കാനാവില്ല. ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ഊഷ്മള ബന്ധം തുടരുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുകയാണ് ഇന്ത്യയുടെ മുന്നിലുള്ള പോംവഴി. മറ്റ് ഘടകങ്ങള്‍ മാറ്റി വച്ചുകൊണ്ട് സുരക്ഷയില്‍ മാത്രം അമിത ഊന്നല്‍ നല്‍കുന്നത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് കടക വിരുദ്ധമായിരിക്കുമെന്നുറപ്പ്. 

അയല്‍രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പ്രതിജ്ഞാബദ്ധമാണ് മോഡി എന്നുള്ളതിന്റെ സൂചകമാണ് ഭൂട്ടാനെങ്കില്‍ ഇന്ത്യയ്ക്ക് ഇപ്പോഴും ഊഷ്മളവും മൊത്തത്തില്‍ ആരോഗ്യകരവുമായ ബന്ധമുള്ള പ്രദേശത്തെ അവശേഷിക്കുന്ന രാജ്യം അവരാണെന്ന യാഥാര്‍ത്ഥ്യം അദ്ദേഹം തിരിച്ചറിയണം. സ്വാതന്ത്ര്യത്തിന് ശേഷമുള്ള നമ്മുടെ അവിശ്വസനീയ നേട്ടം, അയല്‍രാജ്യങ്ങളില്‍ ഇന്ത്യ വിരുദ്ധ വികാരം വളരെ ശക്തമായ ഒരു രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കത്തക്ക തരത്തില്‍ അവരുമായുള്ള ബന്ധങ്ങള്‍ വഷളാക്കി എന്നുള്ളതാണല്ലോ! ഇത് നമ്മുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ ബലി കഴിച്ചു കൊണ്ടു കൂടിയായിരുന്നു. കഴിഞ്ഞ നാലു ദശകങ്ങളായി ശ്രീലങ്കയും ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ വഷളാക്കുക വഴി അവിടുത്തെ ഇപ്പോഴത്തെയും ഭാവിയിലെയും തമിഴരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് നമ്മള്‍ കുഴി തോണ്ടി. ഇന്ത്യയ്ക്ക് കുത്തകയുണ്ടായിരുന്ന മേഖലകളിലേക്ക് ചൈനയും പാകിസ്ഥാനും നുഴഞ്ഞു കയറുകയും ചെയ്തു. നേപ്പാളിലും ബംഗ്ലാദേശിലും സംഭവിച്ചതും മറിച്ചല്ല. ചൈനയും പാകിസ്ഥാനുമായുള്ള അയല്‍ബന്ധങ്ങളെ കുറിച്ച് ഇനി ചര്‍ച്ച ചെയ്യുന്നതില്‍ വലിയ പ്രസക്തിയില്ല. മ്യാന്‍മാര്‍ ഒരു നിഗൂഢതയായും മാലി ദ്വീപുകള്‍ സാധ്യമായ അസ്ഥിരതയായും തുടരുന്നു. 

ഭൂമിശാസ്ത്രപരമായി മാത്രമല്ല, ജലവൈദ്യുതി, സംസ്‌കാരം, മതം തുടങ്ങിയ നിരവധി മറ്റ് കാരണങ്ങള്‍ കൊണ്ടും ഭൂട്ടാനുമായുള്ള ഊഷ്മളബന്ധം നിലനിര്‍ത്തേണ്ടത് ഇന്ത്യയ്ക്ക് അത്യന്താപേക്ഷിതമാണ്. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് ഈ ഊഷ്മളതയെ തുരങ്കം വയ്ക്കാനുള്ള എല്ലാ കഴിവുകളുമുണ്ടെന്ന് സമീപകാല അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 2013 ലെ ഗ്രീഷ്മകാലത്ത് യാതൊരു തത്വദീക്ഷയുമില്ലാതെ ഭൂട്ടാനുള്ള ഇന്ധന സബ്‌സിഡി വെട്ടിക്കുറയ്ക്കുക എന്ന വലിയ മണ്ടത്തരം ഇന്ത്യ കാണിച്ചു. ആ രാജ്യത്തെ ഇന്ധന വില കുതിച്ചുയരാന്‍ ഇത് കാരണമായി. ഇന്ത്യയുടെ വിശാലതാല്‍പര്യങ്ങള്‍ക്ക് തുരങ്കം വയ്ക്കാനെ ഇത്തരം നടപടികള്‍ സഹായിക്കൂ.

ഇത്തരം നയതന്ത്ര നടപടികള്‍ മാത്രമല്ല രാഷ്ട്രീയ വര്‍ഗ്ഗങ്ങളുടെ അശ്രദ്ധയും മുറിവുകള്‍ സൃഷ്ടിക്കാം. തിങ്കളാഴ്ച, ഭൂട്ടാനീസ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തില്‍, ആ രാജ്യത്തെ ആദ്യം നേപ്പാളെന്നും പിന്നീട് രണ്ട് തവണ ലഡാക്കെന്നുമാണ് മോഡി പരാമര്‍ശിച്ചത്. ഇത്തരം അലക്ഷ്യപ്രയോഗങ്ങളും ഭൂമിശാസ്ത്രപരമായ ബഹുമാനമില്ലായ്മയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കനത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. ഒരു ശക്തമായ നയതന്ത്ര സമീപനം വളര്‍ത്തുന്നതിന്റെ ഭാഗമായി ഭൂപടങ്ങള്‍ നിരീക്ഷിക്കുക, ചരിത്രം വായിക്കുക, തന്റെ ആവേശോജ്ജ്വല വാഗ്വധോരണികള്‍ക്ക് പകരം എഴുതി തയ്യാറാക്കിയ പ്രസംഗങ്ങള്‍ വായിക്കുക തുടങ്ങിയവ ഇന്ത്യന്‍ പ്രധാനമന്ത്രി ശീലിക്കുന്നത് നന്നായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍