UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചായക്കടക്കാരനും അംബാനിയും പിന്നെ വികസനവും

Avatar

സുകുമാരന്‍ സി. വി.

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ആദ്യബജറ്റും വികസനവും ഇന്ത്യയിലെ കോടിക്കണക്കിനു സാധാരണജനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഗുജറാത്തിലെ വഡ്നഗര്‍ റെയില്‍വെ സ്റ്റേഷനില്‍ ചായക്കട നടത്തിയിരുന്ന തന്‍റെ അച്ഛനെ സഹായിക്കാനായി കുട്ടിക്കാലത്ത് പ്ലാറ്റ്ഫോമില്‍ ചായവിറ്റിരുന്ന വ്യക്തിയാണ് നമ്മുടെ ഇന്നത്തെ പ്രധാനമന്ത്രി. നമ്മുടെ പ്രധാനമന്ത്രിമാരില്‍ ആര്‍ക്കും സാധാരണക്കാരില്‍ സാധാരണക്കാരന്‍റേതായ ഇത്തരമൊരു സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലം ഇല്ല. അതുകൊണ്ടുതന്നെ സ്വാഭാവികമായും സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും അനുകൂലവും, അവരുടെ ജീവിതനിലവാരം ഉയര്‍ത്താനുതകുന്നതുമായ സാമ്പത്തിക നയങ്ങള്‍ മോദിസര്‍ക്കാറിന്‍റെ ബജറ്റില്‍ കാണേണ്ടതല്ലെ?

പക്ഷേ മോദിസര്‍ക്കാരിന്‍റെ ആദ്യബജറ്റില്‍ കോര്‍പ്പറേറ്റുകള്‍ക്കു സന്തോഷത്തിനുള്ള വകുപ്പുള്ളതുപോലെ സാധാരണക്കാര്‍ക്കനുകൂലമായ എന്താണുള്ളത്? കോര്‍പ്പറേറ്റ് നികുതി നിലവിലുള്ള 30 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി കുറച്ചുകൊണ്ടും, കോര്‍പ്പറേറ്റ് ചൂഷണത്തിന് രാഷ്ട്രത്തിന്‍റെ സര്‍വ്വപ്രദേശങ്ങളും ഇരയാക്കപ്പെടുന്നതിനുവേണ്ടിയുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനവുമൊക്കെയാണ് ചായ്യക്കടപ്പാരമ്പര്യമുള്ള പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന മന്ത്രിസഭയുടെ പ്രഥമ ബജറ്റിലുള്ളത്. ഇതൊന്നും ഈ രാജ്യത്തെ ദശലക്ഷക്കണക്കിനുള്ള പാവപ്പെട്ട മനുഷ്യരുടെ ആവശ്യമല്ല. അവര്‍ക്കാവശ്യം മാന്യമായി ജീവിക്കാന്‍ സാധ്യമാകുന്ന ഒരു സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലമാണ്. അതിന്ന് ഇന്ത്യയിലില്ല. അത്തരമൊരു പശ്ചാത്തലം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനു പകരം മോദി സര്‍ക്കാരും ചെയ്യുന്നത് മുന്‍ഗാമിയും തികഞ്ഞ കോര്‍പ്പറേറ്റ് പാദസേവകനുമായ മന്‍മോഹന്‍ സിങ്ങും കൂട്ടരും തുടര്‍ന്നു വന്ന കോര്‍പ്പറേറ്റ് സേവ പൂര്‍വ്വാധികം ഭംഗിയായി അനുഷ്ഠിക്കുകയാണ്. അങ്ങനെയല്ല എങ്കില്‍ നാം കാണുമായിരുന്നത് പ്രാഥമികവിദ്യാഭ്യാസത്തിന് കൂടുതല്‍ ഫണ്ടനുവദിക്കുന്ന ഒരു ബജറ്റ് ആകുമായിരുന്നു. കാര്‍ഷിക സബ്സിഡി കൂട്ടിക്കൊണ്ട് കര്‍ഷകരെ ആത്മഹത്യയില്‍നിന്നും മോചിപ്പിക്കുന്ന ഒരു ബജറ്റ് ആകുമായിരുന്നു. ജനങ്ങള്‍ക്ക് സാമൂഹികസുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ഒരു ബജറ്റ് ആകുമായിരുന്നു.

യുനെസ്കോയുടെ 2013/14 ഇ.എഫ്.എ (Education for All) ജി.എം.ആര്‍ (Global Monitoring Report) ആയ Teaching and Learning: Achieving quality for all പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ പ്രായപൂര്‍ത്തിയായ നിരക്ഷരരുള്ള രാജ്യം ഇന്ത്യയാണ്. 272 ദശലക്ഷം പ്രയപൂര്‍ത്തിയായ നിരക്ഷരരാണ് നമ്മുടെ രാജ്യത്തുള്ളത്! സ്വാതന്ത്ര്യം കിട്ടി 65 വര്‍ഷങ്ങള്‍ക്കു ശേഷവും നമ്മുടെ രാജ്യത്തിന്‍റെ അവസ്ഥ ഇതാണെങ്കില്‍ ഇനിയും വന്‍കിടക്കാര്‍ക്കു ടാക്സ് ഇളവുകള്‍ നിര്‍ലോഭം നല്‍കുകയും പാവങ്ങളെ അക്ഷരാഭ്യാസമില്ലാത്തവരും അജ്ഞരുമായി നിലനിര്‍ത്തുകയുമാണോ നാം ചെയ്യേണ്ടത്?

വിദൂരമായ ഇന്ത്യന്‍ ഗ്രാമങ്ങളില്‍  ചെന്ന് നമ്മുടെ കര്‍ഷകരുടെയും, ആദിവാസികളുടെയും, ദളിതരുടെയും ദുസ്സഹമായ ജീവിതം നേരില്‍ കണ്ട് മനസ്സിലാക്കുകയും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഭരണക്കാരം കോണ്ട്രാക്ടര്‍മാരും കോര്‍പ്പറേറ്റുകളുമടങ്ങുന്ന സഖ്യത്തിന്‍റെ ചൂഷണം കൊണ്ട് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കുട്ടികളുടെയും, കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളുടെയും, ചതിക്കപ്പെടുന്ന ആദിവാസികളുടെയും ഞെട്ടിപ്പിക്കുന്ന കഥകള്‍ വെളിപ്പെടുത്തിയ പി. സായ്നാഥ് എന്ന പത്രപ്രവര്‍ത്തകന്‍ തന്‍റെ Everybody loves a good drought എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: “ഇന്ത്യയിലെ അറുപതു ശതമാനത്തിലധികം പ്രാഥമിക വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ ഒന്നോ രണ്ടോ അദ്ധ്യാപകരാണുള്ളത്. 85 ശതമാനത്തോളം വിദ്യാലയങ്ങളില്‍ മലമൂത്രവിസര്‍ജ്ജനത്തിന് സൌകര്യങ്ങളില്ല. 71,000 സ്കൂളുകള്‍ക്ക് കെട്ടിടങ്ങളേ ഇല്ല.

നമ്മുടെ പഞ്ചവത്സരപദ്ധതികളില്‍ പൊതുവിദ്യാഭ്യാസത്തിനുള്ള വിഹിതം കുറഞ്ഞുകൊണ്ടേയിരിക്കുന്നു.  ഒന്നാം പഞ്ചവത്സരപദ്ധതിയില്‍ 7.86 ശതമാനമായിരുന്നു പ്രസ്തുതവിഹിതം. രണ്ടാം പദ്ധതിയില്‍ അത് 5.83ഉം, അഞ്ചാം പദ്ധതിയില്‍ 3.27ഉം ഏഴാം പദ്ധതിയില്‍ 3.5ഉം ആയി കുറയുകയാണുണ്ടായത്.”

വിദ്യാഭ്യാസത്തിനായി മൊത്തം ജിഡിപി (GDP)യുടെ 3.5 ശതമാനത്തിലധികം ഇന്ത്യ ചെലവഴിക്കുന്നില്ലന്നും, കേന്ദ്രമാനദണ്ഡപ്രകാരം തന്നെ ചുരുങ്ങിയത് ജിഡിപിയുടെ 6 ശതമാനമെങ്കിലും വിദ്യാഭ്യാസത്തിനു നീക്കിവെക്കേണ്ടതാണെന്നും, ടാന്‍സാനിയ പോലും ജിഡിപിയുടെ 4.3 ശതമാനം വിദ്യാഭ്യാസത്തിനു വേണ്ടി ചെലവഴിക്കുന്നുണ്ടെന്നും കെനിയയില്‍ ഇത് 6.7 ശതമാനമാണെന്നും, സായ്നാഥ് പറയുന്നു. വര്‍ഷങ്ങളോളം ടീച്ചര്‍മാരെ കണ്ടിട്ടേയില്ലാത്ത സ്കൂളുകളുള്ള രാജ്യമാണ് ഇന്ത്യയെന്നും, ടീച്ചര്‍മാരില്ലാത്ത 2628 പ്രാഥമികവിദ്യാലയങ്ങള്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. ഇരുപതു വര്‍ങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം ഇക്കാര്യങ്ങളൊക്കെ എഴുതിയത്. ഇന്നും പക്ഷേ സ്ഥിതി ഒട്ടും വ്യത്യസ്തമല്ലെന്നാണ് യുനെസ്കോയുടെ കണക്ക് വ്യക്തമാക്കുന്നത്. എന്നിട്ടാണ് നമ്മുടെ ഭരണാധികാരികളും ബ്യൂറോക്രറ്റുകളും ചേര്‍ന്ന് ഇന്ത്യ തിളങ്ങുന്നു, ഇന്ത്യ ജ്വലിക്കുന്നു എന്നൊക്കെആര്‍പ്പുവിളിച്ചു നടക്കുന്നത്.

ഇനി നമ്മുടെ വികസനത്തിന്‍റെ മുഖം എത്രമാത്രം ഭീകരമാണെന്നും ജനാധിപത്യവിരുദ്ധമാണെന്നും പരിശോധിക്കാം.തെര്‍മല്‍ പ്ലാന്‍റുകളും, വ്യവസായങ്ങളും ഡാമുകളും ഒക്കെച്ചേര്‍ന്ന് 1951നും 1990നും ഇടക്ക് 26 ദശലക്ഷം ജനങ്ങളെയാണ് അവര്‍ ജനിച്ചുവളര്‍ന്ന വീടുകളില്‍നിന്നും നാടുകളില്‍നിന്നും കുടിയൊഴിപ്പിച്ചത്. ഇതൊക്കെ വികസനത്തിനു വേണ്ടിയാണെന്നതു ശരിയായിരിക്കാം; പക്ഷേ ആരുടെ വികസനത്തിനു വേണ്ടി? ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ എട്ടു ശതമാനം മാത്രം വരുന്ന ആദിവാസികളാണ് വികസനപദ്ധതികളുടെ പേരില്‍ സ്വന്തം വീടുകളില്‍നിന്നു പറിച്ചെറിയപ്പെട്ട ജനങ്ങളില്‍ 40 ശതമാനത്തിലധികവും. അത്രതന്നെ വലിയ അളവോളം ദളിതരും വികസനത്തിന്‍റെ പേരില്‍ വഴിയാധാരമാക്കപ്പട്ടിരിക്കുന്നു.

നര്‍മ്മദ-സരോവര്‍ പദ്ധതികളുടെ ഫലമായി 200,000 ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. പക്ഷേ യഥാര്‍ത്ഥത്തില്‍ ജീവിതമാര്‍ഗം നഷ്ടപ്പെട്ടവരുടെ സംഖ്യ ഇതിലും എത്രയോ വലുതാണ്. തങ്ങള്‍ കാലങ്ങളായി ജീവിച്ചുപോന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാകുമ്പോള്‍ 200,000 പാവപ്പെട്ട മനുഷ്യര്‍ ജീവിതത്തില്‍നിന്ന് പറിച്ചെറിയപ്പടുകയും, ഒഴുകുന്ന നദിയെ ആശ്രയിച്ചു ജീവിച്ചു പോന്ന അത്രയും തന്നെ ജനങ്ങള്‍ക്ക് ജീവിതമാര്‍ഗ്ഗം നഷ്ടപ്പെടുകയും ചെയ്തു. എന്നിട്ടും പക്ഷേ മോദി അധികാരമേറ്റ ഉടന്‍ നര്‍മ്മദ കണ്‍ട്രോള്‍ അഥോറിറ്റി ലക്ഷക്കണക്കിന് ജനങ്ങളെ പിഴുതെറിഞ്ഞ സര്‍ദാര്‍ സരോവര്‍ ഡാമിന്‍റെ ഉയരം നിലവിലുള്ള 121 മീറ്ററില്‍നിന്ന് 138 മീറ്ററാക്കി ഉയര്‍ത്താന്‍ അനുമതി നല്‍കുകയാണുണ്ടായത്.

തന്‍റെ സര്‍ക്കാര്‍ പാവങ്ങളെക്കുറിച്ചു ചിന്തിക്കുന്ന സര്‍ക്കാരാണെന്നും, പാവങ്ങള്‍ക്കു വേണ്ടിയുള്ള സര്‍ക്കാരാണെന്നും, പാവങ്ങള്‍ക്കായി അര്‍പ്പിക്കപ്പെട്ട സര്‍ക്കാരാണെന്നും, പാര്‍ലമെന്‍റിലേക്കു ആദ്യമായി കാലുകുത്തിയ ദിവസം വികാരധീനനായി മോദി പ്രസംഗിച്ചതിനു തൊട്ടുപിന്നാലെയാണ് പാവപ്പെട്ട ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനം ഉണ്ടായത്. പ്രസംഗത്തില്‍ മാത്രം പാവങ്ങളെ ഓര്‍ക്കുകയും, പ്രവര്‍ത്തിയില്‍ പണക്കാരുടെ മാത്രം താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന നമ്മുടെ ഇടതു വലതു രാഷ്ട്രീയക്കാരില്‍ നിന്ന് എന്തു വ്യത്യാസമാണ് നരേന്ദ്ര മോദിക്കുള്ളത്? ഹര്‍ഷ് മന്ദിര്‍, രവി ഹേമാദ്രി, വിജയ് നാഗരാജ് എന്നിവര്‍ ചേര്‍ന്നു രചിച്ച അന്വേഷണ പ്രബന്ധമായ Dams, Displacement, Policy and Law in Indiaയില്‍നിന്ന് ചില ഭാഗങ്ങള്‍ ഇതാ:  “തന്റെ ഗ്രാമത്തിലെ രണ്ടു നദികളെ അണകെട്ടിത്തടഞ്ഞ് ഒരു വന്‍ ജലവൈദ്യുത പദ്ധതി നിര്‍മ്മിക്കാന്‍ പോകുന്ന കാര്യം നാനേ റാമിന് അറിയില്ലായിരുന്നു. നാനേ റാമിന്‍റേതുപോലുള്ള 59 ആദിവാസിഗ്രാമങ്ങളും 102 ചതുരശ്ര കിലോമീറ്റര്‍ ഇടതൂര്‍ന്ന സാല്‍ കാടുകളും 213 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള റിസര്‍വോയറിലെ വെള്ളത്തിനടിയിലായി. വികസനത്തിന്‍റെ പേരില്‍ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളാകാന്‍ വിധിക്കപ്പെട്ട 2721 കുടുംബങ്ങളുമായി ആരും ഇക്കാര്യം ചര്‍ച്ച ചെയ്തില്ല. ഈ കുടുംബങ്ങളില്‍ 85 ശതമാനവും ആദിവാസികളും ദളിതരുമാണ്.”

ഒരു ബോട്ടില്‍ കയറി അണക്കെട്ടിന്‍റെ നടുവിലെത്തുമ്പോള്‍ എത്രയോ താഴെ വെള്ളത്തിനടിയില്‍ തന്‍റെ ഗ്രാമവും, തന്‍റെ വീടും തന്‍റെ വയലുകളും കിടക്കുന്നുവെന്ന അറിവ് തന്‍റെ ഹൃദയത്തെ പിളര്‍ക്കുകയാണെന്ന് നാനേ റാം പറയുന്നത് വികസനത്തിന്‍റെ പേരില്‍ പാവപ്പെട്ട മനുഷ്യരെ വീടും നാടും ഇല്ലാതാക്കി മാറ്റുന്ന ജനാധിപത്യ സര്‍ക്കാരുകള്‍ കാണാത്തതെന്തുകൊണ്ട്?

അനില്‍ അംബാനി ഒരിക്കല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പേള്‍ “അനില്‍, നമ്മള്‍ നമ്മുടെ രാജ്യത്ത് പൊഴിക്കുന്ന ‘കണ്ണീര്‍’ പോലും നമ്മുടേതല്ലെന്നറിയാമോ? നമ്മുടെ സുരക്ഷാ ഏജന്‍സികള്‍ ഉപയോഗിക്കുന്ന ഓരോ കണ്ണീര്‍വാതക ഷെല്ലും ഇറക്കുമതി ചെയ്തതാണ്.” എന്നു മോദി തന്നോടു പറഞ്ഞെന്നും പ്രധാനമന്ത്രിയുടെ വിഷമം തന്‍റെ കണ്ണു തുറപ്പിച്ചെന്നും, Make in India സംരംഭത്തിന്‍റെ പ്രാധാന്യം തനിക്കു മനസ്സിലായെന്നും പറഞ്ഞ് അനില്‍ അംബാനി ഒരു ലേഖനമെഴുതിയിട്ടുണ്ട് ‘ദി ഹിന്ദു’ ദിനപ്പത്രത്തില്‍ (Private sector in defence resurgence, March 3, 2015). രാജ്യത്തിന്‍റെ പ്രതിരോധ മേഖലയില്‍ പോലും തന്നെപ്പോലുള്ളവര്‍ക്ക് കേറിച്ചെന്ന് ലാഭം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന സാഹചര്യം മോദി ഒരുക്കിയിട്ടുള്ളതില്‍ വളരെ സന്തുഷ്ടനാണ് അംബാനിയെപ്പോലുള്ളവര്‍ എന്നു വ്യക്തമാക്കുന്നതാണ് ലേഖനം. 

നര്‍മ്മദ സരോവര്‍ പദ്ധതികളാല്‍ കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളെ പുനരധിവാസിപ്പിച്ച തകരക്കുടില്‍ ക്യാമ്പുകളില്‍ ചെന്ന അരുന്ധതി റോയി തന്‍റെ The Greater Common Goodല്‍ എഴുതുന്നു: “ബറോഡക്കടുത്ത് ഞാന്‍ സന്ദര്‍ശിച്ച ഒരു പുനരധിവാസ ക്യാമ്പില്‍ തന്‍റെ ദീനം ബാധിച്ച കുട്ടിയെ കൈയിലിട്ടാട്ടിക്കൊണ്ട് എന്നോട് സംസാരിച്ച അയാളുടെ മനസ് കുട്ടിയുടെ വേദനയില്‍നിന്ന് അകലെയെവിടെയോ ആയിരുന്നു. തങ്ങളുടെ നഗ്നമായ ശരീരം ചുട്ടുപൊള്ളുന്ന തകരച്ചുമരുകളില്‍ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് കുട്ടികള്‍ ഞങ്ങള്‍ക്കു ചുറ്റും കൂടി. കാട്ടില്‍ നിന്ന് അയാള്‍ക്കു പറിക്കാന്‍ കഴിയുമായിരുന്ന 48 പഴങ്ങളുടെ പേരുകള്‍ പറഞ്ഞു അയാള്‍. ജീവിതത്തിലൊരിക്കലും ഇനി തനിക്കോ തന്‍റെ കുട്ടികള്‍ക്കോ അവയില്‍ ഒരു പഴം പോലും കാണാനോ കഴിക്കാനോ പറ്റില്ലെന്ന് പറഞ്ഞ അയാളോട് കുട്ടിക്ക് എന്താണ് അസുഖമെന്നു ചോദിച്ച എന്നോട് അയാള്‍ പറഞ്ഞത് ഇങ്ങനെ ജീവിക്കുന്നതിലും ഭേദം കുട്ടി മരിച്ചുപോകുന്നതാണ് നല്ലതെന്നാണ്…. തങ്ങള്‍ക്കാവശ്യമുള്ളതെല്ലാം അവര്‍ക്കു നല്‍കിയിരുന്ന കാട്ടില്‍ നിന്ന് പറിച്ചെറിയപ്പെട്ട ഈ മനുഷ്യര്‍ തികച്ചും ഗതികെട്ടവരായിത്തീര്‍ന്നിരിക്കുന്നു.”

വികസനത്തിന്‍റെ പേരില്‍ ദശലക്ഷക്കണക്കിനു മനുഷ്യരെ ഗതികെട്ടവരാക്കിത്തീര്‍ക്കുന്ന വ്യവസ്ഥിതിയെ എങ്ങനെയാണ് ജനാധിപത്യം എന്നു വിളിക്കുക? ഭരിക്കുന്നത് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ സാമ്പത്തികശാസ്ത്രം പഠിച്ച മന്‍മോഹന്‍ സിങ്ങാണെങ്കിലും, വഡ്നഗര്‍ റെയില്‍വെ സ്റ്റേഷനില്‍ ചായ വിറ്റു നടന്ന നരേന്ദ്ര മോദിയാണെങ്കിലും അംബാനിയുടെയും, ടാറ്റയുടെയും അതുപോലുള്ളവരുടെയും സാമ്പത്തിക താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കപ്പെടുകയും പാവപ്പട്ടവര്‍ നിരക്ഷരതയുടെയും, പട്ടിണിയുടെയും, കുടിയൊഴിപ്പിക്കല്‍പ്പെടലിന്‍റെയും (കൂടാതെ ജാതിയുടെയും, മതത്തിന്‍റെയും പേരിലുള്ള ലഹളകളുടെയും ചൂഷണത്തിന്‍റെയും) ലോകത്തു കിടന്നു നരകിക്കുകയും ചെയ്യുന്നതിന്‍റെ കാരണം എന്താവും?

എന്തു തന്നെയായാലും ജനവിരുദ്ധമായ ജനാധിപത്യത്തെ ജനങ്ങള്‍ തിരിച്ചറിയുകതന്നെ വേണം; ജനങ്ങളുടെയും, രാജ്യത്തിന്‍റെയും യഥാര്‍ത്ഥ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി. 

*Views are Personal

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച സുകുമാരന്‍ സി വിയുടെ ലേഖനങ്ങള്‍

പൊങ്ങച്ച മാധ്യമങ്ങള്‍ കാണാതെ പോകുന്ന കേരളം
കാടിനെ കൊല്ലുന്ന വിദ്യാസമ്പന്നരായ നാം; എന്‍ എ നസീറിന്‍റെ കാടിനെ ചെന്നു തൊടുമ്പോള്‍-ഒരു വായന

(ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേര്‍സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ലേഖകന്‍ ദി ഹിന്ദു, കൂട്, മെയിന്‍ സ്ട്രീം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പരിസ്ഥിതി സംബന്ധമായ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍