UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചൈന ഒരു സാധ്യത തന്നെയാണ്; മോദിക്കതിനു കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്

Avatar

എഡിറ്റോറിയല്‍/ടീം അഴിമുഖം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാ സന്ദര്‍ശനത്തില്‍ പ്രത്യേകിച്ച് അത്ഭുതങ്ങളൊന്നും സംഭവിക്കുന്നില്ല. പക്ഷെ അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കുന്നില്ല എന്നത് നയതന്ത്രതലത്തില്‍ നിരാശയുണര്‍ത്തുന്ന കാര്യവുമല്ല. ചിരപരിചിതമായ ചൈനീസ് ചായ വിവിധ അളവുകളുള്ള വ്യത്യസ്ത പാത്രങ്ങളില്‍ വിളമ്പിയ പ്രതീതി ചിലപ്പോഴെങ്കിലും അത് ഉണ്ടാക്കുന്നുണ്ടെങ്കിലും. എന്നാല്‍, സെല്‍ഫികളുടെയും ഫോട്ട്-ഓപ്പുകളുടെയും തുടര്‍ച്ചയായി ഒഴുകുന്ന ട്വീറ്റുകളുടെയും പുതിയ വാര്‍ത്ത ശകലങ്ങളുടെയും ഒരു ആകര്‍ഷകത്വമുള്ള മിശ്രണമായി പ്രധാനമന്ത്രി എന്ന നിലയില്‍ മോദി മാറുന്നു. പക്ഷെ, എന്തൊക്കെ പേരിട്ട് വിളിച്ചാലും ചായ, ചായ തന്നെയാണ്. സില്‍ക് റൂട്ടിലൂടെ വരുന്ന ബുദ്ധതീര്‍ത്ഥാടകരെ കുറിച്ചുള്ള കഥകള്‍, ദ്വാരകാനാഥ് കോട്ട്‌നിസിനെ പോലെ അതിര്‍ത്തികളില്ലാത്ത ഡോക്ടര്‍മാര്‍, പതിവ് ഉടമ്പടികളുടെയും മെമ്മോറാണ്ടങ്ങളുടെയും പട്ടിക, ഇതിനെല്ലാം പുതപ്പിടാനായി ഒരു സംയുക്ത പ്രസ്താവനയും. മുമ്പ്, 1988 ഡിസംബറില്‍ ബീജിംഗിലും ക്‌സിയാനിലും ഷാംഗ്ഹായിലും അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നടത്തിയ സന്ദര്‍ശനത്തെ ഓര്‍മ്മിപ്പിക്കുന്നു ഈ കഥകളൊക്കെ തന്നെയും. (തീര്‍ച്ചയായും അന്ന് ഇന്നത്തെ പോലെ ടെലിവിഷന്‍ ചാനലുകളുടെ തള്ളിക്കയറ്റമോ സ്മാര്‍ട്ട് ഫോണുകളുടെ ഭ്രാന്തമായ ആവേശമോ ഉണ്ടായിരുന്നില്ല).

പക്ഷെ 1988 അല്ല 2015. ഇന്ത്യയും ചൈനയും വ്യത്യസ്ത ഇടങ്ങളിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ശക്തനും തികഞ്ഞ ദേശസ്‌നേഹിയുമാണ്. ഇന്ത്യയെ ശക്തവും വികസിതവുമാക്കുന്നത് തന്റെ ദൗത്യമായി ഏറ്റെടുത്തിരിക്കുന്ന മറ്റൊരു മണ്ണിന്റെ പുത്രനായ മോദിയില്‍ അദ്ദേഹം തന്റെ തുല്യനെ കണ്ടെത്തിയാല്‍ അത്ഭുതപ്പെടാനില്ല. ഇരുവരും തങ്ങളുടെ പ്രാദേശിക പശ്ചാത്തലങ്ങളില്‍ നിന്നാണ് തങ്ങളുടെ രാജ്യങ്ങളിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാക്കളായി ഉയര്‍ന്ന് വന്നത് എന്ന് മാത്രമല്ല, തങ്ങളുടെ രാജ്യങ്ങളിലെ വിമോചനത്തിനും സ്വാതന്ത്ര്യപ്രാപ്തിക്കും ശേഷമാണ് അതാത് രാജ്യങ്ങളെ നയിക്കാനായി ഇരുവരും ജനിച്ചതും. ഇരുനേതാക്കള്‍ക്കും പരസ്പരം അളക്കാന്‍ ഉതകുന്ന തരത്തില്‍ ആവശ്യത്തിലേറെ കൂടിക്കാഴ്ചകളും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇരുവരും നടത്തിയിരുന്നു. 2014 സപ്തംബറില്‍ ഷി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇപ്പോള്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി തന്റെ ആദ്യ ചൈന സന്ദര്‍ശനം നടത്തിയിരിക്കുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ 60കളിലും 70കളിലും നിറഞ്ഞ് നിന്ന ഇരുണ്ടതും അങ്ങേയറ്റം പ്രതിലോമകരവുമായ ബിംബങ്ങള്‍ മങ്ങിത്തുടങ്ങിയെങ്കിലും, ഇന്ത്യ-ചൈന ബന്ധത്തിന്റെ സൂചിക മധുരതരമായ കൂട്ടായ്മയുടെയും ഊഷ്മളതയുടെയും ഒന്നാണെന്ന് പറഞ്ഞുകൂടാ. അതിപ്പോഴും സൂക്ഷിച്ചും സംശയത്തോടും നടത്തപ്പെടുന്ന ഇടപാടുകള്‍ തന്നെ.

നൃത്തം ചെയ്യുന്ന സിംഹങ്ങളും ടെറാക്കോട്ടാ പോരാളികളും പരിശോധനയ്ക്കായി എത്തപ്പെടുമ്പോഴും, പൊതുതലത്തില്‍ ആ ബന്ധങ്ങള്‍ ജനിതകപരമായ അസഹിഷ്ണുതയുടേയും ചോദ്യം ചെയ്യലിന്റെതുമാണ്. അല്ലാതെ സൗകര്യപ്രദമായ സഹവര്‍ത്തിത്വത്തിന്റെതല്ല. നമ്മുടെ പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ ചൈനാ സന്ദര്‍ശനത്തിന്റെ വിഭാവനയില്‍ ധൈര്യത്തിന്റെ അംശങ്ങള്‍ കാണാന്‍ സാധിക്കും. എന്നാല്‍ അതിന്റെ നടത്തിപ്പിലാവട്ടെ, നമ്മുടെ ചൈനാ ബന്ധത്തിന്റെ ഒഴിവാക്കാനാവാത്ത സങ്കീര്‍ണതകള്‍ വിട്ടുപോകാന്‍ മടിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഈ സന്ദര്‍ശനം ഒരു തുടര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമാവും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. കാരണം, രണ്ട് രാജ്യങ്ങളുടെ നേതാക്കളെയും യോജിപ്പിലെത്തിക്കാനുള്ള ഏതൊരു ശ്രമവും ഏഷ്യയിലെയും ലോകത്തിലെ തന്നെയും മികച്ച സന്തുലനം ഉറപ്പാക്കുന്നതിലേക്കുള്ള ഒരു ചുവടായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. 

പക്ഷെ ഇത്തവണ, മോദിയുടെ സമീപനം മികച്ചതായിരുന്നു. തന്റെ ചൈനീസ് ആതിഥേയരെ ആഹ്ലാദകരമായ ഊര്‍ജ്ജസ്വലതയോടെ സമീപിച്ച അദ്ദേഹം, സന്ദര്‍ശനത്തില്‍ കാണുകയും മനസിലാക്കുകയും ചെയ്ത കാര്യങ്ങളെല്ലാം ശ്രദ്ധയില്‍ സൂക്ഷിക്കുന്നതിന് ശ്രദ്ധിച്ചു. മുന്നില്‍ തടസങ്ങള്‍ നിലനില്‍ക്കുമ്പോഴും ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധനായ ഒരാളെയാണ് മോദിയില്‍ കാണാന്‍ സാധിച്ചത്. രാജ്യത്തിന്റെയും സര്‍ക്കാരിന്റെയും തലവന്മാരുടെ പരസ്പര സന്ദര്‍ശനം ഉള്‍പ്പെടെയുള്ള ‘പരസ്പര കൈമാറ്റങ്ങളിലൂടെ ആശയവിനിമയം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ’ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം മനസിലാക്കുന്നു. കൂടാതെ, തങ്ങളുടെ ബന്ധങ്ങളെ കുറിച്ച് ഇരുരാജ്യങ്ങളും തന്ത്രപരവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ സമീപനം സ്വീകരിക്കണമെന്നുമുള്ള തള്ളിക്കളയാനാവാത്ത നിര്‍ദ്ദേശവും മോദി മുന്നോട്ട് വച്ചു. 

എന്നാല്‍, ചൈന സ്വയം ആവര്‍ത്തിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. അവര്‍ കടുത്ത ഊന്നലോടെ തന്നെ അത് ചെയ്യുകയും ചെയ്യും.

നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഇന്ത്യന്‍ പ്രേക്ഷകരെ പ്രകോപനപരമായ രീതിയില്‍ ഓര്‍മ്മിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് വ്യത്യസ്തമായ രീതിയില്‍ രേഖപ്പെടുത്തപ്പെട്ട ഇന്ത്യന്‍ ഭൂപടങ്ങള്‍ ചൈനയുടെ ഔദ്ധ്യോഗിക ടെലിവിഷന്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തത്. എന്നാല്‍ നമ്മള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഒരു അതിര്‍ത്തി ഉടമ്പടി ഉണ്ടാക്കാത്തിടത്തോളം ഈ പ്രശ്‌നങ്ങള്‍ നമ്മെ വിട്ടുപോവില്ലെന്ന കാര്യം തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ഏത് തരം പ്രകോപനങ്ങളും തുടര്‍ച്ചയായ കുഴപ്പങ്ങളായി അത് നമ്മെ വേട്ടയാടും എന്ന കാര്യത്തില്‍ തര്‍ക്കത്തിന് അവകാശമില്ല. നാം ഇക്കാര്യത്തില്‍ ഒരു ശക്തമായ നിലപാട് സ്വീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 1962ല്‍ അരുണാചല്‍ പ്രദേശിലെ മക്‌മോഹന്‍ രേഖയ്ക്ക് തെക്ക് നിന്നും ചൈന പിന്മാറിയ ഭൂപ്രദേശം തിരിച്ചുപിടിക്കാനുള്ള അവരുടെ ഏത് ശ്രമവും അതിന്റെ തീവ്രതയില്‍ തന്നെ വിഡ്ഢിത്തമാണ്. ഇക്കാര്യത്തെ കുറിച്ച് അവര്‍ക്കും തിരിച്ചറിവുണ്ട്.

‘തെക്കന്‍ ടിബറ്റ്’ ആവട്ടെ, മറ്റൊരു അവസരത്തില്‍ സല്‍മാന്‍ റുഷ്ദി പറഞ്ഞത് പോലെ, ‘മോശം ഭാവനയുടെ കപടവേഷമണിഞ്ഞ യാഥാര്‍ത്ഥ്യം,’ ആണ് താനും. അത് നഷ്ടപ്പെട്ട ചക്രവാളമാണ്. ആ ഭൂപ്രദേശം നമ്മുടേത് തന്നെയാണ്. തീര്‍ച്ചയായും. അതിര്‍ത്തി പ്രശ്‌നം സമാധാനപരമായി പരിഹരിക്കുന്നതിന് പരപ്രേണകൂടാതെയുള്ള സമീപനമാണ് ആവശ്യമെന്നും അതൊരു തന്ത്രപരമായ ദൗത്യമാണെന്നും പ്രഖ്യാപിക്കുക വഴി പ്രധാനമന്ത്രി മോദി കൃത്യമായ ലക്ഷ്യത്തിലേക്കാണ് വിരല്‍ചൂണ്ടിയത്. ഒരു പരിഹാരം കണ്ടെത്തുന്നതിന് നമ്മള്‍ ഏറെ കാലവിളംബം വരുത്തിയിരിക്കുന്നു. ഒരു അന്തിമ പരിഹാരം കണ്ടെത്താന്‍ സാധിക്കാത്തിടത്തോളം, ഇന്ത്യ-ചൈന അതിര്‍ത്തിയിലെ യഥാര്‍ത്ഥ നിയന്ത്രണരേഖ നിശ്ചയിക്കുന്നതിനായി ഉഭയസമ്മതപ്രകാരമുള്ള നിര്‍വചനം കണ്ടെത്താനുള്ള ദ്രുതനീക്കങ്ങള്‍ വൃഥാവിലാകുകമാത്രമേയുള്ളു. ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ നിയോഗിക്കുന്ന പ്രത്യേക പ്രതിനിധികള്‍ക്ക് കൃത്യമായ അധികാരങ്ങള്‍ നിര്‍വചിച്ച് നല്‍കണം. ഇരുരാജ്യങ്ങളിലും ‘വില്‍ക്കപ്പെടാവുന്ന’ ഒരു പരിഹാരം അതിര്‍ത്തി പ്രശ്‌നത്തിന് നിര്‍ദ്ദേശിക്കപ്പെടാവുന്ന തരത്തിലുള്ള ഒരു അതിര്‍ത്തി രൂപരേഖ ഉണ്ടാവേണ്ടിയിരിക്കുന്നു. അതിന് വേണ്ടി ഇനിയും മറ്റൊരു 60 വര്‍ഷം കാത്തിരിക്കാന്‍ നമുക്കാവില്ല.

‘നമ്മുടെ പ്രദേശത്തെ സംബന്ധിച്ച തന്ത്രപരമായ ആശയവിനിമയങ്ങളും ഏകോപനങ്ങളും,’ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തെ കുറിച്ച് പരാമര്‍ശിക്കുകയും ‘പങ്കിടുന്ന അയല്‍ക്കാര്‍,’ എന്ന് സന്ദര്‍ശനവുമായി ബന്ധപ്പെട്ട പൊതു പ്രസ്താവനകളില്‍ പരാമര്‍ശിക്കുകയും ചെയ്യുക വഴി, ഇരുരാജ്യങ്ങളും പരസ്പരം ശത്രുക്കളും പ്രതിയോഗികളുമായി കാണുന്നത് അവസാനിപ്പിക്കുകയും പകരം മേഖലയുടെ സമാധാനത്തിലും സുസ്ഥിരതയിലും പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതിന്റെ സുവ്യക്തമായ ആവശ്യകതയിലേക്കാണ് പ്രധാനമന്ത്രി വിരല്‍ചൂണ്ടുന്നത്.

പരസ്പര താല്‍പര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ നിര്‍വചനവും പെരുമാറ്റത്തിന്റെ സ്വഭാവവും കൃത്യമായി നിശ്ചയിക്കുന്ന തരത്തിലുള്ള ഔചിത്യത്തിന്റെയും സഹകരണത്തിന്റെയും ഒരു തലം സ്ഥാപിച്ചെടുക്കുകയും പ്രദേശിക സുരക്ഷയ്ക്കുണ്ടാവുന്ന ഭീഷണികളും സമ്മര്‍ദങ്ങളും പരിഹരിക്കുന്നതിന് കുറച്ച് കൂടി പക്വമായ ഒരു സംവാദ അന്തരീക്ഷം വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സമയത്തിന്റെ വെല്ലുവിളി. നമ്മുടെ കാഴ്ചയില്‍ തങ്ങുന്ന രാജ്യങ്ങള്‍ക്ക് അപ്പുറത്ത് ഇന്ത്യോ-പസഫിക് ലോകത്തിലേക്കും പങ്കുവയ്ക്കപ്പെടുന്ന അയല്‍പക്ക മനോഭാവം വ്യാപിക്കണമെങ്കില്‍, സമുദ്രസുരക്ഷ സംഭാഷണങ്ങള്‍ക്കും ഭീകരവിരുദ്ധ സംവാദങ്ങള്‍ക്കും അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും കൂടുതല്‍ ശ്രദ്ധയും പ്രധാന്യവും ആവശ്യമാാണ്. തെക്ക് കിഴക്ക് ഏഷ്യയുമായി ബന്ധപ്പെട്ട ഇന്ത്യ-ചൈന സഹകരണവും അതിന് അനുബന്ധമായ ഒരു മേഖല, ഒരു റോഡ് മുന്‍കൈയെ കുറിച്ചുള്ള ചര്‍ച്ചകളും പ്രാപ്യമാവേണ്ട മറ്റൊരു പ്രശ്‌നമാണ്. അതിന് ഷാംഗ്ഹായ് സഹകരണ ഓര്‍ഗനൈസേഷനിലുള്ള ഇന്ത്യയുടെ അംഗത്വം എന്ന പരിഹരിക്കപ്പെടാത്ത പ്രശ്‌നം ഒരു യാഥാര്‍ത്ഥ്യമാവേണ്ടിയിരിക്കുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോദിയുടെ വാക്കുകളില്‍ പറഞ്ഞാല്‍, സാമ്പത്തിക പങ്കാളിത്തത്തിലുള്ള ഉയര്‍ന്ന തലത്തിലെ പങ്കാളിത്തം എന്ന ആഗ്രഹത്തിന്റെ പ്രതിഫലനത്തിന്റെ സൂചകമായി, പ്രധാനമന്ത്രിയും സിഇഒമാരും തമ്മില്‍ മേയ് 16ന് ഷാംഗ്ഹായില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചൈനീസ് മുഖ്യഭൂമിയില്‍ നിന്നുള്ള 19 വന്‍കിട കമ്പനികളും മൂന്ന് ഹോംഗ്‌കോങ് ആസ്ഥാന കമ്പനികളും പങ്കെടുത്തു. ഇന്ത്യയില്‍ നിര്‍മ്മിക്കുക, ഡിജിറ്റല്‍ ഇന്ത്യ പ്രചാരണം തുടങ്ങിയ മുദ്രാവാക്യങ്ങളില്‍ തങ്ങള്‍ ആകൃഷ്ടരാണെന്ന് പ്രഖ്യാപിച്ച സിഇഒമാര്‍, ചര്‍ച്ചകള്‍ വളരെ ഫലപ്രദമായതിന്റെ സൂചനകളാണ് നല്‍കിയത്. ‘തനിക്ക് ഇന്ത്യയില്‍ ചില വലിയ പദ്ധതികളുണ്ട്,’ എന്നാണ് സിയോമി തലവന്‍ ലിന്‍ ബിന്‍ പ്രധാനമന്ത്രിയോട് പറഞ്ഞത്; ഇന്ത്യയിലെ ചലനാത്മകമായ തൊഴില്‍ ശേഷിയും വമ്പന്‍ കമ്പോള സാധ്യതകളും ചൂണ്ടിക്കാട്ടിക്കൊണ്ട്, ഇന്ത്യയെ കുറിച്ച് ‘വലിയ പ്രതീക്ഷകളാണുള്ളതെന്ന്’ സാനിയുടെ അദ്ധ്യക്ഷനെ പോലുള്ളവരും പറഞ്ഞു. സുസ്ഥിര സാമ്പത്തിക പങ്കാളിത്തം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ, അടിസ്ഥാന സൗകര്യങ്ങള്‍, ഐടി, ഫാര്‍മസ്യൂട്ടിക്കല്‍സ്, കൃഷി, ഉല്‍പാദനം എന്നിവയിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുനുള്ള തന്ത്രപരമായ രൂപരേഖ തയ്യാറാക്കുന്നതിന് ഉന്നതതല ദൗത്യസേനയുടെ രൂപീകരണത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഈ ഓരോ കാര്യങ്ങളുടെയും വിശദാംശങ്ങളിലും അതിന്റെ ഫലപ്രദമായ അവലോകനത്തിലും നടപ്പാക്കലിലുമാണ് ചെകുത്താന്‍ കുടിയിരിക്കുന്നതെന്ന് സാരം. സാമ്പ്രദായിക തടസങ്ങളും (വിസ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ) ഉദ്യോസ്ഥ അലംഭാവങ്ങളും ഒഴിവാക്കുന്നതിന് ഇരുരാജ്യങ്ങളിലെയും ഉന്നത നേതാക്കള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.

സാമ്പത്തിക ശക്തിയുടെയും സൈനിക ശേഷിയുടെയും പല അളവുകോലുകളും വച്ച് നോക്കുമ്പോള്‍ ഇന്ത്യയും ചൈനയും തമ്മില്‍ താരതമ്യം ഇല്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. അതുകൊണ്ട് തന്നെ അവരുമായുള്ള ബന്ധം നിലനിറുത്തുക എന്നത് ഇന്ത്യയ്ക്കും മോദിക്കും ഒരു പോലെ പ്രധാനമാണ്. അത് നേടിയെടുക്കുന്നതിന്, സാധാരണ മോദിയുടെ വിദേശസന്ദര്‍ശനങ്ങള്‍ അവശേഷിപ്പിക്കുന്ന പതിവ് ബിംബങ്ങള്‍ക്ക് അപ്പുറത്തേക്ക് നമ്മുടെ വീക്ഷണം വളരേണ്ടിയിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍