UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിബാധ ഒഴിയാത്ത ഗുജറാത്ത്

Avatar

ടീം അഴിമുഖം

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിന്റെ, 55 കോടി ജനങ്ങളുടെ വിധിയെഴുത്തിന്റെ ഫലം 2014 മെയ് 16-നു ഉച്ചക്ക് മുമ്പേ വ്യക്തമായിരുന്നു. ഒരു ദശാബ്ദത്തോളം രാജ്യം ഭരിച്ച, കോണ്‍ഗ്രസിന്റെ  നേതൃത്വത്തിലുള്ള, അഴിമതിയും കേടുകാര്യസ്ഥതയും നിറഞ്ഞ സര്‍ക്കാരിനെ ജനങ്ങള്‍ താഴെയിറക്കി. ഭരണത്തിന്റെ ചെങ്കോല്‍ കടുത്ത ഭിന്നിപ്പുണര്‍ത്തുന്ന ശൈലിക്കാരനായ ഭാവി പ്രധാനമന്ത്രിയായി ഹിന്ദു ദേശീയവാദി കക്ഷിയായ ബി ജെ പി അവതരിപ്പിച്ച നരേന്ദ്ര മോദിക്ക് നല്കി.

2002-ലെ ഗുജറാത്ത് കലാപകാലത്തെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന പങ്കിന്റെ പേരില്‍ സുപ്രീം കോടതി ആധുനിക കാലത്തെ നീറോ എന്നു വിശേഷിപ്പിച്ച ഗുജറാത്ത് മുഖ്യമന്ത്രി പക്ഷേ തന്റെ കക്ഷിക്കായി നേടിയത് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ രാഷ്ട്രീയകക്ഷികള്‍ക്ക് കഴിയാതിരുന്ന ഒന്നായിരുന്നു; ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം.  ഇന്ത്യയും ലോകവും മോദിയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തില്‍ കണ്ണു മഞ്ഞളിച്ചിരിക്കെ, അന്നത്തെ മറ്റൊരു സംഭവം വേണ്ടത്ര ശ്രദ്ധ നേടാതെ പോയി.

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യാലയത്തിന് അല്‍പമകലെ  മാത്രമുള്ള സുപ്രീംകോടതിയുടെ രണ്ടു അംഗങ്ങളുടെ ബഞ്ച് വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടു പേരടക്കം, ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രത്തിന് നേരെ 2002-ല്‍   നടന്ന ആക്രമണത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട 6 പേരെയും വെറുതെ വിട്ടു. നിരപരാധികളായ മുസ്ലീംങ്ങളെ ഗുജറാത്ത് സംസ്ഥാന പൊലീസ് കള്ളക്കേസില്‍ കുരുക്കുകയായിരുന്നു എന്നും  സുപ്രീം കോടതി പറഞ്ഞു.

അതിലേറെ  പ്രധാനമായി 6 പേരെ കുറ്റവിചാരണ ചെയ്യാന്‍ അനുമതി കൊടുക്കുന്നതിന് മുമ്പ് യുക്തിസഹമായ പരിശോധന നടത്താഞ്ഞതിന് അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയെ കോടതി കുറ്റപ്പെടുത്തുകയും ചെയ്തു. അന്നത്തെ ആ ആഭ്യന്തര  മന്ത്രി നരേന്ദ്ര മോദിയായിരുന്നു.

മോദിയുടെ ഭരണകാലത്തെ ഗുജറാത്തില്‍ നടന്ന ഇത്തരത്തിലുള്ള ന്യായനിഷേധത്തിന്റെയും ഭൂരിപക്ഷ സമഗ്രാധിപത്യത്തിന്റെയും മുഴുവന്‍ കഥകളും ഇപ്പൊഴും പൂര്‍ണമായും രേഖപ്പെടുത്തിയിട്ടില്ല. അത് ആയിരക്കണക്കിന് പുറങ്ങള്‍ വരുന്ന  വലിയ അദ്ധ്വാനം വേണ്ടിവരുന്ന ഒന്നായിരിക്കും.

മോദിയുടെ വിവാദമുണര്‍ത്തുന്ന ശേഷിപ്പുകള്‍ ഗുജറാത്തില്‍ ഇപ്പോഴുമുണ്ട്. കാര്യങ്ങളുടെ പോക്ക് കാണുമ്പോള്‍ അത് വര്‍ഷങ്ങളോളം ഇനിയും ശേഷിക്കും എന്നു കരുതാം.

ചൊവ്വാഴ്ച ഗുജറാത്ത്  സര്‍ക്കാര്‍ ഏറെ വിവാദത്തിനടയാക്കിയ, Control of Terrorism and Organised Crime Bill (GCTOC), (ഭീകര പ്രവര്‍ത്തന, സംഘടിത കുറ്റകൃത്യ ബില്‍) വീണ്ടും നിയമസഭയില്‍ ഭൂരിപക്ഷത്തോടെ അംഗീകരിച്ചു. ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താനും കോടതിയില്‍ തെളിവായി നല്കാനും പൊലീസിന് അധികാരം നല്‍കുന്നുണ്ട് ഈ ബില്‍.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും പിന്തിരിപ്പനായ നിയമങ്ങളിലൊന്നാണിത്. മോദി ഭരണകാലത്തിന്റെ മറ്റൊരു തിരുശേഷിപ്പ്!

നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പുനഃപരിശോധനക്കായി രാഷ്ട്രപതി 3 തവണ സംസ്ഥാന സര്‍ക്കാരിന് തിരിച്ചയച്ച ബില്ലാണിത്. ബില്ലിലെ വിവാദ വ്യവസ്ഥകളെ ചൊല്ലി മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് നടത്തിയ ബഹളത്തിനും ഇറങ്ങിപ്പോക്കിനുമിടക്കാണ് ബില്‍ അംഗീകരിച്ചത്.

ചോര്‍ത്തിയെടുത്ത ടെലിഫോണ്‍ സംഭാഷണങ്ങളും പോലീസിന് മുന്നിലെ കുറ്റസമ്മതവും കോടതിയില്‍ തെളിവായി സ്വീകരിക്കാം എന്നതടക്കം നിരവധി വിവാദകരമായ വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്.

മഹാരാഷ്ട്രയിലെ മോക്കക്ക് സമാനമായ (Maharashtra Control of Organised Crime Act) GUJCOC ബില്‍ 2004-ലും 2008-ലും  അന്നത്തെ രാഷ്ട്രപതിമാരായിരുന്ന  എ പി ജെ അബ്ദുള്‍കലാമും പ്രതിഭാ പാട്ടീലും തിരിച്ചയച്ചിരുന്നു.

പുതിയ ബില്‍ അതിന്റെ ഒരു പുതുക്കിയ ഭാഷ്യമാണ്. ഇപ്പോള്‍ നരേന്ദ്ര മോദി പൂര്‍ണ ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ ഗുജറാത്തിലെ ബി ജെ പി സര്‍ക്കാര്‍ രാഷ്ട്രപതിയുടെ അനുമതി എളുപ്പം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പുതിയ ബില്ലുമായി വന്നിരിക്കുന്നത്.

ആഭ്യന്തര സഹ മന്ത്രി രാജനീകാന്ത് പട്ടേല്‍ ബില്ലിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പ്രസ്താവിക്കുന്നിടത്ത് ഇങ്ങനെ പറയുന്നു,“സംഘടിത കുറ്റകൃത്യങ്ങള്‍ ഇപ്പോള്‍ നമ്മുടെ സമൂഹത്തിന് വലിയൊരു ഭീഷണിയായി മാറിയിരിക്കുന്നു. സാമ്പത്തിക വികസനത്തോടൊപ്പം ഗുജറാത്ത് ഭീകരവാദത്തിന്റെയും സാമ്പത്തിക കുറ്റങ്ങളുടെയും ഭീഷണിയും നേരിടുന്നുണ്ട്. ഗുജറാത്തിന് 1600 കിലോമീറ്റര്‍ വരുന്ന കടല്‍തീരവും പാകിസ്ഥാനുമായി 500 കിലോമീറ്റര്‍ കരയതിര്‍ത്തിയും ഉണ്ട്. സംസ്ഥാനം നിരവധി ഭീകരാക്രമണങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു.”

മറ്റൊരു കാരണം കൂടി അയാള്‍ കൂട്ടിച്ചേര്‍ക്കേണ്ടിയിരുന്നു: മോദിയുടെ കീഴില്‍ വളര്‍ന്ന് ശക്തമായ പ്രതിലോമ ഭൂരിപക്ഷ സമഗ്രാധിപത്യ രാഷ്ട്രീയത്തിന്, രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാന്‍ കഴിയുന്ന ഒരു നിഷ്ഠൂരമായ സുരക്ഷാ സംവിധാനത്തിന്റെ ആവശ്യമുണ്ട്. അതില്ലെങ്കില്‍, കാക്കിക്കുപ്പായക്കാര്‍ മെനഞ്ഞെടുക്കുന്ന നിറം പിടിപ്പിച്ച കഥകളില്ലെങ്കില്‍,19-കാരിയായ ഒരു പെണ്‍കുട്ടിയുടെ കൊലപാതകത്തെ നിങ്ങളെന്നെ വിശ്വസിക്കും; എങ്ങനെ ന്യായീകരിക്കും!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍