UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തുഗ്ലക്ക് ഒരു വിഡ്ഢിയായിരുന്നില്ല; പക്ഷേ ചരിത്രം അയാളെ രേഖപ്പെടുത്തിയത്‌ അങ്ങനെയല്ല

Avatar

ടീം അഴിമുഖം

 

രണ്ടു തരത്തില്‍ പറയാം, അതായത്, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടുത്ത കാലത്ത് കണ്ട ഏറ്റവും ധീരമായ ഒരു നയപരിപാടിയാണോ അതോ മധ്യവര്‍ഗക്കാര്‍, പാവപ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കിടയില്‍ തനിക്കുള്ള വന്‍ ജനസ്വാധീനത്തില്‍ ഇടിവു വരുത്തുന്ന മണ്ടന്‍ പരിപാടിയാണോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ പ്രഖ്യാപനം എന്ന് അറിയണമെങ്കില്‍ കുറച്ച് കാത്തിരിക്കേണ്ടി വരും.

 

നിലവിലുള്ള 500, 1000 രൂപാ നോട്ടുകള്‍ക്ക് ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ വിലയില്ലാതായി എന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം എത്രമാത്രം നാടകീയമാക്കാമോ അത്രമാത്രം നാടകീയമായിരുന്നു.

 

നല്ല വശങ്ങള്‍?
ഇതിനു മുമ്പ് 1978 ജനുവരി 16-നാണ് അന്നത്തെ മൊറാര്‍ജി ദേശായി സര്‍ക്കാര്‍ 1,000, 5,000, 10,000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചത്. എന്നാല്‍ അന്ന്‍ സാധാരണക്കാരുടെ പക്കല്‍ ഇത്രയും മൂല്യമുള്ള നോട്ടുകള്‍ കുറവായതിനാല്‍ അത് ബാധിച്ചത് അതിസമ്പന്നരെ മാത്രമായിരുന്നു. 1,000 രൂപ നോട്ടുകള്‍ പിന്നീട് പുന:സ്ഥാപിക്കുകയും ചെയ്തു.

 

എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ ലക്ഷ്യം വച്ചത് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള രണ്ട് നോട്ടുകളായ 500, 1000 എന്നിവയെയാണ്. റിസര്‍വ് ബാങ്കിന്റെ ഒക്‌ടോബര്‍ 28-ലെ കണക്കു പ്രകാരം ഇന്ത്യയില്‍ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യം 17.77 ലക്ഷം കോടി രൂപയാണ്. എന്നാല്‍ ഇതില്‍ 500, 1000 രൂപ നോട്ടുകളുടെ മുല്യം എത്രയെന്ന് കണക്കാക്കുക എളുപ്പമല്ല. എന്നാല്‍ മാര്‍ച്ച് 31-ലെ ആര്‍.ബി.ഐ കണക്കു പ്രകാരം പ്രചാരത്തിലുള്ള 16.42 ലക്ഷം കോടി രൂപയില്‍ 14.18 ലക്ഷം കോടി രൂപ 500, 1000 രുപ നോട്ടുകളായാണ്. അതായത്, ആകെയുള്ളതിന്റെ 86 ശതമാനം.

 

അനധികൃതമായി സമ്പാദിച്ച് നോട്ടുകളായി പൂഴ്ത്തിവച്ചിരിക്കുന്ന പണത്തിലെ കുറെയെങ്കിലും ബാങ്കുകളെ അറിയിക്കാന്‍ പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം സഹായകമാകും എന്നതില്‍ സംശയമില്ല. ഇത്തരത്തില്‍ പണം കൂടുതലായി കൈകാര്യം ചെയ്യുന്ന മൊത്തക്കച്ചവടക്കാര്‍, റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാര്‍, നിര്‍മാതാക്കള്‍ എന്നിവരെയായിരിക്കും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. എന്നാല്‍ ഇതത്ര എളുപ്പമുള്ള കാര്യമല്ല. ഇത്തരത്തില്‍ അഴിമതി നടത്തി പണമുണ്ടാക്കിയവര്‍ അത് സംരക്ഷിക്കാന്‍ നിലവിലെ വ്യവസ്ഥിതിയില്‍ അതിനുള്ള വഴികളും കണ്ടെത്തും.

 

ഇത്തരത്തില്‍ അനധികൃതമായുണ്ടാക്കുന്ന പണം എല്ലായ്‌പ്പോഴും കറന്‍സി നോട്ടുകളായല്ല ഇവരൊന്നും സൂക്ഷിച്ചു വയ്ക്കാറ്. റിയല്‍ എസ്‌റ്റേറ്റ്, സ്വര്‍ണം, ഭൂമി എന്നിവയില്‍ നിക്ഷേപിക്കുന്നതു കൂടാതെയാണ് രാജ്യത്തിനു പുറത്തേക്ക് കടത്തുന്നതും.

 

വ്യാജ നോട്ടുകളെ കണ്ടെത്താനും ഇല്ലാതാക്കാനും പുതിയ നീക്കം സഹായകരമാകും. എന്നാല്‍ നിലവില്‍ പ്രചരിക്കുന്നതില്‍ ഏതാനും നൂറു കോടി വ്യാജ നോട്ടുകള്‍ മാത്രമേ ഇന്ത്യയില്‍ പ്രചാരത്തിലുള്ളൂ എന്നാണ് വിശ്വസനീയ വൃത്തങ്ങള്‍ പറയുന്നത്. അതുകൊണ്ടു തന്നെ ഭീകരവിരുദ്ധ പോരാട്ടത്തില്‍ പുതിയ നീക്കം സഹായകരമാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ശരിയല്ല. ഭീകരവാദത്തെ ശരിയായി നേരിടേണ്ടത് നിയമപാലനം മെച്ചപ്പെടുത്തിയും വ്യജ ഏറ്റുമുട്ടലുകള്‍ക്ക് അറുതി വരുത്തിയും വര്‍ഗീയ രാഷ്ട്രീയത്തെ ഉന്മൂലനം ചെയ്തുമാണ്.

 

രാഷ്ട്രീയത്തില്‍ എങ്ങനെ പ്രതിഫലിക്കും
ഇപ്പോഴത്തെ തീരുമാനം മധ്യവര്‍ഗക്കാരെയും പാവപ്പെട്ടവരെയും എങ്ങനെയായിരിക്കും ബാധിക്കുക എന്നതിലായിരിക്കും മോദി തീര്‍ച്ചയായും ആശങ്കപ്പെടേണ്ടി വരിക. നിലവിലുള്ള, നമ്മള്‍ ആധുനിക ബാങ്കിംഗ് എന്നു വിളിക്കുന്ന ഈ സംവിധാനം ഉപയോഗിക്കുന്നത് ഇന്ത്യന്‍ ജനസംഖ്യയിലെ 53 ശതമാനത്തോളം പേര്‍ മാത്രമാണ്. അല്ലാത്തവരൊക്കെ ഇന്നും അവരുടെ സമ്പാദ്യം പണമായി തന്നെ സൂക്ഷിക്കുന്നവരാണ്, പാലും മുട്ടയും പച്ചക്കറിയുമൊക്കെ വിറ്റും റോഡരികില്‍ കച്ചവടം നടത്തിയും വീട്ടുജോലിയെടുത്തുമൊക്കെ ജീവിക്കുന്നവരുടെ ആകെയുള്ള ആശ്രയം സ്വരുക്കുട്ടിവയ്ക്കുന്ന ആ കറന്‍സി നോട്ടുകളാണ്.

 

ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് നാലു ശതമാനം പേര്‍ മാത്രമാണ്, 2015-ല്‍ 3.4 ശതമാനവും. തങ്ങളുടെ വിനിമയങ്ങള്‍ക്ക് അക്കൗണ്ടുകള്‍ വഴി പണം നല്‍കുന്നതും അത്രയുമേ വരൂ. ഇന്നുവരെ ഏതെങ്കിലുമൊരു ഔദ്യോഗിക ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പണമെടുത്തിട്ടുള്ളവരല്ല 6.4 ശതമാനം പേര്‍. കറന്‍സിയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. ഇന്നലത്തെ മോദിയുടെ പ്രഖ്യാപനം കൊണ്ട് നമ്മുടെ ഗ്രാമീണ മേഖലകളില്‍ ഉണ്ടായിട്ടുള്ള അങ്കലാപ്പുകളും ആശങ്കകളും ഒന്നാലോചിച്ചു നോക്കുക. നമ്മുടെ നാട്ടിലെ പാവപ്പെട്ടവരെ ഏതൊക്കെ വിധത്തില്‍ കബളിപ്പിക്കാന്‍ കഴിയുമെന്ന് കാത്തിരിക്കുന്ന ഇടനിലക്കാരെക്കുറിച്ച് കൂടി ഓര്‍ക്കുക.

 

 

അതുകൊണ്ട് തന്നെ കുറെയധികം കാര്യങ്ങള്‍ ഇപ്പോള്‍ ചോദിക്കേണ്ടതുണ്ട്:
വരുന്ന ഡിസംബര്‍ 31-ഓടു കൂടി നിലവിലുള്ള 2,300 കോടി 500, 1000 രൂപ നോട്ടുകള്‍ മാറ്റി നല്‍കാന്‍ നമ്മുടെ ബാങ്കുകള്‍ സജ്ജമാണോ? അതിനുള്ള സൗകര്യങ്ങളുണ്ടോ?

 

കറന്‍സി നോട്ടുകളില്‍ ഇടപാടുകള്‍ നടത്തുന്ന നമ്മുടെ വ്യാപാരികള്‍- പച്ചക്കറി വില്‍പ്പനക്കാര്‍, മീന്‍ വില്‍പ്പനക്കാര്‍, മൊത്തവ്യാപാരം നടത്തുന്നവര്‍- വിപണിക്കുണ്ടാകുന്ന നഷ്ടം എത്രയായിരിക്കും? കുറച്ചു നാളത്തേക്കെങ്കില്‍ കൂടി ഉണ്ടാകാന്‍ പോകുന്ന പണപ്പെരുപ്പത്തെ എങ്ങനെ നേരിടും?

 

ഇന്ന് ജോലി കഴിഞ്ഞു പോകുമ്പോള്‍ നമ്മുടെ കെട്ടിടം പണിക്കാര്‍ക്കൊക്കെ എങ്ങനെയായിരിക്കും ശമ്പളം നല്‍കുക? അതൊക്കെ 100 രൂപാ നോട്ടുകള്‍ ആയിരിക്കുമോ? അതെവിടെ നിന്നായിരിക്കും കെട്ടിടം പണിയിക്കുന്നവര്‍ക്ക് ലഭിക്കുക? ഓരോ ദിവസവും ജോലിയെടുത്ത് കുടുംബം പോറ്റുന്ന കോടിക്കണക്കിന് മനുഷ്യര്‍ക്ക് ഒരു സുപ്രഭാതത്തില്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന അവസ്ഥ അത്ര സുന്ദരമാണോ?

 

ഇത്രയധികം പ്രശ്‌നങ്ങളും ആശയക്കുഴപ്പങ്ങളുമുണ്ടാക്കാതെ ഈ പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സര്‍ക്കാരിനെ സംബന്ധിച്ച് അതൊരു വന്‍ നേട്ടമായിരുന്നേനെ. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതിയ തീരുമാനം ബി.ജെ.പിയെ എത്രത്തോളം സഹായിക്കുമെന്ന് കണ്ടറിയണം.

 

ഒരു മികച്ച ഭരണാധികാരിയും ഒരു വിഡ്ഡിയും തമ്മിലുള്ള വ്യത്യാസം വളരെ ചെറുതാണ്. അല്ലെങ്കില്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിനെ നോക്കൂ. ഡല്‍ഹിയില്‍ നിന്ന് തലസ്ഥാനം മഹാരാഷ്ട്രയിലെ ധൗളതാബാദിലേക്ക് മാറ്റാന്‍ ശ്രമിച്ച തുഗ്ലക്കിന്റെ ശ്രമം എത്രമാത്രം വിഡ്ഡിത്തമായിരുന്നുവെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. തുഗ്ലക്ക് ഒരു വിഡ്ഡിയായിരുന്നതു കൊണ്ടല്ല അത് സംഭവിച്ചത്. തലസ്ഥാനം മാറ്റുന്നത് സംബന്ധിച്ച് അയാള്‍ക്ക് കൃത്യമായ കാരണങ്ങളും ധാരണകളുമുണ്ടായിരുന്നു. ഫിലോസഫിയിലും മെഡിസിനിലും കണക്കിലും മതസംബന്ധിയായും പേര്‍ഷ്യന്‍, ഹിന്ദി കവിതകളിലുമൊക്കെ അവഗാഹമുള്ള ‘മാന്‍ ഓഫ് നോളെജ്’ എന്നു വിളിക്കാവുന്ന ആളായിരുന്നു തുഗ്ലക്ക്. പക്ഷേ ഇതിന്റെയെന്തിന്റെയെങ്കിലും പേരിലോ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും നടത്തിയ പടയോട്ടത്തിന്റെ പേരിലോ അല്ല അയാള്‍ അറിയപ്പെട്ടത്, മറിച്ച് ചരിത്രം അയാളെ രേഖപ്പെടുത്തിയത് അയാളുടെ വിഡ്ഡിത്തരങ്ങളുടെ പേരിലാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍