UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അരുണ്‍ ജെയ്റ്റ്‌ലിയെ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യാം; അവഗണിക്കാനാവില്ല

Avatar

ടീം അഴിമുഖം

ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളികളെ കുറിച്ചുള്ള പരമ്പര തുടരുന്നു. ഇന്ന്  അരുണ്‍ ജെയ്റ്റ്ലിയും ധന മന്ത്രാലയവും. (പരമ്പരയിലെ  മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക– മോദിയുടെ ഒരു വര്‍ഷം: പി.എം.ഒ മാത്രമല്ല സര്‍ക്കാര്‍- വെല്ലുവിളികള്‍, പ്രതീക്ഷകള്‍മോദി സര്‍ക്കാരിലെ രണ്ടാമന്റെ കളികള്‍)

ബിജെപിയുടെ പുതിയ രാഷ്ട്രീയത്തിന്റെ സൈദ്ധാന്തികനായ അരുണ്‍ ജെയ്റ്റ്‌ലി, തന്റെ സാന്നിധ്യം ഉള്ളിടത്തെല്ലാം ആകര്‍ഷണകേന്ദ്രമാകാന്‍ ശ്രമിക്കാറുണ്ട്. ബിജെപിയിലും സംഘപരിവാറിലും അദ്ദേഹത്തിന് മിത്രങ്ങളെക്കാള്‍ അധികം ശത്രുക്കളാണുള്ളത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദി തരംഗത്തില്‍ പെട്ട് തീരെ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങള്‍ പോലും ജയിച്ചു കയറിയപ്പോള്‍, തന്റെ ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിട്ട ജെയ്റ്റ്‌ലിക്ക് ദയനീയ പരാജയമായിരുന്നു വിധിച്ചത്. എന്നിട്ടും നവകാല സര്‍ക്കാരില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വകുപ്പുകള്‍ തന്നെ ജെയ്റ്റ്‌ലി നേടിയെടുത്തു. മോദി സര്‍ക്കാരില്‍ ധനകാര്യത്തോടൊപ്പം പ്രതിരോധ വകുപ്പും. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ദയനീയമായി തോറ്റപ്പോള്‍, ജെയ്റ്റ്‌ലി പുറത്തേക്കുള്ള വഴിയിലാണെന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ വിധിയെഴുതി. പക്ഷെ ജെയ്റ്റ്‌ലിയുടെ രാഷ്ട്രീയ സൂക്ഷമത കുറവിന്റെ പേരില്‍ അദ്ദേഹത്തിന് താക്കീത് നല്‍കുക മാത്രമാണ് മോദി ചെയ്തത്.

അദ്ദേഹം ഇതിനകം തന്നെ രണ്ട് ബജറ്റുകള്‍ അവതരിപ്പിച്ച് കഴിഞ്ഞു. അദ്ദേഹം പറയുന്നത് പ്രധാനമന്ത്രിയും പാര്‍ട്ടി നേതൃത്വവും കേള്‍ക്കുന്നു. ഡല്‍ഹിയിലെ വായ്ത്താരി ഇങ്ങനെ: നിങ്ങള്‍ക്ക് ജെയ്റ്റ്‌ലിയെ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യാം, പക്ഷേ അദ്ദേഹത്തെ അവഗണിക്കാനാവില്ല. അനാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും, സര്‍ക്കാരിലുള്ള തന്റെ പിടിമുറുക്കാനാണ് ആദ്യ വര്‍ഷത്തില്‍ അദ്ദേഹം ശ്രമിച്ചത്. എന്നാല്‍ വരും വര്‍ഷത്തില്‍ അദ്ദേഹത്തിന് മുന്നില്‍ കനത്ത വെല്ലുവിളികളാണ് ഉള്ളത്.

1. കാര്‍ഷിക ദുരിതത്തിന്റെ ആഴം വര്‍ദ്ധിക്കുന്നു: സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി കൃഷി ചെയ്ത മൊത്തം ഭൂമിയുടെ വിസ്തൃതിയില്‍ കുറവ് വന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉല്‍പാദനോപാധികളുടെ വില കുത്തനെ കൂടുകയും സബ്‌സിഡികളില്‍ കനത്ത ഇടിവ് സംഭവിക്കുകയും ചെയ്തതോടെ, നിലനില്‍പ് തന്നെ അവതാളത്തിലായ നിരവധി കര്‍ഷകര്‍ കാര്‍ഷികവൃത്തി ഉപേക്ഷിക്കുകയാണ്. കടം വാങ്ങാന്‍ നിര്‍ബന്ധിതരാവുന്ന അവര്‍, തിരിച്ചടവുകള്‍ സാധ്യമല്ലാതെ വരുമ്പോള്‍ കടക്കെണിയില്‍ വീഴുന്നു. ഈ ദുരിതം മൂലമുള്ള ആത്മഹത്യകള്‍ പെരുകുന്നതിന് കാരണമാകുന്നു. ബിജെപി പ്രകടനപത്രിക അനുസരിക്കാനും മേഖലയിലെ പൊതു നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ജെയ്റ്റ്‌ലിയുടെ മേലുള്ള സമ്മര്‍ദത്തിന് ആക്കം കൂട്ടും. എന്നാല്‍, കാര്‍ഷിക മേഖലയോടുള്ള ആശ്രിത്വം കുറയ്ക്കണമെന്ന് വാദിക്കുന്ന ജെയ്റ്റ്‌ലി അത്തരം ഒരു നടപടിക്ക് മുതിരുമോ എന്നതാണ് ചോദ്യം.

2. നിക്ഷേപങ്ങള്‍, പരിഷ്‌കരണങ്ങള്‍, തൊഴില്‍ സൃഷ്ടി എന്നിവയില്‍ വലിയ ആശയങ്ങളൊന്നും പ്രകടമാവുന്നില്ല: രാജ്യത്തേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി മാസത്തില്‍ രണ്ട് തവണ എന്ന കണക്കില്‍ പ്രധാനമന്ത്രി വിദേശ സന്ദര്‍ശനങ്ങള്‍ നടത്തുകയാണ്. എന്നാല്‍ വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങുന്നില്ല എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം അടിസ്ഥാനപരമായി ധനമന്ത്രിയില്‍ നിക്ഷിപ്തമാണ്. വായ്പ വളര്‍ച്ച മന്ദഗതിയിലായതിനാല്‍, കാത്തിരുന്ന് കാണാം എന്ന നിലപാടിലാണ് നിക്ഷേപകര്‍. വേതനവും ചിലവാക്കാവുന്ന തുകയും താണനിലയില്‍ ആയതിനാല്‍ മൊത്ത ചോദനത്തില്‍ വലിയ ഇടിവ് വന്നിട്ടുണ്ട്; ഒരു നയത്തിന്റെ അഭാവം മൂലമോ അല്ലെങ്കില്‍ തടസ്സങ്ങള്‍ നീക്കാനുള്ള തുടര്‍ ശ്രമങ്ങള്‍ നടക്കാതിരിക്കുന്നത് മൂലമോ മിക്ക പദ്ധതികളും തട്ടിന്‍പുറത്ത്ത്ത് കാത്തിരിക്കുകയോ മുടങ്ങിക്കിടക്കുകയോ ആണ്; പുതിയ നിര്‍മ്മാണ വ്യവസായമോ നിര്‍മ്മാണ തൊഴിലുകളോ സൃഷ്ടിക്കപ്പെടുന്നതിന്റെ ലക്ഷണമൊന്നും കാണാത്തത്, നിര്‍ണായക മേഖലയിലെ മോശം പ്രകടനത്തിന് കാരണമാകുന്നു. ധീരമായ ഘടനപരിഷ്‌കാരണങ്ങള്‍ സംബന്ധിച്ച വലിയ ആശയങ്ങളൊന്നും മുന്നോട്ട് വയ്ക്കാന്‍ സാധിക്കുന്നുമില്ല. മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാ നിരക്ക് വെള്ളിവെളിച്ചത്തിലാക്കി ഉയര്‍ത്തിക്കാണിക്കുന്നതിന് വേണ്ടി ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള അടിസ്ഥാന കണക്കെടുപ്പ് വര്‍ഷത്തില്‍ മാറ്റം വരുത്തിയിരിക്കുന്നു. എന്നിട്ടും നിര്‍മാണ, വ്യാവസായിക വളര്‍ച്ചയില്‍ മുരടിപ്പ് തുടരുന്നു. മുമ്പെങ്ങും ഇല്ലാത്ത വിധം ഉല്‍പാദനോപാധികള്‍ വാരിക്കൂട്ടുന്ന തിരക്കിലാണ് കോര്‍പ്പറേറ്റുകള്‍. ഇത് തൊഴിലില്ലായ്മയ്ക്ക് ആക്കം കൂട്ടുന്നു.

3. വില വര്‍ദ്ധനയും അസമത്വമെന്ന ആഴത്തിലുള്ള പ്രതിസന്ധിയും: അവശ്യ സാധനങ്ങളുടെ അന്തമില്ലാത്ത വില വര്‍ദ്ധനയും തുടര്‍ച്ചയായി ഉണ്ടാവുന്ന ഇന്ധന വില വര്‍ദ്ധനയും ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ആഴത്തിലുള്ള ആഘാതമാണ് ഏല്‍പ്പിക്കുന്നത്. ചെറുകിട വിലക്കയറ്റം കുറഞ്ഞെങ്കിലും, പരിപ്പുകളുടെയും പച്ചക്കറികളുടെയും വിലയില്‍ വര്‍ദ്ധന തുടര്‍ന്നത് ഇടത്തരം കുടുംബങ്ങളുടെ നടുവൊടിച്ചു.  ഇന്ധനത്തിന് കസ്റ്റംസ് തീരുവ ഏര്‍പ്പെടുത്തിയ ധനമന്ത്രി, പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവയും ഏര്‍പ്പെടുത്തി. എണ്ണ കമ്പനികളുടെ സമ്മര്‍ദങ്ങള്‍ക്ക് അദ്ദേഹം എളുപ്പത്തില്‍ വഴങ്ങുന്നു. എന്നാല്‍ പൊതുജനത്തിന്റെ സമ്മര്‍ദത്തെ അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ഫോബ്‌സ് പട്ടിക പ്രകരാം ഇന്ത്യയിലെ ആദ്യത്തെ 100 സമ്പന്നരെല്ലാം യുഎസ് ഡോളര്‍ ശതകോടീശ്വരന്മാരാണ്. അതായത്, 2011ലെ 55ല്‍ നിന്നും 45 പേരുടെ വര്‍ദ്ധന. ഈ 100 ശതകോടീശ്വരന്മാരുടെ മൊത്തത്തിലുള്ള സമ്പത്ത് 346 ബില്യണ്‍ ഡോളറാണ്. കുടുംബങ്ങളുടെ മൊത്തം ആസ്തിയില്‍ ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തില്‍ വിഹിതം 2000ല്‍ 36.8 ശതമാനമായിരുന്നത്, 2014ല്‍ 49 ശതമാനമായി കുതിച്ചുയര്‍ന്നിരിക്കുന്നു. ജനസംഖ്യയിലെ ബഹുഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളം, വാഗ്ദത്ത ‘നല്ല ദിനങ്ങള്‍’ എന്നത് ഒരു വ്യാമോഹത്തിനപ്പുറം പേക്കിനാവായി മാറിക്കൊണ്ടിരിക്കുകയാണ്. 

4. ആര്‍ബിഐയുമായുള്ള ബന്ധങ്ങള്‍: ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്റെ നൈപുണ്യത്തെ നേരിടാനുള്ള ബൗദ്ധിക യുക്തികളൊന്നും സര്‍ക്കാരിന്റെ പക്കലില്ല. ഒരു വര്‍ഷം മുമ്പ് മോദി അധികാരത്തില്‍ വന്നപ്പോള്‍, പുറത്തുപോകുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമിച്ച ഇന്ത്യയുടെ കേന്ദ്ര ബാങ്ക് ഗവര്‍ണറായ രഘുറാം രാജന്റെ സ്ഥാനം അനിശ്ചിതമാണെന്ന് തോന്നിപ്പിച്ചു. സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങള്‍ക്ക് ഭീഷണിയാകും എന്ന് ചൂണ്ടിക്കാട്ടി, പലിശ നിരക്കുകളിലുള്ള രാജന്റെ കടുംപിടിത്തത്തിനെതിരെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ശകാരവര്‍ഷവുമായി രംഗത്തെത്തിയപ്പോള്‍, ‘ഇന്ത്യയില്‍ നിര്‍മ്മിക്കുക’ എന്ന അതിന്റെ നയത്തിലൂടെ കയറ്റുമതിയില്‍ അമിതവിശ്വാസമര്‍പ്പിക്കുന്നതിനെതിരെ ആര്‍ബിഐ ഗവര്‍ണര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ 52 കാരനായ രാജനും 64കാരനായ മോദിയും തമ്മിലുള്ള ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ വരുന്നതിന്റെ സൂചനകള്‍ കഴിഞ്ഞ മാസം ദൃശ്യമായി. സ്ഥിരമായുള്ള പരസ്പര വിനിമയങ്ങളില്‍, സങ്കീര്‍ണ സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ച് ‘കൃത്യമായ’ വിശദീകരണങ്ങള്‍ നല്‍കുന്നതിന് രാജനെ പ്രധാനമന്ത്രി പരസ്യമായി പ്രകീര്‍ത്തിച്ചു. ആര്‍ബിഐയില്‍ നിന്നും അധികാരങ്ങള്‍ എടുത്തുമാറ്റാന്‍ പദ്ധതിയിടുന്ന ജെയ്റ്റ്‌ലിക്കുള്ള കൃത്യമായ മുന്നറിയിപ്പാണിത്.

5. കേന്ദ്രവും സംസ്ഥാനങ്ങളും: പൊതു നിക്ഷേപങ്ങള്‍ക്കുള്ള ആവശ്യം ശക്തമാകുമ്പോഴും കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് ജെയ്റ്റ്‌ലി കരുതുന്നു. കേന്ദ്ര നികുതികളില്‍ നിന്നുള്ള സംസ്ഥാനങ്ങളുടെ വിഹിതത്തിന്റെ കാര്യത്തില്‍ മുമ്പങ്ങുമില്ലാത്ത വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍, ചരക്ക്-സേവന നികുതി കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് മുന്‍ കേരള ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ പ്രഭാത് പട്‌നായിക് ഉള്‍പ്പെടെയുള്ള പല സാമ്പത്തിക ശാസ്ത്രകാരന്മാരും മുന്നറിയിപ്പ് നല്‍കുന്നു. ചരക്ക്-സേവന നികുതിയുടെ അന്തിമ സമയം അടുത്ത ഏപ്രിലാണ്. ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. അതുപോലെ തന്നെ, എണ്ണ ഉല്‍പന്നങ്ങളുടെയും കല്‍ക്കരി, ധാതു ഉല്‍പ്പന്നങ്ങളുടെയും നികുതികളില്‍ നിന്നും ഉണ്ടായിട്ടുള്ള അധിക വരുമാനം ജെയ്റ്റ്‌ലി എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളതും കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍