UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി സര്‍ക്കാരിലെ രണ്ടാമന്റെ കളികള്‍

Avatar

ടീം അഴിമുഖം

ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളികളെ കുറിച്ചുള്ള പരമ്പര തുടരുന്നു. ഇന്ന്  രാജ്‌നാഥ് സിംഗും ആഭ്യന്തര മന്ത്രാലയവും. (പരമ്പരയിലെ ആദ്യത്തെ ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക– മോദിയുടെ ഒരു വര്‍ഷം: പി.എം.ഒ മാത്രമല്ല സര്‍ക്കാര്‍- വെല്ലുവിളികള്‍, പ്രതീക്ഷകള്‍)

ഔദ്യോഗികമായി മോദി സര്‍ക്കാരിലെ രണ്ടാമനാണ് രാജ്‌നാഥ് സിംഗ്. എന്നാല്‍, ഈ സര്‍ക്കാരിന്റെ ഗതി നിര്‍ണയിക്കുന്നത് നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഓഫീസുമാണെന്നതിനാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ രണ്ടാം നമ്പറിന് വലിയ പ്രസക്തിയൊന്നുമില്ല. ദേശീയ സുരക്ഷ, രഹസ്യന്വേഷണ പ്രവര്‍ത്തനങ്ങള്‍ പൊതു പോലീസ് നയം തുടങ്ങിയ നിര്‍ണയാക വിഷയങ്ങളിലെ അവസാന വാക്ക് പ്രധാനമന്ത്രി മോദിയുടേത് തന്നെയാണ്.

എന്നാല്‍, സര്‍ക്കാരിലെ ആര്‍എസ്എസ് വിശ്വസ്തന്‍ എന്ന നിലയില്‍ രാജ്‌നാഥ് സിംഗ് സുരക്ഷിതമായ കളിയാണ് കളിക്കുന്നത്. ബിജെപിയ്ക്കുള്ളിലെ അഭ്യൂഹ പ്രചാരണങ്ങള്‍ വിശ്വസിക്കാമെങ്കില്‍, ഒരു അടിയന്തിര സാഹചര്യത്തെ നേരിടുന്നതിനായി ഹൃദയഭൂമിയില്‍ നിന്നുള്ള 80 എംപിമാര്‍ അടങ്ങുന്ന ഒരു കൂട്ടായ്മയ്ക്ക് രാജ്‌നാഥ് ഇപ്പോള്‍ തന്നെ രൂപം നല്‍കിയിട്ടുണ്ട്! അദ്ദേഹത്തിന്റെ മുന്നിലുള്ള പ്രധാനപ്പെട്ട ഭരണപരമായ വെല്ലുവിളികള്‍ നമുക്കൊന്ന് പരിശോധിക്കാം.

1. മാവോയിസ്റ്റ് നുഴഞ്ഞുകയറ്റം നിയന്ത്രിക്കല്‍: കല്‍ക്കരി, ധാതുഖനന ചട്ടം ഭേദഗതി ചെയ്ത് കഴിഞ്ഞു. സ്വകാര്യ കമ്പനികളുടെ സ്വാതന്ത്ര്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അറിയാന്‍ സാധിക്കും. ഖനന സംസ്ഥാനങ്ങളായ ജാര്‍ഖണ്ട്, ചത്തീസ്ഗഡ്, മഹാരാഷ്ട്ര, ഒഡിഷ എന്നിവിടങ്ങളിലെ ആദിവാസികള്‍ ഇപ്പോള്‍ തന്നെ പ്രതിഷേധത്തിന്റെ വാള്‍ എടുത്തു കഴിഞ്ഞു. ഇത് മാവോയിസ്റ്റുകള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണ് സൃഷ്ടിക്കും. ഇപ്പോള്‍ മാവോയിസ്റ്റ് ആക്രമണങ്ങളുടെ എണ്ണം കുറവാണെങ്കിലും അവര്‍ പോരാട്ടം ഉപേക്ഷിച്ചിട്ടില്ല. ഈ പ്രതിസന്ധിയെ രാജ്‌നാഥ് എങ്ങനെ മറികടക്കുമെന്നത് വരും വര്‍ഷങ്ങളില്‍ കാണാന്‍ സാധിക്കും.

2. വലിയ ഭീകരാക്രമണങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കല്‍: മുംബെയില്‍ നടന്ന അതിക്രൂരമായ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആ രീതിയിലുള്ള ഭീകരാക്രമണങ്ങള്‍ ദൃശ്യമായിട്ടില്ല. പക്ഷെ ഈ ഭീഷണിയില്‍ നിന്നും പൂര്‍ണമായി മോചിതമല്ല നമ്മുടെ പ്രദേശം. അന്താരാഷ്ട്രതലത്തില്‍ ഐഎസ്‌ഐ മുതലായ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിക്കുന്നു. ഹിന്ദുത്വ, ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങള്‍ക്ക് മൂക്കുകയറിടുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വരും വര്‍ഷങ്ങളില്‍ നേരിടാനിരിക്കുന്ന വലിയ വെല്ലുവിളിയായിരിക്കും.

3. സാമുദായിക സംഘര്‍ഷങ്ങള്‍ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തല്‍: നിയമപാലനം സംസ്ഥാനങ്ങളുടെ വിഷയമായിരിക്കാം. പക്ഷെ പല മുതിര്‍ന്ന സര്‍ക്കാര്‍ അംഗങ്ങളുടെയും ബിജെപി എംപിമാരുടെ പ്രസ്താവനകള്‍ സാമുദായിക സ്വഭാവത്തോട് കൂടിയതാണ്. മോദി അധികാരമേറ്റതിന് ശേഷം രാജ്യത്ത് സാമുദായിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചതായി പ്രതിപക്ഷം ആരോപിക്കുന്നു. ഈ സാഹചര്യം പരിശോധിക്കാനുള്ള വ്യക്തിപരമായ ഉത്തരവാദിത്വം രാജ്‌നാഥ് സിംഗിനുണ്ട്. ഘര്‍വാപസിയും ലൗജിഹാദും പോലെയുള്ള വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ ആശാവഹമായിരുന്നില്ല.

4. തീര സുരക്ഷയും ആധുനിക പോലീസും: കേന്ദ്രത്തിന്റെ ഒരു നയസമീപനം എന്ന നിലയില്‍ തുറമുഖങ്ങള്‍ സ്വകാര്യ കൈകളിലേക്ക് പോവുകയാണ്. തീവ്രവാദികളുടെയും കള്ളക്കടത്തുകാരുടെയും പ്രധാന ശ്രദ്ധാകേന്ദ്രമായി കടല്‍പ്പാതകള്‍ മാറുന്നതിനാല്‍ തീര സുരക്ഷ ഉറപ്പാക്കുക എന്നത് വലിയ വെല്ലുവിളിയായിരിക്കും. അദ്ദേഹത്തിന്റെ മന്ത്രാലയത്തിന് കീഴിലുള്ള കോസ്റ്റ് ഗാര്‍ഡുകള്‍ അവരുടെ ജാഗ്രത വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. പോലീസ് സംവിധാനത്തിന്റെ ആധുനികവല്‍ക്കരണം സംബന്ധിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ നോര്‍ത്ത് ബ്ലോക്കില്‍ പൊടിപിടിച്ച് കിടക്കുകയാണ്. കേന്ദ്രത്തിന്റെ സഹായമില്ലാതെ പോലീസിന്റെ ആധുനികവല്‍ക്കരണത്തില്‍ സംസ്ഥാനങ്ങള്‍ മുന്നോട്ട് പോകുന്നുണ്ട് എന്നുറപ്പാക്കുന്നത് വലിയ വെല്ലുവിളിയായിരിക്കും. പോലീസ് സംവിധാനത്തിന്റെ ആധുനികവല്‍ക്കരണത്തിനും സാമ്പത്തിക, സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുന്നതിനുമായി കൂടുതല്‍ ഫണ്ടുകള്‍ ധനമന്ത്രാലയത്തില്‍ നിന്നും കണ്ടെത്തുന്നതില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു.

5. സമാധാപരമായ കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍: ഫെഡറിലസത്തോടുള്ള ബിജെപിയുടെ യഥാര്‍ത്ഥ സമീപനം പുറത്തു വന്ന് കൊണ്ടിരിക്കുകയാണെന്ന് മാത്രമല്ല, സഹകരണ ഫെഡറലിസം എന്ന ആശയത്തിന് വേണ്ടി അത് വാദിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് കീഴില്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അധികാരങ്ങള്‍ പോലും ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ക്ക് നല്‍കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ ഇതിനൊരു മികച്ച ഉദാഹരണമാണ്. ഫെഡറലിസത്തിന്റെ നോഡല്‍ മന്ത്രാലയം എന്ന നിലയില്‍, സംസ്ഥാനങ്ങളുമായുള്ള പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം കഠിന പ്രയത്‌നം തന്നെ ചെയ്യേണ്ടി വരും. ആസൂത്രണ കമ്മീഷന്‍ പോലെ തന്നെ ദേശീയ വികസന കൗണ്‍സില്‍ പോലെയുള്ള വേദികളും ഇപ്പോള്‍ നിഷ്‌ക്രിയമായിരിക്കുന്നതിനാല്‍, തങ്ങളുടെ ശബ്ദം പൊതുജന മധ്യത്തില്‍ കൂടുതലായി ഉയര്‍ത്താന്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കുന്ന ദിവസങ്ങളാവും വരാനിരിക്കുന്നത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍