UPDATES

പ്രവാസം

മോദി കാലത്തെ പ്രവാസി ദേശഭക്തി അഥവാ ദീര്‍ഘദൂര ദേശീയത

Avatar

റമീസ് രാജയ്

അധികാരം ഏറ്റെടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ 16 ഓളം വിദേശ യാത്രകള്‍ നടത്തിയ ഒരു പ്രധാനമന്ത്രി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതിന് സമാനതകളില്ല. 2014 ല്‍ ഒരു താടിക്കാരന്‍ മാറി മറ്റൊരു താടിക്കാരന്‍ പ്രധാനമന്ത്രി പദത്തില്‍ എത്തുമ്പോള്‍ ഇത്രയൊന്നും ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അന്നൊക്കെ ഇതാ വരുന്നു പുതിയ  ഇന്ത്യ, നല്ല നാളുകള്‍ എന്നൊക്കെ പലരും അലറിവിളിച്ചിരുന്നു. പക്ഷെ വ്യക്തികള്‍ മാത്രമാണ് മാറിയത്, വ്യവസ്ഥിതികള്‍ മാറിയില്ല. മാത്രമല്ല അത് കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും ചെയ്യുന്നു.

ഭൂട്ടാനില്‍ തുടങ്ങി ഇന്നിപ്പോള്‍ ചൈനയിലും മംഗോളിയയിലും കൊറിയയിലും എത്തിനില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദര്‍ശനപരമ്പര മാത്രമാണ് ഭരണത്തില്‍ കാര്യമായി നടന്നത്. അതിന്റെ പൊള്ളത്തരവും ഏറെക്കുറെ വ്യക്തമായിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തിലും ശരാശരി പ്രവാസി ഭാരതീയന്‍ തന്റെ പ്രധാനമന്ത്രിക്ക് വിദേശത്ത് ലഭിക്കുന്ന സ്വീകരണവും അവിടെ നടക്കുന്ന പ്രകടനങ്ങളും കണ്ടു രോമാഞ്ചം കൊള്ളുന്നത് കാണുമ്പോള്‍ അമേരിക്കയിലെ  മാഡിസണ്‍ സ്ക്വയറില്‍ അതിക്രമത്തിന് ഇരയായ രാജ്ദീപ് സര്‍ദേശായിയുടെ ഒരു പ്രയോഗമാണ് ഓര്‍മ്മ വരുന്നത്- “ദീര്‍ഘദൂര ദേശീയത”.

അതെ, അങ്ങനെ ഒന്നുണ്ട്. സ്വന്തം രാജ്യത്തിനു വെളിയില്‍ ജീവിക്കുന്നവരില്‍ രൂപപ്പെടുന്ന ഒരു പ്രത്യേക വികാരം. അതുവരെ ഇല്ലാതിരുന്ന ഒരു ദേശീയബോധം. പല രാജ്യക്കാര്‍ ഒന്നിച്ചു ജീവിക്കുന്ന ഒരു സമൂഹത്തില്‍ സ്വാഭാവികമായി ഉണ്ടാവുന്ന വികാരം. ഭാരതീയന്‍ അധിവസിക്കുന്ന എല്ലായിടത്തെയും പോലെ തന്നെ മിഡില്‍ ഈസ്റ്റിലും ഈ വികാരം കാണാം. സ്വപ്നത്തില്‍ പോലും ഒരു പാകിസ്ഥാനിയെ കണ്ടിട്ടില്ലാത്ത മലയാളിക്ക് വരെ  ഗള്‍ഫ്‌ മലയാളി ആവുന്ന അന്നുതൊട്ട് പാകിസ്ഥാനി “പച്ച”യാവുന്നതും, ഇന്ത്യ-പാക് മത്സരങ്ങള്‍ വൈകാരികമാവുന്നതുമൊക്കെ ഈ ദേശിയവികാരത്തിന്റെ സ്വാധീനമാണ്. ഇതിനിടയില്‍ “പച്ച” പ്രയോഗം വര്‍ഗീയമാവാതെ ഇരിക്കാനും പ്രവാസി ശ്രദ്ധിക്കും. തനിക്ക് പാക്കിസ്ഥാനോടാണ് വിദ്വേഷം എന്നും മതവികാരത്തിനോടല്ല എന്ന്  ഹൈന്ദവ വിശ്വാസിയും, അതുപോലെ തന്നെ താന്‍ അതിനെ അങ്ങനെ കാണുന്നില്ല എന്ന് ഇസ്ലാംമത വിശ്വാസിയും ബോധപൂര്‍വം വ്യക്തമാക്കും. തങ്ങള്‍ വര്‍ഗീയവാദികള്‍ അല്ലെന്നും തങ്ങള്‍ക്കുള്ളത് ദേശീയ വികാരം മാത്രമാണെന്നും വ്യക്തമാക്കേണ്ടത് പ്രവാസലോകത്ത് സാര്‍വലൌകികമായ ഒരു മാനം കൈവരിക്കാന്‍ ആവശ്യമായതുകൊണ്ടാവാം ഇത്തരം പരാക്രമങ്ങള്‍.

മംഗള്‍യാന്‍ പോലെയുള്ള നേട്ടങ്ങള്‍ ദേശസ്നേഹം കാണിക്കാനുള്ള ഒരു അസുലഭ അവസരമാണ് പ്രവാസിക്ക് നല്‍കിയത്. ‘മാര്‍സ്’ ചോക്ലേറ്റ് വിതരണം നടത്തി അവര്‍, സഹപ്രവര്‍ത്തകരായ മറ്റു രാജ്യക്കാരുടെ മുന്നില്‍ തന്‍റെ ദേശിയ ബോധം നന്നായി പ്രദര്‍ശിപ്പിച്ചു. തന്റെ രാഷ്ട്രത്തിന്റെ നേട്ടത്തെയും അതിന്റെ മഹത്വത്തെയും കുറിച്ച് വാചാലനായി. എന്നാല്‍ വളരെ കൃത്യമായ അജണ്ടയോടെ നരേന്ദ്ര മോദി നടപ്പിലാക്കുന്ന വിദേശയാത്രാ കസര്‍ത്തിനെയും മറ്റുള്ളവന്റെ മുന്നില്‍ രാജ്യത്തിന്റെ നേട്ടമായി കാണിക്കാന്‍ പ്രവാസി പലപ്പോഴും ശ്രമിക്കുന്നുണ്ട്.

അധികാര ചിഹ്നങ്ങളും വസ്ത്രധാരണവുമെല്ലാം ആകര്‍ഷണീയതകളാണെന്നും, ആ ആകര്‍ഷണീയത ഭൂരിപക്ഷം വരുന്ന സാധാരണ ഉത്തരേന്ത്യക്കാരന്റെ മനസ്സില്‍ കയറിപ്പറ്റാനുള്ള മാര്‍ഗമാണെന്ന് തിരിച്ചറിഞ്ഞ്, അത് വിജയിപ്പിച്ച ഒരു രാഷ്ട്രീയ ഉത്പന്നത്തിന്റെ തുടര്‍നാടകങ്ങള്‍ അന്താരാഷ്ട്ര തലത്തിലേക്ക് ഉയരുമ്പോള്‍ അത് കണ്ടാസ്വദിക്കുന്നത് വിവേകമില്ലായ്മയാണ്. ഇന്ത്യ വര്‍ഷങ്ങളായി പിന്തുടര്‍ന്നിരുന്ന മഹത്തായ വിദേശനയത്തെ പൊളിച്ചെഴുതിക്കൊണ്ട് വന്‍ ശക്തികളോട് അടുത്തുകൊണ്ടുള്ള അധികാര രാഷ്ട്രീയത്തിന്റെയും ലോകനേതാവെന്ന ബ്രാന്‍ഡിങ്ങിന്റെ സാധ്യതകള്‍ മനസിലാക്കിയുമുള്ള നീക്കം മാത്രമാണിതൊക്കെയെന്നും അദാനിയെ പോലുള്ളവരുടെ ബിസിനസ്‌ താല്പര്യങ്ങള്‍ അതിനു പിന്നിലുണ്ട് എന്നും തിരിച്ചറിയാത്ത ഒരുപാട് പേരുണ്ടെന്നതിന്റെ തെളിവാണ് മോദിക്ക് ഇപ്പോഴും വിദേശത്ത് ഇന്ത്യക്കാര്‍ നല്‍കുന്ന സ്വീകരണം. മാര്‍വാഡിയും ഗുജറാത്തിയുമൊക്കെ ബിസിനസ്‌ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന ദുബായ് പോലെയുള്ള നഗരങ്ങളില്‍ വളരെ സൈലന്‍റ് ആയ സംഘപരിവാര്‍ ചിന്തകളും അതില്‍ നിന്നും ഉണ്ടാകുന്ന ദീര്‍ഘദൂര ദേശീയ വികാരവും ഉള്ളതിനാല്‍ സ്വീകരണത്തിന്റെ കാര്യത്തില്‍ പേടിക്കാതെ മോദിക്കു ഇവിടെയ്ക്കും വരാം.

മുസോളിനിയുടെ കാലത്തെ ഫാസിസ്റ്റ് ദേശീയ സങ്കല്പത്തെ മാതൃകയാക്കി സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍  ഈ വികാരത്തെ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നപതിറ്റാണ്ടുകള്‍ നീണ്ട സംഘപരിവാര്‍ പരീക്ഷണങ്ങളുടെ  ഫലമായിരുന്നു മോദിയുടെ പട്ടാഭിഷേകം. അഴിമതിവിരുദ്ധ തരംഗവും കള്ളപ്പണം തിരിച്ചു കൊണ്ടുവരലും ഉയര്‍ത്തിക്കാട്ടി അതിനു മുകളില്‍ പുതിയൊരു ദേശീയബോധം ഉണ്ടാക്കപ്പെട്ടു. മോദി രക്ഷകനായും അവതരിപ്പിക്കപ്പെട്ടു. ആ മിഥ്യാബോധത്തില്‍ നിന്നാണ് കള്ളപ്പണം തിരികെ വരുമ്പോള്‍ തങ്ങളുടെ പങ്കു കിട്ടാന്‍ ഉത്തരേന്ത്യന്‍ ദരിദ്രര്‍ ബാങ്ക് അക്കൗണ്ട്‌ ഉണ്ടാക്കി കാത്തിരുന്നത്. വന്നതാവട്ടെ ശതകോടീശ്വരന്‍മാരുടെ നികുതി എഴുതിത്തള്ളുന്ന, അവന്റെ ചട്ടുകമാവുന്ന ഒരു സര്‍ക്കാരും രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും മാറി ലോകം ചുറ്റുന്ന ഒരു പ്രധാനമന്ത്രിയും. ഈ യാഥാര്‍ത്ഥ്യം ഏറെക്കുറേ കഴിഞ്ഞ ഒരു വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍  ഭാരതീയന്‍ മനസിലാക്കി തുടങ്ങിയിട്ടുണ്ട്. വ്യക്തിപ്രഭാവത്തിനല്ല, നയങ്ങള്‍ക്കാണ് ജനാധിപത്യ വ്യവസ്ഥയില്‍ സ്ഥാനമെന്ന് പറഞ്ഞവരെ അരാഷ്ട്രീയതയുടെ മുഖംമൂടി അണിഞ്ഞ് എതിര്‍ത്തവരൊക്കെ നിശബ്ദരായി തുടങ്ങിയിരിക്കുന്നു.

നവലിബറല്‍ നയങ്ങളുടെ ഭരണകാലത്ത് വിനിമയ നിരക്ക് കൂടുമ്പോള്‍ ആഹ്ലാദിക്കുന്ന പ്രവാസി, തന്റെ രാജ്യത്തെ പണത്തിന്റെ മൂല്യം ഇടിയുകയാണന്നും അവിടെ ജീവിതം കൂടുതല്‍ ദുസ്സഹമാവുകയാണന്നും കൂടി ചിന്തിക്കണം. മിഡില്‍ ഈസ്റ്റില്‍ പെട്രോള്‍ പച്ചവെള്ളത്തിനേക്കാള്‍ വിലകുറവായപ്പോഴും നാട്ടില്‍ ഉയര്‍ന്ന വിലയിലാണ്  ജനം പെട്രോള്‍ വാങ്ങുന്നതെന്നോർക്കണം.

മംഗള്‍യാന്‍ വിജയിച്ചപ്പോഴും, ലോകകപ്പ്‌ സെമിയെ ലോകമഹായുദ്ധമായി കണ്ടപ്പോഴുമൊക്കെ ഉണര്‍ന്ന ദേശഭക്തി ഇതിനും കൂടി ഉണര്‍ണന്നാല്‍ മോദി സ്റ്റൈല്‍ കാണുമ്പോഴുള്ള രോമാഞ്ചം തുടര്‍ന്നുണ്ടാവില്ല തന്നെ!

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച റമീസ് രാജയുടെ ലേഖനങ്ങള്‍

വെറുമൊരു ആശംസാദിനം മാത്രമാക്കി വനിതാദിനത്തെ ഒതുക്കരുത്

മണിരത്നം, ഈ വിഗ്രഹം ഉടഞ്ഞു പോകുമോ?

(ദുബായില്‍ സിവില്‍ എഞ്ചിനീയറാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍