UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി മധുവിധു അവസാനിപ്പിക്കാന്‍ സമയമായി

Avatar

സ്വാമിനാഥന്‍ എസ്.അങ്ക്ലേശ്വരയ്യ അയ്യര്‍
(ബ്ലൂംബര്‍ഗ്)

ഇന്ത്യയിലെ പുതിയ സര്‍ക്കാരുകളുടെ തിരഞ്ഞെടുപ്പാനന്തര ബജറ്റുകള്‍ സമ്മാനങ്ങള്‍ കൈമാറാനുള്ള അവസരമായാണ് സാധാരണ കണക്കാക്കപ്പെടുന്നത്. ഭരണപാര്‍ട്ടിയുടെ വിശ്വസ്ത അനുയായികള്‍ക്ക് നികുതി ഇളവുകളും പാരിതോഷികങ്ങളും പൊതുവില്‍ ഇത്തരം ബജറ്റുകളിലാണ് വാരിക്കോരി നല്‍കാറുള്ളത്. അത് നല്ല രാഷ്ട്രീയമായും നല്ല പെരുമാറ്റമായും വിലയിരുത്തപ്പെടുന്നു. എന്നാല്‍ കമ്പോളം തനിക്ക് നല്‍കിയ ഉയര്‍ന്ന വിശ്വാസ്യത നിലനിറുത്തണമെങ്കില്‍, ജൂലൈ 10ന് തന്റെ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചില വ്യത്യസ്ത വഴികള്‍ സ്വീകരിക്കേണ്ടി വരും. 

യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ സാമ്പത്തികരംഗത്തെ യാഥാര്‍ത്ഥ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ രണ്ട് കടുത്ത ബജറ്റുകളെങ്കിലും ഉണ്ടാവാനാണ് സാധ്യത. മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ 2009-2010 കാലഘട്ടത്തില്‍ 8.6 ശതമാനവും 2010-2011 കാലഘട്ടത്തില്‍ 8.9 ശതമാനത്തിന്റെയും വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ അന്താരാഷ്ട്രതലത്തിലുള്ള സാമ്പത്തിക മാന്ദ്യത്തിന്റെ കൂടി ഫലമായി ഒഴിവാക്കാനാവാത്ത ഒരു മുരടിപ്പ് മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ കാര്യത്തില്‍ ഉണ്ടായി. അതേസമയം, ഉയര്‍ന്ന ധനകമ്മി മൂലം ഉപഭോക്തൃ വിലസൂചികയില്‍ നിരവധി വര്‍ഷങ്ങളായി എട്ട് മുതല്‍ പത്ത് ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി. റിസര്‍വ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചെങ്കിലും ഇത് വിലവര്‍ദ്ധനവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതിന് പകരം ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. വിദേശ റേറ്റിംഗ് ഏജന്‍സികള്‍ രാജ്യത്തിന്റെ കടസഹായങ്ങളില്‍ വെട്ടിക്കുറവ് വരുത്തുമെന്ന ഭീഷണിയുമായി മുന്നോട്ട് വന്നപ്പോള്‍ മൂലധന ചിലവുകളില്‍ ഭ്രാന്തമായ വെട്ടിക്കുറവുകള്‍ വരുത്താനാണ് സര്‍ക്കാര്‍ തയ്യാറായത്. അതേ സമയം തന്നെ അഴിമതി അന്വേഷണങ്ങള്‍ തീരുമാനമെടുക്കല്‍ പ്രക്രിയയെ പ്രതികൂലമായി ബാധിച്ചപ്പോള്‍, പദ്ധതികള്‍ അംഗീകരിക്കുന്ന നടപടികള്‍ നിഷ്‌ക്രിയമാകാന്‍ തുടങ്ങി. ഫലമോ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അവസാന രണ്ട് വര്‍ഷങ്ങളില്‍, അതായത് മോദിയുടെ സമ്പൂര്‍ണ വിജയത്തിന് തൊട്ടുമുമ്പുള്ള രണ്ട് വര്‍ഷങ്ങളില്‍, മൊത്തം ആഭ്യന്തര ഉല്‍പാദനം പകുതിയായി. കൃത്യമായി പറഞ്ഞാല്‍ യഥാക്രമം 4.6 ശതമാനവും 4.7 ശതമാനവുമായി മാറി. 

ഇത് മോദിക്ക് നല്‍കുന്ന പാഠങ്ങള്‍ വ്യക്തമാണ്: നിങ്ങള്‍ ഒരു മൃദു ബജറ്റാണ് അവതരിപ്പിക്കുന്നതെങ്കില്‍ അത് ഒരു ഹൃസ്വകാല ജനപ്രിയതയ്ക്ക് മാത്രമേ വഴി തെളിക്കൂ. നിങ്ങളുടെ ഭരണകാലത്തിന്റെ രണ്ടാമത്തെ പകുതിയില്‍ ഈ ജനപ്രിയതയ്ക്ക് നിങ്ങള്‍ വില ഒടുക്കേണ്ടി വരും. അതായത് നിങ്ങള്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ അത്യന്താപേക്ഷിതമായ സാമ്പത്തിക വളര്‍ച്ച ആവശ്യപ്പെടുന്ന സമയത്ത്. 

വോട്ടര്‍മാരും രാഷ്ട്രീയ അനുയായികളുമായും മധുവിധു ആഘോഷിക്കുകയാണ് മോദി ഇപ്പോള്‍. ഭാവിയില്‍ ഒരു വിവാഹമോചനം സംഭവിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് ഈ മധുവിധുവിന്റെ കാലം വെട്ടിക്കുറയ്ക്കുക എന്നത് തന്നെയാണ്. തങ്ങളുടെ വിജയത്തെ സഹായിച്ച എല്ലാ മണ്ഡലങ്ങളെയും നിരാശപ്പെടുത്തുക എന്ന ഒരു അര്‍ത്ഥം കൂടി ഇതിനുണ്ട്. ഉദാഹരണത്തിന്, കര്‍ഷകരുടേയും സ്വയം സഹായ സംഘങ്ങളുടെയും ബാങ്ക് വായ്പ എഴുതി തള്ളാമെന്ന് സീമാന്ധ്രയിലെ ബിജെപി സംഖ്യകക്ഷി തിരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയിട്ടുണ്ട്. അതിന്റെ വിഡ്ഢിത്തം നിറഞ്ഞ വാഗ്ദാനം നടപ്പാക്കുന്നതിനായി പ്രാദേശിക കക്ഷി ഇപ്പോള്‍ മോദിയുടെ സഹായം തേടിയിരിക്കുകയാണ്. പ്രധാനമന്ത്രി ഈ ആവശ്യം നിരാകരിക്കേണ്ടിയിരിക്കുന്നു. ഒന്നാമതായി സ്വന്തം ബജറ്റ് തന്നെ സമ്മര്‍ദങ്ങളില്‍ അടിപ്പെട്ടിരിക്കുന്ന ഒന്നാണ്. കൂടാതെ ഒരു പ്രത്യേക സംസ്ഥാനത്തിന് മാത്രം നല്‍കുന്ന ഇത്തരം ഒരു സ്വജനപക്ഷാപാതം നല്ല ഭരണം എന്ന മോദിയുടെ വാഗ്ദാനത്തെ തുരങ്കം വയ്ക്കുന്നതായിരിക്കും. കൃത്യമായി വായ്പ തിരിച്ചടയ്ക്കാത്തവരെ സഹായിക്കുന്നതും എന്നാല്‍ സത്യസന്ധമായി വായ്പ തിരിച്ചടയ്ക്കുന്നവരെ മണ്ടന്മാരും ആക്കുന്നതാണ് വായ്പ എഴുതി തള്ളല്‍ പോലുള്ള നടപടികള്‍. ഇത്തരം നടപടികള്‍ ഭാവിയില്‍ ബോധപൂര്‍വം വായ്പ തിരിച്ചടയ്ക്കാതിരിക്കാനുള്ള പ്രോത്സാഹനമായി മാറും. ഫലത്തില്‍ ഇത്തരം നടപടി ഗ്രാമീണ സാമ്പത്തിക സംവിധാനത്തെ ക്ഷയിപ്പിക്കുകയാണ് ചെയ്യുക. 

ഇന്ത്യന്‍ ഇടത്തരക്കാരാണ് മോദിയെ പ്രധാനമായും പിന്തുണയ്ക്കുന്നത്. അതുകൊണ്ട് തന്നെ വരുമാന നികുതി പരിധി രണ്ട് ലക്ഷം രൂപയില്‍ നിന്നും (3,354 ഡോളര്‍) അഞ്ച് ലക്ഷം രൂപയായി (8,384 ഡോളര്‍) ആയി വര്‍ദ്ധിപ്പിക്കാന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റിലി തയ്യാറാകും എന്ന വാര്‍ത്തകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥയില്‍ ഇത് ധനപരമായ ആത്മഹത്യയ്ക്ക് തുല്യമായിരിക്കും. പകരം, നിലവിലുള്ള പഴുതുകള്‍ അടയ്ക്കുകയും നിലവിലുള്ള നികുതി ഇളവുകളും ഒഴിവാക്കലുകളും അവസാനിപ്പിക്കുകുയും നികുതി ഭരണനിര്‍വഹണം കാര്യക്ഷമമാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ ഏകദേശം 1.5 ശതമാനമാണ് ഇന്ധന സബ്‌സിഡി. നിര്‍ഭാഗ്യവശാല്‍ ഇത് ദരിദ്രര്‍ക്ക് പ്രയോജനപ്രദമായ രീതിയിലല്ല നടപ്പിലാക്കുന്നത്. രാജ്യത്തെ വന്‍കിട കര്‍ഷകരും ഇടത്തരക്കാരും ആര്‍ഭാട ഡീസല്‍ കാറുകള്‍ ഉപയോഗിക്കുന്നവരുമാണ് ഈ സബ്‌സിഡികളുടെ ഗുണഭോക്താക്കള്‍. മധ്യേഷ്യയിലെ കുഴപ്പങ്ങള്‍ മൂലം ആഗോള ഇന്ധനവില വര്‍ദ്ധിക്കാനുള്ള (അതോടൊപ്പം ഇന്ത്യയിലെ ബജറ്റ് സബ്‌സിഡികളും) സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഡീസല്‍, മണ്ണെണ്ണ തുടങ്ങിയ എണ്ണ ഉല്‍പന്നങ്ങളുടെ സര്‍ക്കാര്‍ നിയന്ത്രിത വില വര്‍ദ്ധിപ്പിക്കാനും രണ്ട് വര്‍ഷത്തിനുള്ളില്‍ വില നിയന്ത്രണങ്ങള്‍ എടുത്ത് കളയാനും മോദി സര്‍ക്കാര്‍ തയ്യാറാവണം.

ആരോഗ്യ, അടിസ്ഥാനസൗകര്യ രംഗങ്ങളില്‍ വന്‍ നിക്ഷേപങ്ങള്‍ നടത്തുമെന്ന് മോദി തിരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനം നല്‍കിയിരുന്നു. ഈ പണം എവിടെ നിന്ന് കണ്ടെത്താന്‍ സാധിക്കും? സ്വകാര്യ അടിസ്ഥാസൗകര്യ കമ്പനികള്‍ ഒരു ഉത്തരമാകുന്നില്ല: പലതും തങ്ങളുടെ ബാങ്ക് കടങ്ങള്‍ വീട്ടാന്‍ പോലും സാധിക്കാത്ത വിധത്തില്‍ കടക്കെണിയിലാണ്. വീട്ടാകടങ്ങള്‍ ബാങ്കുകളുടെ നിലനില്‍പ്പിനെ തന്നെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ മൊത്തം ബാങ്കിംഗ് മേഖലയുടെ 70 ശതമാനവും കൈയടക്കുന്ന സ്റ്റേറ്റ് ബാങ്കുകള്‍ക്ക് പുതിയ ബാസെല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് 2018 നുള്ളില്‍ ആറ് ട്രില്യണ്‍ രൂപയുടെ പുതിയ സ്രോതസുകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നാല്‍ പുനര്‍മൂലധനവല്‍ക്കരണത്തിനുള്ള ധനം ന്യൂഡല്‍ഹിയുടെ പക്കല്‍ ഇല്ല തന്നെ.

ചുരുക്കത്തില്‍, കടുത്ത തീരുമാനങ്ങളും കര്‍ശനമായ ബജറ്റ് അച്ചടക്കവുമാണ് സാഹചര്യങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഇതോടൊപ്പം സാമ്പത്തിക വളര്‍ച്ച് ത്വരിതപ്പെടുത്തുന്നതിനായി മികച്ച നയങ്ങളോടൊപ്പം ചുവപ്പ് നാടയുടെ ഇടപെടല്‍ കുറച്ചു കൊണ്ടുവരാനും സാധിക്കണം. ഇതിന് ശേഷമേ അടിസ്ഥാനസൗകര്യങ്ങളിലുള്ള തന്റെ വാഗ്ദത്ത നിക്ഷേപങ്ങളുമായി മോദി മുന്നോട്ട് സഞ്ചരിക്കാവൂ. ഇത്തരം നടപടികള്‍ അദ്ദേഹത്തിന്റെ കടുത്ത അനുയായികളെ ഹൃസ്വകാലത്തില്‍ നിരാശരാക്കിയേക്കാം. പക്ഷെ ആ നടപടികള്‍, മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തില്‍ മോദിക്ക് സഹായകമാകുമെന്ന കാര്യത്തില്‍ തര്‍ക്കത്തിന് അടിസ്ഥാനമില്ല.

 

(Swaminathan S. Anklesaria Aiyar is a Research Fellow at the Cato Institute.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍