UPDATES

പങ്കജ് മിശ്ര

കാഴ്ചപ്പാട്

പങ്കജ് മിശ്ര

ന്യൂസ് അപ്ഡേറ്റ്സ്

ഹിന്ദു ദേശീയവാദികളാണ് മോദിയുടെ ഇന്ത്യയിലെ യഥാര്‍ത്ഥ വിജയികള്‍

വമ്പിച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷം, നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ഹിന്ദു ദേശീയവാദി സര്‍ക്കാര്‍ വികൃതമായ ഒരു അവബോധമായാണ് ഇപ്പോള്‍ രാജ്യത്തെമ്പാടുമുള്ള പ്രത്യശാസ്ത്രമണ്ഡലങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നത്. നേരത്തെ മോദിയെ ഇന്ത്യയുടെ രക്ഷകനായി ഉയര്‍ത്തിക്കാട്ടിയ മുന്‍ വലതുപക്ഷ മന്ത്രി അരുണ്‍ ഷൂറി ഈ അടുത്തകാലത്ത് സര്‍ക്കാരിനെ ‘ദിശാബോധമില്ലാത്തത്’ എന്ന് വിശേഷിപ്പിക്കുകയും ഇത് രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ‘കടുത്ത ആശങ്ക’ ഉയര്‍ത്തിയിട്ടുണ്ടെന്ന് പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. 

മോദിയുടെ കഴിഞ്ഞ വര്‍ഷത്തെ വിജയത്തില്‍ അത്യാവേശഭരിതരായിരുന്ന വിദേശ നിക്ഷേപകരും സംശയങ്ങള്‍ ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്. ഈ മാസത്തിന്റെ ആദ്യ പകുതിയില്‍ മാത്രം 550 മില്യണ്‍ ഡോളറിന്റെ ഫണ്ടുകളാണ് ഇന്ത്യന്‍ ഓഹരി കമ്പോളത്തില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്. 2013 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും മോശം മാസമായി ഈ മേയ് മാറാനുള്ള അത്രയും വേഗത്തിലാണ് ഫണ്ടുകള്‍ പിന്‍വലിക്കപ്പെടുന്നത്. മാര്‍ച്ച് 2015ല്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷമായിരിക്കും, വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും ദുര്‍ബലമായ സമ്പാദ്യ പ്രകടനം ദൃശ്യമാകുന്നത്.

വിദേശ ഇന്ത്യക്കാര്‍ മോദിയെ ആവേശത്തോടെയാണ് തങ്ങള്‍ വസിക്കുന്ന രാജ്യങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നത്. എന്നാല്‍ സ്വന്തം നാട്ടിലാവട്ടെ, കുത്തക കമ്പനികളുടെ താല്‍പര്യങ്ങള്‍ക്ക് ദാസ്യവേല ചെയ്യുകയാണ് മോദിയെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. മറുവശത്ത് അങ്ങേയറ്റം അസംതൃപ്തരായ സിഇഒമാരെ സമാധാനിപ്പിക്കുന്നതിനായി മോദിയുടെ ആദ്യത്തെ ഉന്നത കോര്‍പ്പറേറ്റ് പിന്തുണക്കാരില്‍ ഒരാളായ രത്തന്‍ ടാറ്റയ്ക്ക് തന്നെ കഴിഞ്ഞ മാസം രംഗത്തിറങ്ങേണ്ടി വന്നു.

ഇന്ത്യയിലെ കര്‍ഷകര്‍ മറ്റൊരു മോശം മഴക്കാലം നേരിടുന്ന സമയത്ത്, ഓരോ മാസവും നിര്‍മ്മാണ തൊഴില്‍സേനയില്‍ അണിചേരുന്ന ഒരു മില്യണ്‍ ഇന്ത്യക്കാര്‍ക്ക് നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ സൃഷ്ടിക്കാനുതകുന്ന വ്യക്തമായ ഒരു നീക്കവും നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല എന്നതാണ് ഏറ്റവും അപകരമായ സ്ഥിതിവിശേഷം. ഭൂമി, തൊഴില്‍ പരിഷ്‌കരണങ്ങളില്‍ ഒരു മുന്നേറ്റവും നടത്താതെയും സുസ്ഥിരമായ നിര്‍മ്മാണ മുന്‍കൈകള്‍ക്ക് അത്യന്താപേക്ഷിതമായ വിദ്യാഭ്യാസരംഗത്ത് ഒരു വന്‍ നിക്ഷേപങ്ങളും നടത്താതെയും, ‘ഇന്ത്യയില്‍ നിര്‍മ്മിക്കൂ’ എന്ന മുദ്രാവാക്യം ആവര്‍ത്തിക്കുക മാത്രമാണ് മോദി ചെയ്യുന്നത്. 

ഇക്കാര്യങ്ങള്‍ക്കെല്ലാം നരേന്ദ്ര മോദിയെ മാത്രം കുറ്റം പറയാനുള്ള പ്രവണതയുടെ, ഇത് അദ്ദേഹത്തിന്റെ ദീര്‍ഘകാല വിമര്‍ശകര്‍ക്കിടയില്‍ ശക്തവുമാണ്, ആകര്‍ഷണീയതയെ പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കേണ്ടിയിരിക്കുന്നു. ഞാന്‍ മുമ്പ് തന്നെ വാദിക്കുന്നത് പോലെ ഇന്ത്യയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഘടനാപരമാണ്. മാത്രമല്ല നിരാശാജനകമായ രീതിയില്‍ വഴുതിപ്പോകുന്ന ഘടകങ്ങളുടെ ഏകീകരണത്തെ ആശ്രയിച്ച് മാത്രമേ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാധിക്കൂ. 

പക്ഷെ, നിര്‍മ്മാണരംഗത്ത് വിജയരമായി നിക്ഷേപിക്കാന്‍ ധൈര്യവും ക്രിയാത്മകതയും പ്രദര്‍ശിപ്പിക്കാന്‍ ഒരു സര്‍ക്കാരിന് ഇത്തരം സാഹചര്യങ്ങള്‍ മാത്രം പോര. അസ്ഥിരമായ കമ്പോളങ്ങളും മോശം വായ്പകളുടെ ഭാരം പേറുന്ന ബാങ്കുകളും തൊട്ട്, അതിവേഗത്തില്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയും എന്തിന് ചഞ്ചലമായ സര്‍ക്കാര്‍ നിയമങ്ങളും വരെയുള്ള ബാഹ്യഘടകങ്ങള്‍ കൂടി മോദിയുടെ സ്വപ്‌നങ്ങള്‍ കണക്കിലെടുക്കേണ്ടിയിരിക്കുന്നു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സമ്മര്‍ദങ്ങളിലും വിദേശ നിക്ഷേപകരുടെ ആവശ്യങ്ങളിലും അഴിമതി ആരോപണങ്ങളിലും കഴിവല്ലായ്മയിലും പെട്ട് കറങ്ങുന്ന സമയത്ത് രാജ്യം വ്യക്തിത്വത്തിന്റെയും നിയമപരിപാലനത്തിന്റെയും കാര്യത്തില്‍ ആഴത്തിലുള്ള പ്രതിസന്ധികള്‍ നേരിടുകയാണെന്ന കാര്യത്തില്‍ തര്‍ക്കത്തിന് അവകാശമില്ല. ഇത് ഇന്ത്യയുടെ മാത്രം കാര്യമല്ല താനും.

ഇതൊക്കെക്കൊണ്ടാണ് അമിതപ്രതീക്ഷകള്‍ വച്ച് പുലര്‍ത്തുന്ന സര്‍ക്കാരുകളുടെ മധുവിധു നാടകീയമായി തകര്‍ന്ന് വീഴുന്നത്; അസ്വസ്ഥരായ വോട്ടര്‍മാര്‍ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികം. ഇത്തരം അനര്‍ത്ഥ കൊടുംങ്കാറ്റുകളില്‍ പെട്ടുഴലുന്ന നേതാക്കള്‍, ചരിത്രപരമായി ആശ്രയിക്കാവുന്ന മാര്‍ഗ്ഗങ്ങളായ സുസ്ഥിരതയിലും ദേശീയതയുടെ നിയമസാധുതയിലും അഭയം കണ്ടെത്തുകയാണ് ചെയ്യാറുള്ളത്. സ്വന്തം നാട്ടില്‍ ഉടലെടുക്കുന്ന ഇത്തരം പ്രത്യയശാസ്ത്ര ജനകീയതയില്‍ ഊന്നിനിന്നുകൊണ്ട് മാത്രമേ അവരുടെ യഥാര്‍ത്ഥ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഇത്തരം നേതാക്കള്‍ക്ക് സാധിക്കൂ.

കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോകോ വിഡോഡോയുടെ ഉദാഹരണം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തരുന്നു. പ്രതികൂലമായ ആഭ്യന്തര കാലവസ്ഥയെ നേരിട്ട വിഡോഡോ – 2009 മുതല്‍ ഇന്തോനേഷ്യന്‍ സാമ്പത്തിക രംഗം ഏറ്റവും സാവധാനത്തിലാണ് വളരുന്നത്- പാശ്ചാത്യ സാമ്പത്തിക ക്രമത്തെ വിമര്‍ശിക്കുകയും സാമ്പത്തികമായ ദേശീയവാദ കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുകയും ചെയ്തു.

വിദേശ നിക്ഷേപം വര്‍ദ്ധിക്കുക എന്ന ഇന്തോനേഷ്യയുടെ അടിയന്തിര ആവശ്യത്തെ പ്രത്യക്ഷത്തില്‍ പ്രതികൂലമായി ബാധിക്കുന്ന നിലപാടായിരുന്നു ഇത്. എന്നാല്‍, സുഹാര്‍ത്തോ കാലത്ത് വിത്ത് പാകപ്പെട്ടതും 1997 ലെ കിഴക്കന്‍ ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധിയെയും തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ പാരിസ്ഥിതിക നാശത്തിന്റെയും സാമ്പത്തിക അസമത്വത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ന്ന് പന്തലിക്കുകയും ചെയ്ത വിദേശ നിക്ഷേപകരോടുള്ള ഇന്തോനേഷ്യക്കാരന്റെ അവിശ്വാസത്തെ ഹൃസ്വകാലത്തില്‍ മുതലെടുക്കാന്‍ വിഡോഡോയ്ക്ക് സാധിച്ചേക്കും.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വിദേശ നിക്ഷേപങ്ങളെ ആശ്രയിക്കുന്ന മോദിയ്ക്ക് പക്ഷെ ഒരു പരിധിയില്‍ കൂടുതല്‍ സാമ്പത്തിക ദേശീയത എന്ന മുദ്രാവാക്യം ഉന്നയിക്കാനാവില്ല. പക്ഷെ എങ്ങനെ നോക്കിയാലും, ഇന്ത്യയെ ധാര്‍ഷ്ട്യവും അജയ്യവുമായ ഹൈന്ദവ വന്‍ശക്തിയാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഹിന്ദു ദേശീയവാദ പ്രസ്ഥാനമായ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ അജീവാനന്ദ അംഗമായ മോദിയെ സംബന്ധിച്ചിടത്തോളം സാംസ്‌കാരിക ദേശീയവാദമാണ് കൂടുതല്‍ സ്വാഭാവികമായ മാര്‍ഗ്ഗം.

വിദ്വേഷകരമായ വാചാടോപങ്ങള്‍ മോദി സ്വയം ഉപേക്ഷിച്ചെങ്കിലും, അദ്ദേഹത്തിന്റെ ഒരു വര്‍ഷത്തെ ഭരണത്തിന് കീഴില്‍ ഹിന്ദു ദേശീയത വളരെ ശക്തിപ്രാപിച്ചിട്ടുണ്ട്. ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ഊര്‍ജ്ജസ്വലമായ പ്രചാരണങ്ങളും ഹിന്ദു വനിതകളെ വിവാഹം കഴിക്കുന്ന മുസ്ലീങ്ങളെ ഭീഷണിപ്പെടുത്തുന്ന നടപടികളും ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ന്യൂനപക്ഷ വിരുദ്ധ വിഷം അല്‍പാല്‍പമായി കുത്തിവെക്കുന്നതും ജനമനസുകളില്‍ ഉറങ്ങിക്കിടന്നിരുന്ന പഴയ വിദ്വേഷങ്ങളെ ഉണര്‍ത്തുന്നതിന് കാരണമായിട്ടുണ്ട്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ ഹിന്ദുമത ഭ്രാന്തനായ നാഥുറാം ഗോഡ്‌സെയെ ആദരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പോലെയുള്ള മതഭ്രാന്തിന്റെ ഏതെങ്കിലും രൂപം കഴിഞ്ഞ വര്‍ഷത്തിലെ എല്ലാ ആഴ്ചയിലും മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരപ്പെട്ടിട്ടുണ്ട്. ‘ദേശീയ വിരുദ്ധ’ പെരുമാറ്റത്തിന്റെ പേരില്‍ ഗ്രീന്‍പീസിനെ മാത്രമല്ല, ഫോര്‍ഡ് ഫൗണ്ടേഷനെയും അധികാരികള്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു. പുരാതന ഇന്ത്യക്കാര്‍ വിമാനം കണ്ടുപിടിച്ചെന്നും പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്നും മറ്റും മോദി അധികാരമേറ്റ ശേഷം പുറത്തുവന്ന പ്രസ്താവനകളില്‍ അടങ്ങിയിരിക്കുന്ന വിവരക്കേടിന്റെ ദേശീയവാദം, രാജ്യത്തെ ചരിത്ര, ശാസ്ത്രീയ ഗവേഷണങ്ങളെ ദുഷിപ്പിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സമൂഹത്തിന്റെ ഈ പ്രത്യയശാസ്ത്ര പുനര്‍നിര്‍മ്മാണവും അതുവഴി മോദിക്ക് തന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമോ എന്ന കാര്യവും കാലം തെളിയിക്കേണ്ടതാണ്. പക്ഷെ, മോദി സര്‍ക്കാരിന്റെ ദിശാബോധമില്ലായ്മയെ കുറിച്ച് ഇപ്പോള്‍ ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്ന അദ്ദേഹത്തിന്റെ കടുത്ത അനുയായികളും ഒറ്റപ്പെടലിന്റെ തീവ്രതയില്‍ നില്‍ക്കുന്ന മതന്യൂനപക്ഷങ്ങളും ഒന്നുകില്‍ നിഷ്‌കളങ്കരാണ് അല്ലെങ്കില്‍ ആത്മാര്‍ത്ഥത തീരെയില്ലാത്തവരാണ് എന്ന് പറയേണ്ടി വരും.

ആഗോള മുതലാളിത്തത്തിന്റെ പ്രവര്‍ത്തനത്തില്‍ ദിശാബോധം നഷ്ടപ്പെട്ടതിന്റെ ഇച്ഛാഭംഗം അനുഭവിക്കുന്ന ദേശീയവാദികള്‍ക്ക് ഒരു പക്ഷെ നാട്ടിലുണ്ടാവുന്ന തിരിച്ചടികളെ തിരിച്ചറിയാനും മറികടക്കാനും സാധിച്ചേക്കും. മോദിയുടെ സാമ്പത്തിക സ്വപ്‌നങ്ങളുടെ പരാജയത്തെ മറച്ചു പിടിക്കുന്നതിനായി, അദ്ദേഹത്തിന്റെ കാലാവധിയായ അടുത്ത നാല് വര്‍ഷവും ഇന്ത്യയില്‍ ഹിന്ദു ദേശീയവാദ ഭീകരത തുടരും എന്ന കാര്യത്തില്‍ സംശയത്തിന് അവകാശമില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പങ്കജ് മിശ്ര

പങ്കജ് മിശ്ര

എഴുത്തുകാരനും ബ്ലൂംബര്‍ഗ് കോളമിസ്റ്റുമാണ് പങ്കജ് മിശ്ര. ഫ്രം ദി റൂയിന്‍സ് ഓഫ് എംപൈര്‍: ദി ഇന്‍റലെക്ട്വല്‍ ഹൂ റിമെയ്ഡ് ഏഷ്യാ, ടെംറ്റേഷന്‍സ് ഓഫ് ദി വെസ്റ്റ്: ഹൌ ടോ ബി മോഡേണ്‍ ഇന്‍ ഇന്‍ഡ്യ, പാകിസ്ഥാന്‍, ടിബെറ്റ് ആന്‍ഡ് ബിയോണ്ട്, ദി റൊമാന്‍റിക്സ്: എ നോവല്‍, ആന്‍ എന്‍ഡ് ടു സഫറിംഗ്: ദി ബുദ്ധ ഇന്‍ ദി വേള്‍ഡ് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. അലഹബാദിലും ഡെല്‍ഹിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പങ്കജ് മിശ്ര ബ്രിട്ടനിലെ റോയല്‍ സോസെറ്റി ഓഫ് ലിറ്ററേച്ചറില്‍ ഫെലോയാണ്. ബി ബി സിയിലെ സ്ഥിരം കമാന്‍റേറ്ററായ മിശ്ര ന്യൂയോര്‍ക് റിവ്യൂ ഓഫ് ബുക്സ്, ദി ന്യൂയോര്‍ക്കര്‍, ദി ഗാര്‍ഡിയന്‍, ലണ്ടന്‍ റിവ്യൂ ഓഫ് ബുക്സ് എന്നിവയിലും എഴുതുന്നുണ്ട്. ലണ്ടനിലും ഹിമാലയന്‍ ഗ്രാമമായ മഷോബ്രയിലുമായാണ് പങ്കജ് മിശ്ര ജീവിക്കുന്നത്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍