UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതോ കര്‍ഷകരുടെ അഛേ ദിന്‍?; കൃഷിക്ക് പുറത്താകുന്ന കര്‍ഷകര്‍

Avatar

ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളികളെ കുറിച്ചുള്ള പരമ്പര തുടരുന്നു. ഇന്ന്   മോദി സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളെക്കുറിച്ച്  സി പി ഐ എം കേന്ദ്രകമ്മിറ്റി യിലെ സ്ഥിരം ക്ഷണിതാവ് വിജു കൃഷ്ണന്‍ എഴുതുന്നു. (പരമ്പരയിലെ  മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക– മോദിയുടെ ഒരു വര്‍ഷം: പി.എം.ഒ മാത്രമല്ല സര്‍ക്കാര്‍- വെല്ലുവിളികള്‍, പ്രതീക്ഷകള്‍മോദി സര്‍ക്കാരിലെ രണ്ടാമന്റെ കളികള്‍അരുണ്‍ ജെയ്റ്റ്‌ലിയെ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യാം; അവഗണിക്കാനാവില്ല, മോദിയുടെ ഒരുവര്‍ഷം: പൊതുജനാരോഗ്യത്തില്‍ നിന്നും സ്വകാര്യലാഭത്തിലേക്കുള്ള കരട് ദൂരം)

അവകാശവാദങ്ങള്‍
നരേന്ദ്ര മോദിയും ബി ജെ പി പ്രകടനപത്രികയും വാഗ്ദാനം ചെയ്തത് ബി ജെ പി സര്ക്കാര്‍ കര്‍ഷക ആത്മഹത്യകള്‍ക്ക് അന്ത്യം കുറിക്കുമെന്നും കര്‍ഷകര്‍ക്ക് അച്ഛെ ദിന്‍ കൊണ്ടുവരുമെന്നുമാണ്. അവിടെ നിര്‍ത്തിയില്ല; കാര്‍ഷികമേഖലയിലും ഗ്രാമവികസനത്തിലും പൊതുമേഖല നിക്ഷേപം വര്‍ദ്ധിപ്പിക്കും, ഉത്പാദന ചെലവിന്റെ 50% ലാഭം ഉറപ്പാക്കുന്ന തരത്തില്‍ കൃഷി ലാഭകരമാക്കാനുള്ള നടപടികളെടുക്കും, കാര്‍ഷിക വായ്പ കുറഞ്ഞ പലിശക്കു നല്കും, പുത്തന്‍ സാങ്കേതികവിദ്യകളും കൂടുതല്‍ വിളവു തരുന്ന വിത്തുകളും കൃഷിയിലിറക്കും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-MGNREGA- കൃഷിയുമായി ബന്ധിപ്പിക്കും, പ്രകൃതി ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന വിലനാശത്തിന് ഇന്‍ഷൂറന്‍സ് ഏര്‍പ്പാടാക്കും, ഗ്രാമീണ വായ്പാ സൌകര്യങ്ങള്‍ വിപുലമാക്കും, ജലസേചന സൌകര്യം വര്‍ദ്ധിപ്പിക്കും, ലോക വിപണിയിലെ വിലയിലെ ചാഞ്ചാട്ടത്തില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കാന്‍ വില സ്ഥിരതക്കായി ഒരു സംവിധാനം സൃഷ്ടിക്കും, അങ്ങനെ പോകുന്നു. ബി ജെ പി ഒരു ദേശീയ ഭൂവിനിയോഗ നയം ഉണ്ടാക്കുമെന്നും അതനുസരിച്ച് രാജ്യത്തിന്റെ ഭക്ഷ്യോത്പാദന ലക്ഷ്യങ്ങളും സാമ്പത്തിക ലക്ഷ്യങ്ങളും കണക്കിലെടുത്ത് കൃഷി യോഗ്യമല്ലാത്ത ഭൂമിയുടെ ശാസ്ത്രീയമായ ഏറ്റെടുക്കലിനും വികസനത്തിനും ഉപയോഗിക്കുമെന്നും കൂടി പത്രിക പറയുന്നുണ്ട്. 60 വയസ് കഴിഞ്ഞ കര്‍ഷകര്‍ക്കും ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും  ക്ഷേമ നടപടികളും വാഗ്ദാനത്തിലുണ്ട്. ബി ജെ പിയുടെ പ്രകടന പത്രികയും നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളും വാസ്തവത്തില്‍ ഇന്ത്യന്‍ കര്‍ഷകരുടെ മാന്‍ കി ബാത് ആയിരുന്നു. ഇതില്‍ക്കൂടുതല്‍ എന്താണ് കര്‍ഷകര്‍ക്ക് ചോദിക്കാനുള്ളത്?

മങ്ങിയ യാഥാര്‍ത്ഥ്യം
മോദിയുടെ നേതൃത്വത്തിലുള്ള ഒരു വര്‍ഷത്തെ ബി ജെ പി ഭരണം കാര്‍ഷിക ദുരിതം കൂട്ടിയിട്ടേ ഉള്ളൂ.  കാര്‍ഷിക വളര്‍ച്ചാ നിരക്ക് 2014-ല്‍ 3.7% ആയിരുന്നത് ഇപ്പോള്‍ വെറും 1.1% ആയി ഇടിഞ്ഞു. കര്‍ഷക ആത്മഹത്യകള്‍ കുതിച്ചുയരുകയാണ്. മോദി അധികാരത്തില്‍ വന്ന് 6 മാസമായപ്പോഴേക്കും 2014 ഡിസംബറില്‍ കര്‍ഷക ആത്മഹത്യകളില്‍ 26% വര്‍ധനവാണ് കാണിച്ചത്. ബി ജെ പി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ഇത് 40% ആണ്. ആഗസ്ത് 2014-നും ഫെബ്രുവരി 2015-നും ഇടക്ക് കര്‍ഷക ആത്മഹത്യകള്‍ 1,373-ആയി. രാജ്യത്തൊട്ടാകെയായി 2 കോടി ഹെക്ടറിലേറെ കൃഷിയിടങ്ങളിലെ കൃഷി വലിയതോതില്‍ നശിച്ചതും കേന്ദ്രസര്‍ക്കാര്‍ ആ പ്രതിസന്ധിയെ തീര്‍ത്തും ദയാരഹിതമായി  കൈകാര്യം ചെയ്തതും മൂലം മാര്‍ച്ച് 2015നു ശേഷം കര്‍ഷക ആത്മഹത്യകള്‍ ഗണ്യമായി വര്‍ധിച്ചു. ഹരിയാന, പഞ്ചാബ്, ഗുജറാത്ത്,പശ്ചിമ ബംഗാള്‍,തെലങ്കാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെല്ലാം ഇതുവരെയല്ലാത്ത നിലയില്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുകയാണ്. ഏപ്രില്‍ 2015-നു ശേഷം ഹരിയാനയില്‍ 60 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകരുടെ ദുരിതം കുറക്കാനും അവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കാനുമുള്ള നടപടികള്‍ എടുക്കുന്നതിന് പകരം ആത്മഹത്യ ചെയ്യുന്ന കര്‍ഷകരെ  ഭീരുക്കളെന്നും, കുറ്റവാളികളെന്നും വിളിച്ച് അധിക്ഷേപിക്കുകയാണ് ഹരിയാന ബി ജെ പി സര്‍ക്കാരിലെ കൃഷി മന്ത്രി ചെയ്തത്. മാഹാരാഷ്ട്രയിലെ ബി ജെ പി മന്ത്രിമാരും സമാനമായ അധിക്ഷേപങ്ങള്‍ നടത്തി. ഹരിയാനയില്‍ ഒരൊറ്റ കൃഷിക്കാരന്‍ പോലും ആത്മഹത്യ ചെയ്തിലെന്നാണ് കേന്ദ്ര കൃഷി മന്ത്രി പാര്‍ലമെന്റില്‍ അവകാശപ്പെട്ടത്. സര്‍ക്കാര്‍ കുറ്റകരമായതരത്തില്‍ ഇതെല്ലാം നിഷേധിക്കുന്നത് തുടരുകയാണ്. വാസ്തവം അംഗീകരിക്കാനോ അതിലെന്തെങ്കിലും നടപടിയെടുക്കാനോ സര്‍ക്കാര്‍ തയ്യാറുമല്ല.

ഉത്പാദന ചെലവിന്റെ 50% ലാഭം ഉറപ്പാക്കുന്ന തരത്തില്‍ കൃഷി ലാഭകരമാക്കാനുള്ള നടപടികളെടുക്കും എന്നായിരുന്നു മോദിയുടെ പ്രചാരണ പ്രസംഗങ്ങളിലെ കാതലായ ഒരു ഭാഗം. ബി ജെ പി സര്‍ക്കാരിന്റെ വലിയ വഞ്ചന ഇതിലാണ്. ഗോതമ്പിനും നെല്ലിനും കുറഞ്ഞ താങ്ങുവില ക്വിന്റലിന് വെറും 50 രൂപ മാത്രമാണു ബി ജെ പി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. മറ്റ് വിലകളുടെ കാര്യത്തില്‍ വര്‍ദ്ധനവേ നല്‍കിയില്ല. ഉത്പാദന ചെലവിന്റെ 50% ലാഭം നല്കാന്‍ സാധ്യമല്ലെന്ന് ഫെബ്രുവരി 2015-നു സുപ്രീം കോടതിയില്‍ ബി ജെ പി സര്‍ക്കാര്‍ വ്യക്തമാക്കി. വിളകളുടെ വിലയും കുറഞ്ഞ താങ്ങുവിലയും ഒട്ടും വരുമാനം നല്‍കുന്നില്ല എന്നു മാത്രമല്ല ഉത്പാദനച്ചെലവ് പോലും നല്‍കുന്നില്ല. സംഭരണ സംവിധാനങ്ങള്‍ വളരെ വേഗത്തില്‍ ഇല്ലാതാക്കുകയാണ്. പ്രതിസന്ധിയിലാകുന്ന കര്‍ഷകരെ കൊള്ളയടിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളെ അനുവദിക്കുന്നു. ഇതൊന്നും പോരാഞ്ഞു, മുറിവില്‍ ഉപ്പ് തേക്കുന്ന തരത്തില്‍ നെല്ലിനും ഗോതമ്പിനും ബോണസ് നല്‍കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു ഉത്തരവിറക്കി. അങ്ങനെ ചെയ്യുന്ന സംസ്ഥാനങ്ങളില്‍ നിന്നും FCI (Food Corporation of India) സംഭരണം നടത്തണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. അത് വിപണിയെ താറുമാറാക്കും പോലും! FCI-യെ തന്നെ നിര്‍ജീവമാക്കാനും ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ വെള്ളം ചേര്‍ക്കാനുമുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍.  ലോക വ്യാപാര സംഘടനയില്‍ (WTO) കര്‍ഷകരുടെ താത്പര്യങ്ങളും ഭക്ഷ്യ സുരക്ഷയും സംബന്ധിച്ച് ഒത്തുതീര്‍പ്പില്ലെന്ന് പറയുമ്പോഴും ആഭ്യന്തരമായി ഭക്ഷ്യ സുരക്ഷാ പദ്ധതി വെട്ടിക്കുറച്ചും പൊതുസംഭരണം ദുര്‍ബ്ബലപ്പെടുത്തിയും സര്‍ക്കാര്‍ ചെയ്യുന്നത് യു എസ് എ-യും യൂറോപ്യന്‍ യൂണിയനും WTO-യും ആവശ്യപ്പെടുന്ന അതേ കാര്യങ്ങളാണ്. വില സ്ഥിരത നിധി രൂപവത്കരിക്കാന്‍ ആവശ്യമായ ഒന്നുംതന്നെ ചെയ്തിട്ടില്ല. കൃഷിക്കാരുടെ ചെലവില്‍ വന്‍കിട കാര്‍ഷിക വ്യവസായികളുടേയും കച്ചവടക്കാരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്.

കൃഷിയിലും ഗ്രാമവികസനത്തിലുമുള്ള പൊതുനിക്ഷേപം അപായകരമാം വിധം വെട്ടിക്കുറച്ചിരിക്കുന്നു.  കാര്‍ഷിക വായ്പ അപ്രാപ്യമാക്കി. കൊള്ളപ്പലിശക്കാര്‍ കര്‍ഷകരെ ഊറ്റുകയാണ്. കാര്‍ഷിക വ്യാപാരികളും, നഗര കര്‍ഷകരും സ്ഥാപന വായ്പകളുടെ സിംഹഭാഗവും കൈക്കലാക്കിയിരിക്കുന്നു. NSSO തയ്യാറാക്കിയ ഏറ്റവും പുതിയ  Situation Assessment Survey of Agricultural Households in Indiaറിപ്പോര്‍ട് അനുസരിച്ച് ഗ്രാമീണ ഇന്ത്യയിലെ 60% കുടുംബങ്ങളും കടക്കെണിയിലാണ്. ആന്ധ്രാപ്രദേശില്‍ ഇത് 92.9% ആണ്.  കടക്കെണിയില്‍ നിന്നും ആശ്വാസം നല്‍കാനോ കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാക്കാനോ ബി ജെ പി സര്‍ക്കാര്‍ ഒരു നടപടിയും എടുത്തിട്ടില്ല. 2014-15-ല്‍ കാര്‍ഷിക മേഖലയുടെ വിഹിതം 11,531 കോടി രൂപയായിരുന്നു എങ്കില്‍ 2014-15-ല്‍ അത് വെറും 11,657 കോടി മാത്രമായാണ് വര്‍ദ്ധിച്ചത്. വാസ്തവത്തില്‍ ഇതൊരു വര്‍ദ്ധനവേ അല്ല. MGNREGA-യ്ക്കും ഇതേ ഗതിയാണ്. നിലവിലെ 6576 ബ്ലോക്കുകള്‍ക്ക് പകരം 2500 ബ്ലോക്കുകളിലാക്കി അത് ചുരുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. MGNREGA-യില്‍ 2014-15-ല്‍ 227 കോടി തൊഴില്‍ ദിനങ്ങളുണ്ടാകുമെന്നും 61000 കോടി രൂപ ബജറ്റ് വിഹിതം വേണ്ടിവരുമെന്നുമാണ് കണക്കാക്കിയത്. എന്നാല്‍ ബി ജെ പി സര്‍ക്കാര്‍ ഇതിനായി നീക്കിവെച്ചത് വെറും 34000 കോടി രൂപ. അതായത് മതിപ്പ് തുകയുടെ 45% കുറവ്. 2015-16-ല്‍ വെറും 34,699 കോടി രൂപ. ആവശ്യമായത്തിലും എത്രയോ താഴെ.

ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കായും കുറയുന്ന വരുമാനത്തിനും വിലക്കയറ്റത്തിനുമിടയില്‍ ഞെരുങ്ങുന്ന കര്‍ഷക തൊഴിലാളികള്‍ക്കായും ഒന്നും ചെയ്തില്ല. രാജ്യത്ത് 600 ജില്ലകളുണ്ടെന്ന് മനസിലാക്കിയാല്‍ രണ്ടു പദ്ധതികളും കൂടിയാലും ജലസേചനത്തിനും ജൈവ കൃഷിക്കുമായുള്ള 5600 കോടി രൂപ എന്നുവെച്ചാല്‍ ഒരു ജില്ലക്ക് ഏതാണ്ട് 9 കോടി രൂപ എന്നാണ്. ഈ നാമമാത്രമായ തുകകൊണ്ട് എന്തു ജലസേചനമാണ്, ഏത് ജൈവകൃഷിയാണ് നടത്താനാകുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ.

പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള വിളനാശത്തിന് നല്‍കുന്ന കാര്‍ഷിക ഇന്‍ഷൂറന്‍സ് പദ്ധതി മറന്നുപോയിരിക്കുന്നു. ആലിപ്പഴവീഴ്ച്ചയും അകാലത്തിലുള്ള മഴയും മൂലം വിളനാശം സംഭവിച്ച പ്രദേശങ്ങള്‍ സര്‍ക്കാര്‍ കണക്കാക്കിയപ്പോള്‍ പകുതിയായി കുറഞ്ഞു. ഇതോടെ ദശലക്ഷക്കണക്കിന് കര്‍ഷകരെയാണ് നഷ്ടപരിഹാരത്തിനുള്ള അര്‍ഹതയില്‍ നിന്നും  ഒറ്റയടിക്ക് പുറത്താക്കിയത്. പിന്നെ ഒരേക്കറിന് 12000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അത് ഇന്നേവരെ നല്കിയതില്‍ ഏറ്റവും ഉയര്‍ന്നതാണെന്ന പ്രഖ്യാപനത്തോടെ. ഹരിയാനയിലും ഉത്തര്‍പ്രദേശിലും കര്‍ഷക ആത്മഹത്യ നടന്ന മറ്റ് സംസ്ഥാനങ്ങളിലും നഷ്ടപരിഹാരം നിഷേധിക്കപ്പെട്ടു. ഹരിയാനയില്‍ ഭൂമി പാട്ടത്തിനെടുക്കുന്നതിന് മാത്രം വേണം ഒരു ഏക്കറിന് 45000 രൂപയോളം. കൃഷിചെലവ് വേറെ. ഏക്കറിന് 12000 രൂപ നഷ്ടപരിഹാരം കിട്ടിയാലും കര്‍ഷകന്‍ കടത്തില്‍ നടുവൊടിയും. ഏക്കറിന് 5 രൂപയും, 63 രൂപയും, 200 രൂപയുമൊക്കെ കിട്ടിയവരുമുണ്ട്. എല്ലാ വിഭാഗം കര്‍ഷകരും ഈ പ്രതിസന്ധിയില്‍പെട്ട് തങ്ങളുടെ ഭൂമി വില്‍ക്കുകയും പുതിയ സാങ്കേതികവിദ്യകളോ, ട്രാക്ടറോ, ജലസേചന സൌകര്യമോ ഏര്‍പ്പെടുത്താനാവാതെ വലയുകയുമാണ്.

ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ തങ്ങളുടെ മുന്‍ നിലപാട് ബി ജെ പി സര്‍ക്കാര്‍ പാടെ മാറ്റിയിരിക്കുന്നു. ഡിസംബര്‍ 2014-ല്‍ ഓര്‍ഡിനന്‍സ് വഴി അവരതില്‍ ഭേദഗതികള്‍ കൊണ്ടുവന്നു. കോര്‍പ്പറേറ്റ് ലാഭത്തിനും ഭൂമി കച്ചവടക്കാര്‍ക്കും സുഗമമായി ഭൂമി ഏറ്റെടുക്കാനാണ് ഇത് സഹായിക്കുക. ഫലത്തില്‍ ബ്രിട്ടീഷുകാരുടെ 1894-ലെ ഭീകരമായ വ്യവസ്ഥകളുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമം തിരികെ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്തത്.  ഭൂമി ഏറ്റെടുക്കുമ്പോള്‍ കര്‍ഷകരുടെ അല്ലെങ്കില്‍ ഭൂമിയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ സമ്മതം ആവശ്യമാണെന്ന വ്യവസ്ഥ എടുത്തുകളഞ്ഞിരിക്കുന്നു. സാമൂഹ്യ ആഘാത പഠനം വേണ്ടെന്ന് വെച്ചിരിക്കുന്നു. ഭേദഗതിയിലെ പുതിയ വകുപ്പ് 10 എ അനുസരിച്ചുള്ള പദ്ധതികള്‍ക്ക് ഇതൊന്നും വേണ്ട. വ്യാവസായിക ഇടനാഴികള്‍, പൊതു-സ്വകാര്യ പങ്കാളിത്തമുള്ള അടിസ്ഥാന സൌകര്യ പദ്ധതികള്‍ എന്നിവയടക്കം 5 ഇനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. മിക്ക  ഭൂമി ഏറ്റെടുക്കലുകളും ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നതിനാല്‍ 2013-ലെ നിയമത്തിലുണ്ടായിരുന്ന പരിമിതമായ സുരക്ഷ പോലും നീക്കം ചെയ്തു. വ്യവസായ ഇടനാഴികളുടെ നിര്‍വ്വചനം അവക്കാവശ്യമായ റോഡ്/തീവണ്ടിപ്പാത എന്നിവയുടെ ഇരുവശത്തു നിന്നും ഒരു കിലോമീറ്റര്‍ എന്നാക്കി വിപുലീകരിച്ചു. ഒരു കണക്ക് പ്രകാരം 6 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഡല്‍ഹി-മുംബൈ വ്യാവസായിക ഇടനാഴിക്കായി ഏതാണ്ട് 7 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ അഥവാ രാജ്യത്തെ മൊത്തം കൃഷിഭൂമിയുടെ 17.5% ബലംപ്രയോഗിച്ചുള്ള ഭൂമി ഏറ്റെടുക്കലിന് വിധേയമാകും. ബഹുവിളകളുടെ കൃഷിഭൂമിക്കൊ, ഫലഭൂയിഷ്ടമായ മഴ ലഭിക്കുന്ന കൃഷിഭൂമിക്കൊ ഒന്നും ഇതില്‍നിന്നും ഒഴിവ് കിട്ടില്ല. പുനരധിവാസത്തിന്റെ കാര്യത്തിലാണെങ്കില്‍ ഉടമസ്ഥരല്ലാത്ത, ആ ഭൂമിയെ ആശ്രയിച്ച് കഴിയുന്ന ആരും അതിന്റെ പരിധിയില്‍ വരുന്നില്ല. കേന്ദ്ര, സംസ്ഥാന തലത്തില്‍ ഭൂ വിനിയോഗ നയത്തിനുള്ള ശുപാര്‍ശ പോലുമില്ല. ഒരു കുടുംബത്തിന്റെ വരുമാനമാര്‍ഗം മുഴുവന്‍ ഇല്ലാതാക്കിയിട്ടു ഒരാള്‍ക്ക് ജോലി നല്കുമെന്ന് പറയുന്നത് തട്ടിപ്പാണ്. അപ്പോഴും ആ ഭൂമിയുടെ മറ്റ് ആശ്രിതരെ അത് കണക്കാക്കുന്നില്ല.

ഓരോ വാഗ്ദാനവും ഈ സര്‍ക്കാര്‍ ലംഘിച്ചിരിക്കുന്നു. കര്‍ഷകരെ പാപ്പരാക്കുകയും ഭൂരഹിതരാക്കുകയും ചെയ്യുന്ന നയമാണ് ബി‌ ജെ പി സര്‍ക്കാരിന്‍റേത്. സര്‍ക്കാര്‍ സഹായം പിന്‍വലിച്ചും, വാണിജ്യ ഉദാരവത്കരണം പ്രോത്സാഹിപ്പിച്ചും, നവ ഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കിയും കര്‍ഷകരെ ദുരിതത്തിലാഴ്ത്തുകയാണ്. അദാനിക്കും അംബാനിക്കും അത്തരത്തിലുള്ള കോര്‍പ്പറേറ്റുകള്‍ക്കും അച്ഛെ ദിന്‍ നല്കാന്‍ കര്‍ഷകരേയും കര്‍ഷകത്തൊഴിലാളികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുന്നു.

(സി പി ഐ എം കേന്ദ്ര കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാവാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍