UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എങ്ങനെയാണ് ഭരിക്കാന്‍ പോകുന്നത്? ഒന്നാം വാര്‍ഷികമായിട്ടും മോദിക്ക് തീര്‍ച്ചയില്ല

Avatar

ധീരജ് നയ്യാര്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഇനി കഷ്ടി പത്ത് ദിവസമേയുള്ളൂ. വ്യക്തമായൊരു മധ്യവലതുപക്ഷ സന്ദേശവുമായാണ് അദ്ദേഹം അധികാരത്തിലെത്തിയത്.

‘കുറച്ച് സര്‍ക്കാര്‍, പരമാവധി ഭരണനിര്‍വ്വഹണം’ അതും 1984നു ശേഷം ഒരു നേതാവിന് ലഭിക്കുന്ന ഏറ്റവും വലിയ ജനവിധിയോടെ. നയങ്ങള്‍ക്കൊരു ദിശയും മുന്‍ഗണനകളും അദ്ദേഹം വേഗം സൃഷ്ടിക്കുമെന് പലരും പ്രതീക്ഷിച്ചു. എന്നിട്ടും എന്തു തരത്തിലുള്ള സര്‍ക്കാരാണ് തങ്ങളുടേതെന്ന് തീരുമാനിക്കാന്‍ അദ്ദേഹത്തിന്റെ ഭരണവൃന്ദത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. 

മെയ് 1നു ഭരണസഖ്യത്തില്‍ നിന്നും ഇതുവരെയുണ്ടായ ഏറ്റവും ശക്തമായ വിമര്‍ശനത്തില്‍ മുന്‍ മന്ത്രി അരുണ്‍ ഷൂരി സര്‍ക്കാരിന്റെ സാമ്പത്തിക നയത്തെ ‘ദിശാരഹിതം’ എന്നാണ് വിശേഷിപ്പിച്ചത്. സര്‍ക്കാരിന്റെ നയങ്ങള്‍ പല ദിശകളിലേക്കാണ്; പരിഷ്കരണങ്ങളിലേക്കും അതിനെതിരായിട്ടും.

പരിഷ്‌കരണങ്ങളുടെ വേഗത കുറവാണെന്നതല്ല പ്രശ്‌നം. ഇന്ത്യയെപ്പോലെ വലുതും സങ്കീര്‍ണവുമായൊരു രാഷ്ട്രീയ വ്യവസ്ഥിതിയില്‍, വ്യാപകമായ പ്രതിഷേധമുയര്‍ത്തുന്ന വിധം ഒറ്റയടിക്കല്ലാതെ, ഘട്ടം ഘട്ടമായി ഒന്നിന് മേല്‍ ഒന്നായി നയങ്ങള്‍ നടപ്പാക്കണമെന്ന വാദവുമുണ്ട്. വാസ്തവത്തില്‍ മോദി സര്‍ക്കാര്‍ നിരവധി ചെറിയ കാര്യങ്ങള്‍ ശരിയായി ചെയ്തു. ഫെബ്രുവരിയില്‍ വന്ന ബജറ്റ് പൊതു നിക്ഷേപത്തിന് പുതിയ ഊര്‍ജം നല്‍കി. പ്രത്യേകിച്ചും അടിസ്ഥാന സൗകര്യ മേഖലയില്‍, നിലച്ചുപോയ നിക്ഷേപചക്രം തുടങ്ങാനായി. കടുംനിയന്ത്രണങ്ങള്‍ വെച്ച ഭൂമി ഏറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്യാന്‍ ഉറച്ച തീരുമാനമെടുത്തു. രണ്ടാഴ്ച്ച മുമ്പ് കര്‍ശനമായ തൊഴില്‍ നിയമങ്ങളില്‍ മാറ്റം കൊണ്ടുവന്നു. ഇതോടെ സ്ഥാപനം പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതിന് സര്‍ക്കാരില്‍ നിന്നും അനുമതി തേടേണ്ടിവരുന്നതിന് തൊഴിലാളികളുടെ എണ്ണം 100ല്‍ നിന്നും 300 ആക്കി ഉയര്‍ത്തി. ഇനിയും കുറേയേറെ ചെയ്യാനുണ്ടെങ്കിലും കരാര്‍ തൊഴിലാളികളെ ആശ്രയിക്കുന്നതിനുപകരം കൂടുതല്‍ തൊഴിലാളികളെ നേരിട്ടു നിയമിക്കാന്‍ ഇത് സ്വകാര്യസ്ഥാപനങ്ങള്‍ക്ക് അവസരം നല്‍കും. 

സര്‍ക്കാര്‍ ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ പാര്‍ലമെന്റിലെ പ്രതിസന്ധി അനുയായികള്‍ കാര്യമാക്കില്ല. പ്രശ്‌നം എന്താണെന്നുവെച്ചാല്‍ മോദിയുടെ ഭരണസംവിധാനം ഒരേസമയം പിന്തിരിപ്പന്‍ നീക്കങ്ങളും നടത്തുന്നു എന്നാണ്, പ്രത്യേകിച്ചും നികുതി മേഖലയില്‍. ഇതുവരെ ഒഴിവാക്കിയിരുന്ന വിദേശ സ്ഥാപന നിക്ഷേപകര്‍ക്ക് ‘കുറഞ്ഞ പകരം നികുതി’ (Minimum Alternate Tax) ഏര്‍പ്പാടാക്കിയത് നിക്ഷേപക വിശ്വാസത്തെ വല്ലാതെ ഇടിച്ചുകളഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മുന്‍കാല പ്രാബല്യ നികുതി Cairn Energyയുടെ മേല്‍ ചുമത്തിയതും ഇതേപോലെ നിരാശാജനകമാണ്. വ്യക്തിഗത നികുതിദായകരെയും ഒഴിവാക്കിയിട്ടില്ല. 1970കളിലെ സോഷ്യലിസ്റ്റ് കാലത്തെ ഓര്‍മ്മിപ്പിക്കും വിധത്തില്‍ ഇന്ത്യക്കാരുടെ വിദേശ യാത്രകളിലെ ചെലവ് നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ വിദേശയാത്രകള്‍ നിരീക്ഷിക്കുന്നതിന് നിര്‍ദ്ദേശിച്ചിരിക്കുന്നു. 

ഫെബ്രുവരിയിലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ ചില സ്വാഗതാര്‍ഹമായ നിര്‍ദേശങ്ങളും തത്പരകക്ഷികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചു. ഒന്ന്, മറ്റെല്ലായിടത്തെയും പോലെ സര്‍ക്കാര്‍ കടം കൈകാര്യം ചെയ്യാനുള്ള ചുമതല കേന്ദ്ര ബാങ്കില്‍ നിന്നും ഒരു സ്വതന്ത്ര ഏജന്‍സിയിലേക്ക് മാറ്റുമായിരുന്നു. മറ്റൊന്നു കടപ്പത്ര വിപണിയുടെ നിയന്ത്രണം റിസര്‍വ് ബാങ്കില്‍ നിന്നും ഓഹരി വിപണി നിയന്ത്രകന്‍ സെബിയിലേക്ക് മാറ്റുന്നതായിരുന്നു. രണ്ടും ധനനയ സംപ്രേഷണത്തില്‍ ഇന്ത്യ നേരിടുന്ന ചില പ്രശ്‌നങ്ങളെ പരിഹരിക്കുകയും ചെയ്‌തേനെ. 

പലിശ നിരക്ക് നിശ്ചയിക്കുകയും സര്‍ക്കാര്‍ കടം കൈകാര്യവും ഒരേ സമയം ചെയ്യുന്ന കേന്ദ്ര ബാങ്കിന് താത്പര്യങ്ങളുടെ സംഘര്‍ഷം ഉണ്ടാകും. അതേസമയം അവികസിതമായ കടപ്പത്ര വിപണി (പ്രത്യേകിച്ചും സ്വകാര്യ മേഖലയില്‍) ആര്‍ ബി ഐ യേക്കാളേറെ കാര്യക്ഷമമായി SEBI നോക്കിനടത്തുമായിരുന്നു. ബജറ്റ് നിര്‍ദ്ദേശത്തോട് കേന്ദ്ര ബാങ്ക് തങ്ങളുടെ എതിര്‍പ്പ് മറച്ചുവെച്ചില്ല; ഇത്ര വേഗം സമ്മര്‍ദ്ദത്തിന് വഴങ്ങിയതോടെ സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടമായി. ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ പറയുന്നതുപോലെ അവര്‍ ആര്‍ ബി ഐയുമായി ചര്‍ച്ച ചെയ്യാന്‍ മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നാണെങ്കില്‍ അത് ബജറ്റിന് മുമ്പേ ആകാമായിരുന്നു. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഏറ്റവും വലിയ നിരാശ സര്‍ക്കാരിന് ഇന്ത്യയിലെ കെടുകാര്യസ്ഥതയില്‍ മുങ്ങിത്താഴുന്ന വെള്ളാനകളായ പൊതുമേഖലാസ്ഥാപനങ്ങളില്‍ ഒന്നിനെ പോലും സ്വകാര്യവത്കരിക്കാന്‍ കഴിഞ്ഞില്ല എന്നതാണ്. വ്യാപാരത്തിന്റെ വ്യാപാരം സര്‍ക്കാരിന്റെ കാര്യമല്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് മോദിയുടെ ഒരു വമ്പന്‍ വാചകം. എന്നിട്ടും നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയുടെ, അന്തിച്ചു നില്‍ക്കുന്ന ടെലികോം സ്ഥാപങ്ങളായ ബി എസ് എന്‍ എല്‍, എം ടി എന്‍ എല്‍, അല്ലെങ്കില്‍ ഹോട്ടല്‍ കമ്പനി ഐ ടി ഡി സി എന്നിവയുടെ ഭൂരിഭാഗം ഓഹരികളും വിറ്റഴിക്കുന്നതിന് പകരം അവയെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍; പതിവ് പല്ലവി!

ഒരുപക്ഷേ, ഗുജറാത്തിനെ ഒരു പതിറ്റാണ്ടുകാലം പ്രശംസനീയമായ രീതിയില്‍ നയിച്ച മോദി ധരിക്കുന്നത് ഒരു സമഗ്ര ഭരണനിര്‍വഹണ തത്ത്വശാസ്ത്രം വികസിപ്പിക്കുന്നതിന് പകരം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പദ്ധതിക്കു പിന്നാലേ പദ്ധതി എന്ന രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാം എന്നാകും. പടുകൂറ്റന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ആവേശം വ്യക്തമാണ്. രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ദേശീയപാത പദ്ധതി ഇപ്പോള്‍ പ്രഖ്യാപിച്ചതെയുള്ളൂ. അന്താരാഷ്ട്ര നിലവാരത്തിലുള്ള 100 ‘സ്മാര്‍ട് സിറ്റികള്‍’ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. 

എന്നാല്‍ ഈ പദ്ധതികളെല്ലാം വന്‍തോതില്‍ നിക്ഷേപം ആവശ്യപ്പെടുന്നവയാണ്. ഇത്തരത്തില്‍ നിക്ഷേപമിറക്കുന്നതിന് മുമ്പായി നിക്ഷേപകര്‍ ചില നയപരമായ ഉറപ്പുകള്‍ ആവശ്യപ്പെടും. കൂടുതല്‍ ബൃഹദ് പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പായും, ഭരണത്തിന്റെ രണ്ടാം വര്‍ഷത്തില്‍ കടക്കുന്നതിന് മുമ്പായും എങ്ങനെയാണ് ഭരിക്കാന്‍ ലക്ഷ്യമിടുന്നത് എന്നതിനെക്കുറിച്ചൊരു സമഗ്രരൂപരേഖ മോദി തയ്യാറാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും വേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍