UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചുവപ്പ് കോട്ടയിൽ നടത്തിയത് വിനോദപരിപാടിയാകരുത്

Avatar

ടീം അഴിമുഖം

ചാന്ദ്‌നി ചൗക്കിനും റിംഗ് റോഡിനും നടുവില്‍, യമുനാ നദിയ്ക്കും ജുമാമസ്ജിദിനും ഇടയില്‍, ഇന്ത്യയുടെ വിവാദ ഭൂതകാലത്തിനും വെല്ലുവിളികള്‍ നിറഞ്ഞ വര്‍ത്തമാനകാലത്തിനും നടുവില്‍ രാജകീയ പ്രൗഢിയോടെ നില്‍ക്കുന്ന ചുവപ്പ് കോട്ടയില്‍ ചരിത്രവും ഐതിഹ്യവും വിരസപാഠങ്ങളായി നിലകൊണ്ടു. 1648ല്‍ ഷാജഹാന്‍ ചക്രവര്‍ത്തി ഷാജഹാനാബാദിന്റെ ഭാഗമെന്ന നിലയില്‍ മുഗള്‍ സാമ്രാജ്യത്തിന്റെ കോട്ടയായി നിര്‍മ്മിച്ചതാണത്. ആക്രമണകാരികള്‍ വരികയും പോവുകയും ചെയ്‌തെങ്കിലും 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം വരെ ചുവപ്പ് കോട്ട അധികാരത്തിന്റെ കേന്ദ്രമായി തന്നെ തുടര്‍ന്നു. 

എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ വിചാരണ നടന്ന 1945-46 കാലഘട്ടത്തില്‍ ഐഎന്‍എയുടെ വീരസാഹസിക കഥകളും ഉദ്ദീപിക്കുന്ന വാഗ്വാദങ്ങളും കൊണ്ട് കോട്ട മുഖരിതമായി. പത്ത് ഐഎന്‍എ പോരാളികളുടെ പട്ടാളവിചാരണ, പ്രത്യേകിച്ചും കേണല്‍ പ്രേം ഷഗാല്‍, കേണല്‍ ഗുര്‍ബക്ഷ് സിംഗ് ദില്ലന്‍, മേജര്‍ ഷാ നവാസ് ഖാന്‍ എന്നിവരുടെ സംയുക്ത വിചാരണ, ഇന്ത്യയെ ഏകോപിക്കുകയും ബ്രട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി തറയ്ക്കുകയും ചെയ്തു. 

സ്വാതന്ത്ര്യം ലഭിച്ചതിന്റെ പിറ്റേ ദിവസം, 1947ആഗസ്റ്റ് 16ന്, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു അവിടെ ദേശീയ പതാക ഉയര്‍ത്തുകയും സ്വതന്ത്ര ഇന്ത്യയില്‍ ഒരു പുതിയ പാരമ്പര്യത്തിന് തുടക്കം കുറിയ്ക്കുകയും ചെയ്തു. ഈ കഴിഞ്ഞ വെള്ളിയാഴ്ച വര്‍ണമനോഹരമായ തലപ്പാവ് ധരിക്കുകയും എഴുതി തയ്യാറാകാത്ത പ്രസംഗം നടത്തുകയും ചെയ്ത നരേന്ദ്ര മോദി, ഇടുങ്ങിയ വിഭാഗീയതകള്‍ക്കപ്പുറത്ത് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രിമാരുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോയി. 

ഒരു പ്രധാനമന്ത്രിയെ പോലെതന്നെയാണ് നരേന്ദ്ര മോദി സംസാരിച്ചത്. എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്ന, ഒത്തുതീര്‍പ്പിന്റെ ഭാഷയില്‍. മറ്റുള്ളവരോടൊപ്പം അദ്ദേഹം ഗാന്ധിയെയും ശാസ്ത്രിയെയും ജയപ്രകാശ് നാരായണനെയും ഓര്‍മ്മിച്ചു. പക്ഷെ നെഹ്രുവിനെ അദ്ദേഹം മനഃപൂര്‍വം മറന്നു.

അദ്ദേഹം യുവാക്കളോട് സംസാരിച്ചു, സ്ത്രീകളെ കുറിച്ച് സംസാരിച്ചു, സര്‍വോപരി മാലിന്യത്തിനും അച്ചടക്കരാഹിത്യത്തിനും എതിരെ സംസാരിച്ചു. അദ്ദേഹം പാകിസ്ഥാനെയോ കാശ്മീരിനെയോ പരാമര്‍ശിച്ചില്ല. ആസൂത്രണ കമ്മീഷന്റെ ചരമക്കുറിപ്പ് അദ്ദേഹം വായിച്ചു. ഡല്‍ഹിയിലെ അധീശ സംസ്‌കാരത്തിനെതിരെ സംസാരിച്ചു. മാധ്യമങ്ങളോടുള്ള തന്റെ അവജ്ഞ പ്രകടിപ്പിച്ച അദ്ദേഹം സമാധാനത്തെയും മൈത്രിയെയും കുറിച്ച് സംസാരിച്ചു. 

പാകിസ്ഥാനെതിരെ പോര്‍വിളിയോ മുഷ്ടി ചുരുട്ടലോ ഉണ്ടായില്ല. ‘പ്രധാനമന്ത്രി’ എന്നതിന് പകരം ‘പ്രധാന സേവകന്‍’ എന്ന് സ്വയം വിശേഷിപ്പിച്ച മോദി, ക്ഷീണിതമായ ഒരു ദേശീയ ആചാരത്തെ ശക്തമായ ആശയവിനിമയ അവസരമാക്കി മാറ്റി. അദ്ദേഹം മികച്ച പ്രാസംഗികനാണെന്നത് പുതുമയുള്ള കാര്യമല്ല. സാധാരണ ഓഗസ്റ്റ് 15 അഭിസംബോധനകളില്‍ തൊടാന്‍ മടിക്കുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചതാണ് പുതുമയായി മാറിയത്. അദ്ദേഹം വീടുകളെ അഭിസംബോധന ചെയ്തു. രാജ്യത്തുയരുന്ന പീഢനത്തിന്റെ പ്രശ്‌നങ്ങളിലേക്ക് മാതാപിതാക്കളുടെ ശ്രദ്ധ തിരിച്ചു. തങ്ങളുടെ പെണ്‍മക്കളെ കുറിച്ച് അന്വേഷിക്കുന്ന കാര്യങ്ങള്‍ തന്നെ തങ്ങളുടെ ആണ്‍മക്കളെ കുറിച്ചും അന്വേഷിക്കാന്‍ അദ്ദേഹം മാതാപിതാക്കളെ വെല്ലുവിളിച്ചു. അദ്ദേഹം നയരൂപകര്‍ത്താക്കളോട് സംസാരിച്ചു. സിഎസ്ആര്‍ ഫണ്ടുകള്‍ സ്‌കൂളുകളില്‍ ടോയിലറ്റ് നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കാന്‍ അവരോട് നിര്‍ദ്ദേശിച്ചു. പുതിയ സന്‍സദ് ആദര്‍ശ് ഗ്രാം യോജനയ്ക്ക് കീഴില്‍ സ്വന്തം മണ്ഡലത്തിലെ ഒരു ഗ്രാമത്തെ മാതൃകാ ഗ്രാമമാക്കി മാറ്റാന്‍ അദ്ദേഹം എംപിമാരോടും എംഎല്‍എമാരോടും ആവശ്യപ്പെട്ടു. പെട്ടെന്ന് അദ്ദേഹം സ്വന്തം വികസന അജണ്ടയിലെ നായകനല്ലാതായി മാറി-ചുവപ്പ് കോട്ടയില്‍ അദ്ദേഹം അഭിസംബോധന ചെയ്ത ഓരോരുത്തർക്കും ഓരോ ഇടങ്ങള്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. അങ്ങനെ ചുമതലകള്‍ മുന്നോട്ട് വച്ചു കൊണ്ട് കഴിഞ്ഞ സര്‍ക്കാരിന്റെ സമീപനത്തെ അദ്ദേഹം പ്രത്യാക്രമിച്ചു. 

തീര്‍ച്ചയായും പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മോദിയെ ബഹുദൂരം പിന്തള്ളിയിരിക്കുന്നു. ‘നല്ല ദിനങ്ങള്‍’ എന്ന വാഗ്‌ധോരണിയുടെയും ഗുജറാത്ത് മാതൃകയുടേയും -എനിക്ക് അറുപത് മാസം നല്‍കു, വെറും കൈകൊണ്ട് ഞാന്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം- സ്ഥാനത്ത് ഭരണ നിര്‍വഹണത്തിന്റെ ബുദ്ധിമുട്ടുകള്‍ അംഗീകരിക്കുന്ന അവസ്ഥയിലേക്ക് അദ്ദേഹം മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസം രാഷ്ട്രപതി പറഞ്ഞത് പോലെ പൗരനാണ് മാന്ത്രിക ചേരുവ എന്നദ്ദേഹം അംഗീകരിച്ചു. പുതിയ ദേശീയ പദ്ധതികളിലേക്ക് പൊതുജന പങ്കാളിത്തം അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. 

എന്നാല്‍ അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്വീകരിക്കുന്ന ഇരട്ടത്താപ്പ് തുടരുന്നിടത്തോളം ഉള്‍ക്കൊള്ളിക്കലിനും അച്ചടക്കത്തിനും വളര്‍ച്ചയ്ക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആഹ്വാനങ്ങളൊന്നും നടപ്പിലാവാന്‍ പോകുന്നില്ല: അദ്ദേഹം രാഷ്ട്രനീതിക്കായി നിലകൊള്ളുകയും അണികള്‍ സാമൂഹിക വിഭാഗീയത സൃഷ്ടിക്കുകയും സാമുദായിക സംഘര്‍ഷത്തിന് തിരികൊളുത്തുകയും ചെയ്യുന്ന വിഷലിപ്തമായ പ്രസംഗങ്ങള്‍ തുടരുകയും ചെയ്യുന്നിടത്തോളം പ്രത്യേകിച്ചും. അസാധാരണമായ സാമുദായിക, വർഗീയ പരാമര്‍ശങ്ങള്‍ക്കാണ് ഈ ലോക്‌സഭ സാക്ഷ്യം വഹിച്ചത്. മിക്കപ്പോഴും പ്രതികള്‍ ബിജെപി അംഗങ്ങളും. ആരെങ്കിലും ന്യൂനപക്ഷങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ പ്രത്യേകിച്ചും അവരുടെ പിന്‍ബഞ്ചുകാര്‍ ബഹളം വയ്ക്കുകയും പ്രതിപക്ഷത്തെ അപമാനിക്കുകയും ചെയ്യുന്നു.

രാജ്യത്തിന്റെ ഭാവി പുനര്‍നിര്‍വചിക്കാനും ചരിത്രത്തിലെ മഹാന്മാരുടെ പട്ടികയില്‍ തന്റെ പേര് എഴുതി ചേര്‍ക്കാനും മോദി ആഗ്രഹിക്കുന്നുണ്ടെങ്കില്‍, സമഗ്രമായ മാറ്റത്തിന് അദ്ദേഹം വിധേയനാവണം. അല്ലാതെ പൊതുജനത്തെ വിനോദിപ്പിക്കുന്ന പ്രകടനങ്ങള്‍ നടത്തുകയല്ല ചെയ്യേണ്ടത്. ചുവപ്പ് കോട്ടയില്‍ ജനത്തെ വിനോദിപ്പിക്കാനുള്ള ഒരു പ്രകടനത്തിനപ്പുറം എന്തെങ്കിലും അദ്ദേഹം ചെയ്തതായി വിശ്വസിക്കാന്‍ ഒരു കാരണവും കാണുന്നില്ല. 

ബെസ്റ്റ് ഓഫ് അഴിമുഖം 

മോദിക്ക് മനസിലാകില്ലാത്ത കുറച്ചു കാര്യങ്ങള്‍
മോദിയുടെ ചെവിയില്‍ ധാര്‍മികത ഓതരുത്
ഗാന്ധികള്‍ മോദിയെ പേടിക്കുമ്പോള്‍
കത്തുന്ന ഡല്‍ഹിയെക്കുറിച്ചാണിത്; മോദിയെക്കുറിച്ചും
ഇപ്പോൾ രാജ്യം ചവർപ്പോടെ കുടിക്കുന്നത് മോദിയുടെ ശീതളപാനീയം

എല്ലാ അര്‍ത്ഥത്തിലും വിശാലമായ ആശയവിനിമയം. പക്ഷെ സംസാരത്തിനിടയില്‍ നിശബ്ദതകളും ഉണ്ടായിരുന്നു. യുപിയില്‍ സാമുദായിക സംഘര്‍ഷം സാധാരണമായി മാറിയ അവസ്ഥ, പ്രസിദ്ധീകരണങ്ങളെ നിയന്ത്രിക്കും എന്ന ഭീതി, ചരിത്ര പുസ്തകങ്ങള്‍ പുനര്‍രചിക്കപ്പെടുന്ന പ്രശ്‌നം തുടങ്ങിയവയെ കലാപങ്ങള്‍ക്ക് അവധി എന്ന നിഗൂഢമായ ഒറ്റ നിര്‍ദ്ദേശത്തിലൂടെ അഭിസംബോധന ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത്. താന്‍ ഡല്‍ഹിയില്‍ ഒരു ‘അന്യന്‍’ ആണെന്നും ‘അധീശ വര്‍ഗങ്ങളില്‍ നിന്നും ഒറ്റപ്പെട്ടവനാണെന്നും’ പ്രധാനമന്ത്രി സ്വയം വിശേഷിപ്പിച്ചു. എന്നാല്‍ ഇത് അധികകാലം പറയാന്‍ അദ്ദേഹത്തിന് സാധിക്കില്ല. സ്വന്തം പ്രസംഗത്തില്‍ അദ്ദേഹം വരച്ചുകാട്ടിയ ഇന്ത്യയുടെ പുതിയ ഭൂപടത്തിന്റെ പ്രഭവ കേന്ദ്രമാണ് മോദി. അത് സ്വന്തം പ്രവര്‍ത്തികള്‍ വിലയിരുത്തപ്പെടും എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് തന്നെ വിരുദ്ധവുമാണ്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍