UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആ ട്വീറ്റ് മോദി ഡിലിറ്റ് ചെയ്തതെന്തിന്?

Avatar

അഴിമുഖം പ്രതിനിധി

വൈദ്യുതിയെത്തിച്ചതായി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പേരെടുത്തു പറഞ്ഞ ഉത്തരേന്ത്യന്‍ ഗ്രാമം ഇപ്പോഴും ഇരുട്ടില്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പതിനായിരത്തിലധികം ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തിച്ചെന്നായിരുന്നു മോദിയുടെ അവകാശവാദം. ഡല്‍ഹിയില്‍നിന്ന് മൂന്നുമണിക്കൂര്‍ മാത്രം അകലെയുള്ള നാഗ്ല ഫട്ടേലയാണ് ഗ്രാമങ്ങളിലൊന്ന് എന്നും ഇവിടെ വൈദ്യുതിയെത്താന്‍ 70 വര്‍ഷമെടുത്തു എന്നും മോദി പറഞ്ഞു. ‘അവര്‍ ഈ സ്വാതന്ത്ര്യദിനാഘോഷത്തില്‍ നമുക്കൊപ്പമുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു’, എന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ മഹാമായ നഗര്‍ ജില്ലയില്‍പ്പെട്ട ഗ്രാമമാണ് നാഗ്ല ഫട്ടേല.

എന്നാല്‍ മിക്കവരും വൈദ്യുതിയില്ലാതെ കഴിയുന്ന ഗ്രാമത്തില്‍ മോദിയുടെ പ്രസ്താവന അത്ഭുതമായി. നാഗ്ല ഫട്ടേല ഗ്രാമപ്രധാന്‍ പ്രധാനമന്ത്രിയുടെ അവകാശവാദം നിഷേധിച്ചു. കേന്ദ്ര ഊര്‍ജ സഹമന്ത്രി പീയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്ത ചിത്രങ്ങള്‍ അവരുടെ ഗ്രാമത്തിന്റേതല്ലെന്നും സ്വാതന്ത്ര്യദിനത്തില്‍ ഗ്രാമത്തില്‍ ആഘോഷപരിപാടികളൊന്നും ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു. ‘ദീന്‍ദയാല്‍ ഉപാധ്യയ ഗ്രാം ജ്യോതി യോജനയില്‍പ്പെടുത്തി ഗ്രാമത്തില്‍ വൈദ്യുതി പോസ്റ്റുകളും വയറുകളും മീറ്ററുകളും വന്നു എന്നതു ശരിയാണ്. എന്നാല്‍ വൈദ്യുതി ഇന്നും സ്വപ്‌നമായി തുടരുന്നു,’ ഗ്രാമപ്രധാന്‍ യോഗേഷ് കുമാര്‍ പറഞ്ഞു. 

ഗ്രാമത്തിലെ 600 വീടുകളില്‍ 450 എണ്ണത്തിലും വൈദ്യുതിയില്ല. വൈദ്യുതിയുള്ള 150 വീടുകള്‍ അനധികൃത കണക്ഷനുകളെയാണ് ആശ്രയിക്കുന്നത്. 22 കുഴല്‍ക്കിണറുകള്‍ക്കുവേണ്ടി സ്ഥാപിച്ചിട്ടുള്ള ഒരു ട്രാന്‍സ്‌ഫോര്‍മറുമായി ഈ വീടുകളെ ബന്ധിപ്പിച്ചിരിക്കുകയാണ്. ഇതിന് ദക്ഷിണാഞ്ചല്‍ വിദ്യുത് വിതരണ്‍ നിഗം ലിമിറ്റഡിന് മാസം 395 രൂപ നല്‍കുന്നുമുണ്ട്. ഡല്‍ഹിയില്‍നിന്ന് 300 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള നാഗ്ല ഫട്ടേലയില്‍ 3,500 പേരാണു താമസിക്കുന്നത്. ഇവരില്‍ 900 പേര്‍ വോട്ടര്‍പട്ടികയിലുണ്ട്. പ്രധാനമന്ത്രിയുടെ ഗ്രാമീണ വൈദ്യുതീകരണ പദ്ധതിയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കിയ 10,045 ഗ്രാമങ്ങളില്‍ ഒന്നാണ് ഈ ഗ്രാമം. ഊര്‍ജമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2017 മേയില്‍ 18,475 ഗ്രാമങ്ങളിലെ വൈദ്യുതീകരണം പൂര്‍ത്തിയാകും.

മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ‘@പിഎംഒഇന്ത്യ ‘നാഗ്ല ഫട്ടേലയിലെ ജനങ്ങള്‍ ആദ്യമായി സ്വാതന്ത്ര്യദിനാഘോഷം കാണുന്നു. അവര്‍ക്ക് കൂടുതല്‍ അധികാരം’ എന്ന അടിക്കുറിപ്പോടെ ഗ്രാമീണര്‍ ടിവി കാണുന്ന ചിത്രവും പോസ്റ്റ് ചെയ്തു. ‘ഈ ചിത്രങ്ങള്‍ ഞങ്ങളുടെ ഗ്രാമത്തിന്റെയല്ല. ഹത്രാസിലെ ഗ്രാമമായ നാഗ്ല സിന്ധിയിലേകാം ബലൂണുകളുള്ള ചിത്രമെന്നു തോന്നുന്നു. സമാനമായൊരു പദ്ധതിയിലാണ് അവിടെ വൈദ്യുതി കിട്ടിയത്,’ നാഗ്ല ഫട്ടേല മുന്‍ പ്രധാന്‍ ദേവേന്ദ്ര സിങ് പറയുന്നു.

ഒടുവില്‍ മോദിയുടെ അവകാശവാദം ശരിയല്ലെന്നു കാണിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് പ്രസ്താവന ഇറക്കേണ്ടിവന്നു.

എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍നിന്നു ലഭിച്ച വിവരം അനുസരിച്ചാണ് മോദി പ്രസംഗിച്ചതെന്നാണ് മന്ത്രി പീയൂഷ് ഗോയല്‍ ചൊവ്വാഴ്ച പറഞ്ഞത്. ‘ഞങ്ങള്‍ക്കു കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ ഗ്രാമം വൈദ്യുതീകരിച്ചുകഴിഞ്ഞു. കേന്ദ്രം സംസ്ഥാനസര്‍ക്കാരുകളുമായി സഹകരിച്ചാണ് വൈദ്യുതീകരണം നടത്തുന്നത്. വേഗത്തില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. പൂര്‍ത്തിയായതായി സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയപ്പോള്‍ ഗ്രാമം വൈദ്യുതീകരിക്കപ്പെട്ടതായി കണക്കാക്കി,’ ഗോയല്‍ മാധ്യമങ്ങളോടു പറഞ്ഞു.

‘2015 ഒക്ടോബര്‍ 30ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പൂര്‍ത്തിയാക്കല്‍ പട്ടികയില്‍ 34ാം നമ്പര്‍ നാഗ്ല ഫട്ടേലയിലെ വൈദ്യുതീകരണമാണ്. ഡിവിവിഎന്‍എല്‍ ഉദ്യോഗസ്ഥര്‍ പരിശോധനയും വേരിഫിക്കേഷനും നടത്തിയെന്നും 2015 നവംബര്‍ 24ന് കോണ്‍ട്രാക്ടറെക്കൊണ്ട് വേരിഫിക്കേഷന്‍ നടത്തിയെന്നും പറയുന്നു. 82 വീടുകള്‍ക്ക് വൈദ്യുതി നല്‍കിയെന്നാണ് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട്. ദരിദ്രരുടെ വീടുകളില്‍ വൈദ്യുതീകരണം നടത്തിയില്ല,’ മന്ത്രി പറഞ്ഞു.

നാഗ്ല ഫട്ടേലയില്‍നിന്നുള്ള ഗ്രാമീണര്‍ മോദിയുടെ പ്രസംഗം ടിവിയില്‍ കാണുന്ന ചിത്രമടങ്ങിയ ട്വീറ്റ് പിഎംഒ നീക്കം ചെയ്‌തെങ്കിലും ഗോയല്‍ അതിനു തുനിഞ്ഞിട്ടില്ല. മാത്രമല്ല ഒരേ ഗ്രാമത്തില്‍നിന്നുള്ള അനേകം ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. അവയെല്ലാം പുതുതായി വൈദ്യുതീകരിക്കപ്പെട്ട ഗ്രാമങ്ങളില്‍നിന്നുള്ളവയാണെന്ന അടിക്കുറിപ്പോടെ. എല്ലാ ചിത്രങ്ങളും ആളുകള്‍ ടിവിയില്‍ സ്വാതന്ത്ര്യദിനാഘോഷം കാണുന്നതിന്റെതാണ്.

എന്നാല്‍ പ്രധാനമന്ത്രി തെറ്റായ അവകാശവാദം നടത്തി എന്നു മാത്രമല്ല നാഗ്ല ഫട്ടേലയിലെ വൈദ്യുതീകരണത്തിനുള്ള അടിസ്ഥാനസൗകര്യമൊരുക്കലില്‍ മോദി സര്‍ക്കാരിനു പങ്കൊന്നുമില്ല എന്നും പിഐബി വിശദീകരണം വ്യക്തമാക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍