UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൂടുതല്‍ മാടമ്പിത്തരത്തിലേക്കോ മോദി?

Avatar

ശരത് കുമാര്‍

പല വിധ സവിശേഷതകളാല്‍ വ്യത്യസ്തമായിരുന്നു ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ചുവപ്പ് കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം. വെടിയുണ്ട ഏല്‍ക്കാത്ത കൂടാരം പൊളിച്ചു കളഞ്ഞത് മുതല്‍ പ്രസംഗം കേള്‍ക്കാന്‍ വന്ന കുട്ടികളുമായി പ്രധാനമന്ത്രി കുശലപ്രശ്‌നം നടത്തിയത് വരെ നീളുന്ന കലാപരിപാടികള്‍ ചടങ്ങില്‍ അരങ്ങേറി. അല്ലെങ്കില്‍ തന്നെ നല്ലൊരു ഷോമാനാണ് താനെന്ന് ഇതിനകം തെളിയിച്ചയാളാണല്ലോ നരേന്ദ്ര മോദി.

പക്ഷെ രാജ്യത്തെ പൗരന്മാരുടെ മാതൃരാജ്യ സ്‌നേഹം ഉയര്‍ത്തുന്ന സ്ഥിരം ആചാര പ്രസംഗങ്ങള്‍ക്ക് പകരം ഏറെക്കുറെ നയപ്രഖ്യാപന സ്വഭാവമുള്ള ഒന്നായിരുന്നു മോദി ഇത്തവണ ചെങ്കോട്ടയില്‍ നടത്തിയ എഴുതി തയ്യാറാക്കാത്ത പ്രസംഗം എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയം. എന്നാല്‍ തീരെ തയ്യാറെടുപ്പില്ലാതെ നടത്തിയ ഒന്നായിരുന്നു അത് എന്ന് പറയാന്‍ കഴിയില്ല. എന്നു മാത്രമല്ല ഏറെ ശ്രദ്ധയോടെ നടത്തിയ തയ്യാറെടുപ്പിന്റെ ഫലമായിരുന്നു അതെന്ന് പറയുകയും ചെയ്യേണ്ടിയിരിക്കുന്നു.രാജ്യത്തിന്റെ ഭാവിയില്‍ നിര്‍ണായകമായേക്കാവുന്ന ഒട്ടേറെ കാര്യങ്ങള്‍ ആ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു എന്നത് തന്നെ കാരണം. 

1950ല്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ രൂപം കൊണ്ട ആസൂത്രണ കമ്മീഷന്റെ ചരമക്കുറിപ്പായിരുന്നു പ്രഖ്യാപനങ്ങളില്‍ പ്രധാനം. അന്നത്തെ സോവിയറ്റ് യൂണിയന്‍ മാതൃകയില്‍ പഞ്ചവത്സര പദ്ധതികളിലൂടെ രാജ്യവികസനം എന്ന സങ്കല്‍പത്തിന്റെ ബാക്കിപത്രമായിരുന്ന ആസൂത്രണ കമ്മീഷന്റെ രൂപീകരണം. എന്നാല്‍ തുടക്കത്തിലുള്ള മൂന്നോ നാലോ പദ്ധതികള്‍ക്കപ്പുറം ഒരു പഞ്ചവത്സര പദ്ധതിയും സമയത്തിന് തുടങ്ങാനോ പൂര്‍ത്തിയാക്കാനോ നമുക്ക് സാധിച്ചില്ല. സാമ്പത്തികേതര കാരണങ്ങളാലാണെങ്കിലും സംഭവിച്ച ആസൂത്രണ ഇടവേളകള്‍ എന്ന തമാശ വേറെയും. മൂന്നാം ലോക രാജ്യങ്ങളുടെ പതിവ് ബലാരിഷ്ടതകളില്‍ ഒന്നായി ഇതിനെ കാണാം.

എന്നാല്‍ ആസൂത്രണ കമ്മീഷന്‍ എന്ന സങ്കല്‍പത്തിന് പറ്റിയ ഏറ്റവും വലിയ പാളിച്ച ആസൂത്രണം മുകളില്‍ നിന്നും താഴേക്ക് അടിച്ചേല്‍പ്പിക്കപ്പെട്ടു എന്നതാണ്. ഇന്ത്യ പോലെ സാംസ്‌കാരിക, ഭാഷ, ജീവിതരീതി തുടങ്ങി ഭക്ഷണ, വസ്ത്ര ശീലങ്ങളില്‍ വരെ യാതൊരു സമാനതയും ഇല്ലാത്ത ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം, അതും വെറും കിലോമീറ്ററുകളുടെ വ്യത്യാസത്തില്‍ ഇപ്പറഞ്ഞതെല്ലാം മുച്ചൂടും മാറിമറിയുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് ചില്ലറ പ്രത്യാഘാതങ്ങളല്ല ഉണ്ടാക്കിയത്. സ്വാതന്ത്ര്യത്തിന്റെ 68-ആം വര്‍ഷവും ഇന്ത്യയിലെ ദരിദ്രനാരായണന്മാര്‍ ഇപ്പോഴും അങ്ങനെ തന്നെ നില്‍ക്കുന്നെങ്കില്‍, അല്ലെങ്കില്‍ നമ്മുടെ വികസനസങ്കല്‍പങ്ങള്‍ മൂലം അവരുടെ ജീവിതം അപ്പാടെ തകര്‍ന്നെങ്കില്‍ അതിന് അടിസ്ഥാന കാരണം മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കപ്പെട്ട ഈ ആസൂത്രണ വാള്‍ തന്നെയാണ്. ഒരു രീതിയിലും സമാനതകളില്ലാത്ത രണ്ട് മനുഷ്യ സമൂഹങ്ങള്‍ക്ക് എങ്ങനെ ഒരേ രീതിയിലുള്ള പദ്ധതികള്‍ കൊണ്ട് ഗുണം ഉണ്ടാകും? രാജ്യത്തിന്റെ ഈ വൈരുദ്ധ്യങ്ങളെ കണക്കിലെടുക്കാതെ നടത്തിയ ഈ ആസൂത്രണ, വികസന പ്രക്രിയകള്‍ക്ക് വലിയ വിലയാണ് ഇന്ന് നാം നല്‍കിക്കൊണ്ടിരിക്കുന്നത്.

ഇവിടെയാണ് നിലവിലെ ആസൂത്രണ പ്രക്രിയയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടേണ്ടതും. അതുകൊണ്ട് ആസൂത്രണ കമ്മീഷന്‍ ഉടച്ച് വാര്‍ക്കുമെന്നും പുതിയ പ്രവര്‍ത്തന മാനദണ്ഡങ്ങളും രീതികളും അവലംബിക്കുമെന്നും മോദി പറയുമ്പോള്‍ അത് ഒറ്റ നോട്ടത്തില്‍ ശരിയാണെന്ന് സമ്മതിക്കേണ്ടി വരും. ആസൂത്രണ കമ്മീഷന് പകരം വരുന്ന ഒരു സംവിധാനം എങ്ങനെയായിരിക്കും എന്നതിനെ കുറിച്ച് വ്യക്തമായ ഒരു ചിത്രം പ്രധാനമന്ത്രി നല്‍കുന്നില്ലെങ്കിലും ചില സൂചനകള്‍ അദ്ദേഹം നല്‍കുന്നു. ചൈനയിലെ ദേശീയ വികസന കമ്മീഷന്റെ മാതൃകയിലുള്ള ഒരു സംവിധാനമാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെഡറിലസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് വികസന മാതൃകകളുടെ നിര്‍മ്മിതിയില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് ഈ പരീക്ഷണത്തിന് എത്രത്തോളം പ്രസക്തിയുണ്ടെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഭാവനാധിഷ്ടിതമായ ചിന്തയിലും പൊതു സ്വകാര്യ പങ്കാളിത്തത്തിലും ഊന്നല്‍ നല്‍കുന്ന വിഭവങ്ങളുടെ പരമാവധി ഉപയോഗത്തില്‍ അധിഷ്ടിതമായ വികസനമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. 

മോദിയുടെ ആശയങ്ങളുടെ അപകടം പതിയിരിക്കുന്നത് ഇവിടെയാണ് . പൊതുമേഖലയ്ക്ക് പ്രസക്തി കുറഞ്ഞെന്നും സ്വകാര്യമേഖലയുടെ പങ്കാളിത്തം ഏറി വരുന്ന ഇക്കാലത്ത് സര്‍ക്കാര്‍ നിക്ഷേപങ്ങള്‍ പരമാവധി കുറയ്ക്കുകയുമാണ് വേണ്ടതെന്നും ആഗോളീകരണത്തിന്റെ കാലം മുതല്‍ നമ്മള്‍ കേള്‍ക്കുന്നതാണ്. അതിന് ശേഷം വന്ന പൊതു സ്വകാര്യ പങ്കാളിത്തം എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന കലാപരിപാടിയുടെ അപകടങ്ങള്‍ നമ്മള്‍ അനുഭവിച്ചു തുടങ്ങിയിട്ടേ ഉള്ളു. ഇന്ത്യ പോലെ അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു രാജ്യത്ത് എല്ലാ പൊതു സ്വകാര്യ പങ്കാളിത്ത കരാറുകളും സ്വകാര്യ സ്റ്റേക് ഹോള്‍ഡര്‍മാരുടെ ലാഭത്തെ ലക്ഷ്യമിട്ട് എഴുതപ്പെടുന്നതാണെന്ന് പാലങ്ങളുടേയും റോഡുകളുടേയും ടോള്‍ പിരിവ് ഉള്‍പ്പെടെയുള്ള അനുഭവങ്ങളില്‍ നിന്നും നാം പഠിച്ചു വരുന്നു. ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇമ്പീരിയലിസ്റ്റ് കാലഘട്ടത്തില്‍ പോലും കേട്ടിട്ടില്ലാത്ത വിധത്തിലുള്ള നിരക്കുകള്‍ക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ പാട്ടത്തിന് നല്‍കുന്നതിനപ്പുറം ഒരു നിയന്ത്രണവും ഇത്തരം കരാറുകളില്‍ സര്‍ക്കാരിനില്ലെന്നത് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. ഇത്തരം പൊതു സ്വകാര്യ പങ്കാളിത്തങ്ങളില്‍ പലതും വെറും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളായി അധഃപതിക്കുന്നതും അതുകൊണ്ടാണ്. ഇത്തരം സംരംഭങ്ങള്‍ എപ്പോഴും നമ്മെ പ്രലോഭിപ്പിക്കുന്നത് തൊഴിലവസരങ്ങളുടെ കണക്ക് പറഞ്ഞായിരിക്കും. പക്ഷെ അവിടെ ജോലി ചെയ്യുന്നവരുടെ അവസ്ഥ എന്താണ്, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ, എന്താണ് അവരുടെ ഉല്‍പന്നം, അത് ഇന്ത്യന്‍ ദൈനംദിന ജീവിതത്തെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഒരിക്കലും ഉത്തരം ലഭിക്കാറില്ല. പരമരഹസ്യം എന്ന് വിശേഷിപ്പിക്കുന്ന പ്രത്യേക സാമ്പത്തിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ കാര്യമെടുത്താല്‍ മാത്രം ഇക്കാര്യം വ്യക്തമാവും. നമ്മുടെ ഐടി പാര്‍ക്കുകള്‍ നല്‍കുന്ന ഉത്തരവും വ്യത്യസ്തമല്ല. മാത്രമല്ല ഈ കരാറുകളില്‍ നിന്നും സ്വകാര്യ സംരംഭകര്‍ ഇടയ്ക്ക് വച്ച് പിന്‍വലിഞ്ഞാല്‍ കൈയും കെട്ടി നോക്കി നില്‍ക്കേണ്ട അവസ്ഥയാണ് പലപ്പോഴും സര്‍ക്കാരുകള്‍ക്ക് ഉണ്ടാവുന്നത്. 

ഇവിടെയൊക്കെയുള്ള അടിസ്ഥാന പ്രശ്‌നം ഏത് തരം വികസനമാണ് നമുക്ക് വേണ്ടതെന്നും നമ്മുടെ വികസന മുന്‍ഗണനകള്‍ ആര് നിശ്ചയിക്കും എന്നുള്ളതുമാണ്. ഇവിടെയാണ് മോദിയുടെ പുതിയ നിര്‍ദ്ദേശങ്ങളുടെ സാധ്യതകളും അപകടങ്ങളും പതിയിരിക്കുന്നത്. ഭരണഘടന സ്ഥാപനമായ ആസൂത്രണ കമ്മീഷന്‍ അഴിച്ചുപണിയുകയും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയും ചെയ്യുന്നത് നല്ലത്. പക്ഷെ അവസാന തീരുമാനം ആരുടേതായിരിക്കണം. ത്രിതല പഞ്ചായത്തുകളുടേയും പഞ്ചായത്തീരാജിന്റെയും പ്രസക്തി ഇവിടെയാണ്. ഗ്രാമസഭ പോലെയുള്ള അടിസ്ഥാന ഭരണനിര്‍വഹണ ഘടകങ്ങളില്‍ നിന്നും തീരുമാനങ്ങള്‍ മുകളിലേക്ക് പോവുകയും അതിന്റെ ക്രോഢീകരണമായി വികസനപദ്ധതികള്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്ന ഒരു സംവിധാനമാണ് നടപ്പില്‍ വരുന്നതെങ്കില്‍ അകലങ്ങളിലെ ഇന്ത്യയില്‍ ജീവിക്കുന്ന ജനസഹസ്രങ്ങളുടെ ഭാവിയെ ഉദ്ദീപിപ്പിക്കുന്ന ഒരു തീരുമാനമായിരിക്കും അത്. മറിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും സ്വകാര്യ സംരംഭകരുടെ തിരഞ്ഞെടുപ്പുകള്‍ക്ക് അനുസരിച്ചാണ് വികസന മുന്‍ഗണനകള്‍ നിര്‍ണയിക്കുന്നതെങ്കില്‍ നന്ദീഗ്രാമിലും സിംഗൂരിലും സംഭവിച്ചത് ഇന്ത്യയിലാകെ സംഭവിക്കുന്ന ഒരു സാധ്യതയിലേക്കാവും കാര്യങ്ങള്‍ പോകുന്നത്. 

എന്നാല്‍ മോദിയുടെ ഗുജറാത്ത് ഭരണ ചരിത്രം നമ്മോട് പറയുന്നത് അദ്യം പറഞ്ഞ വികസന മാതൃകയ്ക്കുള്ള സാധ്യതകള്‍ വിരളമാണെന്നാണ്. ഗുജറാത്തില്‍ തന്നെ ദോലേറ പ്രത്യേക നിക്ഷേപ പ്രദേശത്തെ ഇരുപത്തിരണ്ട് ഗ്രാമങ്ങളിലെ കര്‍ഷകര്‍ ഭൂമി ഏറ്റെടുക്കലിനെതിരെ സമരത്തിലാണെന്ന വസ്തുതയ്ക്ക് നേരെ നമുക്ക് കണ്ണടയ്ക്കാനാവില്ല. മാത്രമല്ല കൊട്ടിഘോഷിക്കപ്പെടുന്ന വികസനചിത്രങ്ങള്‍ക്കിടയിലും ഗുജറാത്തിലെ മാനവശേഷി വികസന സൂചകങ്ങള്‍ ഇന്ത്യന്‍ നിലവാരത്തില്‍ തന്നെ വളരെ പിന്നോക്കമാണെന്നും ഇതിനകം പലതവണ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വികസനം (Inclusive development) എന്ന അദ്ദേഹത്തിന്റെ മനംമാറ്റത്തില്‍ വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല തന്റെ വികസന സങ്കല്‍പങ്ങളില്‍ അടിസ്ഥാനമാറ്റം സംഭവിച്ചിട്ടില്ല എന്ന സൂചനകള്‍ ധാരാളമായി അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉണ്ടായിരുന്നു താനും. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുകളും ഇന്‍ഷ്യുറന്‍സ് പരിരക്ഷയും എന്ന വാഗ്ദാനം തന്നെ നല്ല ഉദാഹരണമാണ്. ബാങ്കിംഗ്, ഇന്‍ഷ്യുറന്‍സ് മേഖലകളെ സ്വകാര്യവല്‍ക്കരിക്കുകയും വിദേശമൂലധനം അതിവേഗം ഈ രംഗത്തേക്ക് കടന്നുവരികയും ചെയ്താല്‍ ഇന്ത്യയിലെ ദരിദ്രര്‍ക്ക് ഈ വാഗ്ദാനം എന്ത് ആശ്വാസമാണ് നല്‍കുക എന്നത് കണ്ട് തന്നെ അറിയണം. 

എംപിമാര്‍ ഗ്രാമങ്ങള്‍ ഏറ്റെടുത്ത് മാതൃകാ ഗ്രാമമാക്കി വികസിപ്പിക്കാനുള്ള പദ്ധതിയാണ് മറ്റൊന്ന്. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് ചിലവഴിക്കുന്ന രീതി നമ്മള്‍ കണ്ടതാണ്. വഴി നീളെ വെയ്റ്റിംഗ് ഷെഡുകളും അപൂര്‍വം സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണവും ഒഴിച്ചാല്‍ മറ്റൊന്നും ആ ഫണ്ടില്‍ നിന്നും പിറന്നിട്ടില്ല. പ്രാദേശിക രാഷ്ട്രീയ സമ്പര്‍ദങ്ങള്‍ മൂലമാകാം ഇത്തരം ഫണ്ടുകളുടെ വിനിയോഗത്തില്‍ ജനപ്രതിനിധകള്‍ ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളുമായി യാതൊരു കൂടിയാലോചനകളും നടത്താറുമില്ല. അതുകൊണ്ട് തന്നെ എംപി, എംഎല്‍എ പ്രദേശിക വികസന ഫണ്ടുകള്‍ പഞ്ചായത്തീരാജ് സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നതാണ്. സന്‍സദ് ആദര്‍ശ് ഗ്രാം യോജന ഈ പ്രവണതയുടെ ആഴം വര്‍ദ്ധിപ്പിയ്ക്കാനേ ഉപകരിക്കൂ എന്ന് വേണം കരുതാന്‍. 

കെടുകാര്യസ്ഥതയുടേയും അഴിമതിയുടേയും ഫലമായി ഉണ്ടാവുന്ന നഷ്ടത്തിന്റെ പേരിലാണ് നമ്മുടെ ഓരോ പൊതുമേഖല സ്ഥാപനങ്ങളും വിറ്റഴിയ്ക്കപ്പെടുകയോ അടച്ചുപൂട്ടപ്പെടുകയോ ചെയ്തത്. എന്നാല്‍ ഈ രംഗങ്ങളിലേക്ക് കടന്ന് വന്ന സ്വകാര്യ നിക്ഷേപകരൊക്കെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. മാത്രമല്ല ചെറുകിട അഴിമതികളില്‍ നിന്നും വന്‍കിട അഴിമതികളിലേക്കുള്ള യാത്രയിലാണ് നമ്മളെന്നും വിലപ്പെട്ട പ്രകൃതി വിഭവങ്ങള്‍ ജനോപകാരപ്രകാരമല്ലാത്ത രീതിയില്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നും സ്‌പെക്ട്രം പോലെയുള്ള സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ വേണം ആസൂത്രണ കമ്മീഷന്റെ അടച്ചുപൂട്ടലിനേയും പുതിയ സംവിധാനത്തിന്റെ രൂപീകരണത്തെയും നമ്മള്‍ നോക്കി കാണേണ്ടത്.

ബെസ്റ്റ് ഓഫ് അഴിമുഖം 

പോക്കാന്തവളകളായി മാറുന്ന മാധ്യമക്കൂട്ടം
അയലത്തെ അദ്ദേഹം
മോദിയുടെ പ്രതിപക്ഷം; രാഹുല്‍ ഗാന്ധി മതിയാകില്ല
ഒരു മുഴം മുന്‍പേ എറിഞ്ഞ് മോദി
സത്യാന്വേഷണത്തെക്കുറിച്ച് ഒരു കല്പിതകഥ: മോഡിയും ഗോധ്രയും

 അധികാരവും ആസൂത്രണവും താഴെ തട്ടിലേക്ക് ഇറങ്ങുന്നതിന് പകരം കൂടുതല്‍ വ്യക്തി കേന്ദ്രീകൃതമാകാനുള്ള സാധ്യതകളാണ് പൊതുവില്‍ മോദിക്ക് ഭരണഘടനാ സ്ഥാപനങ്ങളോടുള്ള അതൃപ്തി നമ്മോട് പറയുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് വര്‍ഷത്തില്‍ മുപ്പത് ദിവസത്തില്‍ താഴെ മാത്രമേ ഗുജറാത്ത് നിയമസഭ സമ്മേളിച്ചിരുന്നുള്ളു എന്നുള്ളതും, ഓംബുഡ്‌സ്മാന്‍ രൂപീകരിക്കാത്ത ഏക സംസ്ഥാനം ഗുജറാത്താണെന്നതും മറ്റും നാമിവിടെ ഓര്‍ക്കണം. അദ്ദേഹത്തിന്റെ ഈ ചരിത്ര പശ്ചാത്തലത്തില്‍ ഹരിത ട്രിബ്യൂണല്‍ പോലെയുള്ള നിയമപരമായ സ്ഥാപനങ്ങള്‍ മരവിപ്പിക്കാനുള്ള നീക്കവും കൂടുതല്‍ വിഭവ ചൂഷണം എന്ന മോദിയുടെ പ്രസംഗത്തിലേക്ക് വാക്യവും ചേര്‍ത്ത് വായിക്കേണ്ടി വരും. അതത് ഭരണപാര്‍ട്ടികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിയമിക്കപ്പെടുന്നതാണെങ്കിലും വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു നിലവിലെ ആസൂത്രണ കമ്മീഷന്‍ സംവിധാനം. ഇതില്‍ നിന്നും വ്യത്യസ്തമായി വകുപ്പ് മന്ത്രിയിലേക്കും പ്രധാനമന്ത്രിയിലേക്കും ചുരുങ്ങുന്ന സംവിധാനത്തിലേക്കാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നതെങ്കില്‍ അധികാരകേന്ദ്രീകരണത്തിന്റെ കൂടുതല്‍ ഇരുണ്ട വശങ്ങളിലേക്കാവും ഇന്ത്യ സഞ്ചരിക്കുക. കേന്ദ്രമന്ത്രിമാര്‍ പോലും മാടമ്പിയുടെ മുന്നില്‍ വണങ്ങി നില്‍ക്കുന്ന അടിയാളനെ പോലെ പ്രധാനമന്ത്രിയുടെ മുന്നില്‍ തങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് ഒപ്പിട്ട് വാങ്ങാന്‍ കാത്തുനില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍, പ്രത്യേകിച്ചും.

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍