UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിശാസനം കോടതിക്കും!

Avatar

പ്രമോദ് പുഴങ്കര

നരേന്ദ്ര മോദി ഇന്ത്യന്‍ ജനാധിപത്യത്തില്‍ വെറുമൊരു പ്രധാനമന്ത്രിയല്ല, അയാള്‍ ഇന്ത്യയെ രക്ഷിക്കാന്‍ വന്ന മിശിഹായാണെന്നാണ് ബി ജെ പിയും മോദിയുടെ ആശ്രിതവൃന്ദവും പറയുന്നത്. തങ്ങള്‍ കൂലിക്കു വെച്ച മിശിഹായുടെ അത്ഭുതങ്ങള്‍ കാത്തിരിക്കുകയാണ് ഇന്ത്യയിലെ കുത്തക വ്യാപാരികളും. 

എന്നാല്‍ മിശിഹായുടെ വഴിയില്‍ ജനാധിപത്യം, അഭിപ്രായസ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞ് ചിലര്‍ വഴിമുടക്കികളായി വരുന്നതും അതിനൊക്കെ ഇന്ത്യയിലെ സുപ്രീം കോടതിയും, ചില ഹൈക്കോടതികളും പിന്തുണ നല്‍കുന്നതും മോദിയെ ചൊടിപ്പിച്ചിരിക്കുന്നു. കോടതികള്‍ക്ക് 20 കൊല്ലം മുമ്പുള്ള ധൈര്യം ഇപ്പോഴില്ലെന്നും അവര്‍ ചില ‘പഞ്ചനക്ഷത്ര സാമൂഹ്യ പ്രവര്‍ത്തകരുടെ’ (Five star activists) പരിപ്രേക്ഷ്യത്തിന് മേലാണ് കാര്യങ്ങള്‍ കാണുന്നതെന്നും മോദി ആരോപിച്ചിരിക്കുകയാണ്. ഭരണഘടനയും നിയമവുമൊക്കെ നോക്കി വിധി പറയല്‍ എളുപ്പമാണെന്നും എന്നാല്‍ കാര്യങ്ങളെ യാഥാര്‍ത്ഥ്യത്തിന്റെ വെളിച്ചത്തില്‍ കാണണമെന്നുമാണ് മോദിയുടെ ആവശ്യം. 

മൂന്നാകിട ഉപമകളിലൂടെ രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുന്ന മോദി ശൈലിക്ക് പ്രാധാനമന്ത്രിയായതിന് ശേഷവും മാറ്റമൊന്നുമില്ല. അല്ലെങ്കില്‍ അയാളില്‍ അത്തരത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകും എന്നു പ്രതീക്ഷിക്കാവുന്ന ഒരു ചരിത്രവും അയാള്‍ക്കില്ല താനും. എന്നാല്‍ കോടതികളോടുള്ള മോദിയുടെ ശാസനയിലും പഞ്ചനക്ഷത്ര ഉപമയിലും മോദിയുടെ സംസ്കാരശൂന്യതക്കപ്പുറം മറ്റ് നിരവധി അപകടസൂചനകളുണ്ട്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്  സന്നിഹിതനായ യോഗത്തിലെ പഞ്ചനക്ഷത്ര പരാമര്‍ശത്തിനുള്ള അടിയന്തിര പ്രകോപനം  കോടതിയുടെ പരിഗണനയിലിരിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകയായ ടീസ്റ്റ സെതല്‍വാദിന്റെ കേസിനെ സ്വാധീനിക്കലും ഡല്‍ഹി ഹൈക്കോടതി വിധി പറഞ്ഞ  പ്രിയ പിള്ള കേസുമാണെന്നത് വ്യക്തമാണ്. ഈ രണ്ടു കേസുകളും രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും പൌരാവകാശങ്ങളുടെയും കാര്യത്തില്‍ സുപ്രധാനമായ ഭരണഘടനാ കീഴ്വഴക്കങ്ങള്‍ ഊട്ടിയുറപ്പിക്കുന്നു എന്നതുകൊണ്ടുതന്നെ സമഗ്രാധിപത്യ, ഫാസിസ്റ്റ്  ലക്ഷണങ്ങള്‍ അനുദിനം പ്രകടമാക്കിക്കൊണ്ടിരിക്കുന്ന മോദി സര്‍ക്കാരിന് കടുത്ത അലോസരമുണ്ടായതില്‍ അത്ഭുതമില്ല.

ദേശവിരുദ്ധ എന്ന ആരോപണം ചുമത്തി തന്നെ വിദേശയാത്രയില്‍ നിന്നും വിലക്കുകയും ഭീകരവാദികളുടെ പട്ടികയില്‍ വരെ പെടുത്തുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തക പ്രിയ പിള്ള നല്കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി, സര്‍ക്കാര്‍ നടപടിയെ പൂര്‍ണമായും റദ്ദാക്കിയിരുന്നു. ദേശവിരുദ്ധത എന്താണെന്ന് സര്‍ക്കാര്‍ നിശ്ചയിക്കാന്‍ തുടങ്ങിയാല്‍ വിമതാഭിപ്രായങ്ങള്‍ക്ക് ഭാവിയുണ്ടാകില്ല എന്നാണ് ഹൈക്കോടതി വിധിയുടെ സാരം എന്നുപറയാം. മദ്ധ്യപ്രദേശിലെ മഹാനില്‍ എസ്സാര്‍ എന്ന ബഹുരാഷ്ട്ര കമ്പനി നടത്തുന്ന ഖനന ചൂഷണങ്ങള്‍ക്കും ആദിവാസികളടക്കമുള്ളവരുടെ ഉപജീവന, ആവാസ വ്യവസ്ഥകള്‍ക്കുമേലുള്ള അതിക്രമത്തിനും എതിരായ പ്രതിഷേധത്തെയാണ് മോദി സര്‍ക്കാര്‍ രാജ്യദ്രോഹ പ്രവര്‍ത്തനമായി ചിത്രീകരിച്ചതെന്നും അറിഞ്ഞാല്‍ മോദിയുടെ രാജ്യസ്നേഹത്തിന്റെ നിര്‍വചനം എളുപ്പം പിടികിട്ടും. കൂടുതല്‍ രാജ്യസ്നേഹിയായ മുന്‍ ബി ജെ പി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി യൂറോപ്പില്‍ എസ്സാര്‍ ഉടമകളുടെ ആഡംബര യാനത്തില്‍ അവധിദിനങ്ങളില്‍ കുടുംബസമേതം ഒഴുകിയാഘോഷിച്ചത് രാജ്യസ്നേഹമത്സരത്തിലെ പ്രോത്സാഹന സമ്മാനമാണ്.

ഭരണഘടന നല്‍കുന്ന മൌലികാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കോര്‍പ്പറേറ്റ് ദല്ലാള്‍ ഭരണത്തിന്റെ ശ്രമത്തിനേറ്റ തിരിച്ചടിയായിരുന്നു ഈ കേസിലെ വിധി. അതുകൊണ്ടുതന്നെ പത്തുലക്ഷത്തിന്റെ മോദിസഹസ്രനാമ കുപ്പായം ധരിച്ച ലാളിത്യത്തിന്റെ മിശിഹായ്ക്ക് പൌരാവകാശ പോരാട്ടത്തെ പഞ്ചനക്ഷത്ര ഗണത്തില്‍ പെടുത്താം.

ടീസ്റ്റ സെതല്‍വാദിന്റെ കേസിലാകട്ടെ മോദിക്കുള്ള താത്പര്യവും ആശങ്കയും പകല്‍പോലെ വ്യക്തമാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന മുസ്ലീം വംശഹത്യയിലേ ഇരകള്‍ക്കായി നിരന്തരം ശബ്ദിക്കുകയും, വംശഹത്യയില്‍ മോദിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിയമപോരാട്ടങ്ങള്‍ നടത്തുകയും ചെയ്തയാളാണ് ടീസ്റ്റ.  സ്വന്തം ആവശ്യങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കുമായി ട്രസ്റ്റ് വക തുക ചെലവാക്കി എന്ന ആരോപണത്തില്‍ ടീസ്റ്റയെ അറസ്റ്റ് ചെയ്യാനുള്ള ഗുജറാത്ത് സര്‍ക്കാര്‍ നീക്കത്തിന് സുപ്രീം കോടതി താത്ക്കാലികമായി തടയിട്ടിരിക്കുകയാണ്. എന്നുമാത്രമല്ല ആകാശത്തെ മുഴുവന്‍ നക്ഷത്രങ്ങള്‍ നല്‍കിയാലും സ്വാതന്ത്ര്യം പകരം നല്‍കാനാവില്ല എന്നൊരു നിരീക്ഷണവും കോടതി ആ കേസില്‍ നടത്തുകയുണ്ടായി. ഈ കേസില്‍ ടീസ്റ്റയുടെ കേസ് ആദ്യം പരിഗണിച്ച ജസ്റ്റിസുമാരായ എസ് ജെ മുഖോപാധ്യായ, എന്‍ വി രമണ എന്നിവരില്‍ നിന്നും ചീഫ് ജസ്റ്റിസ് കേസ് മാറ്റി മറ്റൊരു ബഞ്ചിന് നല്കി. ഇരുവരും തങ്ങളുടെ മക്കളുടെ വിവാഹത്തിന് മോദിയെ ക്ഷണിച്ചിരുന്നുവെന്നും അതുകൊണ്ടുതന്നെ ആ ബഞ്ചില്‍ വിശ്വാസം പോരെന്നുമുള്ള സൂചനകളെ തുടര്‍ന്നായിരുന്നു ഇത്.

മോദിയുടെ സ്വച്ഛ അഭിയാനം ബുദ്ധിമുട്ടിലാക്കുന്ന മറ്റ് പല ‘പഞ്ചനക്ഷത്ര’ ജനാധിപത്യവാദികളും ഇന്ത്യയിലുണ്ട്. അതുകൊണ്ടാണ് അവരൊക്കെ മൌലികാവകാശവും അഭിപ്രായ സ്വാതന്ത്ര്യവുമൊക്കെ പൊക്കിപ്പിടിച്ച്  കോടതിയിലെത്തുമ്പോള്‍ ഭരണഘടന മാത്രമല്ല രാജ്യത്തു നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യം, അതായത് സംഘപരിവാരവും താനും കോര്‍പ്പറേറ്റുകളുമാണ് രാജ്യത്ത് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന്, കാണണമെന്നാണ് മോദി സൂചിപ്പിച്ചത്.

തന്റെ ഭരണകാലത്തെ നടപടികളുമായി നേരിട്ടു ബന്ധപ്പെടുന്ന ഒരു കേസിലുള്‍പ്പെട്ട വ്യക്തിക്കെതിരെ എന്നു ആര്‍ക്കും മനസിലാകുന്ന തരത്തില്‍ പരാമര്‍ശിച്ചുകൊണ്ട് നീതിന്യായസംവിധാനത്തിന് മോദി  നല്കിയ താക്കീത് ഇന്ത്യന്‍ ജനാധിപത്യത്തിനെ ഈ രൂപത്തില്‍ നിലനിര്‍ത്താന്‍ പോലും ഏറെ പോരാടേണ്ടിവരും എന്നതാണ് കാണിക്കുന്നത്.

കോടതികളെ,  അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ചട്ടുകമാക്കുന്നതിനും (അതേറെക്കുറെ അതിന്റെ ഘടനയില്‍ തന്നെ അങ്ങനെതന്നെയാണെങ്കിലും) ന്യായാധിപന്‍മാരെ എറാന്‍മൂളികളാക്കുന്നതിനുമുള്ള നഗ്നമായ ശ്രമങ്ങള്‍ ഇതിനുമുമ്പ് നടന്നത് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലത്താണ്. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പ്രതിഷേധം (വടക്കേ ഇന്ത്യയില്‍) ഇന്ദിരാഗാന്ധിയുടെ ഭരണത്തിന് നേരെ അസാധാരണമായ വെല്ലുവിളി ഉയര്‍ത്തിയ കാലമായിരുന്നു അത്. അതിനിടെയാണ് ഇന്ത്യയുടെയും ഇന്ദിരയുടെയും രാഷ്ട്രീയഭാവിയെ പിടിച്ചുകുലുക്കിയ ഒരു വിധി അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ചത്. രാജ് നാരായണ്‍ തെരഞ്ഞെടുപ്പ് കേസില്‍ അലഹബാദ് ഹൈക്കോടതി, 1975 ജൂണ്‍ 15-നു ജസ്റ്റിസ് സിന്‍ഹയുടെ ഒരു വിധിയിലൂടെ ഇന്ദിരാഗാന്ധിയെ തെരഞ്ഞെടുപ്പഴിമതിക്ക് ശിക്ഷിച്ചു. പ്രധാനമന്ത്രിപദം കൈവശം വെക്കാന്‍ മാത്രമല്ല അടുത്ത 6 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ നിന്നു മത്സരിക്കുന്നതിനും ഇത് ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കി. തൊട്ടുപിന്നാലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയവും ജെ പിയുടെ നിയമലംഘന ആഹ്വാനവും പാര്‍ലമെന്‍റ് വളയാനുള്ള നീക്കവുമൊക്കെ ചേര്‍ന്നപ്പോള്‍ ഇന്ദിരാ ഗാന്ധി അവരുടെ നിലവാരത്തില്‍ പ്രതികരിച്ചു; ജൂണ്‍ 26-നു ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അഭിപ്രായ സ്വാതന്ത്ര്യമെന്ന അസുഖത്തിനും ഭരണഘടനയെന്ന രോഗാണുവിനും ചികിത്സയും മരുന്നും തയ്യാറായി.

പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഇന്ത്യയിലെ സുപ്രീം കോടതി ഇന്ദിരാ ഗാന്ധിയുടെ ആജ്ഞകള്‍ വിധിന്യായങ്ങളാക്കി ഇറക്കാന്‍ നിര്‍ലജ്ജം തയ്യാറായത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ പിന്നെ ജനത്തിന് ഭരണഘടന അനുവദിക്കുന്ന വ്യക്തിസ്വാതന്ത്ര്യങ്ങളും മൌലികാവകാശങ്ങളും നടപ്പാക്കിക്കിട്ടാന്‍ കോടതിയെ സമീപിക്കാനാവില്ലെന്നും, അന്യായതടങ്കലടക്കം ഭരണകൂടം പൌരന് നേരെ നടത്തുന്ന എല്ലാ കടന്നുകയറ്റവും കോടതിയുടെ വിലയിരുത്തലിന് അതീതമാണെന്നും, എ ഡി എം ജബല്‍പൂര്‍ കേസില്‍ (1976) സുപ്രീം കോടതി വിധിച്ചു. പ്രസ്തുത കേസില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയ ജസ്റ്റിസ് ഖന്നയെ പിന്നീട് അര്‍ഹമായ സ്ഥാനക്കയറ്റം നല്‍കാതെ ഇന്ദിര ശിക്ഷിച്ചു. ഇന്ദിരാഗാന്ധിയുടെ സര്‍വാധിപത്യത്തിനും ജനാധിപത്യകശാപ്പിനും കൂട്ടുനിന്ന ആ ബഞ്ചിലെ മറ്റ് ന്യായാധിപന്മാര്‍ പിന്നീട് സൌകര്യപൂര്‍വം അതൊക്കെ മറന്നതായി നടിച്ചു. എന്നിട്ടും 35 വര്‍ഷത്തിനുശേഷം അക്കൂട്ടത്തില്‍പ്പെട്ട ജസ്റ്റിസ് ഭഗവതി അന്ന് താന്‍ ചെയ്ത കൊടുംപിഴക്കു ക്ഷമചോദിച്ചത് മോദി അറിഞ്ഞില്ലെങ്കിലും ജസ്റ്റിസ് ദത്തു അറിഞ്ഞുകാണും.

അടിയന്തരാവസ്ഥയുടെ ഭീകരാന്തരീക്ഷത്തില്‍ സുപ്രീം കോടതി ജനാധിപത്യക്കശാപ്പിന് ആയുധം മൂര്‍ച്ചകൂട്ടി നല്‍കിക്കൊണ്ടിരുന്നു. ഭാനുദാസ് കൃഷ്ണ ഗവ്ഡേ കേസില്‍ (1977) വ്യക്തി സ്വാതന്ത്ര്യം തടയുന്നതോ, അന്യായ തടങ്കലോ എന്തുമാകട്ടെ ആര്‍ടിക്കിള്‍ 359 പ്രകാരമുള്ള ഉത്തരവിറങ്ങിയാല്‍ മൌലികാവകാശ നിഷേധങ്ങളെ സംബന്ധിച്ച ഏതുതരത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണത്തിനും അത് വിലക്കേര്‍പ്പെടുത്തുന്നു എന്ന് കോടതി വിശദീകരിച്ചു. അടിയന്തരാവസ്ഥ നീണ്ടിരുന്നെങ്കില്‍ ഇത്തരത്തിലുള്ള നാണംകെട്ട, സ്വേച്ഛാധിപത്യത്തിന് കുടപിടിക്കുന്ന വിധിമുത്തുകള്‍ പരമോന്നത കോടതിയിലെ വിധേയന്‍മാര്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയേനെ.

എന്തായാലും, മുറക്ക് നടന്ന പരീക്ഷയുടെയും സമയത്തിനോടിയ തീവണ്ടിയുടെയും പേരില്‍ വന്‍ഭൂരിപക്ഷം നല്കി മലയാളികള്‍ ഒന്നു ശ്രമിച്ചെങ്കിലും ഉത്തരേന്ത്യയിലെ ഗ്രാമീണന്‍ വരിയുടക്കാനും വന്ധ്യംകരിക്കാനും പാഞ്ഞുനടന്ന തേര്‍വാഴ്ച്ചയെ ചുരുട്ടിക്കൂട്ടി  പുറത്തെറിഞ്ഞു. ഇന്ദിര പോയി ജനതാ സര്‍ക്കാര്‍ വന്നതോടെ മഹത്തായ ജനാധിപത്യം വ്യക്തി സ്വാതന്ത്ര്യം, മൌലികാവകാശം എന്നീ കിളികളൊക്കെ സുപ്രീം കോടതിയില്‍ വീണ്ടും പറക്കാന്‍ തുടങ്ങി. ന്യാധിപന്‍മാര്‍ കുളിച്ചു വൃത്തിയായി ജനാധിപത്യവാദികളായി. 1978-ല്‍ മനേക ഗാന്ധി വിധി വന്നു. വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യത്തിനും  മേല്‍ നിയമത്തിന്റെ അനുവാദമില്ലാതെ ഒരു തരത്തിലുള്ള നിയന്ത്രണവും കടന്നുകയറ്റവും പാടില്ല. ഇങ്ങേ തലക്കല്‍ സമാനമായ പ്രിയ പിള്ള കേസില്‍ ഡല്‍ഹി ഹൈക്കോടതിയുടെ മുന്നില്‍ സര്‍ക്കാര്‍ ഉയര്‍ത്തിയ വാദം അടിയന്തരാവസ്ഥക്കാലത്തേതായിരുന്നു എന്നത് യാദൃശ്ചികമല്ല. ദേശം, ദേശസ്നേഹം, ദേശവിരുദ്ധത എന്നിവയെല്ലാം ഭരണകൂടം  നിശ്ചയിക്കും; ഏത് വ്യക്തിയേയും കാരണം കൂടാതെ തടയാന്‍ സര്‍ക്കാരിന് അവകാശമുണ്ട്; വികസനത്തിന്റെ നിര്‍വചനം സര്‍ക്കാര്‍ പറയും; വ്യക്തി സ്വാതന്ത്ര്യം പരമമല്ല; പാലില്‍ വീണ ഈച്ചയാണ് സര്‍ക്കാരിന് ഇഷ്ടമില്ലാത്ത വ്യക്തിയും അയാളുടെ സ്വാതന്ത്ര്യവും. അതെടുത്തുകളയുന്നത് സ്വാഭാവികം.

എന്തായാലും മോദിയുടെ രാജ്യസ്നേഹം സ്വീകരിക്കാന്‍ കോടതി തയ്യാറായില്ല. മൂലധന ഭീകരതെക്കെതിരായ പോരാട്ടത്തെ ദേശവിരുദ്ധമാക്കുന്ന മായാജാലത്തിന് മോദി ഇനിയും കാത്തിരിക്കണം. ഭരണഘടന നല്‍കുന്ന മൌലികാവകാശങ്ങള്‍ അനിഷേധ്യമാണെന്ന് കോടതി വീണ്ടും വിധിച്ചു.

ഐ ടി നിയമത്തിലെ 66-എ വകുപ്പ് റദ്ദാക്കിയ സുപ്രീം കോടതി വീണ്ടും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ നിയമനിര്‍മാണങ്ങള്‍ക്കെതിരെ ശക്തമായ സൂചനകള്‍ നല്കിയിരിക്കുന്നു. എത്രകാലം ഈ നിലപാട് കോടതി കൈക്കൊള്ളുമെന്നത് മറ്റൊരു വിഷയമാണ്. ബിനായക് സെന്നിനെ ജാമ്യം പോലും നല്‍കാതെ ഏറെക്കാലം തടവിലിട്ടതും ഇതേ സുപ്രീം കോടതിയാണ്. എങ്കിലും ഹിന്ദുത്വ ദേശീയതയുടെയും, മൂലധന ഭീകരതയുടെയും, വംശവെറിയുടെയും ഭീകര സ്വത്വം ചുരമാന്തി നില്‍ക്കുമ്പോള്‍ ബൂര്‍ഷ്വാ ലിബറല്‍ ബോധങ്ങളുള്ള ഒരു നീതിന്യായ സംവിധാനത്തിനുപോലും അതിനെ അത്രയെളുപ്പം അംഗീകരിക്കാനാവില്ല എന്നതാണ് വാസ്തവം. ഈ ഇടന്തടിക്കലാണ് മോദി നേരിടുന്നത്.

ഓരോ തവണയും ഇന്ത്യയിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കെതിരെ കോടതിയില്‍ നിന്നും ചെറിയ നടപടികള്‍ വന്നാല്‍ പോലും രാജ്യത്തെ സര്‍ക്കാര്‍ പരിഭ്രാന്തരും രോഷാകുലരും ആകുന്നത് എന്‍ ഡി എ സര്‍ക്കാരിന്റെ മാത്രം സ്വഭാവമല്ല. രണ്ടാം യു പി എ സര്‍ക്കാരിന്റെ  കാലത്ത് നിക്ഷേപ വിരുദ്ധ കാലാവസ്ഥ സൃഷ്ടിക്കരുതെന്ന് പരാതി പറഞ്ഞ് കോര്‍പ്പറേറ്റ് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദും, നിയമ, പരിസ്ഥിതിമന്ത്രി വീരപ്പ മൊയ്ലിയുമൊക്കെ പലതവണ രംഗത്ത് വന്നിട്ടുണ്ട്. അത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവമാണ്. കോടതിയും അതിന്റെ ഭാഗം തന്നെ. എന്നാല്‍ നിലാവുണ്ടെന്ന് വെച്ച് വെളുക്കുവോളം കക്കരുതെന്ന ചെറിയൊരു തടസമേ കോടതിയുടെ ഭാഗത്ത് നിന്നുള്ളൂ.

എന്നാല്‍ മോദി ഭരണത്തെ ഇതില്‍നിന്നും വ്യത്യസ്തമാക്കുന്നത് ജനാധിപത്യ സ്ഥാപനങ്ങളെ വളരെ ആസൂത്രിതമായി ദുര്‍ബ്ബലമാക്കാനുള്ള ശ്രമമാണ്. അതിന്റെ കാരണം ബി ജെ പിയും സംഘപരിവാറും ലിബറല്‍ ബൂര്‍ഷ്വാ മൂല്യങ്ങളെ അംഗീകരിക്കാത്ത തികഞ്ഞ ഫാസിസ്റ്റ് നിലപാടുകള്‍ പുലര്‍ത്തുന്നവരാണ് എന്നതാണ്.

വാജ്പേയി ഭരണത്തില്‍ വന്നപ്പോള്‍ ഭരണഘടന പരിഷ്കാരങ്ങള്‍ എന്ന പേരില്‍ ഭരണഘടന മാറ്റിയെഴുതാനുള്ള ശ്രമങ്ങളാണ് ആദ്യം തുടങ്ങിയത്. ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയപ്പോള്‍ അത്തരം പരിഷ്കാര തട്ടിപ്പൊക്കെ മാറ്റിവെച്ചുള്ള അക്രമാസക്തമായ വരവിനാണ് കാഹളം മുഴങ്ങുന്നത്.

ഒരു സമഗ്രാധിപത്യ ഭരണകൂടം നീതിന്യായ സംവിധാനത്തെ തങ്ങളുടെ പിണിയാളാക്കി മാറ്റാന്‍ ശ്രമിക്കുന്നതില്‍ അത്ഭുതവുമില്ല. ജര്‍മ്മനിയിലെ നാസി ഭരണത്തിന്റെ എല്ലാ രാഷ്ട്രീയ അടിച്ചമര്‍ത്തലുകള്‍ക്കും നീതിന്യായ സംവിധാനം അതിശക്തമായ പിന്തുണ നല്കിയിരുന്നു എന്നതും ഓര്‍ക്കാവുന്നതാണ്. “പ്രതിവിപ്ലവത്തിന്റെ കേന്ദ്രസ്ഥാനത്ത് ജുഡീഷ്യറിയായിരുന്നു,” (ഫ്രാന്‍സ് ലിയോപോള്‍ഡ് ന്യൂമാന്‍, Behemoth) 

ജൂതര്‍ക്ക് രാഷ്ട്രീയാധികാരം വിലക്കുന്ന ന്യൂറംബര്‍ഗ് നിയമങ്ങള്‍ കൊണ്ടുവന്നപ്പോള്‍ 1935-ല്‍ ഒരു ശക്തിപ്രകടനത്തില്‍ ഹിറ്റ്ലര്‍ പറഞ്ഞു, “ഒരു പ്രശ്നത്തിനുള്ള നിയമനിര്‍മാണ നിയന്ത്രണമാണ്, അത് പരാജയപ്പെട്ടാല്‍ നിയമം വഴി അന്തിമ പരിഹാരത്തിനായി (Final Solution) അത് നാഷണല്‍ സോഷ്യലിസ്റ്റ് പാര്‍ടിക്ക് കൈമാറും.” 

മോദിയുടെ ശാസനയുടെ അടുത്ത ഘട്ടം ഈ കൈമാറ്റമാണ്. തീര്‍ച്ചയായും അത് അത്ര അടുത്തല്ല. പക്ഷേ അത്ര അകലെയുമല്ല. ബി ജെ പി അദ്ധ്യക്ഷന്‍ അമിത് ഷാക്കെതിരായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അയാളെ കുറ്റവിമുക്തനാക്കിയ മുന്‍ ചീഫ് ജസ്റ്റിസ് സദാശിവത്തിന് ഗവര്‍ണര്‍ സ്ഥാനം നല്കിയതിലൂടെ, അയാളത് സ്വീകരിച്ചതിലൂടെ ഇത്തരം ആശങ്കകള്‍ അടിസ്ഥാനരഹിതമല്ല എന്ന തിരിച്ചറിവ് പരക്കുന്നുണ്ട്.

സുപ്രീം കോടതി ന്യായാധിപന്‍മാരെ വിളിച്ചുകൂട്ടി നിങ്ങള്‍ എഴുതുന്ന വിധിന്യായങ്ങള്‍, ഭരണഘടനയുടെ പേരില്‍ നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനങ്ങള്‍ ഇതൊക്കെ ശരിയല്ലെന്നും നിങ്ങളുടെ കാഴ്ച്ചപ്പാടും രീതിയും മാറ്റണമെന്നും പറയാന്‍, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നു എന്ന വിമര്‍ശനങ്ങളെ പുല്ലുപോലെ അവഗണിക്കാന്‍ മോദി ധൈര്യപ്പെട്ടെങ്കില്‍ അത് നിസ്സാരമല്ല. ഹിറ്റ്ലര്‍ ജര്‍മ്മനി ഭരിച്ചപ്പോള്‍, ജൂതരെ കൊന്നൊടുക്കിയപ്പോള്‍, കമ്മ്യൂണിസ്റ്റ് ഭീകരത എന്ന പേരില്‍ തൊഴിലാളികളെ, രാഷ്ട്രീയ പ്രവര്‍ത്തകരെയെല്ലാം ഇല്ലാതാക്കിയപ്പോള്‍ എല്ലാം അയാള്‍ക്ക് പിന്നില്‍ ജര്‍മ്മനിയിലെ ഇടത്തരക്കാരും ധനികരുമായ വലിയൊരു വിഭാഗം ഉണ്ടായിരുന്നു. ജര്‍മ്മനിയിലെ വ്യാവസായിക വളര്‍ച്ചയും അക്കാലത്ത് മോശമല്ലായിരുന്നു. ജനപിന്തുണ എപ്പോഴും ജനാധിപത്യത്തിന് മാത്രമാകണമെന്നില്ല. അതുകൊണ്ട് മോദി-കോര്‍പ്പറേറ്റ് സഖ്യ ഭരണത്തിന്റെ ഫാസിസ്റ്റ് പ്രവണതകള്‍ അതിന്റെ രാക്ഷസീയ രൂപം കൈവരിക്കുംമുമ്പ് ജനാധിപത്യ പോരാട്ടത്തിന്റെ ഐക്യമുന്നണി രൂപപ്പെടുത്തേണ്ടതിന്റെ ചരിത്രദൌത്യം ഏറ്റെടുത്തില്ലെങ്കില്‍ അതിന് രാജ്യം നല്‍കുന്ന വില ഭയാനകമായിരിക്കും.

സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ 15-ആം കോണ്‍ഗ്രസില്‍ ചില അംഗങ്ങള്‍ ചേര്‍ന്ന് സമ്മേളന പ്രസീഡിയത്തിന് ഒരു ഉരുക്ക് ചൂല്‍ സമ്മാനിച്ചു. പ്രസീഡിയം അദ്ധ്യക്ഷനായിരുന്ന എ. റികോവ് (ലെനിന് ശേഷം സോവിയറ്റ് പ്രധാനമന്ത്രി) അന്നത്തെ പ്രസംഗത്തില്‍ പറഞ്ഞു, “നമ്മുടെ എതിരാളികളെ തൂത്തുമാറ്റാന്‍ ഞാനീ ഉരുക്ക് ചൂല്‍ സഖാവ് സ്റ്റാലിന് സമ്മാനിക്കുന്നു.” പ്രതിനിധികള്‍ കയ്യടിയോടെയും ചിരിയോടെയും അത് കേട്ടു. റികോവും ചിരിച്ചു.

നേതാവിന്, ഭരണകൂടത്തിന് സര്‍വ്വാധികാരത്തിന്റെ ചൂല് കൈമാറുന്നത് ചരിത്രത്തില്‍ എക്കാലത്തും ജനങ്ങള്‍ക്ക് പറ്റിയ അബദ്ധമാണ്. അല്ലെങ്കില്‍ അവര്‍ പോലുമറിയാതെ അകപ്പെട്ടുപോകുന്ന കെണിയാണ്. സ്വച്ഛ ഭാരത അഭിയാനത്തില്‍ മോദി തുടച്ചുനീക്കുന്നത് തെരുവിലെ മാലിന്യമല്ല, ജനാധിപത്യത്തിന്റെ മൂല്യങ്ങളും പരിമിതമായ നമ്മുടെ മൌലികാവകാശങ്ങളുമാണ്. ജനാധിപത്യ ഇന്ത്യയില്‍ നിന്നും (അതുതന്നെ ദുര്‍ബ്ബലമെങ്കിലും) വിമതശബ്ദങ്ങളില്ലാത്ത മോദിയുടെ സ്വച്ഛ ഭാരതത്തിലേക്കുള്ള വഴിയില്‍ നിഴലുകള്‍ ഉയര്‍ന്ന് മനുഷ്യമതിലുകളായി ചെറുത്തുനില്‍ക്കേണ്ട സമയമായി.

ഒന്നുകൂടി: സ്റ്റാലിന് ഉരുക്ക് ചൂല് സമ്മാനിച്ച റികോവിനെ 1938-ല്‍ മൂന്നാം മോസ്കോ വിചാരണയില്‍ രാജ്യദ്രോഹത്തിന്റെ പേരില്‍ കുറ്റവാളിയെന്ന് വിധിച്ച് വെടിവെച്ചു കൊന്നു.  

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍