UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ വാചാടോപങ്ങളില്‍ വഴുതിവീഴില്ല ഇന്ത്യന്‍ കോടതികള്‍

Avatar

ടീം അഴിമുഖം

നിയമകാര്യ, മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇന്ത്യയിലെ തന്നെ ഒന്നാംതരം റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളാണ് ടൈംസ് ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന എഡിറ്റര്‍ മനോജ് മിട്ട. ഇന്ത്യ കണ്ട ഏറ്റവും ഭീകര കലാപങ്ങളായ 1984ലെ സിക്ക് വിരുദ്ധ കലാപത്തെ കുറിച്ചും 2002-ലെ ഗുജറാത്ത് കലാപത്തെ കുറിച്ചും അന്വേഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നതില്‍ അസാമാന്യ ധൈര്യമാണ് അദ്ദേഹം പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയെ കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിവേകമതിയായ ഏതൊരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം മാത്രമല്ല ഈ രാജ്യത്തിന്റെ സങ്കീര്‍ണത മനസിലാക്കാന്‍ താല്‍പര്യമുള്ള ഏതൊരാളെ സംബന്ധിച്ചിടത്തോളവും അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങളും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതാണ്. ‘യാഥാര്‍ത്ഥ്യം കണ്ടെത്തുന്നതിലെ കല്‍പിതകഥകള്‍: മോദിയും ഗോധ്രയും,’ എന്ന തലക്കെട്ടില്‍ 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകമാണ് കൂടുതല്‍ കാലികപ്രസക്തിയുള്ളത്. വിവിധ കോടതികള്‍, നാനാവതി കമ്മീഷന്‍, സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം എന്നീ സ്രോതസുകളില്‍ നിന്നും ലഭ്യമായ രേഖകള്‍ ഉപയോഗിച്ച് നടത്തിയ വളരെ സൂക്ഷമമായ അവലോകനമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

നിങ്ങള്‍ അക്ഷമനായ ഒരു വായനക്കാരനോ തിരക്കുള്ള ആളോ ആണെങ്കില്‍ ‘മാറ്റുന്ന ശരീരങ്ങള്‍, മാറ്റുന്ന യാഥാര്‍ത്ഥ്യങ്ങള്‍’ എന്ന തലക്കെട്ടിലുള്ള പുസ്തകത്തിലെ ആറാം അദ്ധ്യായം മാത്രം വായിച്ചാല്‍ മതിയാവും. ഗോധ്രയില്‍ ട്രെയിനില്‍ നടന്ന കൂട്ടക്കൊലയ്ക്ക് ശേഷമുളള സംഭവങ്ങളാണ് അതില്‍ പരിശോധിക്കുന്നത്. ഒരു പ്രധാന ചോദ്യത്തെക്കുറിച്ച് അത് പരിശോധിക്കുന്നു: മുസ്ലീങ്ങള്‍ക്കെതിരായ പ്രതികാരം സംഘടിപ്പിക്കുന്നതില്‍ മോദിക്ക് പങ്കുണ്ടോ?

ഗോധ്രയിലെ ട്രെയിനില്‍ വച്ച് കൊല്ലപ്പെട്ടവരുടെ കത്തിക്കരിഞ്ഞ മൃതദേഹവും വഹിച്ചുകൊണ്ട് വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ അഹമ്മദാബാദിലേക്ക് നടത്തിയ പ്രകടനമാണ് മുസ്ലീങ്ങള്‍ക്കെതിരെ ദിവസങ്ങളോളം നീണ്ടുനിന്ന കലാപങ്ങള്‍ക്ക് വഴിവച്ചതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. മൃതദേഹങ്ങള്‍ ഒരു വിശ്വഹിന്ദുപരിഷത് നേതാവിനെ ഏല്‍പ്പിച്ചത് നിയമാനുസൃതമായിരുന്നില്ല. നിയമപരമായ പിന്‍ഗാമികള്‍ക്കോ രക്ഷകര്‍ത്താക്കള്‍ക്കോ മാത്രമേ മൃതദേഹം കൈമാറാന്‍ നിയമം അനുവദിക്കുന്നുള്ളു.

ആ അദ്ധ്യായത്തില്‍ ഇങ്ങനെ ചോദിക്കുന്നു: മൃതദേഹങ്ങളുടെ ചുമതല ഏറ്റെടുക്കാന്‍ അന്നത്തെ വിഎച്ച്പി ജോയിന്റെ സെക്രട്ടറിയായിരുന്ന ജയദീപ് പാട്ടീലിന് ആരാണ് അനുമതി നല്‍കിയത്? അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് അതില്‍ എന്തെങ്കിലും പങ്കുണ്ടോ?  അതോ പിന്നീട് അവകാശപ്പെട്ടത് പോലെ അത് പ്രാദേശിക ഭരണസ്ഥാപനങ്ങളുടെ തീരുമാനമായിരുന്നോ?

അവര്‍ പഴയത് പോലെ ധീരരല്ലെന്നും നമ്മുടെ കോടതികളെ ‘പഞ്ചനക്ഷത്ര സാമൂഹിക പ്രവര്‍ത്തകരും’ ‘അവബോധവുമാണോ’ നയിക്കുന്നതെന്ന് ആത്മപരിശോധന നടത്തണമെന്നും ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഞായറാഴ്ച പറയുമ്പോള്‍ മിത്തയുടെ പുസ്തകത്തെ കുറിച്ച് ഓര്‍ത്തുപോകുന്നു.

മോദി അവരോട് ഇങ്ങനെ പറഞ്ഞു: ‘നിയമത്തെ ഭരണഘടനയെയും അടിസ്ഥാനമാക്കി വിധികള്‍ പുറപ്പെടുവിക്കാന്‍ എളുപ്പമാണ്. എന്നാല്‍ മുന്‍വിധികളുടെ അടിസ്ഥാനത്തിലുള്ള വിധികള്‍ ഉണ്ടാവാതിരിക്കാന്‍ നമ്മള്‍ ജാഗരൂകരാകേണ്ടിയിരിക്കുന്നു’. ‘മുന്‍വിധികള്‍ മിക്കപ്പോഴും പഞ്ചനക്ഷത്ര സാമൂഹികപ്രവര്‍ത്തകരാണ് സൃഷ്ടിക്കുന്നത്.’

ജഡ്ജിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ ക്ഷണം ലഭിച്ച സ്ഥിതിക്ക് സംസാരിക്കാനുള്ള അവകാശം മോദിക്കുണ്ട്. പക്ഷെ അവരുടെ ആതിഥ്യം സ്വീകരിക്കുകയും പ്രധാനമന്ത്രി എന്ന അദ്ദേഹത്തിന്റെ പദത്തെ കുറിച്ച് ആലോചിക്കുകയും ചെയ്യുമ്പോള്‍, നീതിന്യായ വ്യവസ്ഥയെ കുറിച്ച് വിലയിരുത്തലുകള്‍ നടത്തുകയും ഈ നിലവാരത്തിലുള്ള ഒരു വിധിന്യായം പുറപ്പെടുവിക്കുകയും ചെയ്യുന്നത് കുറഞ്ഞപക്ഷം അപമാനകരമാണെന്നെങ്കിലും പറയേണ്ടിയിരിക്കുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ വാചാടോപങ്ങള്‍ നമ്മള്‍ ജീവിക്കുന്ന പ്രക്ഷുബ്ദ കാലത്തിന്റെ അപകടകരമായ ചില രേഖകള്‍ അവശേഷിപ്പിക്കുന്നുമുണ്ട്.

നിരവധി സന്ദര്‍ഭങ്ങളില്‍ ഊര്‍ദ്ധ്വന്‍ വലിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ ഭരണനിര്‍വഹണ സന്ദര്‍ഭങ്ങളെ മുന്നോട്ട് നയിക്കുന്ന തരത്തില്‍ നാഴികകല്ല് എന്ന് വിശേഷിപ്പിക്കാവുന്ന നിരവധി വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട് എന്നതാണ് മറ്റെല്ലാ ബാലാരിഷ്ടതകള്‍ക്കും ഇടയില്‍ ഇന്ത്യന്‍ നീതി നിര്‍വഹണവ്യവസ്ഥയുടെ ശക്തി. തന്റെ മുഖ്യമന്ത്രിപദ കാലയളവില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയുടെ ശക്തി മോദി വ്യക്തിപരമായി ആവര്‍ത്തിച്ച് മനസിലാക്കിയിട്ടുണ്ട് എന്ന് മാത്രമല്ല അത് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ കൈക്കരുത്ത് നേരിട്ടുതന്നെ ഇപ്പോഴും മനസിലാക്കിക്കൊണ്ടിരിക്കുകയുമാണ്. ഗുജറാത്ത് കലാപക്കാലത്ത് പ്രതികരിക്കാതിരുന്ന മോദി സര്‍ക്കാരിനെ ആധുനിക കാല നീറോ എന്ന് വിശേഷിപ്പിച്ചത് സുപ്രീം കോടതിയായിരുന്നു.

കഴിഞ്ഞ വര്‍ഷം മേയില്‍ മുഴുവന്‍ മാധ്യമങ്ങളും ഭൂരിപക്ഷം ഇന്ത്യക്കാരും മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പേരില്‍ ഊറ്റംകൊള്ളുന്ന സമയത്ത് തന്നെയാണ് അക്ഷര്‍ധാം ക്ഷേത്ര ആക്രമണത്തിന്റെ പേരില്‍ ആറ് നിരപരാധികളായ മുസ്ലീങ്ങളെ ശിക്ഷിക്കാന്‍ എടുത്ത തെറ്റായ തീരുമാനത്തിന്റെ പേരില്‍ സുപ്രീം കോടതി മോദിയെ രൂക്ഷമായി വിമര്‍ശിച്ചത്. അവരെ വിചാരണ ചെയ്യാനുള്ള അനുമതി നല്‍കുക വഴി മോദി മനസാന്നിദ്ധ്യം നഷ്ടപ്പെട്ട രീതിയിലാണ് തീരുമാനം എടുത്തതെന്ന് കോടതി വിലയിരുത്തി. എന്നിട്ടും മുന്‍വിധികളുടെ അടിസ്ഥാനത്തിലുള്ള കോടതി വിധികളെ കുറിച്ചാണ് അദ്ദേഹം വേവലാതിപ്പെടുന്നത്!

ഭ്രാന്ത മുതലാളിത്തം നാടുവാഴുന്ന കാലത്താണ് ഖജനാവിന് നഷ്ടമുണ്ടാക്കുന്ന നടപടികള്‍ക്കെതിരെ ശക്തമായ വിധികള്‍ പരമോന്നത നീതിപീഠത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. സ്‌പെക്ട്രം, കല്‍ക്കരി തുടങ്ങി നിരവധി കുംഭകോണങ്ങളില്‍ ഇടപെടുകയും ലൈസന്‍സുകള്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തുകൊണ്ട് കോടാനുകോടി രൂപയാണ് അത്തരം വിധികളിലൂടെ ഖജനാവിലേക്ക് മുതല്‍ക്കൂട്ടിയത്. എന്നിട്ടും മുന്‍വിധികളുടെ അടിസ്ഥാനത്തിലുള്ള കോടതി വിധികളെ കുറിച്ചാണ് വേവലാതി!

ന്യൂനപക്ഷത്തിന്റെ മാത്രം ബലത്തില്‍, ഇന്ത്യന്‍ ജനാധിപത്യത്തിലും തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളിലും നിലനില്‍ക്കുന്ന കടുത്ത ന്യൂനതകളുടെ ബലത്തില്‍ മാത്രം പ്രധാനമന്ത്രിയായ ഏക വ്യക്തി താനാണെന്നെങ്കിലും മോദി തിരിച്ചറിയണം. ദിവ്യജനനം സിദ്ധിച്ച ആളൊന്നുമല്ല അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയുടെ കാവല്‍ഭടനാവാന്‍ ഒരുകാലത്തും അദ്ദേഹത്തിന് സാധിക്കുകയുമില്ല. ഭരണനിര്‍വഹണപരവും തിരഞ്ഞെടുപ്പുപരവുമായ വീക്ഷണകോണില്‍ അദ്ദേഹം തുല്യരില്‍ ഒന്നാമന്‍ മാത്രമാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു ഇന്ത്യന്‍ പൗരന്‍ മാത്രമാണ് മോദി.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ചില ന്യൂനതകളിലും പഴുതികളിലും നന്ദിയുള്ളവനായിരിക്കണം നരേന്ദ്ര മോദി. അത്തരം പഴുതുകളുടെ ഏറ്റവും വലിയ ഗുണഫലങ്ങള്‍ അനുഭവിച്ച ഒരാള്‍ എന്ന നിലയിലെങ്കിലും ആ നന്ദി പ്രദര്‍ശിപ്പിക്കണം. അതേ പഴുതുകളുടെ ഫലം അനുഭവിച്ച ആളാണ് അദ്ദേഹത്തിന്റെ കാര്യസ്ഥനായ അമിത് ഷായും. മഹത്തായ ഭാവിയിലേക്ക് ഇന്ത്യയെ നയിക്കാന്‍ ലഭിച്ച ചരിത്രപരമായ ജനവിധിയെ ഒരു തവണ കൂടി അവഹേളിക്കുകയാണ് മോദി ചെയ്യുന്നതെന്നാണ് ഞായറാഴ്ചത്തെ പ്രസംഗം നമ്മോട് പറയുന്നത്.

മറ്റ് ഭരണഘടനാ സ്ഥാപനങ്ങളില്‍ പുണ്യാഹം തളിക്കുന്നത് നിറുത്തുകയും സ്വയം തിരിഞ്ഞുനോക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മോദി തിരിച്ചറിയേണ്ടിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാരില്‍ മുതിര്‍ന്ന തലത്തിലുള്ള എത്രയോ പദവികള്‍ ഒഴിഞ്ഞ് കിടക്കുന്നു. നിരവധി നിയമനങ്ങള്‍ നടക്കാതിരിക്കുന്നു. മോദിയുടെ അനുവാദത്തിന് വേണ്ടി മാത്രം എത്രയോ പദ്ധതികള്‍ കാത്തിരിക്കുന്നു. അതിന് പകരം തന്റെ വ്യക്തിഗത ആവലാതികള്‍ നിറഞ്ഞ പദംപറച്ചിലുകളിലും വഞ്ചനാപരമായ അഭിനയങ്ങളിലും അഭിരമിക്കുകയാണ് ഇപ്പോഴും ഇന്ത്യന്‍ പ്രധാനമന്ത്രി.

നരേന്ദ്ര മോദി അടിയന്തിരമായ തിരുത്തലുകള്‍ വരുത്തിയില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യവും നീതിന്യായ വ്യവസ്ഥയും  അദ്ദേഹം വിചാരിക്കുന്നതിനേക്കാള്‍ ശക്തവും ന്യായയുക്തവും കാര്യക്ഷമവുമായ പ്രസ്ഥാനങ്ങളാണെന്ന് പഞ്ചനക്ഷത്ര സാമൂഹിക പ്രവര്‍ത്തകരും അദ്ധ്വാനിക്കുന്ന ജനങ്ങളും അദ്ദേഹത്തെ പഠിപ്പിക്കും. കൃപാകടാക്ഷങ്ങള്‍ ചൊരിഞ്ഞ ചില വിധികളുടെ ഗുണഫലം അനുഭവിച്ചത് കൊണ്ടു മാത്രം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് കടുത്ത തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷിയില്ലെന്ന് നരേന്ദ്ര മോദി തെറ്റിധരിക്കരുത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍