UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉള്ളതു പറയാമല്ലോ, അടുത്ത കേരള സര്‍ക്കാര്‍ ബിജെപിയുടേതായിരിക്കും എന്നു പറഞ്ഞത് മനസിലായില്ല

Avatar

പ്രിയ ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദിജിക്ക്‌, 

ഏറെ ആദരവോടുകൂടിയാണ് ഇന്നലെ താങ്കൾ കോഴിക്കോട് നടത്തിയ പ്രഭാഷണത്തെ നോക്കിക്കാണുന്നത്. ഇത് ഭംഗിവാക്കല്ല. ഏറെ പ്രതീക്ഷ ഉണർത്തുന്ന ഒന്നായിരുന്നു താങ്കളുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള വളർച്ച എന്ന് സമ്മതിക്കുന്നു. ഒരു ചായ വില്പനക്കാരനിൽ നിന്നും ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള വളർച്ചയെ ഒട്ടും കുറച്ചു കാണുന്നില്ല. തെരുവ് വെളിച്ചത്തിൽ ഇരുന്നു പഠിച്ച എബ്രഹാം ലിങ്കനെ അനുസ്മരിപ്പിക്കുന്ന ഈ വളർച്ചയെ ഒട്ടേറെ സ്നേഹത്തോടെയും ആദരവോടുകൂടിയും ഉൾക്കൊണ്ട ഒരു എളിയ പത്രപ്രവർത്തകൻ തന്നെയായിരുന്നു ഈ അടുത്ത കാലം വരെ.

പേര് പരാമർശിക്കാതെ പാക്കിസ്ഥാന് നേർക്കു താങ്കൾ നടത്തിയ കടന്നാക്രമണം വളരെ നന്നായിരുന്നു. നമ്മുടെ രാജ്യത്തേക്ക് തീവ്രവാദം കൊണ്ടുവരാൻ ഒരു രാജ്യത്തേയും അനുവദിച്ചുകൂട. അത്തരം ശ്രമങ്ങളെ എന്ത് വില കൊടുത്തും ചെറുത്ത് തോൽപ്പിക്കുക തന്നെ വേണം. അതിര്‍ത്തി കടന്നെത്തുന്ന ഭീകരത കാണാതിരുന്നുകൂടാ. അതുപോലെ തന്നെ ഭീകരരെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന നമ്മുടെ ആൾക്കാരെയും കാണാതിരിക്കരുത്.

പാക്കിസ്ഥാന് നൽകിയ മുന്നറിയിപ്പ് വളരെ നല്ലതു തന്നെ. എന്നാൽ സംഘപരിവാറിന്റെ ബലിദാനികളെ പ്രശംസിച്ചുകൊണ്ട് താങ്കൾ നടത്തിയ പരാമർശം സത്യത്തിൽ കേരളത്തിൽ അക്രമം വളർത്താൻ മാത്രമേ ഉപകരിക്കൂവെന്നു പറയാതെ വയ്യ.

അതുപോലെ തന്നെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായയെ താങ്കള്‍ വാനോളം പുകഴ്ത്തിയത് കേട്ടു. പക്ഷേ, താങ്കൾ എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ദുരൂഹ മരണത്തെക്കുറിച്ച് പറയാതിരുന്നത്? താങ്കൾ ഭരണം നടത്തുന്ന ഈ വേളയിലെങ്കിലും 1968 -ൽ നടന്ന ആ ദുരൂഹ മരണത്തിന്റെ ചുരുൾ അഴിക്കാൻ ശ്രമിക്കേണ്ടതുണ്ടെന്നു തോന്നുന്നു.

ഇനി മറ്റൊരു കാര്യം. താങ്കൾ ഗാന്ധിജിയെയും ദീൻ ദയാലിനേയും ഒക്കെ അനുസ്മരിച്ച കൂട്ടത്തില്‍ വിനോബാജിയെയും ജയപ്രകാശ് നാരായണനെയും ഒക്കെ എന്തുകൊണ്ട് വിസ്മരിച്ചു എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.

1967-ൽ പണ്ഡിറ്റ് ദീൻ ദയാല്‍ജി കോഴിക്കോട്ടു കൊളുത്തിയ ഒരു ദീപത്തെക്കുറിച്ചു താങ്കള്‍ക്ക് മുൻപേ സംസാരിച്ച അമിത് ജി ഏറെ വാചാലനാകുന്നത് കേട്ടു. അമിത് ജി പറഞ്ഞത് കോഴിക്കോട് ഇന്നലെ തടിച്ചുകൂടിയവർ ചരിത്രത്തിന്റെ സാക്ഷികൾ മാത്രമല്ല ചരിത്രം രചിക്കുന്നവർ കൂടിയാണെന്നാണ്. ഒരു ബദൽ ശക്തി കേരളത്തിൽ വളർന്നുവരുന്നുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു മഹാ സമ്മേളനമാണ് കോഴിക്കോട് നടക്കുന്നത് എന്നാണ്.

അദ്ദേഹം ഇത്രയും കൂടി പറഞ്ഞു. 1967-ൽ ദീൻ ദയാല്‍ജി കോഴിക്കോട് കൊളുത്തിയ ദീപം ഒരു സൂര്യതേജസ്സ് ആയി വിരിഞ്ഞിരിക്കുന്നു എന്നും കേരളത്തിൽ താമര വിരിഞ്ഞു കഴിഞ്ഞു എന്നും. സംഘപരിവാറിന്റെ സൂര്യ തേജസിനെ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും ചേർന്ന് പഴമുറം കൊണ്ട് മറക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തു. ശരിയാണ്, ഇക്കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു താമര വിരിഞ്ഞു എന്നത് സത്യമാണ്. ഇതിനു മുൻപും ഒരു താമര മൂവാറ്റുപുഴയിൽ വിരിഞ്ഞിരുന്നു. ബിജെപി പിന്തുണയോടെ മത്സരിച്ചു വിജയിച്ച പിസി തോമസിലൂടെ ആയിരുന്നു 2004ല്‍ താമര വിരിഞ്ഞത്. അതിനു ശേഷം ഇത്രയും കാലം വേണ്ടിവന്നു വീണ്ടും ഒരു താമര വിരിഞ്ഞുകിട്ടാൻ എന്നകാര്യം അദ്ദേഹം സൗകര്യപൂർവം മറന്നു. 

കോഴിക്കോട് കടപ്പുറത്ത് ഇന്നലെ മുഴങ്ങിയ ജനശബ്‍ദം അങ്ങ് ഡൽഹിവരെ കേൾക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുന്നതും കേട്ടു. ബിഡിജെഎസ് എന്ന പാർട്ടിയുടെ രൂപീകരണ വേളയിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രഖ്യാപനമാണ് പെട്ടെന്ന് ഓര്‍മ്മ വന്നത്. ഒരു ഗതിയും പരഗതിയും ഇല്ലാത്ത അവസ്ഥയിലാണ് വെള്ളാപ്പള്ളിയുടെ പാർട്ടി ഇന്ന്. ബിജെപിയുടെ സ്ഥിതി അങ്ങനെ ആവാതിരിക്കട്ടെ. ഉള്ളത് പറയാമല്ലോ അടുത്ത കേരള സർക്കാർ ബി ജെ പിയുടേത് ആയിരിക്കും എന്ന് പറഞ്ഞത് അത്ര കണ്ടു മനസ്സിലായില്ല.

എന്തായാലും നമുക്ക് അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാം. നല്ല നമസ്കാരത്തോടെ തൽക്കാലം എഴുത്തു ചുരുക്കുന്നു. 

കെ എ ആന്‍റണി
ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍