UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ സ്കൂപ്പ് സൃഷ്ടിപ്പുകാര്‍

Avatar

ടീം അഴിമുഖം

എല്ലാ വൈകുന്നേരവും കൃത്യമായി കാണേണ്ട ഒരു ദേശീയ ചാനലുണ്ട്: ഇന്ത്യ ടിവി. മോദി സര്‍ക്കാരിന്റെ ഇന്നത്തെ തീരുമാനങ്ങളും നാളത്തെ വികസന നയവും ഭക്ത്യാദരപൂര്‍വം റിപ്പോര്‍ട്ട് ചെയ്യുന്നത് അവരാണ്. മറ്റ് ചാനലുകാരെ നിഷ്പ്രഭരാക്കിക്കൊണ്ട് പുതിയ ദേശീയ സര്‍ക്കാരിന്റെ ഏറ്റവും പ്രധാന തീരുമാനങ്ങള്‍ അവര്‍ ബ്രേക്ക് ചെയ്യുന്നു. തന്റെ മേലധികാരികളുടെ സമ്മര്‍ദ്ദം താങ്ങാനാവുന്നില്ല എന്ന് കാണിച്ച് ഈയിടെ ഈ ഹിന്ദി ചാനലിലെ യുവ വാര്‍ത്താ വായനക്കാരന്‍ ആത്മഹത്യ ചെയ്തത്, ചാനലിന്റെ റിപ്പോര്‍ട്ടിംഗ് നിലവാരത്തിലുണ്ടായ ‘പെട്ടെന്നുള്ള മെച്ചപ്പെടലി’നെ ഒരു വിധത്തിലും സ്വാധീനിച്ചിട്ടില്ല. ഇന്ത്യന്‍ മാധ്യമരംഗത്തെ കുലപതികള്‍ക്ക് സാധിക്കാത്ത വിധത്തില്‍ ഓരോ ദിവസവും ഇന്ത്യ ടിവിയിലെ യുവമാധ്യമ പ്രവര്‍ത്തകര്‍ സ്‌കൂപ്പുകള്‍ സൃഷ്ടിക്കുന്നു.

മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇതാണ് മാധ്യമ പ്രവര്‍ത്തനം. ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലേക്കുള്ള തന്റെ ദീര്‍ഘയാത്ര ആരംഭിച്ചപ്പോള്‍ തന്നെ വലിയ വലിയ എഡിറ്റര്‍മാരെയും റിപ്പോര്‍ട്ടര്‍മാരെയും സമ്മര്‍ദ്ദത്തിലാക്കുകയും പത്രമുതലാളിമാരെ ശുണ്ഠി പിടിപ്പിക്കുകയും ചെയ്യുന്ന ഒരു മാധ്യമ തന്ത്രമാണ് നരേന്ദ്ര മോദി സ്വീകരിച്ചത്.

മോദി അംഗീകരിച്ച മാധ്യമമാണ് ഇന്ത്യ ടിവി. അതിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് രജത് ശര്‍മ ബിജെപി അനുകൂല സമീപനത്തിന്റെ പേരില്‍ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനാണ്. മോദിയ്ക്കും അമിത് ഷായ്ക്കും വിശ്വാസമുള്ള വ്യക്തിയും. ശര്‍മയും ചാനലിന്റെ വാണിജ്യ വിഭാഗം നോക്കി നടത്തുന്ന അദ്ദേഹത്തിന്റെ സഹോദരനും പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളിലെ നിത്യ സന്ദര്‍ശകരാണ്. ആജ് തക്, ടൈംസ് നൗ തുടങ്ങിയ ചാനലുകളെ പരാജയപ്പെടുത്തുകയും ടൈംസ് ഓഫ് ഇന്ത്യ മുതല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് വരെയുള്ള പത്രങ്ങളെ നാണംകെടുത്തുകയും ചെയ്യുന്ന ഇന്ത്യ ടിവി വാര്‍ത്തകള്‍ ഉറവിടത്തിന്റെ കാര്യത്തില്‍ പത്രപ്രവര്‍ത്തനത്തില്‍ തന്നെ പുതിയ നിയമങ്ങള്‍ നിര്‍മിച്ചെടുക്കുകയാണ്.  

ഇന്ത്യ ടിവി കഴിഞ്ഞാല്‍ മോദിക്ക് താല്‍പര്യമുള്ള മറ്റൊരു മാധ്യമം, വിചിത്രമായി തോന്നാമെങ്കിലും, ദൂരദര്‍ശനാണ്. വിദേശയാത്രകളില്‍ മോദിയെ അനുഗമിക്കുന്ന ഏക ടിവി ചാനല്‍ രാജ്യത്തിന്‍റെ ഔദ്യോഗിക ചാനല്‍ മാത്രമാണ്. പുറത്ത് വരുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ ദൂരദര്‍ശനെ നവീകരിക്കുന്നതിനായി വലിയ രീതിയില്‍ ഫണ്ട് ചിലവഴിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. 

പുതിയ പ്രധാനമന്ത്രിക്ക് ഒരു മുതിര്‍ന്ന മാധ്യമ ഉപദേഷ്ടാവ് ഇല്ലെന്നും ഈ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും. പ്രധാനമന്ത്രിയുടെ യാത്രകളില്‍, പ്രത്യേകിച്ചും വിദേശയാത്രകളില്‍, 30ല്‍ കൂടുതല്‍ റിപ്പോര്‍ട്ടര്‍മാര്‍ അടങ്ങുന്ന മാധ്യമ പട ഇനിമേല്‍ ഉണ്ടാവില്ലെന്നും ഇത് അര്‍ത്ഥമാക്കുന്നുണ്ട്. 

ബെസ്റ്റ് ഓഫ് അഴിമുഖം

ഇരയും വേട്ടക്കാരനും; നരേന്ദ്ര മോഡിയുടെ വേഷപ്പകര്‍ച്ചകള്‍
ദേശീയതയും ചാര പ്രവര്‍ത്തനവും
മോദിയില്‍ നിന്ന് നമ്മളെന്ത് പ്രതീക്ഷിക്കണം?
നരേന്ദ്ര മോദി എന്ന മാനസികാവസ്ഥ
പാന്‍സ് ലാബിരിന്ത് ഓര്‍മിപ്പിക്കുന്ന ചില കാര്യങ്ങള്‍

ഭൂട്ടാനിലേക്ക് സമീപകാലത്ത് നടത്തിയ യാത്രയില്‍ ദൂരദര്‍ശന്റെയും വാര്‍ത്ത ഏജന്‍സിയുടേയും പ്രതിനിധികള്‍ മാത്രമാണ് മോദിയെ അനുഗമിച്ചത്. പ്രധാനമന്ത്രിയുടെ വിമാനം ഏകദേശം കാലിയായിരുന്നു എന്ന് സാരം. കുറച്ച് ദിവസങ്ങള്‍ക്കകം ബ്രസീലിലേക്ക് അദ്ദേഹം നടത്തുന്ന യാത്രയിലും കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കില്ല. ബ്രിക് (ബ്രസീല്‍-റഷ്യ-ഇന്ത്യ-ചൈന) രാഷ്ട്രത്തലവന്മാരുമായി അദ്ദേഹം നടത്തുന്ന ചര്‍ച്ചകള്‍, അത്രയൊന്നും പ്രൊഫഷണലിസം അവകാശപ്പെടാനില്ലാത്ത ദൂരദര്‍ശനും ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തെ മുന്നോട്ട് നടത്തുന്നതില്‍ അമ്പേ പരാജയപ്പെട്ട വാര്‍ത്ത ഏജന്‍സികളുമായിരിക്കും സമകാലീന ലോകത്തിനും ചരിത്രത്തിനുമായി രേഖപ്പെടുത്തുക. 

മാധ്യമങ്ങളോട് മോദിക്കുള്ള അസഹിഷ്ണുതയ്ക്ക് ഒരു ചരിത്രമുണ്ട്. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ മാധ്യമങ്ങള്‍, പ്രത്യേകിച്ചും ഇംഗ്ലീഷ് വാര്‍ത്ത ചാനലുകളും ചില പത്രങ്ങളുമാണ് മോദിക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം അഴിച്ചുവിട്ടത്. മോദി ധൈര്യസമേതം കരണ്‍ ഥാപ്പറിന് മുന്നില്‍ അഭിമുഖത്തിന് ഹാജരായെങ്കിലും അത് പാതിവഴിക്ക് ഉപേക്ഷിച്ചു പോകേണ്ടി വന്നു. 

വലിയ ചരിത്രാവബോധം ഇല്ലാത്ത മനുഷ്യന്‍ എന്ന നിലയില്‍ വളച്ചൊടിക്കാതെ ചരിത്രം രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മോദി ബോധവാനായിരിക്കുകയില്ല. 

എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ തന്റെ നാമം അനുകൂല രൂപത്തില്‍ ചരിത്ര പുസ്തകങ്ങളില്‍ രേഖപ്പെടുത്തപ്പെടണമെങ്കില്‍ അദ്ദേഹം ഹൃദയവിശാലതയും രാഷ്ട്രതന്ത്രജ്ഞതയും പ്രദര്‍ശിപ്പിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ചരിത്രപരമായ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയം വലിയ കാലതാമസമില്ലാതെ ഗതകാലസ്മരണയായി അസ്തമിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍