UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ സ്വന്തം ലേഖകന്‍മാരും മാധ്യമ പ്രവര്‍ത്തനമെന്ന തൊമ്മിപ്പണിയും

Avatar

പ്രമോദ് പുഴങ്കര

‘മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണ് നീ, മാസങ്ങളില്‍ നല്ല കന്നി മാസം’ എന്നു പാടിയപോലെയാണ് മലയാളപത്രങ്ങളില്‍ മാതൃഭൂമി. ഒന്നാന്തരം തറവാടി ദേശീയ ദിനപത്രം. മുറ്റത്ത് തുളസിത്തറയും,  മച്ചില്‍ ഭഗവതിയും ചര്‍ക്കയും, പത്തായം നിറയെ നെല്ലും, അടുക്കളപ്പുറത്ത് വാല്യക്കാരും, പൂമുഖത്ത് നിമിഷകവികളും പണ്ഡിതന്മാരും, അത്താഴപ്പുറമേ വെടിവട്ടവും അങ്ങനെ തികഞ്ഞ ആഢ്യന്‍. ഇന്ത്യ എന്റെ രാജ്യമാകുന്നു, എല്ലാ ഇന്ത്യക്കാരും മാതൃഭൂമി വരിക്കാരും എന്ന പ്രതിജ്ഞയെടുത്താണ് ഓരോ ദിവസവും പുലരുന്നത്.

കേശവമേനോന്‍, കേളപ്പന്‍, കുട്ടിമാളുവമ്മ എന്നിങ്ങനെ ഭൂതകാലത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂറ്റ പാരമ്പര്യം. മാതൃഭൂമി ആപ്പീസില്‍ കേറിച്ചെന്നവരൊക്കെ കണ്ടിരുന്നത് സാഹിത്യത്തിലെ ഒന്നാമൂഴക്കാരെ. അച്ചായന്‍ റബറൈസ് ചെയ്ത പത്രത്തില്‍ കച്ചവടവും രാഷ്ട്രീയവും ബ്ലഡിമേരി ആക്കിയപ്പോഴും ദേശീയ ദിനപത്രം ഉഷപൂജയും ശീവേലിയും മുടക്കിയില്ല.

പക്ഷേ,ദേശീയതയുടെ കാറ്റ് ഗംഗാതടത്തില്‍ പശുവിനെ മാറ്റിക്കെട്ടി ഹോമകുണ്ഡം തെളിച്ച് യാഗം തുടങ്ങിയത് റബര്‍ പത്രവും, ദേശീയ മുത്തശ്ശി പത്രവും അറിഞ്ഞിട്ടുണ്ട്. മഹാത്മാഗാന്ധി കീ ജയ് എന്നു സ്വച്ഛ ഭാരത് അഭിയാന്‍ വേദിയില്‍ മോദി മൂന്നുതവണ വിളിച്ചതോടെ വൈകാരികമായ തടസം മാറിക്കിട്ടി. കോണ്‍ഗ്രസിന്റെ രാജകുടുംബത്തിലാണെങ്കില്‍ ശ്രേയസ്സും ധനവും നാള്‍ക്കുനാള്‍ ക്ഷയിച്ചുവരുന്നു. യുവരാജാവായ ചെക്കന്‍ ഒരിത്തിരി വികൃതി കാണിക്കാന്‍ ഗുരുവായൂരില്‍ കുന്നിക്കുരു വാരിക്കാം എന്നു നേര്‍ച്ചയുണ്ട്. പക്ഷേ അവന്‍ പിടിതരുന്ന ലക്ഷണമില്ല. 

അപ്പോളിനി രാജ്യനായകന്‍ മോദിയുടെ പടയോട്ടത്തിന് ഹരഹര നരേന്ദ്ര പാടുകയാണ് രാഷ്ട്രീയ ബുദ്ധി;കച്ചവട ബുദ്ധിയും. ഹിന്ദുത്വാഭിമാനം മാതൃഭൂമിയെ വിജൃംഭിപ്പിക്കുന്നത് ഇതാദ്യമല്ല. ഇതിനുമുമ്പ് പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍, തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നികുതി പിരിച്ച് കൂട്ടിവെച്ച നിധിശേഖരം വെളിപ്പെട്ടപ്പോള്‍, കുറച്ചുകാലമായി അഭിമാനിക്കാന്‍ അവസരം കിട്ടാതെ നസ്രാണി, മാപ്പിള പുതുപ്പണക്കാര്‍ക്ക് മുന്നില്‍ കുമ്പിട്ടും ഒളിഞ്ഞും കഴിഞ്ഞിരുന്ന ‘വിശിഷ്യാ ഹിന്ദു സമൂഹത്തിന്റെ ആത്മാഭിമാനം’ ഒന്നു കനംവെച്ചു പൊങ്ങിയെന്ന് മുഖപ്രസംഗത്തില്‍ ഞെളിഞ്ഞിരുന്നു മാതൃഭൂമി.

ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായിത്തന്നെ ദേശീയ മാധ്യമങ്ങള്‍ മോദിയുടെ വരവിന് അരങ്ങൊരുക്കാന്‍ തുടങ്ങിയിരുന്നു. മിക്ക മാധ്യമസ്ഥാപനങ്ങളും മോദി സ്തുതി പതിവാക്കി. പിറകില്‍ നിന്നവരെ മോദിയുടെ പ്രായോജകരായ അംബാനി,അദാനി ഗണത്തിലുള്ള മുതലാളിമാര്‍ രാത്രിയില്‍ കൈക്കലാക്കി. സംശയം ബാക്കിയുള്ളവരെ രാജ്യദ്രോഹത്തിന് കണ്ണുരുട്ടി. പിന്നെ  സര്‍വ്വം  മോദിമയം, മോദിശക്തി മയം.

ഗുജറാത്തിലെ മുസ്ലീം വംശഹത്യയെ കുറിച്ച് അവര്‍ സംസാരിക്കാതായി. വികസനമന്ത്രം രാപ്പകല്‍ മുഴങ്ങുന്നു. രാവ് കനത്താല്‍ അര്‍ണബ് ഗോസ്വാമി പാകിസ്ഥാനെ യുദ്ധത്തിന് വെല്ലുവിളിക്കും. വികസനം മുടക്കുന്ന പരിസ്ഥിതിവാദികളെ വിദേശ ചാരന്മാരെന്നു ആക്ഷേപിക്കും. പാര്‍ലമെന്റില്‍ നിയമങ്ങള്‍ അവതരിപ്പിക്കുന്നത് സമയനഷ്ടമാണെന്ന് കണ്ടെത്തി. ഭൂമി ഏറ്റെടുക്കല്‍ നിയമം പോലുള്ള വികസനവിരുദ്ധ നിയമങ്ങളില്‍ പാവപ്പെട്ട മുതലാളിമാര്‍ക്കായി ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. അമിത് ഷാ നിഷ്ക്കളങ്കനും നിരപരാധിയുമാണെന്നും വ്യാജ ഏറ്റുമുട്ടല്‍ കേസ് ഒരു കെട്ടുകഥയാണെന്നും കോടതി പറയും. മോദി ഒരു സംഭവം തന്നെ എന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പുളകം കൊള്ളും. ഇത്രയുമായ സ്ഥിതിക്ക് ദേശീയ ദിനപത്രം കുറക്കുന്നില്ല. ഡല്‍ഹിയിലെ രാഷ്ട്രീയ വിശേഷങ്ങള്‍ കത്തുപാട്ടായി നാട്ടിലേക്കെഴുതുന്ന ലേഖകന്‍ പുതിയ രാഷ്ട്രീയത്തില്‍ മെയ് വഴക്കം കാണിച്ചുതുടങ്ങി. താമരക്കുളത്തില്‍ ദേശീയതയുടെ, വികസനത്തിന്റെ നീരാട്ട്. കയ്യിലുടവാളുമായി ലേഖകന്‍ തുടിച്ചുകുളിയുടെ വിശേഷങ്ങള്‍ എഴുതി നിറയുന്നു.

2015,ജനുവരി 19-നു എന്‍ .അശോകന്‍ (ഡല്‍ഹി മാതൃഭൂമി തലവന്‍)ഡല്‍ഹി കത്ത് എന്ന തന്റെ പംക്തിയില്‍ http://www.mathrubhumi.com/article.php?subit=355 മോദിക്കുവേണ്ടി വിഘ്നേശ്വര പൂജ നടത്തുന്നു. വികസനനായകന്റെ വഴിമുടക്കരുതേ എന്നാണ് ‘അകത്തും പുറത്തും ഭീകരവാദ ഭീഷണി ഉയരുമ്പോള്‍’ എന്ന തന്റെ കത്തില്‍ അശോകന്‍ പ്രാര്‍ത്ഥിക്കുന്നത്. സംഘപരിവാറിലെ ചില അംഗങ്ങള്‍ തീവ്രഹിന്ദുത്വ നിലപാടുകളുമായി ഇപ്പോള്‍ രംഗത്തുവരുന്നത് മോദിയ്ക്ക് എതിരായ വികാരമുണ്ടാക്കുമെന്നും അത് വികസനയാത്രയെ തടസപ്പെടുത്തുമെന്നാണ് ലേഖകന്റെ ആശങ്ക.

ഈ ആശങ്ക മാതൃഭൂമിയും കത്തിന്റെ കര്‍ത്താവും മാത്രമല്ല മോദിയുടെ പ്രചാരകരായ സകല ദേശീയ മാധ്യമങ്ങളും പങ്കുവെക്കുന്ന ഒന്നാണ്. രാജ്യത്തെ സകല വിഭവങ്ങളും സ്വകാര്യ മൂലധനത്തിന് എഴുത്തിക്കൊടുക്കുന്ന പ്രക്രിയ സുഗമമായി നടപ്പാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മോദി സര്‍ക്കാര്‍ ഹിന്ദുത്വ ദേശീയതയുടെയും മൂലധന ഭീകരതയുടെയും മാരകമായ മിശ്രിതമാണ്. എന്നാല്‍ ഹിന്ദുത്വ ദേശീയതയുടെ സംഘപരിവാര്‍ പ്രായോജകര്‍, ആധുനിക ബൂര്‍ഷ്വാ സമൂഹത്തിന്റെ സ്വാതന്ത്ര്യബോധത്തെ നിരാകരിക്കാനും പകരം തീര്‍ത്തും ജീര്‍ണമായ മൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന എതിര്‍പ്പാണ് ഒന്ന്. മോദിയുടെ,മൂലധന ഭീകരതയുടെ അനുയായികളിലും, ഗുണഭോക്താക്കളിലും തന്നെ ഈ എതിര്‍പ്പുണ്ട്. സ്വകാര്യ മൂലധനത്തിന്റെ തേര്‍വാഴ്ച്ചയിലും മൂലധനത്തിനെതിരല്ലാത്ത തങ്ങളുടെ വ്യക്തി സ്വാതന്ത്ര്യങ്ങള്‍ സരക്ഷിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഭൂതകാലപ്പെരുമയിലോ, ധര്‍മസംസ്ഥാപനത്തിലോ ഒന്നും അവര്‍ക്കൊരു കമ്പവുമില്ല. ജ്ഞാനോദയം വളമിട്ട പടിഞ്ഞാറന്‍ മുതലാളിത്തവികസനമാണ് അവരുടെ പാത. ഇവരാണ് യു പി എ യുടെയും എന്‍ ഡി യുടെയും ചെറുന്യൂനപക്ഷമായ ഉത്തമ സാധാരണ ഘടകം. മറ്റൊരു വിഭാഗം ഇതേ ചൂഷണപാത വ്യക്തിസ്വാതന്ത്ര്യം, ജനാധിപത്യമൂല്യങ്ങള്‍ എന്നീ പുറമ്പൂച്ചുകള്‍ ഒന്നുമില്ലാതെ നടത്തണമെന്ന പക്ഷക്കാരാണ്. എന്നാല്‍ ഇതേ മൂലധന ഭീകരത ഹിന്ദുത്വ ദേശീയതയും, ന്യൂനപക്ഷ വിരുദ്ധതയും, പുരുഷാധിപത്യ മൂല്യങ്ങളും കൂട്ടിക്കലര്‍ത്തിയ ചായം തേച്ച് നടപ്പാക്കണമെന്നാവശ്യപ്പെടുന്ന സംഘപരിവാറിലെ യാജ്ഞവല്‍ക്യന്‍മാര്‍ പലപ്പോഴും ഈ ബൂര്‍ഷ്വാ മൂല്യങ്ങളുമായി ഇടയുന്നതാണ് ചിലപ്പോഴൊക്കെ നാം മോദി ഭക്ത മാധ്യമങ്ങളിലെ ആശങ്കകളായി കാണുന്നത്.

മാതൃഭൂമിയിലെ കത്തുപാട്ടുകാരനാകട്ടെ സനാതന ഹിന്ദുവാണ് താനെന്ന് ഓര്‍മ്മിപ്പിക്കുന്നുണ്ട്. പെരുമാള്‍ മുരുകന്‍ വിഷയം, ഘര്‍ വാപസി എന്നിവ മോദിയുടെ വികസന യാത്രയില്‍ തടസം ഉണ്ടാക്കുമെന്നാണ് അദ്ദേഹത്തിന്റെ ആശങ്ക. ഗുജറാത്ത് വംശഹത്യ നടത്തിയ മോദിക്ക് തീവ്ര ഹിന്ദുത്വം തടസമാകുന്നുവത്രെ! ലേഖകന്റെ ആശങ്ക നോക്കുക-“ കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ  ബി.ജെ.പി. സര്‍ക്കാര്‍ രാജ്യത്തെ വലിയ വികസനത്തിലേക്കും സാമ്പത്തിക വളര്‍ച്ചയിലേക്കും നയിക്കുമെന്ന് ആശനല്‍കുമ്പോഴും തീവ്രഹിന്ദുവാദ ശക്തികള്‍ രാജ്യത്തിനകത്തെ സാമൂഹികാന്തരീക്ഷം അസ്വസ്ഥമാക്കുകയാണ്”

അശോകന് ഈ ആശ എങ്ങനെയൊക്കെയാണ് കിട്ടിയതാവോ! എന്തായാലും അന്നത്തെ പത്രത്തില്‍ ഡല്‍ഹികത്തിന്റെ മുകളിലായി നല്കിയ ലേഖനത്തില്‍ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെ വിമര്‍ശിക്കുന്ന ലേഖനത്തില്‍ കാളീശ്വരം രാജ് ഈ വികസന പ്രതീക്ഷ പങ്കുവെക്കുന്നില്ല. സ്വകാര്യ കുത്തകകള്‍ക്ക് ഭരണകൂടം അതിന്റെ മര്‍ദക ശക്തി ഉപയോഗിച്ച് പൊതുഭൂമി ഏറ്റെടുത്തു നല്‍കുന്ന ഭേദഗതി നിയമവും അത് ഒരു ഓര്‍ഡിനന്‍സ് രൂപത്തില്‍ കൊണ്ടുവന്നതിലെ ജനാധിപത്യ വിരുദ്ധതയുമാണ് പ്രസ്തുത ലേഖനത്തിലെ ആശങ്ക. ഡല്‍ഹികത്തിലെ മോദിഭക്തിയുടെ ആശങ്കകളല്ല. ഇങ്ങനെയൊക്കെയാണ് മോദി വലിയ വികസനം കൊണ്ടുവരുന്നത്. അദാനിയും അംബാനിയുമൊക്കെ മോദിയുടെ അടുക്കള മന്ത്രിസഭയില്‍ തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന് ഡല്‍ഹിയിലെ അന്വേഷണാത്മക പത്രസിങ്കങ്ങള്‍ അറിയാതെ പോയതാവില്ല.

ഘര്‍ വാപസിയെ സംബന്ധിച്ചും ഈ തിടുക്കം ആളുകളെ വെറുപ്പിക്കുമോ എന്ന ഭയം സനാതനിയായ ലേഖകനുണ്ട്. അത് വേണ്ട എന്നൊന്നും അദ്ദേഹം പറയുന്നില്ല. “പുനഃമതപരിവര്‍ത്തനം അഥവാ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരല്‍ വലിയ കുറ്റമാണ് എന്നുപറയാന്‍ വയ്യ. പക്ഷേ, അതാണോ രാജ്യത്ത് ഏറ്റവും ആവശ്യമായ കാര്യം”അപ്പോ അതാണ് കാര്യം. എന്തോ, വീരേന്ദ്രകുമാര്‍ മടങ്ങിവരാന്‍ തീരുമാനിച്ചാല്‍ ഏത് ജാതിയില്‍ ചേര്‍ക്കും? ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരാം എന്ന് അശോകന്‍ സമ്മതിക്കുന്നു. അതായത് മോഹന്‍ ഭഗവത് പറഞ്ഞപോലെ എല്ലാവരും ഇവിടുന്നു പോയവരാണെന്ന്.  അതൊരു കുറ്റവുമല്ല. പിന്നെയോ? അടുത്ത തവണ അധികാരത്തിലെത്തിയിട്ടു പോരേ, തിടുക്കം വേണോ? എന്നൊരു ശങ്ക മാത്രം. മിഷന്‍ 2025-ന്റെ അടവുകള്‍ പിഴക്കരുതല്ലോ.

ഹിന്ദു സംഘടനകളുടെ അടിയന്തര ധര്‍മം എന്താണെന്ന് മാതൃഭൂമിക്കാരന്‍ പറഞ്ഞുകൊടുക്കുന്നു. “ഹിന്ദുസംഘടനകള്‍ ഇപ്പോള്‍ ചെയ്യേണ്ട കാര്യം രാജ്യത്തിന്റെ ക്ഷേമത്തിനുവേണ്ടി സര്‍ക്കാര്‍ തയ്യാറാക്കുന്ന പരിപാടികള്‍ വിജയിപ്പിക്കുന്നതിന് സഹായിക്കുകയാണ്”. മോദി അധികാരത്തില്‍ വന്നതോടെ രക്ഷപ്പെടാമെന്ന ജന്മഭൂമിയുടെ ആഗ്രഹം ചൊവ്വാ ദോഷം കിട്ടിയ നിത്യകന്യകയായി മാറും. വീക്ഷണത്തിന് മനോരമ പോലെ, അദ്വാനിക്ക് വാജ്പേയ് പോലെ നിതാന്തവിഘ്നം. സമാന താത്പര്യങ്ങളുടെ സംഘട്ടനം.

രാജ്യക്ഷേമത്തിനായി സര്‍ക്കാര്‍ തയ്യാറാക്കുന്ന നടപടികള്‍ ഏതൊക്കെയെന്ന് ഇന്ദ്രപ്രസ്ഥത്തില്‍ കഴിയുന്ന ലേഖകന്‍ അടുത്ത കത്തില്‍ പറഞ്ഞുതരുമായിരിക്കും. ജര്‍മ്മനിയിലും ഇറ്റലിയിലുമൊക്കെ ഹിറ്റ്ലര്‍ക്കും മുസോളനിക്കും ഇങ്ങനെ സര്‍ക്കാര്‍ പരിപാടികളുടെ നടത്തിപ്പുകാരായ സംഘങ്ങള്‍ ഉണ്ടായിരുന്നു. എതിരാളികളെ തല്ലിയൊതുക്കലും രാജ്യതാത്പര്യം സംരക്ഷിക്കാന്‍ രാജ്യദ്രോഹികളെ കണ്ടെത്തുകയുമായിരുന്നു അവരുടെ ധര്‍മം.  ഇന്ന് വികസനം, നാളെ ഘര്‍ വാപസി എന്നാണ് ദേശീയ ദിനപത്രത്തിന്റെ ഉപദേശം.

ഇനിയാണ് ശരിക്കുള്ള ഉപദേശം വരുന്നത്. ഈ ഘര്‍ വാപസിയൊന്നുമല്ല കാര്യം. കത്തുപാട്ടുകാരന്‍ തുടരുന്നു,“’ലൗ ജിഹാദ്’ പോലുള്ള ചതിപ്രയോഗങ്ങളെയാണ് നേരിടേണ്ടത്. ഭിന്നമതസ്ഥര്‍ തമ്മില്‍ വിവാഹിതരാകുന്നത് ലൗ ജിഹാദല്ല. പ്രേമത്തിന്റെ പേരിലുള്ള ചതിയെയാണ്  നേരിടേണ്ടത്.”

അങ്ങനെ ലൌ ജിഹാദ് ഉണ്ടെന്ന കാര്യത്തില്‍ മാതൃഭൂമിയുടെ ഇന്ദ്രപ്രസ്ഥ ലേഖകന്‍ ഒരു തീരുമാനത്തിലെത്തി. അതായത് മുസ്ലീം ചെറുപ്പക്കാര്‍ ഹിന്ദു പെങ്കുട്ടികളെ പ്രേമത്തിന്റെ ചതിയില്‍പ്പെടുത്തി മതം മാറ്റുന്ന പരിപാടി. അതേ, അതിനെയാണ് നാം സൂക്ഷിക്കേണ്ടതെന്ന് സനാതനി മുന്നറിയിപ്പു നല്‍കുകയാണ്. എന്താ കഥ! ഇനിയിപ്പോള്‍ മുസ്ലീം പെങ്കുട്ടികളെ കല്യാണം കഴിക്കാന്‍ ഹിന്ദുക്കള്‍ പോകേണ്ടിവരില്ലെ. കാരണം മുസ്ലീം ആങ്കുട്ട്യോളൊക്കെ ഹിന്ദുപെണ്ണുങ്ങളെ ചതിച്ചു കെട്ടാന്‍ പോയില്ല്യെ. ഒരുപക്ഷേ ഇങ്ങനെയാകും ഇന്ത്യയില്‍ മതസൌഹാര്‍ദ്ദം പൂവിടുന്നത്.

“തിരഞ്ഞെടുപ്പുകാലത്തും അധികാരത്തില്‍വന്നശേഷവും നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറുന്നതും കാത്തിരിപ്പാണ് ജനങ്ങള്‍. പക്ഷ, തീവ്ര ഹിന്ദുത്വപ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ വഴിയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കുമോ എന്ന ഭയം രാജ്യത്തുണ്ട്.” അതായത് മോദി വേറെ ഹിന്ദു തീവ്രവാദം വേറെ. മോദി പോലും ഇങ്ങനെ അവകാശപ്പെടില്ല. തല മാറട്ടെ ചിത്രകഥ വേദകാലത്ത് പൂമ്പാറ്റയില്‍ വന്നതായി ബാലനരേന്ദ്രന് ഓര്‍മ്മയുണ്ട്. അത്രയെങ്കിലും ഹിന്ദുവാണ് മൂപ്പര്‍.

സംഘപരിവാറിന്റെയും എന്‍ ഡി എ സര്‍ക്കാരിന്റെയും പ്രചാരവേല ഒരുളുപ്പുമില്ലാതെ ദേശീയ ദിനപത്രത്തിന്റെ ഡല്‍ഹി ലേഖകന്‍ പകര്‍ത്തിവെക്കുന്നത് നോക്കൂ- “ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി വീണ്ടും സംഘര്‍ഷഭരിതമായിരിക്കയാണ്. ഭീകരവാദി ആക്രമണങ്ങള്‍ യൂറോപ്പിലും പാകിസ്താനിലുമൊക്കെ തലപൊക്കിയ അന്തരീക്ഷത്തില്‍ ഇന്ത്യ കൂടുതല്‍ ജാഗരൂകമാകേണ്ടിയിരിക്കുന്നു. പഴയ അനുഭവങ്ങള്‍വെച്ച് നോക്കുമ്പോള്‍ ഭീകരാക്രമണങ്ങള്‍ ഇന്ത്യയില്‍ ഏത്‌സമയത്തും ഉണ്ടാവാം. കഴിഞ്ഞയാഴ്ചയാണ് കറാച്ചിയില്‍നിന്ന് വന്നതായി കരുതുന്ന ഒരു ബോട്ട് കടലില്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് കത്തിപ്പോയത്. അത്തരം ഒരു ബോട്ടിലാണ് നേരത്തേ മുംബൈയില്‍ പാകിസ്താന്‍ ചാവേര്‍ ഭീകരര്‍ വന്ന് വന്‍ ആക്രമണം നടത്തിയത്. അതുപോലുള്ള ഒരു അപകടം ഇത്തവണ ഒഴിവായിപ്പോയെന്നാണ് അധികാരികള്‍ ആശ്വസിക്കുന്നത്.”

അതിര്‍ത്തി സംഘര്‍ഷത്തിന്റെ രാഷ്ട്രീയം ലേഖകന്‍ വെറുതെ വിടുന്നു. യൂറോപ്പിന്റെ ശത്രുക്കള്‍ ഇന്ത്യയുടെ ശത്രുക്കളായി സ്വാഭാവിക രൂപാന്തരം പ്രാപിക്കുന്നു. കറാച്ചിയില്‍ നിന്നും വന്ന തീവ്രവാദി ബോട്ടുകഥ ലേഖകന്‍ തൊണ്ട തൊടാതെ വിഴുങ്ങിയിരിക്കുന്നു. സര്‍ക്കാര്‍ പത്രക്കുറിപ്പുകള്‍ പകര്‍ത്തിയെഴുതുന്ന പണിക്ക് പത്രപ്രവര്‍ത്തനമെന്നാണോ പറയേണ്ടത്?

ഇന്ത്യ എത്ര ഭീതിതമായ അവസ്ഥയെയാണ് അഭിമുഖീകരിക്കുന്നത് എന്നാണ് മാതൃഭൂമിയിലെ കത്തുപാട്ട് നല്‍കുന്ന സൂചന. യു പി എ സര്‍ക്കാരിന്റെ കാലത്ത് സോണിയ,രാഹുല്‍ ഭക്തി ഉറക്കത്തിലും കൊണ്ടുനടന്നിരുന്ന കത്തുപാട്ടുകാര്‍ എത്ര പെട്ടന്നാണ് ലൌ ജിഹാദിലെ ചതികളെപ്പറ്റി നമുക്ക് മുന്നറിയിപ്പ് നല്കാന്‍ തുടങ്ങിയത്. സര്‍ക്കാരും, കോര്‍പ്പറേറ്റുകളും, മാധ്യമങ്ങളും ഒന്നാകുമ്പോള്‍ മാധ്യമപ്രവര്‍ത്തനം വിധേയന്‍മാരുടെ തൊമ്മിപ്പണിയാകുകയാണ്. അതിനിടയില്‍ എന്ത് പത്രധര്‍മം!

*Views are Personal

(ഡെല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍