UPDATES

ട്രെന്‍ഡിങ്ങ്

‘മോദിയെ കാണ്മാനില്ല’: വരാണസിയില്‍ പോസ്റ്ററുകള്‍

‘നിസ്സഹായരും നിരാശരുമായ വരാണസി നിവാസികള്‍’ എന്നാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നവര്‍ സ്വയം അഭിസംബോധന ചെയ്യുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനില്ലെന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ വരാണസിയില്‍ വ്യാപക പോസ്റ്ററുകള്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കാണാനില്ലെന്ന് കാണിച്ച് ഇരുവരുടെയും മണ്ഡലങ്ങളായ റായ് ബറേലിയിലും അമേത്തിയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട് ദിവസങ്ങള്‍ക്കകമാണ് മോദിയെ കാണാനില്ലെന്ന് അദ്ദേഹത്തിന്റെ മണ്ഡലത്തിലും പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

വരാണസിയിലെ ജനങ്ങള്‍ എന്ന പേരിലാണ് കാണാനില്ലാത്ത വരാണസി എംപിയുടെ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ മോദിയുടെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിസ്സഹായരും നിരാശരുമായ വരാണസി നിവാസികള്‍ എന്നാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നവര്‍ സ്വയം അഭിസംബോധന ചെയ്യുന്നത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വോട്ട് തേടി നടത്തിയ പ്രചരണ ജാഥയുടെ ഭാഗമായാണ് അവസാനമായി മോദി വരാണസിയിലെത്തിയതെന്ന് പോസ്റ്റര്‍ ആരോപിക്കുന്നു. മാര്‍ച്ച് 4, 5, 6 തിയതികളിലായിരുന്നു ഇത്.

മോദിയെ ഉടന്‍ കണ്ടെത്തിയില്ലെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പോസ്റ്ററില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പല സ്ഥലങ്ങളില്‍ നിന്നും ഈ പോസ്റ്ററുകള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും ജില്ലയുടെ പ്രവേശന മേഖലയിലും സെഷന്‍സ് കോടതി പരിസരത്തും വെള്ളിയാഴ്ച മുതല്‍ ഈ പോസ്റ്ററുകളുണ്ട്. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാന്‍ വരാണസിയിലെത്തിയ മോദി മൂന്ന് ദിവസം ഇവിടെ തങ്ങിയിരുന്നു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളാണ് പോസ്റ്ററിന് പിന്നിലെന്ന് വരാണസി നോര്‍ത്തിലെ ബിജെപി എംഎല്‍എ രവിന്ദ്ര ജെയ്‌സ്വാള്‍ ആരോപിക്കുന്നു.

ബിജെപി ഈ വിഷയത്തെക്കുറിച്ച് നിരീക്ഷണം നടത്തിയെന്നും രാഷ്ട്രീയ എതിരാളികള്‍ മാനസികമായ അസ്വസ്ഥരാണെന്നാണ് ഇതില്‍ നിന്നും വ്യക്തമായിരിക്കുന്നതെന്നും ജെയ്‌സ്വാള്‍ ആരോപിക്കുന്നു. അവരുടെ ഇച്ഛാഭംഗമാണ് ഇത്തരം പോസ്റ്ററുകള്‍ക്ക് പിന്നില്‍. ബിജെപിയ്‌ക്കെതിരെ ഉയര്‍ത്താന്‍ വിഷയങ്ങളൊന്നുമില്ലാത്തതിനാല്‍ പ്രധാനമന്ത്രിയെയും പാര്‍ട്ടിയെയും ആക്ഷേപിക്കാനായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്തരം പോസ്റ്ററുകളില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതെന്ന് ബിജെപി കാശി മേഖല വക്താവ് സഞ്ജയ് ഭരദ്വാജ് അറിയിച്ചു. പ്രധാനമന്ത്രി വരാണസിയിലെ സംഭവവികാസങ്ങളും വികസന പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇവിടുത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ മണ്ഡലത്തിലെ ക്യാമ്പ് ഓഫീസില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നുമാണ് ഭരദ്വാജ് അവകാശപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍