UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തനിനിറം കാണിച്ച് മോദി സര്‍ക്കാര്‍

Avatar

ടീം അഴിമുഖം

നരേന്ദ്ര മോദിയുടെ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയുടെ ഓഫീസ് രൂപീകൃതമാകുന്ന ഘട്ടത്തില്‍ തന്നെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര അഡീഷണല്‍ സെക്രട്ടറിയായി ആര്‍ എന്‍ ചൗബയെ നിയമിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഓഫീസില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മിശ്രയ്ക്ക് ചൗബയെ അറിയാം. 1981 ഐഎഎസ് ബാച്ചില്‍ നിന്നുള്ള ഈ ഓഫീസറുടെ കാര്യക്ഷമതയിലും ആത്മാര്‍ത്ഥതയിലും അഭിമാനം കൊള്ളുന്നയാളാണ് മിശ്ര. ചൗബയെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ജൂണ്‍ രണ്ടാം വാരം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ ചൗബെയുടെ നിയമനം പുനപരിശോധിക്കുകയും സെക്രട്ടറിയായി അദ്ദേഹത്തിന് ഉടന്‍ സ്ഥാനക്കയറ്റം ലഭിക്കും എന്ന് ചൂണ്ടിക്കാട്ടി ചൗബെയുടെ നിയമനം റദ്ദാക്കുകയും ചെയ്തു. ചൗബെ കൂടി വന്നാല്‍ പിഎംഒ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒരു കേന്ദ്രമായി മാറുമെന്നായിരുന്നു സര്‍ക്കാര്‍ വ്യാഖ്യാനം. മുഖ്യധാര മാധ്യമങ്ങള്‍ ഈ വാര്‍ത്ത വെള്ളം തൊടാതെ വിഴുങ്ങുകയും ചെയ്തു. 

കാര്യങ്ങളുടെ വിശദാംശങ്ങളെ കുറിച്ച് എപ്പോഴും വ്യാകുലപ്പെടുന്ന മോദിയും പ്രധാനമന്ത്രിയുടെ ഓഫീസും പിഎംഒയിലെ ഏറ്റവും പ്രധാനവും ഉന്നതവുമായ ഒരു തസ്തികയില്‍ നടത്തുന്ന നിയമനത്തെ ഇത്ര നിസാരമായി കണ്ടതെന്തെന്ന ചോദ്യം ആരും ഉന്നയിച്ചില്ല. ചൗബെയുടെ മുന്‍കാല ചരിത്രം പരിശോധിക്കാന്‍ ആരും മിനക്കെട്ടില്ല. എന്തിന് ഒരു കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനെന്ന നിലയില്‍ തന്റെ കാര്യക്ഷമതയും സത്യസന്ധതയും തെളിയിച്ച ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം എന്ന ഭൂതകാല ചരിത്രം പോലും അരെയും അലട്ടിയില്ല. 

ചൗബെയുടെ നിയമനം പുന:പരിശോധിക്കാന്‍ മോദി ഇത്ര തിടുക്കം കാട്ടിയതെന്തിന് എന്ന ചോദ്യത്തിന്റെ ഉത്തരം ലഭിക്കാന്‍ ഒരുപാട് ചരിത്രം തിരയേണ്ട കാര്യമില്ല. 2013 ഒക്ടോബറില്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൈഡ്രോ കാര്‍ബണ്‍സ് (ഡിജിഎച്ച) തസ്തികയില്‍ നിന്നും ചൗബെ നീക്കപ്പെട്ടു. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് നേരെ ചില നടപടികള്‍ സ്വീകരിച്ചതിന്റെ പരിണിത ഫലമായിരുന്നു ഇത്. 2012 ല്‍ എസ് ജയ്പാല്‍ റെഡ്ഡിയാണ് ചൗബെയെ ഡിജിഎച്ച് ആയി നിയമിച്ചത്. കൊള്ളാവുന്ന ഈ രണ്ട് പേരും ചേര്‍ന്ന് RIL-നെതിരെ നടപടി സ്വീകരിക്കുകയും ഒരു ബില്യണ്‍ ഡോളര്‍ (ആറായിരം കോടി രൂപ) പിഴയിടുകയും ചെയ്തു. പെട്ടെന്ന് തന്നെ റെഡ്ഡി സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും വീരപ്പെ മൊയ്‌ലി പെട്രോളിയം മന്ത്രിയാവുകയും ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചടങ്ങുകള്‍ ഒന്നുമില്ലാതെ ചൗബെ പുറത്താക്കപ്പെട്ടു. പെട്രോളിയം മന്ത്രാലയത്തിന്റെ കാണപ്പെട്ട ദൈവമായി മുകേഷ് അംബാനി തന്നെ തിരിച്ചു വന്നു.  

മോദി സര്‍ക്കാര്‍ നീങ്ങുന്ന ദിശയെക്കുറിച്ച് ചൗബെ സംഭവവും അവര്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്വീകരിച്ച നിരവധി നടപടികളും വ്യക്തമായ സൂചന നല്‍കുന്നു. ഈ സര്‍ക്കാര്‍ വന്‍കിട വ്യവസായികള്‍ക്ക് വേണ്ടിയുള്ളതാണെന്നും അവരുടെ താല്‍പര്യങ്ങള്‍ക്കാവും എപ്പോഴും മുന്‍ഗണനയെന്നും ഇപ്പോള്‍ ഒരാള്‍ക്ക് ധൈര്യപൂര്‍വം പ്രവചിക്കാന്‍ സാധിക്കും. 

ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ കാര്യം തന്നെ പരിശോധിക്കാം. കര്‍ഷകാനുകൂല നിയമനിര്‍മാണം എന്ന് ആര്‍എസ്എസ് ഉള്‍പ്പെടെ വ്യാപകമായി വിലയിരുന്നത്തിയ ഭൂമി ഏറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്യാനാണ് മോദി സര്‍ക്കാരിന്റെ പ്രഥമ നീക്കം. ബന്ധപ്പെട്ട കക്ഷികളുമായി ഒരു ദശകം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് 1894 ലെ നിയമം 2013 ല്‍ ഭേദഗതി ചെയ്തത്. ബിജെപി ഉള്‍പ്പെടെ എല്ലാ കക്ഷികളും ഇപ്പോഴത്തെ നിയമത്തെ അനുകൂലിക്കുകയും ചെയ്തു.

പാര്‍ലമെന്റ് അംഗങ്ങളുടെ കൂട്ടായ പ്രയത്‌നത്തിന്റെ ഉല്‍പന്നം എന്ന നിലയില്‍ നിയമത്തില്‍ കൈവയ്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഗോപിനാഥ് മുണ്ടെ പറഞ്ഞത്. എന്നാല്‍ നിതിന്‍ ഗഡ്കരി വകുപ്പ് ഏറ്റെടുത്തതോടെ ചിത്രം മാറി. ഇപ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേരളം ഉള്‍പ്പെടെ കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാരുകളും നിയമത്തില്‍ അപാകതകള്‍ കണ്ടെത്താന്‍ തുടങ്ങിയിരിക്കുന്നു. വ്യാവസായിക വിരുദ്ധവും വികസന വിരുദ്ധവുമാണ് നിയമം എന്നാണ് പുതിയ ഭാഷ്യം. നിയമം ഭേദഗതി ചെയ്യാനോ അല്ലെങ്കില്‍ പിന്‍വലിക്കാനോ ഉള്ള സര്‍ക്കാരിന്റെ തിടുക്കമാണ് ജനങ്ങളില്‍ സംശയം ഉളവാക്കുന്നത്.

ന്യായമായ നഷ്ടപരിഹാരം, ഭൂമി ഏറ്റെടുക്കലിലെ സുതാര്യത, പുനഃസ്ഥാപനവും പുനരധിവാസവും നിയമം 2013 ലെ ഏറ്റവും പ്രസക്തമായ ‘സമ്മതം നല്‍കല്‍’, ‘സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍’ എന്നീ രണ്ട് വകുപ്പുകള്‍ ഭേദഗതി ചെയ്യാനാണ് എന്‍ഡിഎ സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നാണ് വാര്‍ത്തകള്‍. കൊളോണിയല്‍ നിയമത്തിലെ ക്രമക്കേടുകള്‍ പരിഹരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ രണ്ട് വകുപ്പുകളും നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. കാരണം വികസന ആസൂത്രണ പ്രക്രിയയില്‍ കര്‍ഷകരെയോ ഭൂമിയെ ആശ്രയിച്ച് ജീവിക്കുന്നവരെയോ ഒരിക്കലും പങ്കാളികളാക്കുകയോ അല്ലെങ്കില്‍ അവരുമായി കൂടിയാലോചനകള്‍ നടത്തുകയോ ചെയ്യാറില്ല. ഇതുകൊണ്ടാണ് വ്യാവസായികവല്‍ക്കരണത്തിന്റെയും പൊതു താല്‍പര്യത്തിന്റെയും പേര് പറഞ്ഞ് കോടികള്‍ വിലമതിക്കുന്ന ഭൂമികള്‍ നിസാരവിലയ്ക്ക് ഏറ്റെടുക്കാനും പൊതു- സ്വകാര്യ കോര്‍പ്പറേഷനുകള്‍ക്ക് തീറെഴുതി നല്‍കാനും സാധിക്കുന്നത്. ഇതിനെതിരെയുള്ള ശക്തമായ പ്രതിഷേധം മൂലമാണ് കഴിഞ്ഞ കാലങ്ങളിലെ നിരവധി പ്രത്യേക സാമ്പത്തിക മേഖല പദ്ധതികള്‍ ഉപേക്ഷിക്കേണ്ടി വന്നതും വ്യാവസായികവല്‍ക്കരണവുമായി ബന്ധപ്പെട്ട ഏത് പ്രവര്‍ത്തിയും ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടി വന്നതും. 

ബെസ്റ്റ് ഓഫ് അഴിമുഖം

നരേന്ദ്ര മോഡി: ദി മാന്‍, ദി ടൈംസ് – നീലാഞ്ജന്‍ മുഖോപാധ്യായ
മോദി നോട്ടമിട്ട യു.പിയില്‍ ദുര്‍ഗ ചെയ്യാന്‍ പാടില്ലാതിരുന്നത്
ബില്ലു കൊണ്ട് വിശപ്പ് മാറുമോ?
ഡല്‍ഹി വിധിക്കപ്പുറം : നീതിതേടുന്നത് ഒരു ലക്ഷത്തിലേറെ സ്ത്രീകള്‍
ഈ ഡല്‍ഹി എന്നെക്കൊണ്ടു പറയിപ്പിക്കുന്നത്

ഇന്ത്യയുടെ ഭരണ നിര്‍വഹണത്തില്‍ വന്‍കിട വ്യവസായികളെ അതിരുവിട്ട് സഹായിക്കുമ്പോള്‍ നിങ്ങള്‍ക്ക് സാധാരണക്കാരുടെയും ദരിദ്രരുടെയും ഭാഗമാകാന്‍ സാധിക്കില്ല. നിങ്ങള്‍ ദരിദ്രരുടെ ഭാഗത്താകുമ്പോള്‍ ഒരിക്കലും വ്യവസായ പ്രമുഖരുടെ ഭാഗമാകാന്‍ കഴിയില്ല. കാരണം ലളിതമാണ്. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ കഴിഞ്ഞ രണ്ട് ദശകത്തില്‍ എല്ലാ വ്യവസായ ഭീമന്മാരും വളര്‍ന്നത് സാമ്പത്തിക ശാസ്ത്രത്തിലെ ദരിദ്ര ചോരണ മാതൃകകള്‍ക്ക് (robber baron models) അനുസൃതമായാണ്. തങ്ങളുടെ പണപ്പെട്ടി നിറയ്ക്കുന്നതിനായി നിയമങ്ങളെയും നിയന്ത്രണങ്ങളെയും പ്രകൃതി വിഭവങ്ങളെയും സര്‍ക്കാരുകളെയും തത്വദീക്ഷയെയും അവര്‍ ദുരുപയോഗം ചെയ്തു. ഈ ലജ്ജാകരമായ അവസ്ഥ മാറേണ്ടിയിരിക്കുന്നു. അതിന് വേണ്ടത് നിയമത്തോടൊപ്പം നില്‍ക്കുന്ന ഒരു സര്‍ക്കാരിനെയാണ്. അല്ലാതെ വ്യവസായ പ്രമുഖരുടെ കൂടെ നിന്ന് ശീലിച്ചവരെയല്ല. 

ഇപ്പോള്‍ താന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് മോദി പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ഘട്ടത്തില്‍ വലിയ പ്രതീക്ഷയ്ക്ക് വകയില്ല. എന്നാല്‍ രാഷ്ട്രീയം പ്രവചനാതീതമായ ഒരു കളിയാണ്. ബിജെപിയിലെ ശാക്തികചേരികള്‍ ചില തിരുത്തലുകള്‍ വരുത്തും എന്ന് ആശിക്കാനേ നമുക്കിപ്പോള്‍ സാധിക്കൂ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍