UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

മോദി അറിയാന്‍, ചരിത്രമാണ് നമ്മുടെ അധ്യാപകന്‍

അധ്യാപകദിനത്തില്‍ നമ്മുടെ പ്രധാനമന്ത്രി രാജ്യത്തെ വിദ്യാര്‍ഥികളോടു സംസാരിക്കുന്നു. നിര്‍ബന്ധിച്ചും അല്ലാതെയും അതു കേള്‍ക്കണമെന്ന് നിര്‍ദ്ദേശം. മധ്യപ്രദേശിലെ ശിവപുരിയില്‍ മുസ്ലീം മതം സ്വീകരിച്ച ദലിത് കുടുംബത്തെ സംഘപരിവാര്‍ സംഘടനകള്‍ തിരിച്ചു മതം മാറ്റിച്ചതാണ് ഇതേ ദിനത്തില്‍ ഒടുവില്‍ നാം കേട്ട വാര്‍ത്ത. മണിറാം ജാതവ്, ഭാര്യ മഖോബായ് ജാതവ്, മകന്‍ നീലേഷ് ജാതവ്, ബന്ധു തുള്‍റാം ജാതവ് എന്നിവരെയാണ് വി.എച്ച്.പി, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ശുദ്ധിയാക്കി തിരിച്ചു മതം മാറ്റിച്ചത്. ഉയര്‍ന്ന ജാതിക്കാരുടെ പീഡനത്തില്‍ മനം നൊന്ത് ഇസ്ലാം മതം സ്വീകരിച്ചവരായിരുന്നു ഈ കുടുംബം. ഈ ഉദ്യമത്തിന് സംഘപരിവാര്‍ ഒരു പേരുമിട്ടു ഘര്‍ വാപ്പസി അഥവാ വീട്ടിലേയ്ക്കുള്ള മടക്കം.

നരേന്ദ്ര മോദി സര്‍ക്കാര്‍ നൂറു ദിനം പിന്നിട്ടപ്പോള്‍ ഇന്ത്യയിലെയും വിദേശത്തെയും മാധ്യമങ്ങളൊന്നാകെ മോദിയുടെ മാന്ത്രികത ആഘോഷിച്ചു. ജപ്പാനില്‍ മോദി ചെണ്ട കൊട്ടിയത് സോഷ്യല്‍ മാധ്യമങ്ങളിലെ തരംഗമായി. മോദി നൂറു ദിവസം പൂര്‍ത്തിയാക്കിയ വേളയില്‍ ഡല്‍ഹിയില്‍ നിന്ന് ഒന്നര മണിക്കൂര്‍ യാത്രയുടെ ദൂരമുള്ള മുസാഫര്‍നഗറില്‍ ആയിരക്കണക്കിനാളുകള്‍ കുടിയിറക്കപ്പെട്ടതിന്റെ ഒരു വര്‍ഷം പിന്നിടുകയാണ്. ഇന്ത്യ ഭരിക്കാനുള്ള ഭൂരിപക്ഷം തികയ്ക്കാന്‍ യു.പിയുടെ മതേതര മണ്ണിളക്കിയ ആസൂത്രിത അജണ്ടയായിരുന്നു അവിടെ രൂപപ്പെട്ട കലാപങ്ങള്‍. ഈ സംഘര്‍ഷഭൂമിയില്‍ മുളച്ചു പൊന്തിയ വിത്തുകളുടെ അംഗബലമാണ് ബി.ജെ.പിക്ക് ഇന്ദ്രപ്രസ്ഥത്തില്‍ അധികാരമുറപ്പിച്ചത്. നല്ല ദിനങ്ങള്‍ വരാനിരിക്കുന്നുവെന്ന രാഷ്ട്രീയ സമാശ്വാസം ഒടുവില്‍ അധികാരം നേടിയിട്ടും മുസാഫര്‍നഗറിലെ ഗ്രാമങ്ങളില്‍ ഭീതി നിലച്ചിട്ടില്ല. സ്വന്തം മണ്ണു വിട്ട് ഓടിപ്പോവുന്ന മുസ്ലീം കുടുംബങ്ങളുടെ ദുരന്താനുഭവങ്ങളാണ് കലാപത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ മുസാഫര്‍നഗറില്‍ നിന്നു കേള്‍ക്കുന്ന കഥകള്‍. അയോധ്യയില്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ പോലും അസ്വസ്ഥമാവാതിരുന്ന മുസാഫര്‍നഗറില്‍ ഇന്ന് മുസ്ലീങ്ങളും ജാട്ടുകളും അകന്നിരിക്കുന്നു. ആസൂത്രിതമായ ഒരു രാഷ്ട്രീയ അജണ്ടയുടെ ഇരകളായി, അവര്‍ സൗഹൃദത്തിന്റെ സ്‌നേഹസ്പര്‍ശങ്ങള്‍ മറന്ന്, അകല്‍ച്ചയുടെ അതിരില്‍ വേര്‍തിരിക്കപ്പെട്ടു.

കഴിഞ്ഞ വര്‍ഷം നടന്ന കലാപത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ട കുത്ത്ബ കുത്ത്ബി ഗ്രാമത്തിന് അഞ്ചു കിലോമീറ്റര്‍ ദൂരത്തുള്ള കാങ്ക്‌റയിലെ താമസക്കാരനാണ് മുഹമ്മദ് ദില്‍ഷാദ്. 75 ചതുരശ്ര മീറ്ററുള്ള സ്വന്തം വീട് അയല്‍ക്കാരനായ കിരണ്‍ പാലിന് വിറ്റത് വെറും ഒന്നേ മുക്കാല്‍ ലക്ഷം രൂപയ്ക്കാണ്. മൂന്നു ലക്ഷത്തിനു വില്‍ക്കാനായിരുന്നു ശ്രമമെന്നും എന്നാല്‍, നിത്യജീവിതത്തിന് പണമില്ലാത്തതിനാല്‍ ഉള്ള വിലയ്ക്കു വിറ്റെന്നുമാണ് ദില്‍ഷാദിന്റെ വിശദീകരണം. മുഹമ്മദ് ഇല്യാസ് എന്നയാള്‍ ആറു മുറികളുള്ള 781 ചതുരശ്രമീറ്റര്‍ സ്ഥലത്തുള്ള വീട്  വിറ്റത് ഏഴു ലക്ഷം രൂപയ്ക്കാണ്. പതിനെട്ടും ഇരുപതും ലക്ഷം രൂപ വിപണിവിലയുള്ള സ്ഥലമാണ് ഇത്രയും കുറഞ്ഞ തുകയ്ക്കു വില്‍ക്കേണ്ടി വന്നത്. വീടു വാങ്ങിയ വിനോദ് സിങ് എന്ന അയല്‍ക്കാരന് ഒരു കുറ്റബോധവുമില്ല. മുഹമ്മദ് ഇല്യാസിനും നാലു സഹോദരങ്ങള്‍ക്കുമായി സര്‍ക്കാരിന്റെ നഷ്ടപരിഹാരമായി 20 ലക്ഷം രൂപ കിട്ടിയിട്ടുണ്ടെന്നാണ് ഈ അയല്‍ക്കാരന്റെ ന്യായീകരണം. മാര്‍ക്കറ്റില്‍ 15 ലക്ഷം രൂപ വിലയുള്ള വീട് ഏഴു ലക്ഷം രൂപയ്ക്കു വില്‍ക്കേണ്ടി വന്നതാണ് മുഹമ്മദ് ഷെബ്ബീര്‍ എന്നയാളുടെ അവസ്ഥ. ഷാപ്പുര്‍ എന്ന സ്ഥലത്തെ അഭയാര്‍ഥി ക്യാമ്പിലാണ് ഷെബ്ബീറും കുടുംബവും. ഇങ്ങനെ, കലാപബാധിത പ്രദേശങ്ങളില്‍ നിന്നും ഉള്ള വിലയ്ക്ക് വീടും സ്ഥലവും വിറ്റ് കുടുംബത്തോടൊപ്പം ഓടിപ്പോവുകയാണ് നൂറു കണക്കിനു മുസ്ലീം കുടുംബങ്ങള്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഗ്രാമത്തിലെ 250 മുസ്ലീം കുടുംബങ്ങളില്‍ നൂറ്റമ്പതോളം പേര്‍ ഇങ്ങനെ കുടിയൊഴിഞ്ഞു പോയെന്ന് ഗ്രാമപ്രധാന്‍ രവീന്ദര്‍ സിങ് മാധ്യമങ്ങളോടു വെളിപ്പെടുത്തി. എല്ലാവരും അയല്‍വാസികളായ ജാട്ടുകള്‍ക്ക് സ്വന്തം വീടും സ്ഥലവും വിറ്റു. സ്വന്തം ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഒരു സര്‍ക്കാരും ആശ്വാസം പകര്‍ന്ന് വരാത്തത്തിനാലാണ് ഈ കുടിയൊഴിയല്‍. ചെറിയ സംഭവങ്ങള്‍ക്കു പോലും മുസാഫര്‍നഗറില്‍ വര്‍ഗ്ഗീയതയുടെ നിറം നല്‍കുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി. ഏതു നേരത്താണ് അനിഷ്ട സംഭവങ്ങളുണ്ടാവുമെന്ന് പറയാനാവില്ലെന്നും അതിനാല്‍ തങ്ങള്‍ ജന്മദേശം വിട്ടു പോവുകയാണെന്നും മുഹമ്മദ് ഷെബ്ബീര്‍ വിവരിച്ചത് വേദനയോടെ.

പരസ്പരമുള്ള വഴക്കില്‍ കാവല്‍, മല്ലിക്പുര ഗ്രാമങ്ങളിലെ യുവാക്കള്‍ കൊല്ലപ്പെട്ടതാണ് മുസാഫര്‍നഗറിലെ മറ്റു ഗ്രാമങ്ങളില്‍ കലാപം കത്തിപ്പടരാനുള്ള കാരണം. വാര്‍ഷികവേളയില്‍ ജാട്ട് യുവാക്കളുടെ ഗ്രാമമായ മല്ലിക്പുരയില്‍ മാത്രം ഹിന്ദു ഭജനയും മറ്റും നടന്നു. കുടുംബ പരിപാടിയെന്ന നിലയ്ക്ക് സംഘടിപ്പിക്കപ്പെട്ടതാണെങ്കിലും കലാപത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കേന്ദ്രമന്ത്രിയും സ്ഥലം എം.പിയുമായ സഞ്ജീവ് ബല്യാന്‍ ചടങ്ങില്‍ പങ്കെടുത്തു. ബി.ജെ.പി എം.എല്‍.എ സുരേഷ് റാണ, ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് നരേഷ് ടിക്കായത്ത് എന്നിവരുടെയൊക്കെ സാന്നിധ്യമുണ്ടായി. ഈ ഗ്രാമത്തില്‍ കൊല്ലപ്പെട്ട സച്ചിന്‍, ഗൗരവ് എന്നീ യുവാക്കള്‍ രക്തസാക്ഷികളായി ഓര്‍മ്മിക്കപ്പെട്ടു. തൊട്ടടുത്തുള്ള കാവല്‍ ഗ്രാമം അപ്പോള്‍ ശാന്തമായിരുന്നു. മല്ലിക്പുരയില്‍ ചടങ്ങിനെത്തിയ മന്ത്രി കാവലില്‍ കൊല്ലപ്പെട്ട ഷാനവാസ് ഹുസൈന്റെ വീടു സന്ദര്‍ശിച്ചില്ല. തന്റെ മകനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല എന്ന് ഷാനവാസിന്റെ പിതാവ് സലിം ഖുറേഷി വിതുമ്പിയപ്പോഴും കേള്‍ക്കാന്‍ ആരുമുണ്ടായില്ല.

ഇങ്ങനെ, അരക്ഷിതമായ ഒരു കൂട്ടം ഗ്രാമീണര്‍ സ്വന്തം ഗ്രാമങ്ങള്‍ വിട്ടോടിപ്പോവുമ്പോഴും നല്ല ദിനങ്ങളെക്കുറിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ് മോദി. ഒരര്‍ഥത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പുള്ള ആസൂത്രണമായിരുന്നു മുസാഫര്‍നഗര്‍ കലാപം. ഉത്തര്‍പ്രദേശിലാകെ ധ്രുവീകരണ രാഷ്ട്രീയം തുടങ്ങിയത് ഇക്കാലയളവിലായിരുന്നു. യു.പിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അമിത് ഷാ എത്തിയതിനു ദിവസങ്ങള്‍ക്കുള്ളിലായിരുന്നു കലാപം. സംഘപരിവാര്‍ ആസൂത്രണത്തിലുള്ള കലാപം യു.പിയിലാകെ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമായി. മുസാഫര്‍നഗര്‍ കലാപത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട സഞ്ജീവ് ബല്യാനെ കേന്ദ്രമന്ത്രിയാക്കി ആദരിക്കുകയായിരുന്നു മോദി. ഇതുവരെയും കലാപത്തിന്റെ ഇരകളെക്കുറിച്ച് പ്രധാനമന്ത്രി ഒരു വാക്കു മിണ്ടിയിട്ടില്ല. ഇപ്പോഴും നൂറു കണക്കിന് അഭയാര്‍ഥികള്‍ ക്യാമ്പുകളില്‍ കഴിയുന്നു. കലാപത്തിന് ഒരു വര്‍ഷം പിന്നിടുമ്പോഴും മുസാഫര്‍നഗറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും നാം കേള്‍ക്കുന്ന വാര്‍ത്തകള്‍ സമാധാനത്തിന്റേതല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം യു.പിയിലെങ്ങും അറുനൂറോളം വര്‍ഗ്ഗീയസംഘര്‍ഷങ്ങളുണ്ടായെന്നാണ് വെളിപ്പെടുത്തല്‍. തിരഞ്ഞെടുപ്പു കാലത്തെ ധ്രുവീകരണം ഫലപ്രഖ്യാപനത്തിനു ശേഷം തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളുമായി പൊട്ടിപ്പുറപ്പെടുകയായിരുന്നു. വഴിത്തര്‍ക്കം, പള്ളിയിലെ ഉച്ചഭാഷിണി പ്രവര്‍ത്തിച്ചതും,  പെണ്‍കുട്ടികളെ ശല്യം ചെയ്‌തെന്ന വഴക്കുമൊക്കെ വര്‍ഗ്ഗീയസംഘര്‍ഷങ്ങളായി. ഇങ്ങനെ, നേരിയ പ്രശ്‌നങ്ങളില്‍പ്പോലും വര്‍ഗ്ഗീയതയുടെ കനലാളിക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളുണ്ടായി. യു.പിയില്‍ ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന നിയമസഭാ മണ്ഡലങ്ങളിലായിരുന്നു ഈ സംഘര്‍ഷങ്ങളെന്നും ശ്രദ്ധേയമായി. രാഷ്ട്രീയ ഗൂഢാലോചനയാണ് സംഘര്‍ഷങ്ങള്‍ക്കു പിന്നിലെ രസതന്ത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ ലഹരിയില്‍ യു.പിയിലെ സംസ്ഥാനഭരണവും കൈയ്യടക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. മെയിന്‍പുരി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തിരഞ്ഞെടുപ്പു പ്രചാരണത്തിനായി നിയോഗിച്ചിട്ടുള്ളത് യോഗി ആദിത്യനാഥിനെയാണ്. അദ്ദേഹമാവട്ടെ, ഹിന്ദു മുസ്ലീം വിഭജനം സൃഷ്ടിക്കുന്ന പ്രകോപനപരമായ പ്രസംഗങ്ങള്‍ക്ക് ശ്രദ്ധേയനുമാണ് യു.പിയില്‍. ഇങ്ങനെ, അയല്‍ദേശങ്ങളൊക്കെ കലാപക്കനലില്‍ നീറുമ്പോഴും അധികാരത്തിന്റെ നൂറുദിനം ആഘോഷിച്ചും നല്ല ദിനങ്ങളെക്കുറിച്ചുള്ള സുഭാഷിതങ്ങള്‍ പറഞ്ഞും മുന്നോട്ടു പോവുകയാണ് മോദി.

ബെസ്റ്റ് ഓഫ് അഴിമുഖം 

പഠനമുറികളിലേക്ക് ഒളിച്ചു കടത്തുന്ന (കാവി) ചരിത്രം
ചരിത്രം പഠിച്ചാല്‍ മോദി പലസ്തീനെ മാറ്റിനിര്‍ത്തില്ല
കാവിരാജ്യക്കാര്‍ ചരിത്രത്തില്‍ നടത്തുന്ന കുത്തിത്തിരുപ്പുകള്‍
നരേന്ദ്ര ദാബോല്‍ക്കര്‍ എന്ന ബൗദ്ധിക രക്തസാക്ഷി
ബിപിന്‍ ചന്ദ്രമാര്‍ വിടപറയുമ്പോള്‍ ആദിത്യനാഥുമാര്‍ അപ്പോസ്തലന്മാരാവുന്നു

മോദി ഭരണത്തിന്റെ നൂറു ദിനനേട്ടങ്ങളെക്കുറിച്ച് മാധ്യമങ്ങളും മന്ത്രാലയങ്ങളും ആയിരം നാവുകളോടെ പ്രചാരണത്തിലാണ്. വരികള്‍ക്കിടയിലെ വായനയില്‍ അവയുടെ നിരര്‍ഥകത ബോധ്യപ്പെടുമെന്നതിനാല്‍ കൂടുതല്‍ വിവരണം ഇവിടെ അത്യാവശ്യമല്ല. നൂറു ദിനമല്ല, എത്ര നാള്‍ പിന്നിട്ടാലും രാജ്യത്തിന്റെ വൈവിധ്യങ്ങളായ ചേരുവകളെ വേര്‍തിരിക്കുന്ന പ്രയോഗവും പ്രത്യയശാസ്ത്രവും ഏല്‍പ്പിക്കുന്ന പരിക്കും വേദനയും കാലങ്ങള്‍ക്കപ്പുറവും മായ്ക്കപ്പെടാതെ ശേഷിക്കും. ഇതിന്, ഇന്ത്യാ വിഭജനം, ഗാന്ധിവധം, ബാബ്‌റി മസ്ജിദ് തകര്‍ച്ച, ഗുജറാത്ത് കലാപം തുടങ്ങിയ ചരിത്രകാഴ്ചകളുണ്ട്. വര്‍ത്തമാനം വായിച്ചെടുക്കാന്‍ ചരിത്രമാണ് നമ്മുടെ അധ്യാപകന്‍. 

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍