UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നേപ്പാളില്‍ മോദി സ്കോര്‍ ചെയ്തു; ഇനി എന്ത് എന്നത് മുഖ്യം

Avatar

ടീം അഴിമുഖം

നയതന്ത്രത്തില്‍ വിജയത്തിന് പല സൂചനകളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേപ്പാള്‍ സന്ദര്‍ശനത്തിന്റെ വിജയത്തിന്റെ വലിയൊരു ഭാഗം അദ്ദേഹം അവിടെ എത്തുംമുമ്പുതന്നെ വന്നുകഴിഞ്ഞിരുന്നു. 17 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈ സുപ്രധാന അയല്‍രാഷ്ട്രത്തില്‍ ഒരു ഉഭയകക്ഷി പ്രാധാന്യമുള്ള സന്ദര്‍ശനം നടത്തുന്നത്. ഈ 17 വര്‍ഷത്തിനിടയില്‍ നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്ക് 12-ഓളം പ്രധാനമന്ത്രി, പ്രസിഡന്‍റ് സന്ദര്‍ശനങ്ങളുണ്ടായി. പതിവുപോലെ, നേപ്പാളിന്റെ ഏറ്റവും അടുത്ത സുഹൃത്തായി കാണിക്കാന്‍ മോദി എല്ലാ ശ്രമവും നടത്തി. സാധാരണക്കാരന്റെ പെരുമാറ്റരീതികള്‍, തീര്‍ത്ഥാടകന്റെ വേഷഭൂഷകള്‍, ആവശ്യനേരത്ത് സഹായത്തിനെത്തുന്ന നേപ്പാളിന്റെ സുഹൃത്ത്, അങ്ങനെ പലതും. നേപ്പാളില്‍ ഏറെനാളായി പുകയുന്ന അസംതൃപ്തിയായ, ഇന്ത്യയുടെ വല്ല്യേട്ടന്‍ മനോഭാവത്തെ സൂചിപ്പിക്കുന്ന എന്തുതരം രീതികളും ഒഴിവാക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമവും പ്രകടമായിരുന്നു. നേപ്പാളിന്റെ പരമാധികാരത്തോട് ഇന്ത്യക്കുള്ള ബഹുമാനം പ്രകടമാക്കാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കിയുമില്ല. പാഴായ അവസരങ്ങളെക്കുറിച്ച് പറഞ്ഞ മോദി, അഭിവൃദ്ധിയിലേക്ക് ഒരുമിച്ചുള്ള യാത്രയും വാഗ്ദാനം ചെയ്തു. തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ആവശ്യത്തിലേറെ ഇടപെടുന്ന ഒരയല്‍ക്കാരനായിട്ടാണ് ഇന്ത്യയെ നേപ്പാളില്‍ എന്നും കണ്ടിട്ടുള്ളത്.

“വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനിവിടെ ഒരു തീര്‍ത്ഥാടകനായിട്ടാണ് വന്നത്. നേപ്പാളില്‍ ഒരിക്കല്‍ വന്ന എല്ലാവരും എന്നത്തേക്കും ഇവിടുത്തുകാരാകും.”പാര്‍ലമെന്റില്‍ തന്റെ പ്രസംഗം തുടങ്ങും മുമ്പു മോദി നേപ്പാളിയില്‍ പറഞ്ഞു. ഉദാരനായ ഒരയല്‍ക്കാരന്റെയും, സംരക്ഷകന്റെയും, ശിവഭക്തന്റെയും- സോമനാഥ്, പശുപതിനാഥ് വഴി വിശ്വനാഥ്- തീര്‍ത്ഥാടക വിനോദസഞ്ചാര സാധ്യതകള്‍ ഏറെയുള്ള ഹിന്ദു ഭൂരിപക്ഷ നേപ്പാളുമായി മോദിക്ക് എളുപ്പത്തില്‍ ഒരു ഇഴയടുപ്പം സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇതോടെ താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി എത്തിയതോടെ കാര്യങ്ങള്‍ എങ്ങനെ മാറിയെന്നും മോദി കാണിച്ചു.

സോമനാഥ ക്ഷേത്രത്തിന്റെ നവീകരണ ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള അന്നത്തെ പ്രസിഡണ്ട് രാജേന്ദ്രപ്രസാദിന്റെ ആഗ്രഹത്തിന് ജവഹര്‍ലാല്‍ നെഹ്രു തടയിട്ടത് അത് ഒരു മതേതര രാഷ്ട്രത്തില്‍ തെറ്റായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കും എന്നുപറഞ്ഞാണ്. പക്ഷേ, അറുപതാണ്ടുകള്‍ക്ക് ശേഷം നെഹ്റുവിന്റെ പിന്‍ഗാമി പശുപതിനാഥ ക്ഷേത്രത്തില്‍ ഒരു മണിക്കൂറോളം ഭക്തനായി ചെലവിട്ടു. മോദിക്ക് മുമ്പ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും ചെയ്യാത്തൊരു കാര്യം.

ബെസ്റ്റ് ഓഫ് അഴിമുഖം
ഭൂട്ടാനെ കൊച്ചാക്കരുത്
അയലത്തെ അദ്ദേഹം
ഒരു മുഴം മുന്പേ എറിഞ്ഞ് മോദി
ചരിത്രം പഠിച്ചാല്‍ മോദി പലസ്തീനെ മാറ്റിനിര്‍ത്തില്ല
മോദി സര്‍ക്കാരിന്‍റെ ഇസ്രയേല്‍ പ്രേമത്തിന് പിന്നില്‍

താന്‍ ഉദ്ദേശിച്ച സന്ദേശങ്ങള്‍ നല്‍കുന്നതില്‍ പ്രധാനമന്ത്രിയായ മോദി വളരെ ആയാസരഹിതനായിരുന്നു- ഭരണഘടനാ നിര്‍മ്മാണത്തിന് നേപ്പാളിലെ രാഷ്ട്രീയക്കാര്‍ കക്ഷി രാഷ്ട്രീയത്തിന് അതീതരായി ഉയരണം. നേപ്പാള്‍ ഒരു ഫെഡറല്‍, റിപ്പബ്ലിക്കന്‍ ഭരണഘടന എഴുതുന്നതില്‍ ഇന്ത്യ സന്തുഷ്ടമായിരിക്കും എന്നു പറഞ്ഞതിനോടൊപ്പം തന്നെ,“അത് ദരിദ്രരേയും ധനികരെയും, ഗ്രാമത്തെയും നഗരത്തെയും, കുന്നും, പര്‍വ്വതവും, ടെറായ് മേഖലയും ഒന്നിപ്പിക്കുന്ന ഒന്നാകണം” എന്നും കൂട്ടിച്ചേര്‍ത്തു. ഇത് മാവോവാദികളും, മധേശി കക്ഷികളും ഒരുപോലെ പറയുന്ന ജാതി-വംശാധിഷ്ഠിതമായ, സ്വത്വ തനിമയിലൂന്നിയ ഫെഡറലിസത്തിന്റെ തിരസ്കാരമാണ്. നേരത്തെ ഇന്ത്യ ഇതിന് പിന്തുണ നല്കിയിരുന്നു. നേപ്പാള്‍ ജനതയെ അവരുടെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയുടെയും, സംസ്കാരത്തിന്റെയും, സാമൂഹ്യ സാമ്പത്തികതട്ടുകളുടേയും അടിസ്ഥാനത്തില്‍ ഒന്നിപ്പിക്കുന്നതിലാണ് അദ്ദേഹം ഊന്നല്‍ നല്കിയത്. അല്ലാതെ ജാതീയ, വംശീയ  അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനല്ല. എന്നാല്‍ നേപ്പാള്‍ ഒരു മതേതര രാഷ്ട്രമാകുന്നതിനാണോ, അതോ ഹിന്ദു രാഷ്ട്രമാകുന്നതിനാണോ ഇന്ത്യ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തോട് മോദി മൌനം പാലിച്ചു.

‘യുദ്ധത്തില്‍ നിന്നും ബുദ്ധനിലേക്ക്’-യുദ്ധത്തില്‍ നിന്നും സമാധാനത്തിലേക്ക്- മാറിയ മാവോവാദികള്‍ക്ക് ചെറുതാക്കീതും പ്രശംസയും നല്കിയത്, ഭരണഘടനാ നിര്‍മ്മാണത്തില്‍ അവരുടെ പങ്കിനെക്കുറിച്ചുള്ള മോദിയുടെ ജാഗ്രതയോടെയുള്ള പ്രതീക്ഷകൂടിയാണ്. “ലോകം മുഴുവന്‍ നിങ്ങളെ നോക്കുകയാണ്. ആയുധങ്ങള്‍ക്ക് മാറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന ഒരുപാടുപേരെ നിങ്ങളുടെ വിജയം നിരാശപ്പെടുത്തും.” അതിനുള്ളില്‍ പറയാതെ പറഞ്ഞ സന്ദേശം വളരെ വ്യക്തമായിരുന്നു. ഒരവസരം ഇതിനകം നഷ്ടപ്പെടുത്തിയ നേപ്പാള്‍, ഭരണഘടനാ നിര്‍മ്മാണത്തില്‍ പരാജയപ്പെട്ടാല്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും.

ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തിയ മോദി വളരെ സന്തോഷവാനായിരിക്കും. “ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയൊരു ബന്ധത്തിനു നമ്മളൊരുമിച്ചു അടിത്തറയിട്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു… നമ്മുടെ വീക്ഷണം യാഥാര്‍ത്ഥ്യമാക്കാന്‍ സാധ്യമായതെല്ലാം ഞാന്‍ ചെയ്യും. നവംബറില്‍ വീണ്ടും നേപ്പാളില്‍ വരാനും മറ്റ് സ്ഥലങ്ങള്‍ കാണാനും മാത്രമല്ല, ഇന്ത്യയും നേപ്പാളും  തമ്മില്‍ രാഷ്ട്രീയ ഇടപെടലിന്റെ  കൂടുതല്‍ സുസ്ഥിരമായ പ്രക്രിയയും ഉണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,” തിരിച്ചെത്തിയപ്പോള്‍ നല്കിയ സന്ദേശത്തില്‍ മോദി പറഞ്ഞു. പക്ഷേ വാഗ്ദാനങ്ങള്‍ നടപ്പാക്കേണ്ടിവരുന്ന ഘട്ടത്തിലാണ് വെല്ലുവിളികള്‍ കാത്തിരിക്കുന്നത്. മോദി ജനിപ്പിച്ച പുതിയ പ്രതീക്ഷകള്‍ക്ക്, പദ്ധതികള്‍ നടപ്പാക്കുന്നതിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥവര്‍ഗ്ഗത്തിന്റെ കെടുകാര്യസ്ഥതയേയും നേപ്പാളി രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള ത്വരയെയും നേരിടേണ്ടതുണ്ട്. അവ മാറ്റാന്‍ മോദിക്കായില്ലെങ്കില്‍, ഈ സന്ദര്‍ശനത്തിന്റെ ആവേശവും ഉത്സാഹവും പ്രതീക്ഷിച്ചതിനെക്കാളും വേഗത്തില്‍ അപ്രത്യക്ഷമാകും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍