UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതാണ് മോദി

Avatar

ടി.സി രാജേഷ്

 

പ്രതിച്ഛായ രൂപീകരണത്തിന്റെ കാര്യത്തില്‍ നരേന്ദ്ര മോദിയെ കഴിഞ്ഞേയുള്ളു മറ്റാരും. ഗുജറാത്തിലെ വംശഹത്യയുടെയൊക്കെ കാലം കഴിഞ്ഞു. അതിപ്പോള്‍ ആരോര്‍ക്കുന്നു?അതിനെല്ലാമപ്പുറത്തേക്ക് വികസനവും രാജ്യപുരോഗതിയുമെന്നതിലൂന്നി മോദി തുറന്നുവിട്ട ചെറുഭൂതങ്ങള്‍ പതിയെപ്പതിയെ സമൂഹത്തിലങ്ങനെ പടര്‍ന്നുവളരുകയാണ്. ഡിജിറ്റല്‍ ഇന്ത്യ, സ്വച്ഛ്ഭാരത്, ഈസ് ഓഫ് ഡൂയിംഗ്… ഇപ്പോഴിതാ സാമ്പത്തികരംഗത്തെ സര്‍ജിക്കല്‍ സ്ട്രൈക്കും.

 

സാധാരണക്കാരെ രണ്ടുമൂന്നുദിവസം നെട്ടോട്ടമോടിക്കുന്ന തീരുമാനമാണിതെന്നതൊക്കെ ശരിതന്നെ. ഒരു ചര്‍ച്ചയ്ക്കുപോലും അവസരം നല്‍കാതെ ഒറ്റ പ്രഖ്യാപനമായിരുന്നു. എതിരാളികള്‍ക്ക് ഇതിനെതിരെ സംസാരിക്കാമെന്നല്ലാതെ ഒന്നും ചെയ്യാനാകില്ല. പൂത്തപണം കൈവശമുള്ളവരോട് ജനങ്ങളുടെയുള്ളില്‍ ഒരസൂയയുണ്ട്. അവനൊക്കെ ഇതുവരണമെന്നാണ് ഇപ്പോള്‍ ഈ സോകോള്‍ഡ് സാധാരണക്കാര്‍ കരുതുന്നത്. ബിജെപിയുടെ വോട്ടുബാങ്കായി മാറിക്കൊണ്ടിരിക്കുന്ന ഇടത്തരക്കാരാണ് ഇവരിലേറെയും. പണം നോട്ടുകെട്ടുകളായി അലമാരയിലടുക്കിവച്ചിരിക്കുന്നവര്‍ക്കിട്ട് നല്ലൊരു തട്ടുകൊടുക്കാനായി രണ്ടോമൂന്നോ ദിവസം ഈ ബുദ്ധിമുട്ടൊക്കെ അനുഭവിക്കാന്‍ ഇവര്‍ തയ്യാറാണ്. അത്തരമൊരു മാനസ്സികാവസ്ഥ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നിടത്താണ് മോദിയുടെ ഇപ്പോഴത്തെ പ്രവൃത്തിയിലെ വിജയം.

 

കേരളത്തിലെ ചില സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ ഇന്നൊവേഷനുകള്‍ കൊണ്ടുവരാറുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിംഗിലായാലും മൊബൈല്‍ ആപ്പിലായാലുമൊക്കെ. അത്തരത്തില്‍ ‍ഡിജിറ്റല്‍ നൂതനത്വങ്ങളുമായി ആരെത്തിയാലും അതെല്ലാം ചേര്‍ത്തുവയ്ക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുമായിട്ടായിരിക്കും. പ്രത്യേകിച്ച് ധനകാര്യസ്ഥാപനങ്ങള്‍. ഡിജിറ്റല്‍ രംഗത്തുണ്ടാകുന്ന സാധാരണമായ വളര്‍ച്ചയെ മുഴുവന്‍ തന്റെ ഒരു പദ്ധതിയുടെ അക്കൗണ്ടിലാക്കാന്‍ മോദിക്കു കഴിഞ്ഞതിന്റെ വിജയമാണത്.

 

 

സ്വച്ഛ് ഭാരത് നോക്കൂ. കക്കൂസുകളില്ലാത്ത സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതിയാണതെന്ന് നാം ആദ്യം കളിയാക്കി. കേരളം അതിനൊക്കെ ഒത്തിരി മുന്നിലാണെന്നും നാം അഭിമാനിച്ചു. എന്നിട്ടും സമ്പൂര്‍ണ വെളിയിട വിസര്‍ജ്ജനമുക്ത സംസ്ഥാനമായി കേരളത്തേയും പ്രഖ്യാപിച്ച് മോദിയുടെ പദ്ധതിയുടെ പിന്നാലെകൂടാന്‍ നാം നിര്‍ബന്ധിതമായി. ഏത് ശുചീകരണ പരിപാടിവന്നാലും അതെല്ലാം ഇപ്പോള്‍ സ്വച്ഛ്ഭാരതിന്റെ അക്കൗണ്ടിലാണ് പോകുന്നത്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ശുചിത്വ മിഷന്‍ പോലും കേരളത്തിന്റെ മാലിന്യനിര്‍മാര്‍ജ്ജന പദ്ധതിയേക്കാള്‍ പ്രാധാന്യം നല്‍കുന്നത് സ്വച്ഛ് ഭാരത് പദ്ധതികള്‍ക്കാണെന്നതാണ് വസ്തുത. വീടുകളില്‍ ഉറവിട മാലിന്യസംസ്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനേക്കാള്‍ ഇടതു ജനപ്രതിനിധികള്‍ക്കുപോലും കൂടുതല്‍ താല്‍പര്യം കക്കൂസുകളും മറ്റും ഉണ്ടാക്കുന്നതിനാണ്- ഹരിതകേരളമല്ല, സ്വച്ഛ ഭാരതമാണ് അവരുടെ ഉള്ളില്‍ കയറിക്കൂടിയിരിക്കുന്നത്.

 

അടുത്തമാസം തിരുവനന്തപുരത്ത് ഒരു ദ്വിദിന കോണ്‍ഫറന്‍സ് നടക്കുന്നുണ്ട്. സംസ്ഥാനത്തുള്ള ഒരു ഹൈപ്രൊഫൈല്‍ സംഘടനയാണ് അത് നടത്തുന്നത്. മൂന്നു സെഷനാണുള്ളത്. ഒന്നാമത്തേത് സ്വച്ഛ് ഭാരത്, രണ്ടാമത്തേത് ഡിജിറ്റല്‍ ഇന്ത്യ, മൂന്നാമത്തേത് ഈസ് ഓഫ് ഡൂയിംഗ്. പങ്കെടുത്തു സംസാരിക്കുന്നവരില്‍ നല്ലൊരു പങ്കും സംസ്ഥാനത്തുനിന്നുള്ള ഉന്നതോദ്യോഗസ്ഥര്‍.

 

അതാണ് മോദി.

 

(ടി.സി രാജേഷ് ഫേസ്ബുക്കില്‍ എഴുതിയത്: https://www.facebook.com/tcrajeshin)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍