UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാര്‍ലമെന്റില്‍ വന്ന് ജനങ്ങളോട് മറുപടി പറയൂ

Avatar

ടീം അഴിമുഖം

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പതിവ് കഥയാണിത്. പാര്‍ലമെന്റ്-ഇന്ത്യന്‍ ജനതയുടെ പരമാധികാര അവകാശം വെളിപ്പെടേണ്ട ഇടം-പ്രവര്‍ത്തിക്കുന്നില്ല. പ്രതിപക്ഷം രാജ്യസഭയും ലോക്സഭയും തടസപ്പെടുത്തുന്നു. കാശ് പിന്‍വലിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെടുന്ന അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു സഭയില്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെടുന്നു. ടി വിയിലും സംഗീത പരിപാടിയിലും സംസാരിക്കാന്‍ മോദിക്ക് കഴിയുമെങ്കില്‍ എന്തുകൊണ്ട് സഭയില്‍ ചെയ്തുകൂടാ എന്നു ചോദിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എതിര്‍പ്പിന്റെ മുന്നിലുണ്ട്. പക്ഷേ സഭ സ്തംഭിപ്പിക്കാന്‍ ഈ ആവശ്യം മാത്രം ന്യായമാണോ എന്നും സംശയിക്കാം. രാജ്യസഭയില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടക്കുകയായിരുന്നു. സഭയുടെ മേശപ്പുറത്ത് മറ്റ് പ്രധാന പ്രശ്നങ്ങളുമുണ്ട്-ജി എസ് ടി മുതല്‍ വാടക ഗര്‍ഭധാരണ ബില്‍ വരെ. സുഗമമായ ജനാധിപത്യരീതികള്‍ക്ക് വിഘാതമാണ് സഭാ നടപടികള്‍ തടസപ്പെടുത്തുന്നത് എന്ന് ഞങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. അത് നികുതിദായകന്റെ പണം ചോര്‍ത്തലും രാഷ്ട്ര വിഭവങ്ങളെ പാഴാക്കുകയുമാണ്. അത് രാഷ്ട്രീയത്തെ കൂടുതല്‍ ധ്രുവീകരിക്കുകയല്ലാതെ അകലങ്ങളെ അടുപ്പിക്കുകയില്ല. അത് ഗൌരവമുള്ള പ്രശ്നങ്ങളെ നേരിടാന്‍ സഹായിക്കില്ല. പിന്നെ സംവാദം തടയുന്നതിന് ഒരു ന്യായീകരണവും ഇല്ല.

പക്ഷേ പ്രതിപക്ഷത്തിന് ഈ പ്രതിസന്ധിയിലുള്ള ഉത്തരവാദിത്തം നല്‍കാമെങ്കിലും രാഷ്ട്രീയ കൈകാര്യം മെച്ചപ്പെടുത്തേണ്ടത് സര്‍ക്കാരിന്റെ ചുമതല കൂടിയാണ്. രാജ്യത്തുണ്ടായ ബുദ്ധിമുട്ട്  പ്രതിപക്ഷം ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ മുന്‍കൂട്ടി കാണണമായിരുന്നു. തന്റെ നയം വിശദീകരിക്കാന്‍ പാര്‍ലമെന്റിനെ ഉപയോഗിക്കാത്ത മോദിയുടെ നിലപാട് അല്പം വിചിത്രമാണ്. പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം തന്നെ പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണം എന്നാണ്.

രാഷ്ട്രീയ വേദികള്‍ മുതല്‍ ക്ഷണിക്കപ്പെട്ടവരുടെ യോഗങ്ങളില്‍ വരെ കാശ് പിന്‍വലിക്കാനുള്ള തന്റെ നയത്തെ ന്യായീകരിച്ചുകൊണ്ട് മോദി സംസാരിക്കുന്നു. ശക്തമായാണ് മോദി അതിനെ ന്യായീകരിക്കുന്നത്. സര്‍ക്കാരിന്‍റേതിനെക്കാള്‍ മോദിയുടെ വ്യക്തിപരമായ മുന്‍കയ്യിലെടുത്ത തീരുമാനം എന്ന നിലയിലാണ് ജനങ്ങളുടെ മനസിലും ഇത് പതിഞ്ഞിരിക്കുന്നത്. അഴിമതിക്കും കള്ളപ്പണത്തിനും ഭീകരവാദത്തിനും എതിരായ തന്റെ പോരാട്ടത്തിലെ നിര്‍ണായകമായ ഒരു മുഹൂര്‍ത്തമായി പ്രധാന മന്ത്രി ഇതിനെ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. ബുദ്ധിമുട്ടുകള്‍ 50 ദിവസങ്ങളില്‍ കുറവ് മാത്രമേ ഉണ്ടാകൂ എന്ന് അവകാശപ്പെടുന്ന അദ്ദേഹംഅഴിമതി തടയാനും ക്ഷേമപദ്ധതികള്‍ക്കും കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും പറയുന്നു.

അങ്ങനെയെങ്കില്‍ ഇനി മോദി ചെയ്യേണ്ടത് ഈ നയങ്ങള്‍ വിശദമാക്കുകയും ജനങ്ങളുടെ ആശങ്കകള്‍ അകറ്റാനും ജനങ്ങളുടെ പരമാധികാര സഭയായ പാര്‍ലമെന്റില്‍ സംസാരിക്കുക എന്നതാണ്. അതാണ് ശരിയായ രീതി. ഈ രാഷ്ട്രീയ പ്രതിസന്ധി മറികടന്ന് പാര്‍ലമെന്റിനെ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്ന ഏറ്റവും യുക്തമായ മാര്‍ഗവും അതുതന്നെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍