UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രസിഡന്‍സി സര്‍വ്വകലാശാല 200-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് നരേന്ദ്ര മോദിക്ക് ക്ഷണമില്ല

പ്രസിഡന്‍സി കോളേജിന്റെ മതനിരപേക്ഷ പാരമ്പര്യം മുന്‍നിറുത്തിയാണ് നരേന്ദ്ര മോദിയെ ചടങ്ങിന് ക്ഷണിക്കേണ്ടതില്ലെന്ന് ആഘോഷ കമ്മിറ്റി തീരുമാനിച്ചത്

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കോളേജും ഒരു കാലത്ത് ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനം എന്ന ഖ്യാതിയുമുണ്ടായിരുന്ന കൊല്‍ക്കത്തയിലെ പ്രസിഡന്‍സി സര്‍വ്വകലാശാലയുടെ (നേരത്തെ പ്രസിഡന്‍സി കോളേജ്) 200-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണമില്ല. 1817ല്‍ നവോത്ഥാന നേതാക്കന്മാരായിരുന്ന രാജാറാം മോഹന്‍ റോയിയെ പോലുള്ളവരും ബ്രിട്ടീഷ് വിദ്യാഭ്യാസ വിചക്ഷണന്‍ ഡേവിഡ് ഹാരെയും മുന്‍കൈയെടുത്ത് സ്ഥാപിച്ച ഹിന്ദു കോളേജിന്റെ (പിന്നീട് പേരുമാറ്റി പ്രസിഡന്‍സി കോളേജ് എന്നാക്കി) മതനിരപേക്ഷ പാരമ്പര്യം മുന്‍നിറുത്തിയാണ് നരേന്ദ്ര മോദിയെ ചടങ്ങിന് ക്ഷണിക്കേണ്ടതില്ലെന്ന് ആഘോഷ കമ്മിറ്റി തീരുമാനിച്ചത്.

പ്രസിഡന്റ് പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരെ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥികളല്ലെങ്കിലും ഇരുവരും ക്ഷണം സ്വീകരിച്ചതായി കമ്മിറ്റി പ്രസിഡന്റും കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥിയുമായ ജയന്ത് മിത്ര അറിയിച്ചു.

ഇന്ത്യയിലെ ആദ്യത്തെ കോളേജാണ് പ്രസിഡന്‍സി ഹിന്ദു കോളേജ്. ഒരുകാലത്ത് ലോകോത്തര ഉന്നതവിദ്യാഭ്യാസ സ്ഥാപനം എന്ന പേരുണ്ടായിരുന്ന കോളേജില്‍ നിരവധി പ്രമുഖര്‍ പഠിച്ചിട്ടുണ്ട്. പ്രമുഖ ശാസ്തജ്ഞനായിരുന്ന സത്യന്‍ ബോസ്, സ്വാമി വിവേകാനന്ദന്‍, നേതാജി സുഭാഷ് ചന്ദ്ര ബോസ്, സത്യജിത് റായ്, ബങ്കിം ചന്ദ്ര ചതോപാദ്ധ്യായ, അമര്‍ത്യ സെന്‍, ബിഭൂതിഭൂഷന്‍ ബന്ധോപാദ്യായ, നോബല്‍ ജേതാവ് റോണാള്‍ഡ് റോസ്, സിനിമ താരം അശോക് കുമാര്‍, ജ്യോതി ബസു, ബുദ്ധദേബ് ഭട്ടാചാര്യ തുടങ്ങിയവര്‍ ഇവിടുത്തെ പൂര്‍വ വിദ്യാര്‍ത്ഥികളായിരുന്നു. അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ലഭിച്ച നിരവധി സാമ്പത്തിക ശാസ്ത്രകാരന്മാരെയും സര്‍വകലാശാല സംഭാവന ചെയ്തിട്ടുണ്ട്. ആഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാതിരുന്നത് നിരവധി പേരുടെ നെറ്റി ചുളിപ്പിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍