UPDATES

ട്രെന്‍ഡിങ്ങ്

നോട്ട് നിരോധനത്തെക്കുറിച്ച് മോദി പറഞ്ഞ 10 കാര്യങ്ങള്‍: ജനം സ്വീകരിച്ചു; സാമ്പത്തിക ശാസ്ത്രജ്ഞര്‍ ആശയക്കുഴപ്പത്തില്‍

ഇന്ത്യ ടുഡെ ഗ്രൂപ്പിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ രാജ് ചെങ്കപ്പയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം ഇത് രണ്ടാം തവണയാണ് എതെങ്കിലും ഒരു വാര്‍ത്ത മാധ്യമത്തിന് അഭിമുഖം അനുവദിക്കുന്നത്. നേരത്തെ ടൈംസ് നൗ ചാനലിലെ അര്‍ണാബ് ഗോസ്വാമിക്ക് അദ്ദേഹം അഭിമുഖം അനുവദിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യ ടുഡെ ഗ്രൂപ്പിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ രാജ് ചെങ്കപ്പയ്ക്കും അദ്ദേഹം അഭിമുഖം അനുവദിച്ചു. നോട്ട് നിരോധനം സംബന്ധിച്ചായിരുന്നു അഭിമുഖത്തിലെ പ്രധാന ചോദ്യങ്ങള്‍. അഭിമുഖത്തില്‍ മോദി നടത്തിയ പത്ത് പ്രധാന പരാമര്‍ശങ്ങളാണ് താഴെ

1. ഇന്ത്യയൊരു നിര്‍ണായക വഴിത്തിരിവിലാണെന്ന് ഞാന്‍ കരുതുന്നു. ഒരു വികസിത രാജ്യം എന്ന നിലയിലും ആഗോള നേതാവ് എന്ന നിലയിലും അതിന്റെ ആഭ്യന്തരശക്തി പൂര്‍ണമായും പ്രകടിപ്പിക്കുന്ന ഘട്ടം. എല്ലാ മലിന്യങ്ങളില്‍ നിന്നും മുക്തമായ ഇന്ത്യ.

2. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്ഥിരമായി മാറ്റുന്നതിനെ വിമര്‍ശിക്കുന്നവര്‍ നയവും തന്ത്രവും തമ്മിലുള്ള വ്യത്യാസം മനസിലാക്കണം. നോട്ട് നിരോധനം എന്ന ഞങ്ങളുടെ നയം സുവ്യക്തവും അചഞ്ചലവും സുദൃഢവുമാണ്. ഞങ്ങളുടെ തന്ത്രം എപ്പോഴും ശത്രുവില്‍ നിന്നും ഒരു അടി മുന്നില്‍ എന്നതായിരിക്കും.

3. നിങ്ങളുടെ ഉദ്ദേശം ശുദ്ധമാണെങ്കില്‍, നിങ്ങളുടെ പ്രവര്‍ത്തനത്തിന് വ്യക്തതയുണ്ടെങ്കില്‍ അതിന്റെ അന്തരഫലം എല്ലാവര്‍ക്കും ദര്‍ശിക്കാനാവും. എന്റെ വിമര്‍ശകര്‍ എന്തൊക്കെ പറഞ്ഞാലും പൊതുനന്മയ്ക്കപ്പുറം ഒരു വ്യക്തിപരമായ ലാഭവും ഞാന്‍ തേടുന്നില്ല.

4. നോട്ട് നിരോധന തീരുമാനം വളരെ വലുതായതിനാല്‍ നമ്മുടെ മികച്ച സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ പോലും ആശയക്കുഴപ്പത്തിലാണ്. എന്നാല്‍ നമ്മുടെ 1.25 ബില്യണ്‍ വരുന്ന പൗരന്മാര്‍, വളരെ വ്യക്തിപരമായ ദുരിതങ്ങള്‍ സഹിച്ചുപോലും ഇതിനെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു. നടപടിയുടെ പ്രത്യാഘാതവും പ്രധാന്യവും അവര്‍ തിരിച്ചറിയുന്നു.

5. ഞങ്ങളുടെ എതിരാളികള്‍, പ്രത്യേകിച്ചും കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്ന നിരാശയില്‍ എനിക്ക് അനുകമ്പയുണ്ട്. രാഷ്ട്രീയമായി വിഭാഗീയത സൃഷ്ടിക്കാനാണ് ഞാന്‍ ഇത് ചെയ്തതെന്ന് ഒരു ഭാഗത്തും ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നും അവര്‍ അങ്ങേയറ്റം അസ്വസ്ഥരാണെന്നും മറുഭാഗത്തും അവര്‍ പറയുന്നു. ഇത് രണ്ടും കൂടി എങ്ങനെയാണ് ഒത്തുപോവുക?

6. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ സര്‍ക്കാര്‍ അങ്ങേയറ്റം പരിശ്രമിച്ചു. ഇരുസഭകളിലും സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മര്യാദയ്ക്കുള്ള ഒരു സംവാദത്തിന് പകരം സഭകളുടെ പ്രവര്‍ത്തനം അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

7. അഴിമതിയെ കുറിച്ചുള്ള പരാമാര്‍ശങ്ങള്‍ രാഷ്ട്രീയമായി കാണാനുള്ള ഏതൊരു ശ്രമം അപകടകരമായ ഒരു കെണിയാണ്. കളങ്കിതരായ പലരെയും രക്ഷപ്പെടുത്താന്‍ ഇത് ഒരു മറയായി വര്‍ത്തിക്കും. പക്ഷെ രാഷ്ട്രീയത്തിലെ അഴിമതിക്ക് ഞാന്‍ മാപ്പുകൊടുക്കമെന്ന് ഇതിനര്‍ത്ഥമില്ല.

8. ബഹുതല തിരഞ്ഞെടുപ്പുകള്‍ വരുത്തുന്ന രാഷ്ട്രീയ ചിലവുകള്‍ സാമ്പത്തിക രംഗത്തിനെ പ്രതികൂലമായി ബാധിക്കുന്നതിനെ കുറിച്ച് മാത്രമല്ല അടിക്കടി നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ ഭരണനിര്‍വഹണത്തെ ബാധിക്കുന്നതിനെ കുറിച്ചും ഞാന്‍ പലപ്പോഴും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരേ സമയം നടത്താനുള്ള സാധ്യതകള്‍ അന്വേഷിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തോട് ഞാന്‍ യോജിക്കുന്നു.

9. 45 വര്‍ഷത്തിലേക്കാറെ കാലം രാജ്യത്തിന്റെ സാമ്പത്തിക യാത്രയെ വിവിധ തസ്തികകളില്‍ ഇരുന്ന് അടുത്തു വീക്ഷിച്ച ഒരാള്‍, ‘ബൃഹത്തായ പിടിപ്പുകേട്’ എന്ന് പ്രയോഗിച്ചത് കൗതുകകരമാണ്. ഇക്കാലമത്രെയും നമ്മുടെ വലിയൊരു ഭാഗം ജനങ്ങളും ദാരിദ്ര്യത്തിലും ക്ലേശത്തിലുമായിരുന്നു എന്ന് ഓര്‍ക്കണം.

10. കഴിഞ്ഞ രണ്ടര വര്‍ഷത്തെ എന്റെ സര്‍ക്കാരിന്റെ നയങ്ങളെയും പരിപാടികളെയും നിഷ്പക്ഷമായി അവലോകനം ചെയ്താല്‍ അവ, ദരിദ്രരിലും അടിച്ചമര്‍ത്തപ്പെട്ടവരിലും പ്രാന്തവല്‍കൃതരിലും കേന്ദ്രീകൃതമായിരുന്നു എന്ന് കാണാം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍