UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ ഒരു വര്‍ഷം: പി.എം.ഒ മാത്രമല്ല സര്‍ക്കാര്‍- വെല്ലുവിളികള്‍, പ്രതീക്ഷകള്‍

Avatar

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം മുഴുവന്‍ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. വലതുപക്ഷ സാമൂഹിക മാധ്യമമായ www.localcircles.com നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തെ പ്രകടനത്തെ കുറിച്ച് നടത്തിയ അഭിപ്രായ സര്‍വെ പ്രകാരം അടുത്ത നാല് വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രകടനങ്ങളെ കുറിച്ച് 87 ശതമാനവും വലിയ പ്രതീക്ഷയാണ് വച്ചുപുലര്‍ത്തുന്നത്. 25,000 ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തെ പ്രകടനത്തെ വളരെ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നതെന്ന് 67 ശതമാനം ആളുകളും പറയുന്നു.എന്നാല്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് അഴിമതി കുറഞ്ഞ ഒരു വര്‍ഷമാണ് കടന്നുപോയതെന്ന് കരുതുന്നവര്‍ വെറും 47 ശതമാനം മാത്രമാണെന്നും ഏട്ട് ചോദ്യങ്ങള്‍ അടങ്ങുന്ന സര്‍വെ വ്യക്തമാക്കുന്നു. സാമുദായിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ടെന്ന് 56 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. പ്രധാനമന്ത്രി പൊതുമണ്ഡലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പതിനെട്ട് ശതമാനം കരുതുന്നു.

ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളികളെ കുറിച്ചുള്ള ഒരു പരമ്പര ഇന്നുമുതല്‍ അഴിമുഖത്തില്‍ ആരംഭിക്കുകയാണ്. ഓരോ മന്ത്രാലയവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ പരിശോധിക്കാനാണ് അഴിമുഖം ശ്രമിക്കുന്നത്. ആദ്യമായി പ്രധാനമന്ത്രിയുമായും അദ്ദേഹത്തിന്റെ ഓഫീസുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ആഭ്യന്തര, ധന, വിദേശകാര്യ, മാനവശേഷി, അടിസ്ഥാനസൗകര്യവികസന, ഗ്രാമവികസന, കൃഷി , ആരോഗ്യ മേഖലകളെ കുറിച്ചുള്ള അവലോകനങ്ങള്‍ പിന്നാലെ. അതിനൊപ്പം മോദി സര്‍ക്കാര്‍ ഒരു വര്‍ഷം തികയുമ്പോള്‍ വിവിധ മേഖലകളിലെ പ്രഗത്ഭര്‍ നടത്തിയ വിലയിരുത്തലുകളും. 

പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും
1. ഭരണനിര്‍വഹണത്തിന്റെ പുതിയ കാര്യപരിപാടികള്‍ സൃഷ്ടിക്കല്‍: അതൊരു കൗതുകകരമായ സാഹചര്യമായിരുന്നു. പുതിയ സര്‍ക്കാര്‍ ഏതൊരു പുതിയ നയം പ്രഖ്യാപിക്കുമ്പോഴും അത് തങ്ങള്‍ പണ്ട് ചെയ്തിരുന്നതിന്റെ തുടര്‍ച്ച മാത്രമാണെന്ന് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിക്കാന്‍ തുടങ്ങി. അതുകൊണ്ട് തന്നെ ഏത് ദിശയിലായാലും പുതിയ വികസന പരിപാടികള്‍ അവതരിപ്പിക്കുക എന്നത് വരും വര്‍ഷത്തില്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രധാന ദൗത്യമായിരിക്കും. കൃഷി അടിസ്ഥാനത്തിലുള്ള മൊത്തം ആഭ്യന്തര ഉല്‍പാദനത്തിലുള്ള ആശ്രയത്വം കുറയ്ക്കുക എന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന ദൗത്യമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചുണ്ടെങ്കിലും, ഭൂമി ഏറ്റെടുക്കലിനെ കുറിച്ച് കര്‍ഷകരെ ബോധ്യപ്പെടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇതുവരെ എന്തെങ്കിലും ദിശാബോധമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. അതിന്റെ നയസമീപനത്തെ കുറിച്ച് വിശദീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നതിനാല്‍ വളരെ കൗതുകകരമായ ദിവസങ്ങളായിരിക്കും മുന്നില്‍ ഉള്ളത്.

2. മോദി മാത്രമാണ് സര്‍ക്കാരിന്റെ മുഖം: ഈ രണ്ട് കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മോദിയുടെ ദൗത്യം കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. സര്‍ക്കാരിന്റെ പ്രധാനമുഖം അദ്ദേഹവും അദ്ദേഹത്തിന്റെ ഓഫീസുമാണ്. തീരുമാനമെടുക്കല്‍ പ്രക്രിയ ഇതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. ജന്‍ധന്‍ യോജനയും ശുചിത്വ മിഷനും പോലെയുള്ള പരിപാടികള്‍ ഉള്ളതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിന് പരീക്ഷണ ദിവസങ്ങളായിരിക്കും വരാനിരിക്കുന്നത്. കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെയോ ബിജെപിയുടെയോ തന്നെ സമ്മര്‍ദ്ദങ്ങള്‍ സര്‍ക്കാരിനെ അലട്ടുന്നില്ല. തന്റെ സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഏത് തീരുമാനത്തിനും അതിന്റെ വരുവരായ്കകള്‍ക്കും മോദി തന്നെയാണ് ഉത്തരം പറയേണ്ടി വരിക. തന്റെ സര്‍ക്കാരിന്റെ കഴിവ് തെളിയിക്കുന്നതിനായുള്ള പോരാട്ടത്തിലെ ഏറ്റവും വലിയ ശത്രു ഈ അമിത പ്രതീക്ഷ തന്നെയായിരിക്കും.

3. അഴിമതി കൈകാര്യം ചെയ്യല്‍: ഇപ്പോഴും വിശ്വാസത്തിലെടുക്കേണ്ട ഒരു പ്രധാനപ്പെട്ട ഓഫീസാണ് സിഎജിയുടേത്. സ്പെക്ട്രം ലേലം, കല്‍ക്കരിപ്പാടങ്ങളുടെ ലേലം, പ്രതിരോധ ഇടപാടുകള്‍ തുടങ്ങിയ മോദി സര്‍ക്കാരിന്റെ പല പ്രധാന നടപടികളും അടുത്ത വര്‍ഷം ഓഡിറ്റ് ചെയ്യപ്പെടും. ചില തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ കമ്പനികളെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി വലരെ തിടുക്കത്തിലാണ് കല്‍ക്കരിപ്പാടങ്ങളുടെ ലേലം നടത്തിയതെന്ന പരാതികള്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്ന് വന്നിട്ടുള്ളതിനാല്‍, അഴിമതിയുടെ പ്രശ്‌നങ്ങള്‍ ഇനിയും ഉയര്‍ന്ന വരാന്‍ സാധ്യത നിലനില്‍ക്കുന്നു. നിത്യഹരിത പ്രശ്‌നമായ അഴിമതി ഇല്ലാതാക്കുന്നതില്‍ മോദി എന്തെങ്കിലും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും എന്ന് വിചാരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ തുടരുകയാണെന്ന് മാത്രമേ കണക്കിലെടുക്കാന്‍ സാധിക്കൂ.

4. സംസ്ഥാനങ്ങളുമായി നല്ല ബന്ധങ്ങള്‍ നിലനിറുത്തല്‍: അദ്ദേഹം ഇപ്പോള്‍ തന്നെ ആസൂത്രണ സംവിധാനം അവസാനിപ്പിച്ച് കഴിഞ്ഞു. 2016ല്‍ ചരക്ക്, സേവന നികുതി യാഥാര്‍ത്ഥ്യമാകും. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വരുമാനം ആവശ്യമുണ്ട്. ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട് മോദി ഇപ്പോള്‍ തന്നെ ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. പല അടിസ്ഥാന സൗകര്യ പദ്ധതികളും അനുമതികള്‍ വൈകിയത് മൂലം നടക്കാതെ പോയ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപങ്ങളുടെ നവോഥാനം സാധ്യമാകണമെങ്കില്‍ മോദി തിടുക്കത്തില്‍ നടപടികള്‍ സ്വീകരിക്കുകയും സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

5. ബിജെപിയിലെ മോദിയുടെ സ്ഥാനം: ബിജെപിയില്‍ നിന്നും തല്‍ക്കാലം അദ്ദേഹത്തിന് ഒരു ഭീഷണിയും ഉയരുന്നില്ല. എന്നാല്‍ ബിജെപിയിലേയും ആര്‍എസ്എസിലെയും അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ഉറങ്ങുകയല്ല. ഈ വര്‍ഷം ഒടുവില്‍ നടക്കാന്‍ പോകുന്ന ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് ഒരു വലിയ വെല്ലുവിളിയായിരിക്കും. അവിടെ പരാജയപ്പെട്ടാല്‍ അമിത് ഷായ്ക്ക് പാര്‍ട്ടിയുടെ പരമോന്നതപദവിയില്‍ രണ്ടാമൂഴം ലഭിക്കില്ല. കൂടാതെ, കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസാം തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ 2016ല്‍ നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കുകയാണ്. പാര്‍ട്ടിക്ക് സ്വാധീനം കുറവുള്ള ഈ പ്രദേശങ്ങളിലെ ബിജെപിയുടെ പ്രകടനം മോദിയുടെ രാഷ്ട്രീയ ശേഷിയുടെ അളവുകോലായി പരിഗണിക്കപ്പെടും.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍