UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്ത് മോദിയുടെ വാട്ടര്‍ലൂ ആകുമോ?

Avatar

ടീം അഴിമുഖം

1815-ലെ ഒരു വേനല്‍ക്കാല ഞായറാഴ്ച്ച, ബെല്‍ജിയത്തില്‍ വെച്ച് മനുഷ്യചരിത്രത്തിലെ ഏറ്റവും ശക്തനും സൂത്രശാലിയുമായ ഭരണാധികാരികളിലൊരാള്‍ തന്റെ അന്തിമവിധിയുമായി കൂട്ടിമുട്ടി. അത് യൂറോപ്പിനെ പതിറ്റാണ്ടുകളോളം നീണ്ടുനിന്ന താരതമ്യേന ശാന്തമായ സ്ഥിതിയിലെത്തിച്ചു. വാട്ടലൂവിലെ പോരാട്ടം നെപ്പോളിയന്‍ ബോണപാര്‍ട്ടിന് കീഴിലെ ഫ്രഞ്ച് സൈന്യത്തിന്റെ പരാജയമായിരുന്നു. യുനൈറ്റഡ് സ്റ്റേറ്റ്സിലേക്കു രക്ഷപ്പെടാന്‍ ആഗ്രഹിച്ച നെപ്പോളിയന്റെ നാടകീയമായ തോല്‍വി. ബ്രിട്ടനിലേക്ക് കടക്കാന്‍ കഴിയാതിരുന്ന നെപ്പോളിയന്‍ വിദൂരമായ സെയിന്റ് ഹെലെന ദ്വീപില്‍ 6 വര്‍ഷത്തിന് ശേഷം ഏകാന്തമായ മരണത്തിലേക്ക് യാത്രയായി.

കഴിഞ്ഞ കുറെയാഴ്ച്ചകളായി നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളെ വിശകലനം ചെയ്താല്‍  അഹമ്മദാബാദില്‍ ഒരു വാട്ടര്‍ലൂവിന്റെ നീണ്ട നിഴലുകള്‍ അങ്കം വെട്ടുന്നത് കാണാം.

ഇതിലേറ്റവും പുതിയത് വെള്ളിയാഴ്ച്ച വൈകുന്നേരമായിരുന്നു. മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ അദ്ധ്യക്ഷന്‍ അമിത് ഷായുടെ കീഴില്‍ യോഗം ചേര്‍ന്നപ്പോള്‍ എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി നിതിന്‍ പട്ടേലിനെ നിര്‍ദ്ദേശിക്കുന്നതിനുള്ള വെറും ഔപചാരിക നടപടി മാത്രമാണെന്നാണ്. എന്നാല്‍ അമിത് ഷായും രാജിവെച്ച മുഖ്യമന്ത്രിയെ ആനന്ദിബെന്‍ പട്ടേലും തമ്മിലുള്ള രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കാണ് യോഗം പിന്നീട് സാക്ഷ്യം വഹിച്ചത്. തന്റെ ഭരണം അട്ടിമറിച്ചതിന് ബി ജെ പിയെ കുറ്റപ്പെടുത്തിയ അവര്‍ വിരല്‍ ചൂണ്ടിയത് ഷായ്ക്കെതിരെ ആയിരുന്നു.

ഷായും പട്ടേലും തമ്മില്‍ പാടിദാര്‍ പ്രക്ഷോഭത്തെയും പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനെയും കുറിച്ചുള്ള ചൂടുപിടിച്ച വാഗ്വാദങ്ങള്‍ക്കിടെ “തന്നെ അട്ടിമറിക്കാന്‍ ആഭ്യന്തരമായി ആസൂത്രണം ചെയ്ത ഒന്നായിരുന്നു പാടിദാര്‍ പ്രക്ഷോഭമെന്ന് പറഞ്ഞ ആനന്ദിബെന്‍ കരച്ചിലിന്റെ വക്കോളമെത്തി. ഇത് ഷായെ പ്രകോപിതനാക്കി. തനിക്കതില്‍ ഒരു പങ്കുമില്ലെന്ന് പറഞ്ഞ ഷാ, ഇപ്പോള്‍ മുഖ്യമന്ത്രിയെ താന്‍ തീരുമാനിക്കുമെന്ന് പറഞ്ഞ് വിജയ് രുപാനിയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു,” ആനന്ദിബെന്‍ പട്ടേലിന്റെ ഒരു അടുത്ത അനുയായി പറഞ്ഞു.

എന്നാല്‍ മുന്‍നിശ്ചയപ്രകാരം പാര്‍ട്ടി മുതിര്‍ന്ന നേതാവ് എന്ന മാനാദണ്ഡം പാലിക്കണമെന്നും നിതിന്‍ പട്ടേലിനെ മുഖ്യമന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ടു. ആദ്യതവണ എം എല്‍ എ ആകുന്ന രുപാനിക്ക് ഭരണപരിചയം കുറവാണെന്നും അവര്‍ കാരണമായി പറഞ്ഞു.

“യോഗത്തിന്റെ ഇടയ്ക്കുവെച്ചു ഇറങ്ങിപ്പോകുമെന്നുവരെ പട്ടേല്‍ ഭീഷണി മുഴക്കിയെങ്കിലും രൂപാണി വേണമെന്നുള്ള നിലപാടില്‍ നിന്നും ഷാ പിന്നോട്ടു പോയില്ല,” ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.

വാദം തുടര്‍ന്നപ്പോള്‍ സംഘടന സെക്രട്ടറി വി സതീഷ് പ്രധാനമന്ത്രിയെ വിളിച്ച് സ്ഥിതിഗതികള്‍ ധരിപ്പിച്ചു.

രാവിലെ മുതല്‍ മധുരം വിതരണം ചെയ്യുകയും  മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്കുകയും തന്റെ മണ്ഡലമായ മെഹ്സാനയില്‍ അണികളുടെ ആഘോഷങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്ത നിതിന്‍ പട്ടേലാകട്ടെ കാര്യങ്ങളുടെ പോക്കില്‍ ആകെ അമ്പരന്നു. “എന്താണ് സംഭവിച്ചതെന്ന് ദൈവത്തിന്നു മാത്രമേ അറിയൂ,” അയാള്‍ പറഞ്ഞു.

നിരവധി മണിക്കൂറുകള്‍ നീണ്ട കാലതാമസത്തിനുശേഷം രുപാനിയെ അടുത്ത ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതായി കേന്ദ്ര നിരീക്ഷകന്‍ നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചപ്പോള്‍ വലിയ ആഘോഷങ്ങളൊന്നുമുണ്ടായില്ല. 

കുറച്ചുകാലമായി ഇടഞ്ഞുനില്‍ക്കുന്ന പട്ടേല്‍ സമുദായത്തെ ഇത് വീണ്ടും അകറ്റാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ദളിത് പ്രതിഷേധവും മറ്റ് കുഴപ്പങ്ങളും വെച്ചുനോക്കിയാല്‍ സ്വന്തം സംസ്ഥാനത്ത് 2017-ല്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് മോദിക്ക് ഒട്ടും എളുപ്പമാകില്ല.

നിതിന്‍ പാട്ടേലിനെ അവസാനനിമിഷം തഴയാനുള്ള ബി ജെ പി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തില്‍ അയാളെ പിന്തുണച്ചിരുന്ന പാടീദാര്‍ സമുദായ നേതാക്കള്‍ ഞെട്ടലിലാണ്. “നിതിന്‍ പട്ടേല്‍ ഉടന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കണം,” പാടീദാര്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

2017-ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി ജെ പി തോല്‍ക്കുക എന്നാല്‍ അതിവേഗം വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്വീകാര്യത നഷ്ടപ്പെടുന്ന മോദി ഭരണത്തിന്റെ താഴോട്ടുള്ള പോക്കിന് വേഗത കൂട്ടുക എന്നതാണ്. മോദി ഭരണത്തിനോട് സമൂഹത്തിലുള്ള മടുപ്പും നിരാശയും മുഖ്യധാര മാധ്യമങ്ങള്‍ ഇനിയും വെളിപ്പെടുത്തുന്നില്ല എന്നുമാത്രം.


വിജയ് രൂപാനി, നിതിന്‍ പട്ടേല്‍

ലോകചരിത്രത്തിന്റെ ഗതി മാറ്റിയ ഒന്നായാണ് ഒന്നാം ലോക മഹായുദ്ധം തുടങ്ങും വരെയുള്ള യൂറോപ്പിലെ എല്ലാ തലമുറയും വാട്ടര്‍ലൂ പോരാട്ടത്തെ കണ്ടത്. അന്നത്തെക്കാലം വെച്ച് നോക്കിയാല്‍ താരതമ്യേന സമാധാനവും സമൃദ്ധിയും സാങ്കേതിക വികാസവും കൊണ്ടുവന്ന ഒന്നായിരുന്നു അതിനുശേഷമുള്ള വര്‍ഷങ്ങള്‍.

1790-കളുടെ ആദ്യകാലത്തു ഫ്രഞ്ച് വിപ്ലവത്തിന് ശേഷമുള്ള നാളുകളില്‍ യൂറോപ്പിനെയും ലോകത്തിലെ പല മേഖലകളെയും വലിച്ചിട്ട യുദ്ധപരമ്പരകളുടെ അവസാനമായിരുന്നു ഈ യുദ്ധം. അത് ഒന്നാം ഫ്രഞ്ച് സാമ്രാജ്യത്തിന്റെ അവസാനമായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സേനാനായകന്‍മാരിലും രാഷ്ട്രനേതാക്കളിലും ഒരാളായ നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ രാഷ്ട്രീയ,സൈനിക ജീവിതത്തിനും അത് അന്ത്യം കുറിച്ചു. യൂറോപ്പില്‍ നാല് ദശാബ്ദക്കാലം നീണ്ട സമാധാനമാണ് അതിനുശേഷം വന്നത്. ക്രിമിയന്‍ യുദ്ധം വരെ മറ്റ് വലിയ യുദ്ധങ്ങളൊന്നും ഉണ്ടായില്ല.

ഗുജറാത്തിലും ഉത്തര്‍പ്രദേശിലും ബി ജെ പിക്കേല്‍ക്കുന്ന കനത്ത പരാജയം മറ്റൊരു രാഷ്ട്രീയ ഗതിമാറ്റത്തിനാകും വഴിതുറക്കുക. എന്തായാലും അത് ഇപ്പോഴത്തെ ഔദ്ധത്യവും സ്വേച്ഛാധികാരവും നിറഞ്ഞ മോദിയുടെ നേതൃത്വത്തിനുള്ള പ്രഹരവുമായിരിക്കും. ഇന്നിപ്പോള്‍ അഴിഞ്ഞാടുന്ന ഗോ സംരക്ഷണ സേനക്കാരുടെയും ആക്രമണങ്ങളും ന്യൂനപക്ഷ വിരുദ്ധതയുടെ വെറുപ്പ് നിറഞ്ഞ ആക്രോശങ്ങളും  ദളിതര്‍ക്കെതിരായ അതിക്രമങ്ങളും കുറയുമെന്നും പ്രതീക്ഷിക്കാം.

ഇന്ത്യ കൂടുതല്‍ ഉദാരമായ രാഷ്ട്രീയത്തിലേക്ക് നീങ്ങുമോ എന്നാണ് ചോദ്യം. അതോ മോദിയേക്കാള്‍ മോശക്കാരനായ ഒരാളാകുമോ ഉയര്‍ന്നുവരുന്നത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍