UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ അസ്തമനത്തിന്റെ ആരംഭമോ?

Avatar

ടീം അഴിമുഖം

നരേന്ദ്ര മോദിയുടെ 2014-ലെ അമ്പരപ്പിക്കുന്ന വിജയം എങ്ങനെയാണ് സാധ്യമായത്?

അഴിമതിയില്‍ മുങ്ങിയ യു പി എ സര്‍ക്കാരിനെതിരായ ജനരോഷത്തെ മറ്റെല്ലാവരെയും മറികടന്നു മുതലെടുക്കാനും ഒരു പ്രചണ്ഡപ്രചാരണം അഴിച്ചുവിടാനും അയാള്‍ക്ക് കഴിഞ്ഞതുകൊണ്ടാണ് അത് സംഭവിച്ചതെന്ന് ഞങ്ങള്‍ എന്നും ആവര്‍ത്തിക്കുന്ന കാര്യമാണ്.

സാമ്പത്തിക വികസനത്തില്‍ ഗുജറാത്ത് മാതൃക എന്നൊന്നില്ല എന്നും ഞങ്ങള്‍ പറഞ്ഞിരുന്നു. ഗുജറാത്ത് മാതൃക എന്നൊന്നുണ്ടെങ്കില്‍, അത് ജനാധിപത്യ വിരുദ്ധമായ, സ്വന്തം പൌരന്മാരെ കൊല്ലുന്ന, വംശീയമായ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്ന, സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക മുന്‍കരുതലുകളോ, ദരിദ്ര ജനവിഭാഗങ്ങളുടെ ക്ഷേമമോ പരിഗണിക്കാതെ ഇഷ്ടക്കാരായ കോര്‍പ്പറേറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന, ചോദ്യങ്ങളുയര്‍ത്തുന്നവരെ ഭരണകൂട ഭീകരതയില്‍ മുക്കിക്കൊല്ലുന്ന ഒന്നാണ്.

അത്തരത്തില്‍ വിദ്വേഷം നിറഞ്ഞ ഭയം കുത്തിവെച്ച മാതൃകയ്ക്ക് അധികം ആയുസ്സില്ല. ഗുജറാത്തിലേക്ക് നോക്കിയാല്‍ മതി.

വാസ്തവത്തില്‍ ഗുജറാത്തില്‍ മാത്രമല്ല, മോദി എന്ന നിഗൂഢത-അനുയായികളുടെ വികസനത്തിന്റെ അവതാരപുരുഷന്‍- രാജ്യത്തെങ്ങും അഴിഞ്ഞുതുടങ്ങിയിരിന്നു. വെല്ലുവിളിയുയര്‍ത്താന്‍ പാകത്തില്‍ ശക്തമായൊരു പ്രതിപക്ഷമില്ലാത്തതിനാല്‍ 2019-ല്‍ ഒരിക്കല്‍ക്കൂടി അയാള്‍ അധികാരത്തിലെത്തിയേക്കാം എന്നത് മറ്റൊരു കാര്യം.

എന്നാല്‍, തെരഞ്ഞെടുത്ത വാക്കുകള്‍കൊണ്ടും, നിശബ്ദതകൊണ്ടും അയാള്‍ സൃഷ്ടിച്ച വിദ്വേഷം നിറഞ്ഞ നിഗൂഢതയുടെ രാഷ്ട്രീയപരിവേഷം അസ്വസ്ഥമായൊരു യുവത്വം നിറഞ്ഞ രാഷ്ട്രത്തില്‍ പൊഴിഞ്ഞുവീഴാന്‍ തുടങ്ങിയിരിക്കുന്നു.

ഭയം അളക്കുമ്പോള്‍
മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ന്യൂനപക്ഷങ്ങളെയും ഉദാര ജനാധിപത്യവാദികളെയും കടന്നാക്രമിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയെ ‘പിങ്ക് വിപ്ലവത്തെയും’ ഹിന്ദു ഭൂരിപക്ഷത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാകുന്ന പലതിനെയും കുറിച്ച് ദുഷ്ടലാക്കോടെ പറഞ്ഞപ്പോള്‍ അവരില്‍ പലരും നിശബ്ദരായി. വെറുപ്പിന്റെ രാഷ്ട്രീയ പ്രചാരണം അഴിമതിക്കെതിരെയുള്ള ദേശീയരോഷത്തില്‍ വേണ്ടത്ര എതിര്‍പ്പ് നേരിടാതെ കടന്നുപോയി.

അധികാരത്തില്‍ വന്ന മോദി തന്റെ വിഭാഗീയ രാഷ്ട്രീയത്തെ കയ്യൊഴിഞ്ഞില്ല. പുതിയ എന്‍ ഡി എ സര്‍ക്കാരില്‍ പ്രകടമായ ഒരു പ്രവണതയുണ്ടെങ്കില്‍ അത് ബി ജെ പിയുടെ വിദ്വേഷവിഷം വമിപ്പിക്കുന്ന പ്രസ്താവനകളും മോദിയുടെ തെരഞ്ഞെടുത്ത നിശബ്ദതയുമാണ്.

രാഷ്ട്രപതിയുടെ ഇഫ്താര്‍ വിരുന്നുകളില്‍ നിന്നും ബോധപൂര്‍വം വിട്ടുനില്‍ക്കുന്നത് മുതല്‍ ന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്കും എതിരായ ആക്രമണങ്ങളെക്കുറിച്ച് പുലര്‍ത്തുന്ന കനത്ത നിശബ്ദത വരെയും തന്റെ സങ്കല്‍പ്പത്തിലുള്ള ബ്രാഹ്മണ്യാധിപത്യത്തിന്റെ സ്ഥാപനത്തിനാണ് താന്‍ ശ്രമിക്കുന്നതെന്ന് മോദി വ്യക്തമാക്കുന്നു. അയാളുടെ ജീവിതത്തിലേറെയും ഒരു പ്രചാരകനായി ചെലവഴിച്ച ആര്‍ എസ് എസിന്റെ സ്വപ്നമാണത്.

കാലാവധി കഴിയാറായി
എന്നാല്‍ ഇന്ത്യയെപ്പോലൊരു രാജ്യത്തു ഇത്തരം വിഭാഗീയ രാഷ്ട്രീയത്തിനും വെറുപ്പിനും അധികകാലം നിലനില്‍ക്കാനാവില്ല. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ പ്രതിഷേധങ്ങളുമായി എഴുന്നേല്‍ക്കും. ഇന്ത്യയിലെ ഏത് വിഭാഗത്തിലും ഭൂരിപക്ഷം ചെറുപ്പക്കാരാണ് എന്നിരിക്കെ പ്രത്യേകിച്ചും.

ഒരു മുസ്ലീം പ്രതിഷേധമായിരിക്കും ഉണ്ടാവുക എന്ന സര്‍ക്കാരിന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി ഗുജറാത്തിലെ പട്ടേല്‍മാരും രാജ്യത്തെങ്ങുമുള്ള ദളിതരുമാണ് ഇപ്പോള്‍ പ്രക്ഷോഭവുമായി തെരുവുകളില്‍ ഇറങ്ങിയിരിക്കുന്നത്. മുസ്ലീം പ്രതിഷേധമായിരുന്നെങ്കില്‍, മേമ്പൊടിക്ക് അല്പം ഭീകരത കൂടിയായാല്‍, മോദിക്ക് തന്റെ ശക്തനായ ഭരണാധികാരി പ്രതിച്ഛായ ഊട്ടിയുറപ്പിക്കാന്‍ അത് സഹായകമായേനെ. ഏറ്റുമുട്ടലുകളും എതിര്‍ പ്രചാരങ്ങളും കൊടുമ്പിരി കൊണ്ടെനെ. ടൈംസ് നൌ ചാനലും സര്‍ക്കാരിന്റെ മറ്റ് കൂലിയെഴുത്തുകാരും ഉറഞ്ഞുതുള്ളുമായിരുന്നു.

എന്നാലും നിരാശപ്പെടേണ്ടിവന്നേക്കാം
ഹിന്ദു ഹൃദയസാമ്രാട്ടായി സ്വയം കിനാവുകാണുന്ന, ഒരു സവര്‍ണ ജാതി നിര്‍മ്മിതിയായ സാംസ്കാരിക ദേശീയതയില്‍ അഭിരമിക്കുന്ന ഒരാളുടെ വാഴ്ത്തുപാട്ടുകള്‍ പാടാന്‍ നിര്‍ബന്ധിതരായ ചില വിഭാഗം ജനങ്ങളുടെ പ്രതിഷേധമാണ് നാമിപ്പോള്‍ കാണുന്നത്.

മറ്റ് വിഭാഗം ആളുകളുടെ പ്രതിഷേധങ്ങളും ഇനിയൊരു പൊട്ടിത്തെറിയിലെത്താം. മോദിയുടെ ഇതുവരെയുള്ള ശക്തരായ അനുഭാവികളായിരുന്ന മുന്‍ സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരൊക്കെ നിരാശരായിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ വിഭാഗങ്ങള്‍ അയാളില്‍ നിന്നും അകലുകയാണ്.

ചോദ്യമിതാണ്; പ്രധാനമന്ത്രി കസേരയില്‍നിന്നും മോദിയെ നിഷ്കാസിതനാക്കാന്‍ കഴിയുംവിധത്തില്‍ ഈ സാഹചര്യത്തെ ഉപയോഗിക്കാന്‍ ശേഷിയുള്ള ഒരു പ്രതിപക്ഷ കൂട്ടായ്മയോ കക്ഷിയോ ഉണ്ടോ? അതോ വരും കാലത്തും ഇന്ത്യ ഇയാളെ പേറേണ്ടി വരുമോ? അതോ അഴിമതിക്കെതിരായ പ്രതിഷേധം ആം ആദ്മി പാര്‍ടിക്ക് ഉദയം നല്‍കിയതിനേക്കാള്‍ ശക്തമായ രാഷ്ട്രീയ ഗതിവിഗതികളാണോ നമ്മെ കാത്തിരിക്കുന്നത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍