UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നരേന്ദ്ര മോദി ഭസ്മാസുരനെക്കുറിച്ച് കേട്ടിട്ടെങ്കിലുമുണ്ടാകണം

Avatar

ടീം അഴിമുഖം

നരേന്ദ്ര മോദിയുടെ സങ്കീര്‍ണമായ ഭരണം ആറു മാസം പിന്നിടവെ, അദ്ദേഹത്തിന്റെ നിഷേധാത്മക മുഖം കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. 

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ രാഹുല്‍ ഗാന്ധിയുടെ അധികാരാവകാശത്തെ കുറിച്ചുള്ള ധാരണകളല്ല നമ്മെ ലജ്ജിപ്പിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി പദത്തില്‍ നിന്നും രാജി വയ്ക്കുക വഴി ഒരു സുവര്‍ണാവസരം തുലച്ച് കളഞ്ഞ അരവിന്ദ് കെജ്രിവാളും നമ്മെ ഇപ്പോള്‍ ലജ്ജിപ്പിക്കുന്നില്ല. തീര്‍ച്ചയായും, നിലയില്ലാകയത്തിലേക്ക് ആഴ്ന്നു പോകുന്ന ഇടത് സഖാക്കളും നമ്മെ ലജ്ജയില്‍ മുക്കുന്നില്ല. മാത്രമല്ല, വ്യക്തിഗത അധികാരകുത്തകയിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന മോദിക്ക് സ്വന്തം പാര്‍ട്ടിയില്‍ പോലും ഒരു എതിരാളിയും ഇല്ല.

എന്നാല്‍, അദ്ദേഹത്തിന്റെ അഹങ്കാരവും ഭാവന തീരെയില്ലാത്ത വാഗ്ദാനങ്ങളും രാഷ്ട്രീയ അതിശയോക്തികളും വോട്ടര്‍മാരുടെ ക്ഷമയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണയില്ലായ്മയും നമ്മെ വലിയ നാണക്കേടിലേക്ക് തള്ളിവിടുന്നുണ്ട്.

ചരിത്രപരമായ ഒരു ജനവിധിയിലൂടെ അധികാരത്തിലേറിയ മോദിയെ സംബന്ധിച്ചിടത്തോളം, നമ്മുടെ ദുര്‍ബലമായ ജനാധിപത്യം പ്രദാനം ചെയ്യുന്ന പഴുതുകളെയും അവസരങ്ങളെയും ചൂഷണം ചെയ്യാന്‍ സാധിക്കുമെന്ന് മാത്രമല്ല, വോട്ടെടുപ്പ് അനന്തര സംവിധാനങ്ങളിലൂടെ വ്യക്തിപരമായും ഹിന്ദുത്വ രാഷ്ട്രീയത്തിനും ഇന്ത്യന്‍ ജനാധിപത്യത്തില്‍ ദീര്‍ഘകാല മേല്‍ക്കോയ്മ നേടിയെടുക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു. ആ താരതമ്യം അദ്ദേഹത്തിന് ഇഷ്ടമല്ലെങ്കിലും, അടുത്ത ഇന്ദിരാ ഗാന്ധിയാവാനുള്ള എല്ലാ സാധ്യതകളും അദ്ദേഹത്തിനുണ്ടായിരുന്നു.

മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ നിലംപരിശാക്കിയും പ്രാദേശിക കക്ഷികളെ അപ്രധാന ഇടങ്ങളിലേക്ക് ഒതുക്കിയും ബിജെപി പൂര്‍ണമായും സ്വാധീനം തെളിയിച്ച ശേഷം സമ്പൂര്‍ണമായും എല്ലാ നിയന്ത്രണങ്ങളും വരുതിയിലാക്കിക്കൊണ്ടാണ് മോദി റോസ് കോഴ്‌സ് റോഡിലെ ഏഴാം നമ്പറിലേക്ക് പ്രവേഴിച്ചത്. പ്രതിഷേധത്തിന്റെ നേര്‍ത്ത ഒലികള്‍ പോലും എവിടെയും കേള്‍ക്കാനുണ്ടായിരുന്നില്ല. അദ്ദേഹത്തെ എതിര്‍ക്കാന്‍ പ്രാപ്തമായ ഒരു ശക്തമായ പ്രതിപക്ഷം പോലും ഉണ്ടായിരുന്നില്ല. അലസനായ കുട്ടിയുടെ നേര്‍ത്ത നിലവിളികളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ആ ദിവസങ്ങളിലെ കോണ്‍ഗ്രസിന്റെ ശബ്ദം.

അദ്ദേഹം ഇവിടെ ഒരു പതിറ്റാണ്ടു കാലത്തേക്ക് ഉണ്ടാവുമെന്ന് മോദി മാത്രമല്ല പല നിരീക്ഷകരും ഉറപ്പിക്കുന്നു. എന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ നിര്‍ണായകമായ സാമ്പത്തിക വികസനവും വ്യാവസായിക വിപ്ലവവും ഭൂരിപക്ഷ അഭിപ്രായ രൂപീകരണവും (majoritariansim) കൈവരിക്കുമെന്നും അവര്‍ ഉറച്ച് വിശ്വസിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ കീഴില്‍ നഷ്ടമായ പത്തുവര്‍ഷങ്ങളെ രാജ്യത്തിന് മറികടക്കാനാവുമെന്നും മോദിയുടെ കീഴില്‍ ഇന്ത്യ വന്‍ശക്തിയായി മാറുമെന്നും നിരവധിപേര്‍ ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു.

എന്നാല്‍ മോദി സ്വയം വിലയിരുത്താന്‍ സന്നദ്ധനാവുകയാണെങ്കില്‍ മാത്രം നിലനില്‍ക്കുന്ന ഒരു സാധ്യതയാണ് മുകളില്‍ വിവരിച്ചത്. എന്നാല്‍ അദ്ദേഹം തന്റെ ഭസ്മാസുരനെ സൃഷ്ടിക്കാന്‍ തുടങ്ങിയതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഒരു രാഷ്ട്രീയ നിരീക്ഷകനെ അലോസരപ്പെടുത്തുകയും ഒരു ആധുനിക സമൂഹത്തെ ഭീതിപ്പെടുത്തുകയും ചെയ്യുന്ന ചില സ്വഭാവസവിശേഷതകളെങ്കിലും കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹം തുടര്‍ച്ചയായി വലിയ വാഗ്ദാനങ്ങള്‍ നല്‍കുകയും നന്നായി ആലോചിച്ച് തീരുമാനിക്കാത്ത പരിപാടികള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇന്ത്യയെ ശുചീകരിക്കാനുള്ള സ്വച്ഛ ഭാരത അഭിയാന്‍, കേള്‍ക്കുമ്പോള്‍ സുഖമുള്ള പരിപാടിയാണെങ്കിലും, വെറും തെരുവുകള്‍ അടിച്ചുവാരുന്നതിലൂടെ മാത്രം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒന്നല്ല അത്. മാലിന്യവും മാലിന്യ നിര്‍മാര്‍ജ്ജനവും സമഗ്രമായ പരിഹാരം ആവശ്യപ്പെടുന്ന വളരെ സങ്കീര്‍ണമായ ഒരു വെല്ലുവിളിയാണ്. പക്ഷെ ഈ പരിപാടിക്ക് പിന്നില്‍ അത്തരത്തിലുള്ള തന്ത്രപരമായ സമീപനങ്ങളൊന്നും കാണാനില്ല. നമ്മുടെ പരമ്പരാഗത ഓടകളും ജലസ്രോതസുകളും (ഉദാഹരണത്തിന് കേരളത്തിലെ തോടുകളും കുളങ്ങളും) വീണ്ടെടുക്കുന്നത് മുതല്‍ എല്ലാ തലത്തിലും മാലിന്യ നിര്‍മ്മാര്‍ജ്ജനം സാധ്യമാക്കുന്നതിനുള്ള ശേഷി വികസിപ്പിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍, ശുചിത്വം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വിദൂര പ്രതീക്ഷ മാത്രമാണ്. സര്‍വോപരി, ശുചിത്വം എന്നത് ഒരു മാനസിക വ്യാപാരമാണ്. മോദിക്ക് വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കാനാവാത്ത ഒരു മാനസിക വ്യാപാരം.

അദ്ദേഹത്തിന്റെ ആധികാരിക പ്രസംഗങ്ങളില്‍ അടങ്ങിയിരിക്കുന്ന ശുദ്ധ നുണകളും യുക്തിഹീനങ്ങളായ അവകാശവാദങ്ങളുമാണ് രണ്ടാമതായി ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തില്‍ പരിലസിക്കുന്ന ഒരാള്‍ തീരെ ചേര്‍ന്നതല്ല ഇത് രണ്ടും. പി എഫ് നിക്ഷേപങ്ങള്‍ക്ക് നമ്പര്‍ പോര്‍ട്ടബിലിറ്റി എന്ന പ്രഖ്യാപനം നടത്തിയപ്പോള്‍, ഇതിന് ഒരു കൃത്യമായ പരിഹാരം തന്റെ പക്കലുണ്ടെന്ന തോന്നലാണ് അദ്ദേഹത്തിന്റെ ശബ്ദത്തില്‍ മുഴച്ചു നിന്നത്. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കുന്നതിനായി കഴിഞ്ഞ അഞ്ച് വര്‍ഷമായി അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ഒന്നാണ്. മുന്‍കാലങ്ങളില്‍ എടുത്തിട്ടുള്ള മുന്‍കൈകളുടെ അവകാശവാദം ഉന്നയിക്കുന്നത് പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭാഗമായിരിക്കാം. എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ നുണ പറയുന്നത് ഭാവിയില്‍ രാഷ്ട്രീയ നാണക്കേടുകള്‍ക്കുള്ള തെളിവുകള്‍ അവശേഷിപ്പിക്കുകയായിരിക്കും ചെയ്യുന്നതെന്ന് ഓര്‍ക്കുന്നത് നല്ലത്. അതൊരു മികച്ച ഹ്രസ്വകാല രാഷ്ട്രീയ തന്ത്രമായിരിക്കാം. പക്ഷെ ദീര്‍ഘകാലത്തില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അധികാരത്തിലുള്ള വിലകുറഞ്ഞ രാഷ്ട്രീയക്കാരെയല്ല, മറിച്ച് മികച്ച രാഷ്ട്രതന്ത്രജ്ഞരെയാണ്.

ആര്‍എസ്എസിന്റെ കെട്ടുപാടുകളെ പൊട്ടിച്ചെറിയാന്‍ മോദിക്ക് സാധിക്കുന്നില്ല എന്ന് മാത്രമല്ല എറ്റവും യുക്തിഹീനമായ പുരാവൃത്തങ്ങളില്‍ അദ്ദേഹം അഭിരമിക്കുകയും അന്ധവിശ്വാസങ്ങളും അബദ്ധജഡിലമായ കഥകളും പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് മോദി ഭരണത്തിന്റെ മൂന്നാമത്തെതും എന്നാല്‍ ഏറ്റവും ഭ്രമാത്മകവുമായ വശം. മഹാഭാരത കാലഘട്ടത്തില്‍ ഇന്ത്യയില്‍ അത്യാധുനിക ശസ്ത്രക്രിയകളും ജനിതക ഔഷധങ്ങളും വ്യാപകമായിരുന്നു എന്നാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 25ന് മുംബൈയില്‍ റിലയന്‍സ് ആശുപത്രി ഉദ്ഘാടനം ചെയ്തു കൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി തട്ടിവിട്ടത്.

‘നമ്മുടെ രാജ്യം ആരോഗ്യ ശാസ്ത്രരംഗത്ത് ഒരിക്കല്‍ കൈവരിച്ച നേട്ടത്തില്‍ നമുക്ക് അഭിമാനം കൊള്ളാന്‍ അവകാശമുണ്ട്. മഹാഭാരതത്തില്‍ കര്‍ണനെ കുറിച്ച് നാമെല്ലാം വായിച്ചിട്ടുണ്ട്. കുറച്ച് കൂടി ആഴത്തില്‍ ചിന്തിച്ചാല്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നല്ല കര്‍ണന്‍ പിറന്നതെന്നാണ് മഹാഭാരതം പറയുന്നത്. ജനിതക ശാസ്ത്രം അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം. അതുകൊണ്ട് അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ സഹായമില്ലാതെ കര്‍ണന് ജനിക്കാന്‍ സാധിച്ചത്…..ഭഗവാന്‍ ഗണേശനെ നമ്മള്‍ ആരാധിക്കുന്നു. മനുഷ്യ ശരീരത്തില്‍ ആനയുടെ തല വച്ച് പിടിപ്പിക്കുന്നതിന് സ്വഭാവികമായും ഒരു പ്ലാസ്റ്റിക് സര്‍ജന്‍ അക്കാലത്ത് ഉണ്ടായിരുന്നിരിക്കണം. അങ്ങനെയാണ് പ്ലാസ്റ്റിക് സര്‍ജറിയുടെ ശാസ്ത്രം ആരംഭിക്കുന്നത്,’ മോദി പറഞ്ഞു.

ഹിന്ദുത്വ എഴുത്തുകാരായ ദീനാനാഥ് ബത്രയെ പോലുള്ളവര്‍ ദീര്‍ഘകാലമായി അവകാശപ്പെടുന്നത് ആവര്‍ത്തിക്കുക മാത്രമാണ് മോദി ചെയ്യുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് മോദി ബത്രയെ പോലുള്ളവരുടെ പുസ്തകങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്നു എന്ന് മാത്രമല്ല അതില്‍ ഒരു പുസ്തകത്തിന്റെയെങ്കിലും അവതാരിക അദ്ദേഹം എഴുതുകയും ചെയ്തു.

ഒരാള്‍ക്ക് അയാളുടെ വിശ്വാസം ഉയര്‍ത്തിപ്പിടിക്കാമെന്നത് ശരി തന്നെ.   എന്നാല്‍ അത് ശാസ്ത്രമാണെന്ന് പ്രചരിപ്പിക്കുന്നത് ശുദ്ധ ഭോഷ്‌കാണ്. യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ഭൂതകാലത്തെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയവും പുരാവസ്തുപരവും ചരിത്രപരവുമായ അന്വേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ആ പ്രക്രിയയിലൂടെ നമ്മുടെ പുരാവൃത്തങ്ങളില്‍ അടങ്ങിയിരിക്കാന്‍ സാധ്യതയുള്ള ശാസ്ത്രീയ സത്യങ്ങളെ സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ എന്തെങ്കിലും ലഭിക്കുമോ എന്ന് പരിശോധിക്കുകയുമാണ് മോദി ചെയ്യേണ്ടത്. അല്ലാതെ പുരാവൃത്തങ്ങള്‍ ശാസ്ത്രീയ സത്യങ്ങളാണെന്ന് വെറുതെ അവകാശപ്പെടുന്നത് യുക്തിഹീനമാണ്.

ശാസ്ത്രീയ മനോഭാവം വളര്‍ത്തിയെടുക്കേണ്ടത് പൗരന്മാരുടെ ചുമതലയാണെന്ന് ഭരണഘടനയില്‍ എഴുതി വച്ച ആദ്യ രാജ്യമാണ് ഇന്ത്യ എന്ന യഥാര്‍ത്ഥ്യത്തെ കുറിച്ച് മോദി അജ്ഞനാണ് എന്ന് വേണം കരുതാന്‍. നമ്മുടെ ഭരണഘടനയുടെ സൂക്ഷമാംശങ്ങളെ കുറിച്ച് നമ്മുടെ പ്രധാനമന്ത്രിക്ക് അത്ര ബഹുമാനമില്ല എന്ന കാര്യം വലിയ അത്ഭുതം ഉളവാക്കുന്നില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ഇന്ത്യന്‍ ഭരണഘടനയെ തുടര്‍ച്ചയായി അപമാനിച്ചതിന്റെ പേരില്‍ സുപ്രീം കോടതിക്ക് അദ്ദേഹത്തെ ആധുനികകാല നീറോ എന്ന് വിളിക്കേണ്ടി വന്നത് അത്ര വിദൂര ചരിത്രമല്ല.

വിവാദപൂരിതമായ ചരിത്രവും ഇപ്പോഴത്തെ വാക്കുകളും അദ്ദേഹത്തെ വേട്ടയാടാനായി മടങ്ങി വരും. ഇപ്പോള്‍ പക്ഷെ അത് നരേന്ദ്ര മോദിയുടെ വിപരീത സ്വഭാവത്തിന്റെ ഉറച്ച മുഖമായി പരിലസിക്കുന്നുണ്ട്; എത്രകാലത്തേക്കെന്നു ചരിത്രം തെളിയിക്കും. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍