UPDATES

കേരളം

ഒരു കോളേജ് മാഗസിനെ ആര്‍ക്കാണ് പേടി?

മോദിയുടെ ചിത്രം തീവ്രവാദികളോടൊപ്പം നല്‍കി എന്ന് വേവലാതിപെടുന്നവര്‍ ബിന്‍ലാദനൊപ്പം ഗാന്ധിജിയെയും ടാഗോറിനെയും മുന്‍പേജില്‍ നല്‍കിയതില്‍ പ്രശ്നമൊന്നും കാണുന്നില്ലേ? 

ശ്യാം കൃഷ്ണന്‍

ഒരു കോളേജ് മാഗസിന്‍ വിവാദമാകുന്നതും പ്രതിഷേധമുയരുന്നതും കേരളത്തില്‍ പുതുമയല്ല. പക്ഷെ അതിന്റെ പേരില്‍ ക്രിമിനല്‍ കേസുണ്ടാകുന്നതും മാഗസിന്‍ എഡിറ്ററും സ്റ്റാഫ് എഡിറ്ററും അടക്കം അറസ്റ്റിലാകുന്നതും അപൂര്‍വ്വ സംഭവമാണ്. അസുഖബാധിതനായതുകൊണ്ട് മാത്രം ഒന്നാം പ്രതി കോളേജ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തില്ല. പ്രിന്റ് ചെയ്ത പ്രസ്സുടമയെയും വെറുതെ വിട്ടില്ല, ഹാര്‍ഡ് ഡിസ്‌ക്കും 292 മാഗസിനുകളും പോലീസ് പിടിച്ചെടുത്തു. എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഒറ്റ വാക്കിലെ ഉത്തരം വിമര്‍ശിച്ചത് മോദിയെയാണ് എന്നതാണ്. അങ്ങനെ മോശം നിലവാരത്തിനും താഴെയുള്ള ഒരു മാഗസിനെ പോലും അസഹിഷ്ണുതയോടെ കാണുന്ന തരത്തിലേയ്ക്ക് മോദി ഭക്തി മാറുന്നതിന്റെ തെളിവുകൂടിയായി കുന്നംകുളം പോളിടെക്‌നിക്കിലെ മാഗസിന്‍ വിവാദം.

2012-13 അദ്ധ്യയന വര്‍ഷത്തെ കുന്നംകുളം സര്‍ക്കാര്‍ പോളിടെക്ക്‌നിക്ക് മാഗസിനില്‍ പ്രസിദ്ധീകരിച്ച മോദിയുടെ ചിത്രമാണ് വാര്‍ത്തയും വിവാദവുമായത്.  ഉള്‍പേജുകളിലൊന്നില്‍ നെഗറ്റീവ് ഫെയ്സസ് എന്ന തലക്കെട്ടില്‍ വീരപ്പന്‍, അജ്മല്‍ കസബ്, ബിന്‍ലാദന്‍ ,ജോര്‍ജ് ബുഷ്, ഹിറ്റ്‌ലര്‍, മുസോളനി, പുലിത്തലവന്‍ പ്രഭാകരന്‍ എന്നിവര്‍ക്കൊപ്പം നരേന്ദ്രമോദിയുടെ ചിത്രവും ഉള്‍പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണം. മാഗസിന്‍ പുറത്തിറങ്ങിയതോടെ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. ചില മുഖ്യധാര ദൃശ്യമാധ്യമങ്ങളും സംഭവം ഏറ്റെടുത്തതോടെ പ്രധാനമന്ത്രിയെ അപമാനിച്ചു എന്ന തരത്തിലായി പ്രചരണം. യുവമോര്‍ച്ചയുടെ പരാതിയില്‍ കുന്നംകുളം പോലീസാണ് മാഗസിന്‍ എഡിറ്ററും, പ്രിന്‍സിപ്പലും അടക്കം മാഗസിന്‍ സമിതിയിലെ ഏഴ് പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തത്. അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചതിനും സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതുമായ വിവാദങ്ങള്‍ ഉള്‍ക്കൊള്ളിച്ചതിനുമാണ് കേസ്.

എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രകാശനം ചെയ്ത മാഗസിനാണന്നും അന്ന് മോദി പ്രധാനമന്ത്രി ആയിരുന്നില്ലന്നുമാണ് മാഗസിന്‍ എഡിറ്റര്‍ പ്രവീണിന്റെ വിശദീകരണം. “’2012-13 കാലത്ത് ഗുജാറാത്ത് വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയായാണ് മോദി അറിയപ്പെട്ടത്. ദേശീയ മാധ്യമങ്ങളടക്കം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്രയധികം പേരെ ഒരുമിച്ചില്ലാതാക്കിയ ഭരണാധികാരിയെ അതുകൊണ്ടാണ് നെഗറ്റീവ് ഫെയ്‌സസില്‍ ഉള്‍പെടുത്തിയത്” മാഗസിന്‍ എഡിറ്റര്‍ പ്രവീണ്‍പറഞ്ഞു.

മാഗസിന്‍റെ മുഖചിത്രത്തില്‍ ഗാന്ധിജി, ലെനിന്‍, ചെഗുവേര, നെല്‍സണ്‍ മണ്ടേല, ടാഗോര്‍, മദര്‍ തെരേസ, വിവേകാനന്ദന്‍, ശങ്കരാചാര്യര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്ക് താഴെ ബിന്‍ലാദന്റെ പടവുമുണ്ട്. ഫെയ്‌സ് ബുക്ക് എന്നര്‍ത്ഥം വരുന്ന ‘ലിറ്റ്‌സ്‌കോ ലിഗ’ എന്ന റഷ്യന്‍ പേരിലുള്ള മാഗസിനില്‍ വന്ന വിവിധ ആശയങ്ങളുള്ള വ്യക്തികളുടെ മുഖങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന മാഗസിന്‍ സമിതിയുടെ വാദം. പ്രധാനമന്ത്രിയെ അപകീര്‍ത്തിപെടുത്തുവാന്‍ ഉദ്ദേശിച്ചിരുന്നില്ലന്ന് വ്യക്തമാക്കിയ കോളേജ് അധികൃതര്‍ മാഗസിന്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചങ്കിലും സമരവുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും തീരുമാനം.

വാരണാസി മുതല്‍ കുന്നംകുളം വരെയുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകളില്‍ പലപ്പോഴും ഹിന്ദു ദൈവങ്ങള്‍ ഇടം പിടിച്ചിരുന്നു. ബോധപൂര്‍വ്വം ഉണ്ടാക്കിയെടുത്ത ഈ രാഷ്ട്രീയ ഇമേജ് പ്രധാനമന്ത്രി ആയതിന് ശേഷവും നിലനിര്‍ത്തുകയും തുടരുകയുമാണ്. ഇപ്പോഴത്തെ ബോര്‍ഡുകളില്‍ മോദിയ്ക്ക് ചുറ്റും പ്രഭാവലയം തീര്‍ക്കുന്നതും ഇന്ത്യന്‍ രക്ഷകനായി ചിത്രീകരിക്കുന്നതും ഇതേ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ്. മുഖ്യധാര മാധ്യമങ്ങള്‍ ഭൂരിപക്ഷവും മോദി വാഴ്ത്തലില്‍ അഭിരമിക്കുക കൂടി ചെയ്തതോടെ സംഘപരിവാര്‍ രാഷ്ട്രീയ ലക്ഷ്യം പൂര്‍ത്തിയായി. ഇതിനിടയില്‍ ഇങ്ങേ തലയ്ക്കല്‍ കൊച്ചു കേരളത്തില്‍ ഒരു പോളി ടെക്‌നിക്കിലെ എഡിറ്റര്‍ മോദിയുടെ ഭൂതകാലത്തെ കുറിച്ച് ഓര്‍മ്മപെടുത്തിയത് അധികാര ഫാസിസത്തിന് ദഹിക്കുന്നതല്ല. അതുകൊണ്ടാണ് ഇന്ത്യന്‍ പ്രധാന മന്ത്രിയെ അപകീര്‍ത്തിപെടുത്തി എന്ന സംഘപരിവാര്‍ പരാതി കിട്ടിയ ഉടനെ പോലീസ് കേസെടുത്തത്.

പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ യുഎസ് ചാരന്‍ എന്നാക്ഷേപിച്ച് കാര്‍ട്ടൂണുകളടക്കം പ്രസിദ്ധീകരിച്ചിരുന്ന മാധ്യമങ്ങള്‍ക്കെതിരയോ, മുഖ്യമന്ത്രിയായിരിക്കെ ചൈനീസ് ചാരന്‍ എന്ന് ഇംഎംഎസിനെ ആക്ഷേപിച്ച മാധ്യമങ്ങള്‍ക്കെതിരെയോ ഇത്തരം നടപടി ഉണ്ടായിട്ടില്ല. ചരിത്രത്തില്‍ ഇനിയും സമാനമായ ഉദാഹരണങ്ങള്‍ ഏറെയുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഒരു സാധാരണ പോളിടെക്‌നിക്ക് മാഗസിനെ വിവാദമാക്കി കേസാക്കുന്നത്. തീര്‍ച്ചയായും നിങ്ങള്‍ മോദിയുടെ പൂര്‍വ്വകാലം ഓര്‍ക്കരുത്. ”പിന്‍ചക്രത്തിനിടയില്‍ പെട്ട് പട്ടികള്‍ മരിക്കുമ്പോഴുണ്ടാകുന്ന വേദന” എന്ന്‍ ഒരു ഭരണാധികാരി കൂട്ടക്കൊലയില്‍ മരിച്ചവരെ കുറിച്ച് പറയുമ്പോള്‍ അതില്‍ നാം കുഴപ്പം കാണരുത്. കാരണം ഇപ്പോള്‍ മോദി ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത പ്രധാനമന്ത്രിയാണ്.

മോദി പ്രധാനമന്ത്രി മാത്രമല്ല. ആയിരുന്നെങ്കില്‍ല്‍ ചെറുതും വലുതുമായ ഏത് വിമര്‍ശനങ്ങളെയും സഹിഷ്ണുതയോടെ സമീപിക്കുവാനുള്ള മനസ് അണികള്‍ക്ക് ഉണ്ടാകുമായിരുന്നു. പകരം ജനാധിപത്യ ഇന്ത്യയുടെ പ്രധാനമന്ത്രിയെ വിഗ്രഹവത്കരിക്കുന്നതാണ് ഹൈന്ദവ രാഷ്ട്രീയത്തിന്റെ ലക്ഷ്യം. വിഗ്രഹങ്ങള്‍ പൂജിക്കപ്പെടേണ്ടവയാണ്, വിമര്‍ശിക്കപ്പെടേണ്ടവയല്ല എന്ന പൊതുബോധം അനുകൂലമാക്കുവാന്‍ ഫാസിസ്റ്റുകള്‍ക്ക് നന്നായറിയാം. അതുകൊണ്ടാണ് നെഗറ്റീവ് ഫെയ്‌സ് എന്ന ഓര്‍മ്മപെടുത്തലിനെ പോലും അസഹിഷ്ണുതയോടെ സമീപിക്കുന്നത്.

പ്രധാനമന്ത്രിയെ അപമാനിച്ച മാഗസിന്‍ എന്നാണ് ഒരു മുഖ്യധാര മാധ്യമം വിശേഷിപ്പിച്ചത് തന്നെ. വിമര്‍ശനം എങ്ങനെ അപമാനമാകും? ഒരു കോളേജ് മാഗസിന്‍ ഉള്ളടക്കത്തില്‍ എന്താകണം എന്ന ചര്‍ച്ച സ്വാഭാവികമാണ്. പക്ഷെ ക്രിമിനല്‍ കേസ് എന്ന പോലീസ് നടപടി ന്യായീകരിക്കാന്‍ കഴിയുന്നതല്ല.  സാമുദായിക സ്പര്‍ദ്ധയും, വര്‍ഗ്ഗീയതയും വളര്‍ത്തുന്നു എന്നാണ് ബിജെപിയുടെ ആക്ഷേപം. അതായത് മോദിയെ വിമര്‍ശിച്ചാല്‍ ഹൈന്ദവതയെ വിമര്‍ശിച്ചു എന്ന് വരുത്തി തീര്‍ക്കുന്നു. മോദിയുടെ വരവിനെ മതേതര അക്കാദമിക്ക് സമൂഹം എത്രമാത്രം ആശങ്കയോടെയാണോ കണ്ടത് അവയത്രയും ശരിവെയ്ക്കുന്നതാണ് പോലീസ് നടപടി. ഇനി എല്ലാം വിദേശ മൂലധനത്തിന് തുറന്ന് കൊടുക്കുമ്പോഴും ആരും വിമര്‍ശിക്കരുത്. കാരണം മോദി ശരികള്‍ മാത്രം ചെയ്യുന്ന ദൈവതുല്യനായ രക്ഷകനാണ് എന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ് പരീക്ഷിച്ച് വിജയിപ്പിക്കാന്‍ നോക്കുന്നത്.

അവസാനം ഒരു സംശയം; മോദിയുടെ ചിത്രം തീവ്രവാദികളോടൊപ്പം നല്‍കി എന്ന് വേവലാതിപെടുന്നവര്‍ ബിന്‍ലാദനൊപ്പം ഗാന്ധിജിയെയും ടാഗോറിനെയും മുന്‍പേജില്‍ നല്‍കിയതില്‍ പ്രശ്നമൊന്നും കാണുന്നില്ലേ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍