UPDATES

നരേന്ദ്ര മോദി നിശബ്ദനാണ്

Avatar

ടീം അഴിമുഖം/എഡിറ്റോറിയല്‍

“If I were to remain silent, I’d be guilty of complicity.” – Albert Einstein

ചരിത്രത്തില്‍ ഇടം നേടിയ വലിയ വാഗ്മികള്‍ പലപ്പോഴും അവരുടെ നിശബ്ദതയാല്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. നരേന്ദ്ര മോദി അവരില്‍ ഒരാളാണ്.

സോഷ്യല്‍ മീഡിയയിലും റേഡിയോ പ്രഭാഷണങ്ങളിലും ടൗണ്‍ ഹാള്‍ യോഗങ്ങളിലും സജീവവും എന്തിനെ കുറിച്ചും സംസാരിക്കുകയും ചെയ്യുന്ന, പലപ്പോഴും വാക് അതിസാരം പിടിപെട്ടിട്ടുണ്ടെന്ന് തോന്നിപ്പോകുന്ന ഒരാള്‍, അധികാരത്തിലിരുന്ന ഒരു വര്‍ഷവും അഞ്ചു മാസവും നിര്‍വചിക്കപ്പെട്ടത് അദ്ദേഹത്തിന്റെ നിശബ്ദതയിലൂടെയാണ്.

2014 മെയിലെ ഒരു ചൂടേറിയ വേനല്‍ ദിനത്തില്‍ വിജയശ്രീലാളിതനായി മോദി ദല്‍ഹിയിലെത്തിയപ്പോള്‍ ഉണ്ടായ ആഹ്ലാദപ്രകടനങ്ങളെല്ലാം ഇന്ന് വിദൂര ഓര്‍മ്മ മാത്രമാണ്. അദ്ദേഹത്തിന്റെ ഭരണരീതിയും ഇന്ത്യയെ കുറിച്ചുള്ള അവബോധവും ഇന്ന് വളരെ വ്യക്തമാണ്. അദ്ദേഹത്തിന്റെ വാചാലതയേക്കാള്‍ പലപ്പോഴും എടുത്തണിഞ്ഞ നിശബ്ദതയാണ് ഇതെല്ലാം സ്പഷ്ടമാക്കുന്നത്.

മോദി ഇന്ത്യയെ എങ്ങനെ കാണുന്നുവെന്നും അദ്ദേഹത്തിന്റെ ഭരണരീതിയും മനസ്സിലാക്കണമെങ്കില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്കും റേഡിയോ പ്രഭാഷണങ്ങള്‍ക്കുമുപരി അദ്ദേഹത്തിന്റെ നിശബ്ദത പരിശോധിക്കുകയാണ് വേണ്ടത്.

മോദിയെ സംബന്ധിച്ചിടത്തോളം ദല്‍ഹിയുടെ പ്രാന്തപ്രദേശത്ത് ജനക്കൂട്ടം മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചു കൊലപ്പെടുത്തിയതിനേക്കാള്‍ പ്രാധാന്യം ആഷ ഭോസ്ലെയുടെ മകന്റെ മരണത്തിനുണ്ട്. ഈ ഗായികയ്ക്ക് ഒരു ട്വീറ്റിലൂടെ തന്റെ അനുശോചനം അറിയിക്കുകയും ചെയ്യും. എന്നാല്‍ ഒരു വ്യോമസേന ഉദ്യോഗസ്ഥന്റെ വീട് ആക്രമിക്കാനും, അദ്ദേഹത്തിന്റെ അച്ഛനെ കൊല്ലാനും, സഹോദരനെ മാരകമായി പരിക്കേല്‍പ്പിക്കാനും ജനക്കൂട്ടത്തെ പ്രകോപിപ്പിക്കാന്‍ ഒരു ക്ഷേത്രത്തിലെ മൈക്ക് ഉപയോഗപ്പെടുത്തിയ രീതിയെ കുറിച്ച് അദ്ദേഹം കടുത്ത മൗനം പാലിക്കുകയും ചെയ്യും.

മോദിയെ സംബന്ധിച്ചിടത്തോളം മഹാരാഷ്ട്രയിലും കര്‍ണാടകയിലും അരങ്ങേറിയ, സമൂഹം ആദരിക്കുന്ന യുക്തിവാദികളുടെയും എഴുത്തുകാരുടേയും കൊലപാതകം വലിയ കാര്യമല്ല. ആര്‍പ്പുവിളികളും ആരവങ്ങളുമുള്ള ടൗണ്‍ഹാള്‍ പ്രഭാഷണങ്ങളും ഫേസ്ബുക്ക്, ഗൂഗിള്‍ ആസ്ഥാന സന്ദര്‍ശനങ്ങളും വളരെ സാധാരണ വാക്കുകളില്‍ ശരാശരി വിഷയങ്ങള്‍ മാത്രം പരാമര്‍ശിക്കുന്ന ചേതനയില്ലാത്ത മന്‍ കി ബാത്ത് തുടങ്ങിയവയുമാണ് മോദി കാര്യമായെടുക്കുന്നത്. സോഷ്യല്‍ മീഡിയയിലും പുറത്തും തന്റെ അനുയായികള്‍ വിദ്വേഷം പരത്തിക്കൊണ്ടിരിക്കുന്നതും മോദിക്കു വിഷയമല്ല. വാസ്തവത്തില്‍ ഇക്കൂട്ടത്തില്‍ സജീവമായി രംഗത്തുള്ളവരെ തന്റെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചു വരുത്തി ചായസല്‍ക്കാരം നടത്തുകയും ചെയ്യുന്നു.

നമ്മുടെ കാമ്പസുകളെ പിടിച്ചുലയ്ക്കുന്ന യുവാക്കളുടെ പ്രക്ഷോഭങ്ങളുടെ കാര്യത്തിലും നമ്മുടെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം തകര്‍ക്കുന്ന തന്റെ വിദ്യാഭ്യാസ മന്ത്രിയുടെ വിഡ്ഢിത്തരങ്ങളേകുറിച്ചും മോദി നിശബ്ദനാണ്. 

വസ്ത്രം ധരിക്കുന്നതിനെക്കുറിച്ചും രാത്രി പുറത്തിറങ്ങുന്നതിനെ കുറിച്ചും പെണ്‍കുട്ടികള്‍ക്കുള്ള തന്റെ സാംസ്‌കാരികമന്ത്രിയുടെ അറപ്പുളവാക്കുന്ന ഉപദേശങ്ങളെക്കുറിച്ചും അദ്ദേഹം നിശബ്ദനാണ്. ഒപ്പം അക്രമാസക്തമായ ജനക്കൂട്ടം വീട് തല്ലിത്തകര്‍ത്ത് അകത്തു കയറി ഒരു വൃദ്ധനെ അടിച്ചു കൊല്ലുകയും അദ്ദേഹത്തിന്റെ മകനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടും 17-കാരിയായ മകളെ അവര്‍ ബാലാത്സംഗം ചെയ്തില്ലല്ലോ എന്നു ന്യായീകരിക്കുന്ന തന്റെ സാംസ്കാരിക മന്ത്രിയുടെ ജുഗുപ്സാവാഹമായ പ്രസ്താവനയിലും അദ്ദേഹം ഒന്നും മിണ്ടില്ല. 

 

മുസഫര്‍നഗര്‍ മുതല്‍ ആരംഭിച്ച കൊല്ലലും വംശഹത്യയും യു.പിയുടെ മറ്റ് ഭാഗങ്ങളിലേക്കും പടര്‍ത്താന്‍ ശ്രമമുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ചും അദ്ദേഹം മൌനം പാലിക്കും. അതില്‍ തന്റെ മാതൃസംഘടനയോട് ഐക്യപ്പെട്ടു നില്‍ക്കുന്നവരാണ് പ്രതിസ്ഥാനത്ത് എന്നറിയുമ്പോഴും അദ്ദേഹം നിശബ്ദനാണ്. 

തന്റെ ധനകാര്യമന്ത്രിയുടെ വൈരുധ്യ പ്രസ്താവനകള്‍ വ്യവസായ സമൂഹത്തിനും നികുതി വ്യവസ്ഥകളിലും ആശയക്കുഴപ്പമുണ്ടാക്കുന്നതിനെ കുറിച്ചും മോദി നിശബ്ദനാണ്. രാഷ്ട്രീയ പ്രതികാരങ്ങള്‍ക്കായി സിബിഐയേയും മറ്റു അന്വേഷണ ഏജന്‍സികളേയും ഉപയോഗപ്പെടുത്തുന്ന രീതിയെ കുറിച്ചും അദ്ദേഹം നിശബ്ദനാണ്.

തന്റെ മുന്‍ഗാമി മന്‍മോഹന്‍ സിംഗ് നിശബ്ദനായിരുന്നെന്ന് താന്‍ ആരോപിച്ച ഏതാണ്ട് എല്ലാ വിഷയങ്ങളിലും മോദിയും വ്യത്യസ്തനല്ല. വാസ്തവത്തില്‍, കാലാവസ്ഥാ വ്യതിയാനമായാലും ശുചിത്വമായാലും സമ്പദ് വ്യവസ്ഥയെ കുറിച്ചായാലും ഒരു പ്രധാനമന്ത്രിയില്‍ നിന്ന് ബുദ്ധിഹീനമായത് കേട്ടുകൊണ്ടിരിക്കുക എന്നത് അസഹനീയമാണ്. 

സംവരണം അവസാനിപ്പിക്കണമെന്ന ആര്‍ എസ് എസിന്റെ ആവശ്യത്തെ കുറിച്ചും അദ്ദേഹം നിശബ്ദനാണ്. ഗൂഢമായ അക്രമസംഭവങ്ങള്‍ കശ്മീരില്‍ തിരിച്ചെത്തിയതിനെ കുറിച്ചും കഴിഞ്ഞ ഏതാനും മാസങ്ങളിലെ വിഡ്ഢിത്തം നിറഞ്ഞ ചില തീരുമാനങ്ങളെ ചൊല്ലി വടക്കു കിഴക്കന്‍ മേഖലയില്‍ അക്രമസംഭവങ്ങള്‍ക്ക് സാധ്യത ഏറിയതിനെ കുറിച്ചും അദ്ദേഹം നിശബ്ദനാണ്.

ഇന്ത്യയുടെ രാഷ്ട്രീയ ശരീരത്തിലേക്ക് വര്‍ഗീയ വിഷം വീണ്ടും കുത്തിവയ്ക്കപ്പെടുന്നതിനെ കുറിച്ചും അദ്ദേഹം നിശബ്ദനാണ്. തന്റെ അനുയായികള്‍ സംഘടിതമായി നടത്തുന്ന ഇന്ത്യയുടെ ലിബറല്‍ ഘടനയ്ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചും അദ്ദേഹം നിശബ്ദനാണ്.

മോദി നിശബ്ദനാണ്. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍