UPDATES

ഇന്ത്യ

മതസ്വാതന്ത്ര്യം സംരക്ഷിക്കും : നരേന്ദ്ര മോദിയുടെ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം

Avatar

കഴിഞ്ഞ കുറച്ചു മാസങ്ങളായി നടക്കുന്ന മതവിദ്വേഷ ആക്രമണങ്ങളെയും മതപരിവര്‍ത്തന ശ്രമങ്ങളെയും കുറിച്ചു പുലര്‍ത്തിയ മൗനം ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെടിഞ്ഞിരിക്കുന്നു. ഏതൊരു മതവിഭാഗത്തിന്റെയും അത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും മറ്റ് സമുദായങ്ങളുടെ നേര്‍ക്കുള്ള വിദ്വേഷജനകമായ പ്രവര്‍ത്തനങ്ങള്‍ താന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 

‘സമ്മര്‍ദമോ പ്രേരണയോ കൂടാതെ താന്‍ തെരഞ്ഞെടുക്കുന്ന മതത്തില്‍ നിലനില്‍ക്കാനും സ്വീകരിക്കാനുമുള്ള നിഷേധിക്കാന്‍ കഴിയാത്ത അവകാശം എല്ലാവര്‍ക്കുമുണ്ട്. ഭൂരിപക്ഷമോ, ന്യൂനപക്ഷമോ ആകട്ടെ ഒരു മതവിഭാഗത്തെയും മറ്റുള്ളവര്‍ക്കെതിരെ ഒളിഞ്ഞോ തെളിഞ്ഞോ വിദ്വേഷം ജനിപ്പിക്കാന്‍ എന്റെ സര്‍ക്കാര്‍ അനുവദിക്കില്ല,’ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ ക്യൂടോ കൂടി സന്നിഹിതനായിരുന്ന ഒരു സദസില്‍ അദ്ദേഹം വ്യക്തമാക്കി. 

ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടന്നിട്ടും മോദി പുലര്‍ത്തിയ നിശബ്ദതയെ പ്രതിപക്ഷവും ക്രിസ്ത്യന്‍ സംഘടനകളും ഒരുപോലെ കുറ്റപ്പെടുത്തിയിരുന്നു. ചാവറ കുരിയാക്കോസ് എലിയാസിനെയും ഏവൂപ്രാസ്യാമ്മയെയും വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തിയതിന്റെ ദേശീയാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി. 

(പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം താഴെ കൊടുക്കുന്നു)

കേരളത്തിലെ രണ്ടു മഹാത്മാക്കളായ വിശുദ്ധരെ, ചാവറ കുരിയാക്കോസ് എലിയാസിനെയും, ഏവൂപ്രാസ്യാമ്മയെയും വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തിയത് ആഘോഷിക്കുന്ന ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ എനിക്കു സന്തോഷമുണ്ട്. അവര്‍ക്ക് ലഭിച്ച ഈ അംഗീകാരത്തില്‍ രാജ്യം മുഴുവന്‍ സന്തോഷിക്കുന്നു. ഇതിനുമുമ്പ് വിശുദ്ധ പദവി ലഭിച്ച അല്‍ഫോണ്‍സാമ്മയും കേരളത്തില്‍ നിന്നുതന്നെയാണ്.

ചാവറയച്ചന്റെയും എവുപ്രാസ്യാമ്മയുടെയും ജീവിതവും പ്രവര്‍ത്തികളും ക്രിസ്ത്യന്‍ സമുദായത്തിന് മാത്രമല്ല മനുഷ്യരാശിക്കാകെ പ്രേരണയാണ്. മനുഷ്യരാശിയുടെ നന്മയ്ക്കായി നിസ്വാര്‍ത്ഥ സേവനത്തിലൂടെ ദൈവസമര്‍പ്പണം നടത്തിയതിന്റെ തിളങ്ങുന്ന മാതൃകകളാണ് അവര്‍.

വിശുദ്ധന്‍ ചാവറ പ്രാര്‍ത്ഥനയും സാമൂഹ്യപരിഷ്‌കരണവും ഒത്തുചേര്‍ന്ന വ്യക്തിത്വമായിരുന്നു. വിദ്യാഭ്യാസത്തിനുള്ള അവകാശം പരിമിതമായിരുന്ന ഒരു കാലത്ത് എല്ലാ പള്ളികളും വിദ്യാലയങ്ങള്‍ തുടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഉള്ളവര്‍ക്ക് അദ്ദേഹം വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്തു. അദ്ദേഹം ഒരു സംസ്‌കൃത വിദ്യാലയവും ഒരു അച്ചുകൂടവും സ്ഥാപിച്ചു എന്നത് കേരളത്തിന് പുറത്തുള്ള വളരെ കുറച്ചുപേര്‍ക്കെ അറിയൂ. ശാക്തീകരണത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനയും ഗണനീയമാണ്.
ദൈവത്തിനോടുള്ള സമര്‍പ്പണത്തിനും പ്രാര്‍ത്ഥനയ്ക്കുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു ഏവൂപ്രാസ്യാമ്മയുടേത്.

ഈ രണ്ടു വിശുദ്ധരും സഹജീവികളോടുള്ള സേവനത്തിലൂടെയാണ് ജീവിതം ദൈവത്തിന്നായി ഉഴിഞ്ഞുവെച്ചത്. പൗരാണിക ഭാരതീയ മൊഴിപോലെ: ലോകത്തിന്റെ ക്ഷേമമാണ് മോക്ഷത്തിലേക്കുള്ള വഴിഎന്നത് അവരുടെ ജീവിതങ്ങളെ വിശദീകരിക്കുന്നു.

സുഹൃത്തുക്കളേ, ആത്മീയത ഇന്ത്യയുടെ പാരമ്പര്യത്തില്‍ വേരുറച്ച ഒന്നാണ്. ഭാരതീയ ഋഷിമാരും ഗ്രീക് ചിന്തകരും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പെ ആത്മീയ സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. പുതിയ ആശയങ്ങളോടുള്ള ഭാരതത്തിന്റെ തുറന്ന മനസ് ഋഗ്‌വേദത്തില്‍ കാണാം; വിശുദ്ധമായ ആശയങ്ങള്‍ എല്ലാ വശത്തുനിന്നും നമ്മളിലേക്കെത്തട്ടെ. പൗരാണിക കാലം മുതല്‍ക്കേ ഈ തത്വചിന്ത നമ്മുടെ ബൗദ്ധിക സംവാദങ്ങള്‍ക്ക് വഴികാട്ടിയിരുന്നു. ഭാരത മാതാവ് നിരവധി മത,ആത്മീയ ചിന്താധാരകള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. അതില്‍ ചിലതൊക്കെ ഇന്ത്യയുടെ അതിരുകള്‍ക്കപ്പുറത്തേക്കും പോയിട്ടുണ്ട്.

എല്ലാ വിശ്വാസങ്ങളെയും സ്വാഗതം ചെയ്യുകയും ബഹുമാനിക്കുകയും ചെയ്യുന്ന രീതിക്ക് ഭാരതത്തോളം പഴക്കമുണ്ട്. സ്വാമി വിവേകാനന്ദന്‍ പറഞ്ഞപോലെ: നമ്മള്‍ സാര്‍വലൗകിക സഹിഷ്ണുതയില്‍ വിശ്വസിക്കുക മാത്രമല്ല, എല്ലാ മതങ്ങളും സത്യമാണെന്ന് അംഗീകരിക്കുകയും ചെയ്യുന്നു. സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്, എക്കാലത്തേക്കും ഈ രാഷ്ട്രത്തിന് മാത്രമല്ല, ഈ സര്‍ക്കാരിനും, ഏത് രാഷ്ട്രീയ കക്ഷിയുടെതായാലും ഇന്ത്യ ഭരിക്കുന്ന ഏത് സര്‍ക്കാരിനും ബാധകമാണ്. എല്ലാ വിശ്വാസങ്ങളെയും തുല്യമായി കാണുന്നതും ബഹുമാനിക്കുന്നതും ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭാരതത്തിന്റെ ധര്‍മ്മമാണ്. അങ്ങനെയാണ് അത് ഇന്ത്യയുടെ ഭരണഘടനയുടെ അവിഭാജ്യഘടകമായത്. നമ്മുടെ ഭരണഘടന ശൂന്യതയില്‍ നിന്നും ഉരുത്തിരിഞ്ഞതല്ല. അതിന്റെ വേരുകള്‍ ഭാരതത്തിന്റെ പൗരാണിക സാംസ്‌കാരിക പാരമ്പര്യത്തിലാണ്.

ഭയരഹിതമായ മനസും ഉയര്‍ത്തിപ്പിടിച്ച ശിരസുമുള്ള ഒരു നാടിനെക്കുറിച്ച് സ്വപ്നം കാണാന്‍ ഗുരുദേവന്‍ രബീന്ദ്രനാഥ് ടാഗോര്‍ നമ്മെ പ്രചോദിപ്പിച്ചു. ആ സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗമാണ് നാം സൃഷ്ടിക്കാനും സംരക്ഷിക്കാനും ബാധ്യതപ്പെട്ടിരിക്കുന്നത്. എല്ലാ മതത്തിലും സത്യമുണ്ടെന്ന് നാം കരുതുന്നു. ഏകം സത് വിപ്ര ബഹുധാ വദന്തി.

സുഹൃത്തുക്കളേ, സമകാലിക ലോകത്തില്‍ ശാന്തിക്കും ഐക്യത്തിനും നിര്‍ണായകവും പ്രധാനവുമായ പ്രശ്‌നത്തിലേക്ക് ഞാന്‍ കടക്കട്ടെ. മാതാടിസ്ഥാനത്തിലുള്ള വിഭാഗീയതകള്‍ക്കും ശത്രുതക്കള്‍ക്കും ലോകം കൂടുതലായി സാക്ഷ്യം വഹിക്കുകയാണ്. ഇതൊരു ആഗോള ആശങ്കയാണ്. ഈ സാഹചര്യത്തില്‍ എല്ലാ വിശ്വാസങ്ങളോടും പരസ്പര ബഹുമാനത്തിനുള്ള പൗരാണിക ഭാരതീയ അഭ്യര്‍ത്ഥന ആഗോള സംവാദത്തില്‍ ഇപ്പോള്‍ പ്രതിഫലിക്കാന്‍ തുടങ്ങുന്നുണ്ട്.

ഈ പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമായ ബന്ധങ്ങള്‍ക്കായുള്ള നീണ്ടനാളത്തെ ആവശ്യങ്ങള്‍ 2008 ഡിസംബര്‍ 10നു ഹെങ്ങില്‍ നടന്ന ‘മനുഷ്യാവകാശങ്ങളില്‍ വിശ്വാസം’ എന്ന സര്‍വ്വമത സമ്മേളനത്തിലേക്ക് നയിച്ചു. ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 60 ആം വാര്‍ഷികവും യാദൃശ്ചികമെങ്കിലും ഇതിനൊപ്പം വന്നു.

ലോകത്തെ എല്ലാ പ്രമുഖ മതവിഭാഗങ്ങളുടെ നേതാക്കളും അന്താരാഷ്ട്ര പ്രഖ്യാപനവും, മതസ്വാതന്ത്ര്യവും വിശ്വാസവും ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞയെടുത്തു. അവരുടെ ചരിത്ര പ്രഖ്യാപനത്തില്‍ എന്താണ് വിശ്വാസ സ്വാതന്ത്ര്യമെന്നും അതെങ്ങിനെ സംരക്ഷിക്കണമെന്നും അവര്‍ വ്യക്തമാക്കി. ഒരു മതമോ വിശ്വാസമോ പുലര്‍ത്താനോ, നിലനിര്‍ത്താനോ,സ്വീകരിക്കാനോ ഉള്ള സ്വാതന്ത്ര്യം ഒരു പൗരന്റെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്ന് നമ്മള്‍ കരുതുന്നു.

ലോകം വിലങ്ങനെയും കുറുകെയുമുള്ള വഴികളിലാണ്. ശ്രദ്ധിച്ചു കടന്നില്ലെങ്കില്‍ നമ്മെ മതഭ്രാന്തിന്റെയും, മൗലികവാദത്തിന്റെയും ചോരപ്പുഴയുടെയും ഇരുണ്ട നാളുകളിലേക്ക് തിരികെയെത്തിക്കും. ലോകം മൂന്നാം സഹസ്രാബ്ദത്തിലേക്ക് കടന്നിട്ടും മതങ്ങള്‍ തമ്മിലുള്ള ഐക്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അത് നടക്കുകയാണ്. ബാക്കി ലോകവും പൗരാണിക ഭാരതത്തിന്റെ മാര്‍ഗത്തിലേക്ക് വരുന്നു എന്നാണ് ഇത് കാണിക്കുന്നത്.

ഇന്ത്യക്കും എന്റെ സര്‍ക്കാരിനും വേണ്ടി സംസാരിക്കുമ്പോള്‍ എന്റെ സര്‍ക്കാര്‍ മേല്‍പ്പറഞ്ഞ പ്രഖ്യാപനത്തിലെ ഓരോ വാക്കിനുമൊപ്പം നില്‍ക്കുന്നു. പൂര്‍ണമായ വിശ്വാസ സ്വാതന്ത്ര്യവും സമ്മര്‍ദ്ദമോ പ്രേരണയോ കൂടാതെ താന്‍ തെരഞ്ഞെടുക്കുന്ന മതത്തില്‍ നിലനില്‍ക്കാനും സ്വീകരിക്കാനുമുള്ള നിഷേധിക്കാന്‍ കഴിയാത്ത അവകാശവും എല്ലാവര്‍ക്കുമുണ്ടെന്ന് എന്റെ സര്‍ക്കാര്‍ ഉറപ്പുവരുത്തും. ഏതൊരു മതവിഭാഗത്തിന്റെയുംഅത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും മറ്റ് സമുദായങ്ങളുടെ നേര്‍ക്കുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള വിദ്വേഷജനകമായ പ്രവര്‍ത്തനങ്ങള്‍ എന്റെ സര്‍ക്കാര്‍ അനുവദിക്കില്ല.

ബുദ്ധന്റെയും ഗാന്ധിയുടെയും നാടാണ് ഇന്ത്യ. എല്ലാ ഇന്ത്യക്കാരന്റെയും ഡി എന്‍ എയില്‍ എല്ലാ മതങ്ങളോടുമുള്ള ബഹുമാനം ഉണ്ടായിരിക്കണം. എന്തിന്റെ മറവിലായാലും ഏത് മതത്തിനെതിരെയുമുള്ള അക്രമം നമുക്ക് അംഗീകരിക്കാന്‍ നമുക്കാവില്ല. ഇക്കാര്യത്തില്‍ എന്റെ സര്‍ക്കാര്‍ കര്‍ശനമായ നടപടിയെടുക്കും.

ഈ ഉറപ്പോടെ നമ്മുടെ ഭരണഘടനയില്‍ പ്രകടമായ, ഹേഗ് പ്രഖ്യാപനത്തിലുള്ള, നമ്മുടെ പൗരാണിക രാഷ്ട്രത്തിന്റെ യാഥാര്‍ത്ഥ സത്തയിലുള്ള നിയന്ത്രണത്തോടും, പരസ്പര ബഹുമാനത്തോടും, സഹിഷ്ണുതയോടും കൂടി പ്രവര്‍ത്തിക്കാന്‍ എല്ലാ മതവിഭാഗങ്ങളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തുക്കളേ, എനിക്ക് ആധുനിക ഇന്ത്യയെക്കുറിച്ച് ഒരു കാഴ്ച്ചപ്പാടുണ്ട്. ഈ കാഴ്ച്ചപ്പാട് യാഥാര്‍ത്ഥ്യമാക്കാനുള്ള വലിയൊരു ദൗത്യമാണ് ഞാന്‍ ഏറ്റെടുത്തിരിക്കുന്നത്. എന്റെ മന്ത്രം വികസനമാണ്; എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം.
ലളിതമായ വാക്കുകളില്‍ അത് എല്ലാ മേശയിലും ഭക്ഷണം, എല്ലാ കുട്ടികളും വിദ്യാലയത്തില്‍, എല്ലാവര്‍ക്കും ജോലി, എല്ലാ കുടുംബത്തിനും ശൗചാലയങ്ങളും, വൈദ്യുതിയുമുള്ള വീട്. ഇത് ഇന്ത്യയെ അഭിമാനിക്കാന്‍ പ്രാപ്തമാക്കും. ഐക്യത്തിലൂടെ നമുക്കിത് നേടിയെടുക്കാം. ഐക്യം നമ്മളെ ശക്തിപ്പെടുത്തും. ഈ വലിയ യത്‌നത്തില്‍ എന്നെ പിന്തുണക്കണമെന്ന് എല്ലാ ഇന്ത്യക്കാരോടും ഇവിടെ കൂടിയ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ചാവറയച്ചനെയും ഏവൂപ്രാസ്യാമ്മയെയും വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തിയതും അവരുടെ വിശുദ്ധ പ്രവര്‍ത്തികളും നമ്മെ പ്രചോദിപ്പിക്കട്ടെ: നമ്മുടെ ആത്മശക്തി പരമോന്നതിയിലാക്കാന്‍, ആ ശക്തി കൊണ്ട് നിസ്വാര്‍ത്ഥ സേവനത്തിലൂടെ സമൂഹത്തെ മാറ്റാന്‍ സഹായിക്കാന്‍, വികസിത-ആധുനിക ഇന്ത്യ എന്ന നമ്മുടെ കൂട്ടായ കാഴ്ചപ്പാട് സഫലീകരിക്കാന്‍.
നന്ദി

(കടപ്പാട്: ഫസ്റ്റ് പോസ്റ്റ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍