UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമേരിക്കയിലെത്തിയ നരേന്ദ്ര മോദി എന്ന നടന്‍

Avatar

മീര നായര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സെപ്റ്റംബര്‍ 30-നു അവസാനിച്ച മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനം ഒരു കാഴ്ചപ്പൂരം തന്നെയായിരുന്നു. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ 18,000ത്തോളം ആവേശം മൂത്ത ആരാധകര്‍ക്കു മുന്നില്‍  ഒരു പ്രചാരണ പരിപാടിയിലെന്നോണമാണ് മോദി പ്രത്യക്ഷപ്പെട്ടത്. ടൈംസ് സ്ക്വയറിലെ കൂറ്റന്‍ സ്ക്രീനുകളില്‍ ബോളിവുഡ് ശൈലിയിലെ ആട്ടവും പാട്ടും, ആകാശ ബലൂണുകള്‍, പിന്നെ കുറെ യു.എസ് കോണ്‍ഗ്രസ് അംഗങ്ങളും. അമേരിക്കക്കാര്‍ക്കും, പിന്നെ പ്രവാസി ഇന്ത്യന്‍-അമേരിക്കക്കാര്‍ക്കും മുന്നില്‍ തന്നെ മികവോടെ അവതരിപ്പിക്കാന്‍ മോദി വല്ലാതെ പരിശ്രമിച്ചു.

പക്ഷേ, അയാള്‍ ഈ ഭൂഖണ്ഡത്തിലെ ജനങ്ങളോട് മാത്രമല്ല സംസാരിച്ചത്. വാസ്തവത്തില്‍, ഈ പര്യടനത്തിലെ പ്രതീകാത്മകതയും വായാടിത്തവും നാട്ടിലെ (ഇവിടുത്തെയും) അയാളുടെ ഹിന്ദു ദേശീയത അടിത്തറയെ ലക്ഷ്യമിട്ട് വളരെ ശ്രദ്ധാപൂര്‍വം രൂപപ്പെടുത്തിയതാണ്. ഇതൊരു പഴയതരം, ചുരുക്കം പേരെ ലക്ഷ്യമിട്ടുള്ള ഒരു രാഷ്ട്രീയ രഹസ്യഭാഷയുടെ ഉഗ്രന്‍ പ്രയോഗമായിരുന്നു. അതിന്റെ സന്ദേശം: ഞാന്‍ സഹിഷ്ണുതയോടും തുറന്ന മനോഭാവത്തോടും അനുകൂലഭാവം പ്രകടിപ്പിച്ചേക്കാം, പക്ഷേ ഞാനിപ്പോഴും ശരിക്കും നിങ്ങളോടൊപ്പമാണ്.

തുടക്കക്കാര്‍ക്കുവേണ്ടി പറയാം, ന്യൂയോര്‍ക്കിലെ വേദികളില്‍ മോദി ധരിച്ച ആ ചെറുകുപ്പായം നോക്കുക. അയാളുടെ സ്വകാര്യ തയ്യല്‍ക്കാരന്‍ ബിപിന്‍ ചൌഹാന്‍ പറഞ്ഞപോലെ, അത് കാവിയുടെ ഒരു ‘നിശ്ശബ്ദ’ വകഭേദമാണ്. മോദിയുടെ പ്രിയപ്പെട്ട നിറം. മോദികുര്‍ത്തയെന്ന് ഇപ്പോള്‍ ഓമനപ്പേരുള്ള അയാളുടെ മിക്ക അരക്കയ്യന്‍ കുപ്പായങ്ങള്‍ക്കും  മറ്റ് അനുബന്ധ വസ്ത്രങ്ങള്‍ക്കും ഒരു കാവിച്ഛായയുണ്ട്. ഇന്ത്യയില്‍ കാവിക്ക് ഹിന്ദുക്കളുടെയിടയില്‍ ഏറെ അര്‍ത്ഥതലങ്ങളുണ്ട്; വിശുദ്ധാഗ്നി, ബലി, താപസവിരക്തി, വെളിച്ചത്തിനും മോക്ഷത്തിനുമായുള്ള അന്വേഷണം, അങ്ങനെ പലതും. പക്ഷേ, ഈ നിറം ഹിന്ദു മതമൌലികവാദികളും ഏറ്റെടുത്തിരിക്കുന്നു. ആയിരത്തിലേറെ പേരെ കൊന്നൊടുക്കിയ, കൊല്ലപ്പെട്ടവരില്‍ മഹാഭൂരിപക്ഷവും മുസ്ലീംങ്ങളാണ്,  2002-ലെ ഗുജറാത്ത് കലാപകാലത്ത് തെരുവുകളില്‍ പാഞ്ഞുനടന്ന സായുധരായ ആള്‍ക്കൂട്ടം ധരിച്ചിരുന്നത് ഈ നിറമാണ്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി. കലാപത്തിന് ഭരണകൂടത്തിന്റെ പിന്തുണ വ്യക്തമാക്കുന്ന തെളിവുകളുണ്ടെങ്കിലും, മോദി വ്യക്തിപരമായി കുറ്റക്കാരനാണെന്ന് തെളിഞ്ഞില്ല. ഈ നിറത്തെ ചുറ്റിപ്പറ്റുന്ന വിഗ്രഹപൂജ സമാനത കണക്കിലെടുത്താല്‍, മോദിയുടെ വേഷവിധാനത്തിന്റെ ശൈലി അങ്ങേയറ്റം നിര്‍ലജ്ജമാണ്.

ഞായറാഴ്ചത്തെ പ്രസംഗത്തില്‍ പ്രധാനമന്ത്രി ഇന്ത്യയുടെ മറ്റൊരു പ്രതീകത്തെക്കൂടി സ്പര്‍ശിച്ചു- ഗംഗാ നദി. കേള്‍വിക്കാരിലെ ധനികരോട് മലിനമായ നദി വൃത്തിയാക്കാനുള്ള ശ്രമത്തില്‍ സഹായിക്കാന്‍ ആവശ്യപ്പെടവേ, അയാള്‍ ഗംഗയെ മാ ഗംഗ, അമ്മ ഗംഗ എന്നാണ് വിശേഷിപ്പിച്ചത്. ഗംഗയെ ദേവതയായും, അതിലെ വെള്ളത്തിനെ പുണ്യതീര്‍ത്ഥമായും കാണുന്ന നിരവധി ഇന്ത്യക്കാര്‍ ആദരസൂചകമായി സ്ഥിരമായി ഉപയോഗിയ്ക്കുന്ന പദങ്ങള്‍. നദിയുമായി ബന്ധപ്പെട്ട ഹിന്ദു ആചാരങ്ങളുടെ ഒരു കീര്‍ത്തനമാലയായ ഒരു ചലച്ചിത്രം കാണാനും മോദി കേള്‍വിക്കാരോടു ആഹ്വാനം ചെയ്തു. ഗംഗാ വിമലീകരണ പദ്ധതിയുടെ പേരുതന്നെ ‘നമാമി ഗംഗേ’ എന്നാണ്. ‘പൂജ’ എന്നര്‍ത്ഥം വരുന്ന ‘നമാമി’, സംസ്കൃതത്തിലുള്ള പ്രാര്‍ത്ഥനകളില്‍ നിന്നും എടുത്ത ഒരു വാക്കാണ്. ‘നമാമി ഗംഗേ’ എന്നാല്‍ ‘ഞങ്ങള്‍ നമസ്കരിക്കുന്നു ഗംഗേ’ എന്നാണ്. ഈ നദിയെ ആശ്രയിക്കുന്ന അനേകദശലക്ഷം ഇന്ത്യക്കാര്‍ പങ്കിടാത്ത ഒരു വികാരം. ഇതിന് വിരുദ്ധമായി മുന്‍ പ്രധാനമന്ത്രി  രാജീവ് ഗാന്ധിയുടെ ശുദ്ധീകരണ പരിപാടിയുടെ പേര് വളരെ ലളിതമായി ‘ഗംഗ ദൌത്യ പദ്ധതി’ എന്നായിരുന്നു.

താന്‍ നവരാത്രി വ്രതം നോല്‍ക്കുകയാണെന്ന്  മാഡിസണ്‍ സ്ക്വയറിലെ ജനക്കൂട്ടത്തെ അറിയിക്കാന്‍ മോദി പ്രത്യേകം ശ്രദ്ധിച്ചു. തന്റെ ബഹുമാനാര്‍ത്ഥം വൈറ്റ്ഹൌസില്‍ ഒരുക്കിയ രണ്ടു വിരുന്നുകളിലും അയാള്‍ വെള്ളം മാത്രം കുടിച്ചു- ഒരുതരം ഋഷിതുല്യമായ വിരക്തിയെന്ന നിലയില്‍ അതിനേറെ പ്രചാരവും കിട്ടി. 

ബെസ്റ്റ് ഓഫ് അഴിമുഖം 

നരേന്ദ്ര മോദി എന്ന അപകടകരമായ ക്ളീഷെ
മോദി നേരിടാന്‍ പോകുന്ന ചില ഭൂതകാല പ്രസംഗപരീക്ഷകള്‍
ജപ്പാനോട് മോദിയുടെ മണ്ടന്‍ പ്രണയം – പങ്കജ് മിശ്ര എഴുതുന്നു
ഇന്ത്യ-പാക്: മോദി സര്‍ക്കാരിന്‍റേത് തിരിച്ചടിക്കുന്ന തീരുമാനം
ചരിത്രം പഠിച്ചാല്‍ മോദി പലസ്തീനെ മാറ്റിനിര്‍ത്തില്ല

വാഷിംഗ്ടണ്‍ പോസ്റ്റില്‍ മോദിയും ഒബാമയും കൂടി നല്കിയ ലേഖനത്തിലും കുഴപ്പങ്ങളുണ്ടായിരുന്നു. സ്വാമി വിവേകാനന്ദനു ലേഖനത്തില്‍ പ്രണാമങ്ങളര്‍പ്പിച്ചു. വിവേകാനന്ദന്റെ ഹിന്ദുമതം കൂടുതല്‍ സാമൂഹ്യമായി ഇടപെടുന്ന, മറ്റ് മതങ്ങളുമായി ഇടിച്ചുനില്‍ക്കുന്ന, കൂടുതല്‍ ആണത്ത സ്വഭാവമുള്ള ഒന്നാണ്. പിന്തിരിപ്പനായ രാഷ്ട്രീയ സ്വയം സേവക് സംഘവും, അതിന്റെ രാഷ്ട്രീയ രൂപാന്തരമായ മോദിയുടെ ഭാരതീയ ജനതാ പാര്‍ടിയും പോലുള്ള ഹിന്ദു മതമൌലികവാദ സംഘങ്ങള്‍ ആവശ്യാനുസരണം ഉപയോഗിച്ച ഒരു വ്യാഖ്യാനം. വിവേകാനന്ദനെപ്പോലുള്ള ഒരു നേതാവായാണ് മോദി സ്വയം അവതരിപ്പിച്ചത്. തന്റെ പൊതുവേദികളില്‍ പശ്ചാത്തലചിത്രമായി വിവേകാനന്ദനെ പ്രദര്‍ശിപ്പിക്കുന്നത്രത്തോളം. 

സ്വയം പ്രഖ്യാപിത മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ നേതാവ് പരസ്യമായും, മടി കൂടാതെയും ഇന്ത്യയിലെ ഭൂരിപക്ഷ മതത്തിന്റെ പ്രതീകങ്ങളെ ഉപയോഗിക്കുന്നത് സൂചിപ്പിക്കുന്നത്, വളരെ സൂക്ഷിച്ചില്ലെങ്കില്‍ ഇന്ത്യയെ ഒരു ഹിന്ദു കേന്ദ്രീകൃത രാജ്യമാക്കി ചായം മുക്കാനുള്ള പുതിയ ശ്രമങ്ങളെ അമേരിക്ക അംഗീകരിക്കുന്നു എന്ന അപകടമുണ്ടാക്കും. 176 ദശലക്ഷം മുസ്ലീംങ്ങളും, 20 ദശലക്ഷം സിഖുകാരും മറ്റനേകം ന്യൂനപക്ഷ വിഭാഗങ്ങളും ഉള്ള ഒരു രാജ്യമാണ് ഇന്ത്യ എന്നുകൂടി ഓര്‍ക്കണം. ശരിയാണ്, മോദി പ്രസംഗത്തില്‍ ഒരുതവണ സിഖുകാരെ പരാമര്‍ശിച്ചു. വേദിക്കടുത്ത് പ്രാമുഖ്യത്തോടെ കൂടിയിരുന്ന മുസ്ലീംങ്ങളുടെ ശ്രദ്ധയും ഒരുതവണ ക്ഷണിച്ചു. പക്ഷേ വാചകമടിയില്‍ ഹിന്ദു പ്രതീകങ്ങളുടെ മാത്രം ഉപയോഗവും, ഭാഷയും ഈ പരാമര്‍ശങ്ങള്‍ വെറും കണ്ണില്‍ പൊടിയിടലാണെന്ന തോന്നലുണ്ടാക്കി. 

കാവി ധരിക്കലും, ഒബാമക്ക് ഭഗവത് ഗീത കൊടുക്കലുമൊക്കെ കൂര്‍മ്മ ബുദ്ധിയായ ഒരു രാഷ്ട്രീയക്കാരന്റെ സൌന്ദര്യാത്മകമോ കാവ്യാത്മകമോ ആയ നീക്കങ്ങളായി വ്യാഖ്യാനിക്കപ്പെടാം. പക്ഷേ, മൊത്തത്തിലെടുത്താല്‍ ഇതെല്ലാം ആഗോളതലത്തില്‍ ഇന്ത്യയുടെ ‘ഹിന്ദുത്വം’ ആവര്‍ത്തിച്ചുറപ്പിക്കാനുള്ള ശ്രമങ്ങളാണെന്ന് കാണാം-ന്യൂനപക്ഷ വിശ്വാസങ്ങളുടെ ചെലവിലാണെന്ന് മാത്രം.

(ന്യൂയോര്‍ക് സര്‍വ്വകലാശാലയിലെ അധ്യാപികയും, വീഡിയോ എന്ന ചെറുകഥാസമാഹാരത്തിന്റെ രചയിതാവുമാണ്  മീര നയ്യാര്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍