UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മി. പ്രധാനമന്ത്രീ, അത്ര വഷളരല്ല ഗ്രാമീണര്‍

Avatar

ടീം അഴിമുഖം

വാരണാസിയിലെ ഒരു പിന്നോക്ക ഗ്രാമമായ ജയാപുരിനെ സന്‍സദ് ആദര്‍ശ് ഗ്രാം യോജനക്ക് കീഴില്‍ ദത്തെടുക്കുമെന്ന് കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ജയാപുരുമായി സഹകരിക്കുന്നത് തനിക്ക് ഒരു പ്രത്യേക സൌഭാഗ്യമാണെന്ന് മോദി പറഞ്ഞു. “ജയാപുരിനെ ഞാന്‍ ദത്തെടുത്തു എന്നല്ല. എന്നെ ദത്തെടുക്കാനും ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കാനുമുള്ള ഒരപേക്ഷയുമായാണ് ഞാനിവിടെ വന്നത്,” പ്രധാനമന്ത്രി അന്നു പറഞ്ഞു.

ആയിരത്തിലേറെ വീടുകളും നൂറ് കക്കൂസുകളും മാത്രമുള്ള ഒരു ഗ്രാമത്തില്‍ നിന്നും മോദിക്ക് ഏറെ പഠിക്കാനുണ്ട്. ജയാപുരില്‍ രണ്ടു പൊതുകക്കൂസുകള്‍ മാത്രമാണുള്ളത്. ഒന്ന് പ്രാഥമിക വിദ്യാലയത്തിലും, മറ്റൊന്നു പഞ്ചായത്ത് കാര്യാലയത്തിലും. ഗ്രാമത്തിലെ 5% കുട്ടികള്‍ മാത്രമാണു വിദ്യാലയത്തില്‍ പോകുന്നത്. കൂലിപ്പണിക്കാരായ മിക്ക ഗ്രാമീണര്‍ക്കും പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജനയില്‍ നിക്ഷേപിക്കാനൊന്നും കാശില്ല. ഗ്രാമീണരില്‍ 30% പേരാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്.

പ്രധാനമന്ത്രിയുടെ യോഗം കഴിഞ്ഞതില്‍പ്പിന്നെ മൂന്ന് ഡസനിലേറെ സര്‍ക്കാര്‍, സ്വകാര്യ, വിദേശ സംഘങ്ങള്‍ അവിടം സന്ദര്‍ശിച്ചുകഴിഞ്ഞു. പക്ഷേ ദിവസക്കൂലി കളഞ്ഞു ചെല്ലാന്‍ നാട്ടുകാര്‍ തയ്യാറാകാത്തതിനാല്‍ അവരില്‍ മിക്കവര്‍ക്കും ഗ്രാമീണരുമായി സംസാരിക്കാനായില്ല.

താനേറെ സംഗതികള്‍ പഠിച്ചു എന്നുപറയുന്ന ഗ്രാമങ്ങളിലെ മനുഷ്യര്‍,തന്റെ സഹപ്രവര്‍ത്തക സാധ്വി നിരഞ്ജന്‍ ജ്യോതിയെപ്പോലെ അസഭ്യമായ ഭാഷ പ്രയോഗിക്കുന്നവരാണെന്ന് മോദി പറയുന്നതെന്തുകൊണ്ടാണെന്ന് വ്യക്തമല്ല. അവരുടെ വര്‍ഗീയ പരാമര്‍ശത്തിന് മാപ്പുനല്‍കാനുള്ള  ശ്രമത്തിനിടയില്‍ അവരുടെ ഗ്രാമീണ പശ്ചാത്തലമാണ് ആ മോശം ഭാഷക്ക് കാരണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞുവെക്കുന്നത്. അതൊരു അപകടകരമായ അനുമാനമാണ്. ഗ്രാമങ്ങളില്‍ താമസിക്കുന്ന 69% ഇന്ത്യക്കാര്‍ക്ക് മാന്യമായ ഭാഷയില്‍ സംസാരിക്കാനറിയില്ലെന്നാണോ അതുകൊണ്ടുദ്ദേശിക്കുന്നത്? അതോ അവരുടെ അസഭ്യഭാഷയുടെ കൂടെ കൂട്ടിക്കെട്ടിയ ഇന്ത്യക്കാരില്‍ ബി ജെ പിക്ക് വോട്ടുചെയ്ത 30% മാത്രമേ ഉള്‍പ്പെടുകയുള്ളൂ എന്നുണ്ടോ?

“നമുക്കെല്ലാവര്‍ക്കും ഗ്രാമങ്ങളുമായി എന്തെങ്കിലും  ബന്ധമുണ്ട്. ഗ്രാമീണര്‍ ബുദ്ധിയും സംസ്കാരവുമുള്ളവരാണ്. അവര്‍ ബി ജെ പിയുടെ കുഴപ്പക്കാരെപ്പോലെ പുലമ്പുന്നവരല്ല,” മോദിയുടെ പരാമര്‍ശങ്ങളോട് പ്രതികരിക്കവേ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മോദി സാധ്വി നിരഞ്ജനയുടെ പരാമര്‍ശങ്ങളെപ്പറ്റി ആദ്യമായി പരസ്യപ്രതികരണം നടത്തിയത്. ‘ഇത്തരം ഭാഷ’ താന്‍ അംഗീകരിക്കില്ലെന്ന് പാര്‍ട്ടി അംഗങ്ങളോട് ‘കര്‍ശനമായി’ പറഞ്ഞതായും ‘ഇത്തരം സംഗതികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടതായും’ മോദി പറഞ്ഞു.

ഡല്‍ഹിയിലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ നിങ്ങള്‍ക്ക് വേണ്ട സംസ്ഥാന സര്‍ക്കാര്‍ “രാമന്റെ മക്കളുടെയാണോ അതോ തന്തയില്ലാത്തവന്‍മാരുടെയാണോ” എന്നാണ് ജനക്കൂട്ടത്തോട് ജ്യോതി ചോദിച്ചത്.

ഭക്ഷ്യ സംസ്കരണ സഹമന്ത്രി കൂടിയായ ഈ രാഷ്ട്രീയക്കാരി പിന്നെ, മുസ്ലീംങ്ങളും ക്രിസ്ത്യാനികളും ഹിന്ദു ദൈവം രാമന്റെ മക്കളാണെന്നും പറഞ്ഞു.

“ഹറാംസാദ” അഥവാ വിവാഹബന്ധത്തിന് പുറത്തുള്ള കുട്ടികളെന്ന്, ആരെ ഉദ്ദേശിച്ചാണ്  പറഞ്ഞതെന്ന് അവര്‍ വ്യക്തമാക്കിയില്ല.

“ഇത് ഒരുതവണത്തെ സംഭവമല്ല,” ജനതാദള്‍ നേതാവ് ശരത് യാദവ് പറഞ്ഞു. “ അവരുടെ കക്ഷിക്കാര്‍ എന്നും പറയുന്നത് സംഘര്‍ഷം വളര്‍ത്തുന്ന കാര്യങ്ങളാണ്.”

സമ്പദ് രംഗം നേര്‍വഴിക്ക് കൊണ്ടുവരാനും, രാഷ്ട്രശില്‍പ്പി എന്ന ചരിത്രശേഷിപ്പിനുമായി ശ്രമിക്കുന്ന മോദിയുടെ മുന്നിലുള്ള വലിയ വെല്ലുവിളിയിലേക്കാണ് ഇത് വെളിച്ചം വീശുന്നത്: സ്വന്തം കക്ഷിയും അനുയായികളും.

മോദിയുടെ നേതൃത്വത്തിനുമേലും ഇത് ചോദ്യമുയര്‍ത്തുന്നു. ഭൂരിപക്ഷ ഹിന്ദു ദേശീയ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്ന തന്റെ കക്ഷിയിലെ അംഗങ്ങളെയും, അതിന്റെ പോഷക സംഘങ്ങളെയും മോദി നിലക്ക് നിര്‍ത്തുമോ, അതോ കണ്ണടക്കുമോ?

മോദിക്കും ബി ജെ പിക്കും ഹിന്ദു ദേശീയവാദത്തിന്റെ ആഴത്തിലുള്ള വേരുകളുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും, അധികാരത്തില്‍ വന്നതിനു ശേഷവും മോദി സാമുദായിക വിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞു നിന്നിരുന്നു. വികസനത്തിലും, സാമ്പത്തിക വളര്‍ച്ചയിലുമായിരുന്നു ശ്രദ്ധ. പക്ഷേ അദ്ദേഹത്തിന്റെ കക്ഷിയിലെ ചിലരും ബി ജെ പിയുമായി അടുത്ത ബന്ധമുള്ള ചില ഹിന്ദു ദേശീയവാദ സംഘങ്ങളും മോദിയുടെ വിജയം തങ്ങളുടെ പരിപാടി നടപ്പാക്കാനുള്ള ഒരവസരമായി കണ്ടു. ഇന്ത്യ ഒരു ഹിന്ദു രാജ്യമാണെന്ന അവരുടെ അവകാശവാദങ്ങള്‍ കൂടുതല്‍ ഉച്ചത്തിലായി.

സെപ്തംബറില്‍, ഉത്തര്‍പ്രദേശില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് സമയത്ത് ഈ സംഘങ്ങള്‍ ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച് ‘ലവ് ജിഹാദി’നെക്കുറിച്ച് ജാഗരൂകരാകാന്‍ ഹിന്ദു സ്ത്രീകളോട് ആഹ്വാനം ചെയ്തു. ഹിന്ദു പെണ്‍കുട്ടികളെ പ്രേമിച്ചു വശത്താക്കി, പെറ്റുകൂട്ടാന്‍ ഉപയോഗിക്കാനുള്ള മുസ്ലീം തന്ത്രമാണ്‘ലവ് ജിഹാദ്’എന്നാണ് അവരുടെ ആരോപണം. ഇന്ത്യന്‍ ജനസംഖ്യയിലെ ഹിന്ദു ഭൂരിപക്ഷസ്ഥിതി അട്ടിമറിക്കാനുള്ള ശ്രമമായും അവര്‍ ഇതിനെ വ്യാഖ്യാനിച്ചു.

പ്രശ്നം ഗ്രാമീണരുടെ അല്ലെന്നും വര്‍ഗീയവിഷം തലയ്ക്ക് പിടിച്ചവര്‍ പുലമ്പുന്ന കാര്യങ്ങളെ ഗ്രാമീണരുമായി ചേര്‍ത്തുകെട്ടിയത് കൊണ്ട് പ്രശ്നപരിഹാരം ഉണ്ടാകില്ലെന്നും ഉള്ള തിരിച്ചറിവാണ് ഇത്തരം പ്രതികരണങ്ങള്‍ നടത്തുന്നതിന് മുമ്പ് നമ്മുടെ നേതാക്കള്‍ക്ക് ഉണ്ടാകേണ്ടത്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍