UPDATES

മോദിയും യോഗിയും; വികസനവും ഹിന്ദുത്വയും എന്ന ജുഗല്‍ബന്ധി

ഹിന്ദുത്വ വിഭാഗീയ അജണ്ടയ്ക്കപ്പുറം ‘വികസനത്തിന്’ മോദി മുന്‍ഗണന നല്‍കി എന്നത് തെറ്റായ വിശ്വാസം; അവിടെയാണ് പ്രശ്നം കിടക്കുന്നത്

യുപിയിലെ സമീപകാലത്തെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സംസ്ഥാനത്തിന് നേതൃത്വം നല്‍കാന്‍ സാധിക്കുന്ന ഏറ്റവും യോഗ്യനായ വ്യക്തി തീവ്രഹിന്ദുത്വവാദി യോഗി ആദിത്യനാഥ് ആണെന്ന് ഭാരതീയ ജനത പാര്‍ട്ടി തീരുമാനിച്ചതില്‍ ജനങ്ങള്‍ എന്തിനാണ് ഞെട്ടുന്നത്? ഒരു ഹിന്ദു രാഷ്ട്രമായി ഇന്ത്യയെ മാറ്റുക എന്നതാണ് ബിജെപിയുടെ മാര്‍ഗ്ഗദര്‍ശികളായ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നിരിക്കെ രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തെ നയിക്കാന്‍ ആദിത്യനാഥിനെ പോലെയൊരാള്‍ നിയമിക്കപ്പെടുന്നതില്‍ പ്രത്യേകിച്ച് അസ്വാഭാവികതയൊന്നുമില്ല. ഉള്‍ക്കൊള്ളിക്കലിനെ കുറിച്ചുള്ള പൊതുജന മുറവിളി എന്തുതന്നെയായാലും പാര്‍ട്ടിയുടെ ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന പ്രശ്‌നമില്ലെന്ന് അത് നിസംശയം പ്രഖ്യാപിക്കുന്നു. അതുകൊണ്ടുതന്നെ, 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം യാഥാര്‍ത്ഥത്തില്‍ ഉറപ്പാക്കുന്ന വിധത്തില്‍, അതിന് മുമ്പ് ഹിന്ദു വോട്ടുകള്‍ ഉറപ്പിക്കാന്‍ ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ തീവ്ര മതമേധാവിയായ ആദിത്യനാഥിനെ പോലുള്ള ഒരാള്‍ക്ക് കഴിയുമെങ്കില്‍, പിന്നെ എന്തുകൊണ്ട് പാടില്ല?

ബിജെപിയുടെ തിരഞ്ഞെടുപ്പിലെ യുക്തിയിലല്ല, മറിച്ച് നരേന്ദ്ര മോദി അധികാരവുമായി പാകപ്പെട്ടുവരികയാണെന്ന് വിശ്വസിക്കാന്‍ ഭൂരിപക്ഷം മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ പ്രേരിപ്പിക്കപ്പെട്ടു എന്നിടത്താണ് യഥാര്‍ത്ഥ പ്രശ്‌നം കിടക്കുന്നത്. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി എന്നതിനപ്പുറം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഹിന്ദുത്വ വിഭാഗീയ അജണ്ടയ്ക്കപ്പുറം ‘വികസനത്തിന്’ അദ്ദേഹം മുന്‍ഗണന നല്‍കി എന്ന വിശ്വാസമാണിത്. ഈ കുടിലമായ സന്ദേശത്തില്‍ പെട്ടുപോയവരെല്ലാം വഞ്ചിക്കപ്പെട്ടു. കാരണം, തന്റെ അടിസ്ഥാനപരമായ കാഴ്ചപ്പാടുകള്‍ മാറി എന്ന് സ്ഥാപിക്കുന്ന ഒന്നും അധികാരത്തിലെത്തി മൂന്ന് വര്‍ഷം ആകാറായിരിക്കുന്ന ഈ സന്ദര്‍ഭത്തിലും മോദി ചെയ്തിട്ടില്ല. എല്ലാ ഇന്ത്യക്കാര്‍ക്കും സ്വീകാര്യമാകണമെങ്കില്‍ മധ്യത്തില്‍ നില്‍ക്കുന്ന ഒരു നിലപാടിലേക്ക് താനും തന്റെ പാര്‍ട്ടിയും മാറണം എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നെങ്കില്‍, മുസ്ലീങ്ങള്‍ക്ക് നേരെ വിദ്വേഷം വമിപ്പിച്ചുകൊണ്ടിരുന്ന ആദിത്യനാഥിനെ പോലുള്ള ആളുകളെ അദ്ദേഹം നിയന്ത്രിക്കുമായിരുന്നു. അത്തരത്തിലുള്ള ഒരു നീക്കവും ഇതുവരെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ആപ്പിളിന് അതിന്റെ തൊലി എന്ന പോലെ പാര്‍ട്ടിയുടെ അവിഭാജ്യഘടകമാണ് ‘തീവ്രവാദികള്‍’ എന്ന് വിളിക്കപ്പെടുന്ന ഇത്തരം ആളുകള്‍ എന്ന യാഥാര്‍ത്ഥ്യം ഉറപ്പിക്കുകയാണ് തീവ്രാക്ഷേപങ്ങളുടെ സാഹചര്യത്തില്‍ അദ്ദേഹം പുലര്‍ത്തിയ മൗനം. അവരുടെ ഉദ്ദേശങ്ങളും അവരുടെ അധികാരവും അവരുടെ സാധുതയും മോദിയെ പോലുള്ള ആളുകളില്‍ നിന്നും അവര്‍ നേടിയെടുക്കുകയും പകരം തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് മോദിയെയും പാര്‍ട്ടിയേയും സഹായിക്കുകയും ചെയ്യുന്നു.

കടുത്ത തീവ്രവാദികളെ അവഗണിക്കുക എന്നത് ബിജെപിയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിരിക്കുമ്പോഴും അവരെ പോലെ ഒരാളെ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ നേതൃത്വം ഏല്‍പ്പിക്കുന്നത് വിപരീതഫലം ഉളവാക്കിയേക്കാം എന്ന് ഒരാള്‍ക്ക് വാദിക്കാം. തന്റെ ഗുണ്ടാ സംഘമായ ഹിന്ദു യുവ വാഹിനിയിലൂടെ നടപ്പിലാക്കപ്പെടുന്ന അങ്ങേയറ്റം വിഭാഗീയമായ പ്രവര്‍ത്തനങ്ങളും വിഷലിപ്തമായ മുസ്ലീം വിരുദ്ധ അലര്‍ച്ചകളും നടത്തുന്ന, അഞ്ചു തവണ ഇന്ത്യന്‍ പാലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍ക്ക് ഏകദേശം മധ്യവര്‍ത്തി എന്ന നിലയിലേക്ക് രൂപപ്പെടുത്തിയെടുത്ത മോദിയുടെ പ്രതിച്ഛായയെ കോട്ടം വരുത്താന്‍ സാധിക്കുമോ? മോദിയുടെ ‘എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം’ എന്ന മനോജ്ഞ മുദ്രാവാക്യവും ആദിത്യനാഥ് നടത്തിയിട്ടുള്ള തീവ്രവിദ്വേഷ പ്രസ്താവനകളും എങ്ങനെയാണ് തമ്മില്‍ ചേര്‍ന്ന് പോവുക?

ഇരുവരും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ തന്നെ പ്രകടമാണ്. ബീഫ് സംസ്‌കരിക്കുന്നു എന്ന് പ്രത്യേകിച്ച് തെളിവൊന്നുമില്ലാതെ സംശയിക്കപ്പെടുന്ന ‘അനധികൃത’ കശാപ്പുശാലകള്‍ അടച്ചുപൂട്ടുന്നതിന് ഒരു കര്‍മ്മപദ്ധതിയാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്ന വിഷയങ്ങളില്‍ ഒന്ന് എന്ന് അധികാരമേറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആദിത്യനാഥ് പ്രഖ്യാപിച്ചു. അതിന്റെ പിറ്റെ ദിവസം, ഹത്രാസ് ജില്ലയില്‍ മൂന്ന് ഇറച്ചിവില്‍പ്പനശാലകള്‍ തീവെച്ചു നശിപ്പിക്കപ്പെടുകയും ഗാസിയാബാദിലെ 15 ‘അനധികൃത’ കശാപ്പുശാലകള്‍ മുദ്രവെക്കപ്പെടുകയും ചെയ്തു. കാണ്‍പൂര്‍, മീററ്റ്, അസംഗഢ് എന്നിവിടങ്ങളിലെ കൂടുതല്‍ കശാപ്പുശാലകളെ ലക്ഷ്യമിട്ടിട്ടുമുണ്ട്. ഇവയില്‍ ഭൂരിപക്ഷവും മുസ്ലീം ഉടമസ്ഥതയില്‍ ഉള്ളതായതിനാല്‍ തന്നെ ഈ ഉയര്‍ന്ന മുന്‍ഗണനയുടെ ചേതോവികാരം സ്പഷ്ടമാണ്.

തെരുവുകളില്‍ യുവതികള്‍ നേരിടുന്ന ലൈംഗീക അതിക്രമങ്ങള്‍ തടയുന്നതിന് എന്ന വ്യാജേന, ‘പൂവാല വിരുദ്ധ സംഘങ്ങള്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്നവയ്ക്ക് രൂപം നല്‍കാനും അദ്ദേഹം പോലീസിനോട് നിര്‍ദ്ദേശിച്ചു. യഥാര്‍ത്ഥത്തില്‍ യുവമുസ്ലീം പുരുഷന്മാരെ ഉപദ്രവിക്കാനുള്ള സാധ്യതയാണ് ഏറെ. ഒരിക്കല്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന വിവാദഭൂമിയില്‍ ഒരു രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള ആവേഗം ഒരിക്കല്‍ കൂടി എങ്ങനെ നല്‍കാം എന്നതാവും അദ്ദേഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കത്തിലെ നടപടികളുടെ വേഗത വര്‍ദ്ധിപ്പിക്കണമെന്ന് കേസിന്റെ ഭാഗം പോലുമല്ലാത്ത ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി പെട്ടെന്ന് പ്രത്യേക്ഷപ്പെട്ട് സുപ്രീം കോടതിയില്‍ പരാതി നല്‍കുകയും കോടതിയ്ക്ക് പുറത്തുള്ള ഒരു ഒത്തുതീര്‍പ്പിന് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിക്കുകയും ചെയ്തതോടെ, വളരെക്കാലമായി ഇഴഞ്ഞുനീങ്ങിയിരുന്ന കേസ് പെട്ടെന്ന് മുഖ്യധാരയില്‍ പ്രത്യക്ഷപ്പെട്ടു.

യോഗി മുഖ്യമന്ത്രിയാവുന്നത് മോദിയുടെ പ്രതിച്ഛായയെ ബാധിക്കുമോ എന്നതിന് പകരം, ഹിന്ദു രാഷ്ട്ര വാഗ്ദാനവും കാവി നിറത്തോട് കൂടിയ വികസനവും തമ്മില്‍ എന്തെങ്കിലും വൈരുദ്ധ്യം നിലനില്‍ക്കുന്നുണ്ടോ എന്നാണ് നാം ചോദിക്കേണ്ടത്. 2002ലെ മുസ്ലീം വിരുദ്ധ വംശഹത്യയില്‍ നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനായി തന്റെ വികസനത്തിന്റെ ‘ഗുജറാത്ത് മാതൃക’ മോദി പൊലിപ്പിച്ചുകാട്ടിയത് എന്ന ഭൂതകാലം എത്ര വേഗമാണ് ജനങ്ങള്‍ മറന്നുപോകുന്നത്. ഇന്നത്തെ പോലെ തന്നെ മോദി അന്നും തെന്നിമാറുകയായിരുന്നു. ഇത്തരം വികസനങ്ങള്‍ ചില കൂട്ടു മുതലാളിമാര്‍ക്ക് ചില പ്രത്യേക ലാഭങ്ങള്‍ മാത്രമേ നല്‍കൂവെന്നും ദരിദ്രരെ അവഗണിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമള്ള യാഥാര്‍ത്ഥ്യം മറച്ചുവെക്കുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. തങ്ങളുടെ ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെടാത്ത രീതിയില്‍ സംസ്ഥാനത്തെ മുസ്ലീങ്ങളെ പ്രാന്തവല്‍ക്കരിക്കാനും അതിലൂടെ സാധിച്ചു. ഹിന്ദുത്വ രാഷ്ട്രം എന്ന ആശയത്തില്‍ വോട്ടര്‍മാരെ കുരുക്കിയിടാനുള്ള ഒരു ചൂണ്ട മാത്രമാണ് മോദി മുന്നോട്ട് വെക്കുന്ന വികസനസങ്കല്‍പം.

2015ല്‍ ഡല്‍ഹിയിലും ബിഹാറിലും നേരിട്ട തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് ശേഷം പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടത് ബിജെപിയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായിരുന്നു. ഇതിനായി, 2014ല്‍ മോദി ഫലപ്രദമായി ഉപയോഗിച്ച വികസന വാഗ്‌ദോരണി നിലനിറുത്തുകയും സമാന്തരമായി ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലീങ്ങള്‍ക്ക് എതിരെ വിദ്വേഷത്തിന്റെയും സംശയത്തിന്റ വിത്തുകള്‍ പാകുകയും ചെയ്യുക എന്ന തന്ത്രമാണ് അവര്‍ നടപ്പിലാക്കിയത്. ഇതില്‍ രണ്ടാമത്തെ കാര്യത്തില്‍ ആദിത്യനാഥ് യുപിയിലെ ശക്തനായ ഒരു പ്രചാരകനായിരുന്നു. യുപി പോക്കറ്റിലായതോടെ, ‘വികസനവും’ ഹിന്ദുത്വയും തമ്മിലുള്ള ജുഗല്‍ബന്ദി വിജയിക്കുമെന്ന ആത്മവിശ്വാസം ബിജെപിക്ക് ഇപ്പോഴുണ്ട്. എല്ലാവര്‍ക്കും വേണ്ടിയുള്ള പാര്‍ട്ടി എന്ന നാട്യം ഉപേക്ഷിച്ച് അവര്‍ക്കിനി അവരുടെ വിഭാഗീയ അജണ്ടയുമായി മുന്നോട്ടുപോകാന്‍ സാധിക്കും. തങ്ങളുടേതായ രീതിയില്‍ വിഭാഗീയത പരിപോഷിപ്പിക്കുന്ന ഒരു മോദി ഡല്‍ഹിയിലും ഒരു യോഗി യുപിയിലും ഉണ്ടാവുന്നതാണ് അതിന് ഏറ്റവും അനുയോജ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍