UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ ബിരുദം; വിദ്യാഭ്യാസ യോഗ്യതയല്ല പ്രശ്നം, പ്രധാനമന്ത്രി കള്ളം പറഞ്ഞോ എന്നതാണ്

Avatar

ടീം അഴിമുഖം

ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബിഎ ബിരുദം നേടിയെന്ന നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ അവകാശവാദം ശരിയല്ലെന്ന് ആം ആദ്മി പാര്‍ട്ടി ചൂണ്ടിക്കാട്ടിയതോടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് കാപട്യത്തിന്റെ നിറം കൈവന്നിരിക്കുന്നു.

ആരോപണം ശരിയാണെങ്കില്‍ വന്‍ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കാകും വരും മാസങ്ങള്‍ സാക്ഷ്യം വഹിക്കുക.  ഇന്ത്യന്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിക്കുമേല്‍ ഇത്തരമൊരു ആരോപണമുണ്ടാകുന്നത്. മോദിക്കുവേണ്ടി വ്യാജമായി നിര്‍മ്മിച്ചെന്നു കരുതുന്ന ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ ചിത്രങ്ങള്‍ രണ്ട് ദിനപത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

ഈ വിവാദം എളുപ്പത്തില്‍ അവസാനിക്കുന്ന ഒന്നല്ല. വിദ്യാഭ്യാസം ഒരു നേതാവിനുവേണ്ട ഗുണഗണങ്ങളില്‍ ഒന്നായതല്ല കാരണം. സത്യത്തില്‍ വിദ്യാഭ്യാസം ഒരു യോഗ്യതയേ അല്ല. വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി കള്ളം പറയുന്നതാണ് പ്രശ്‌നം. കള്ളസാക്ഷ്യമാണോ മോദി നല്‍കിയത്?

ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 191ാം വകുപ്പനുസരിച്ച് സത്യവാങ്മൂലം ഒരു തെളിവാണ്. കള്ളസത്യവാങ്മൂലം നല്‍കുന്നയാള്‍ കള്ളസാക്ഷ്യത്തിന് ശിക്ഷിക്കപ്പെടാം. 193ാം വകുപ്പനുസരിച്ച് ഏഴുവര്‍ഷം വരെയാണ് ലഭിക്കാവുന്ന ശിക്ഷ.

ഡല്‍ഹി സര്‍വകലാശാലയില്‍നിന്നു ബിരുദം നേടി എന്ന മോദിയുടെ അവകാശവാദം തെറ്റാണെന്നതിനു തെളിവുണ്ടെന്നും ചില പത്രങ്ങള്‍ മോദിയുടേതായി പ്രസിദ്ധീകരിച്ച ബിരുദസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും ആം ആദ്മി പാര്‍ട്ടി പറയുന്നു.

ആരോപണങ്ങള്‍ക്കു മറുപടി പറയേണ്ടതില്ലെന്നാണ് ബിജെപിയുടെ നിലപാട്.

പ്രധാനമന്ത്രിയുടെ ബിരുദത്തിന്റെ വിശദവിവരങ്ങള്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ബിരുദവുമായി ബന്ധപ്പെട്ട രേഖകള്‍ ‘സുരക്ഷിത’മാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം അരവിന്ദ് കേജ്രിവാള്‍ ഡല്‍ഹി സര്‍വകലാശാലയ്ക്കു കത്തെഴുതി. ബിരുദവുമായി ബന്ധപ്പെട്ട ഒരു രേഖയും നിലവിലില്ലെന്നാണ് എഎപി ആരോപിക്കുന്നത്. 2014ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നതുപോലെ ‘1978ല്‍ ഒരു നരേന്ദ്ര ദാമോദര്‍ മോദിയും ഡല്‍ഹി സര്‍വകലാശാലയില്‍നിന്നു ബിരുദം നേടിയിട്ടില്ലെ’ന്ന് അവര്‍ ഉറപ്പിച്ചുപറയുന്നു.

‘മോദിയുടെ ബിരുദം വ്യാജമാണ്. അദ്ദേഹം ഒരു പരീക്ഷയും എഴുതിയിട്ടില്ല,’ എഎപിയുടെ അശുതോഷ് വെള്ളിയാഴ്ച പറഞ്ഞു.

ഇക്കാര്യത്തിന് വലിയ പ്രാധാന്യം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഒരു മുഖ്യമന്ത്രി ഇത്തരം ആരോപണം ഉന്നയിക്കുന്നത് ഉചിതമല്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് താന്‍ 1978ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍നിന്നു ബിരുദവും 1983ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തര ബിരുദവും നേടിയെന്നായിരുന്നു മോദി പറഞ്ഞത്. 15 വര്‍ഷം മുന്‍പു നല്‍കിയ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പതിനേഴാം വയസില്‍ വീടുവിട്ട താന്‍ അന്ന് സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചെന്നും പിന്നീട് ആര്‍എസ്എസിലെ മാര്‍ഗദര്‍ശികളുടെ നിര്‍ബന്ധം മൂലം ബിരുദം നേടിയെന്നുമായിരുന്നു മോദിയുടെ വാദം.

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അരവിന്ദ് കേജരിവാള്‍ നല്‍കിയ ആര്‍ടിഐയെത്തുടര്‍ന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്‍ വിവരം നല്‍കാന്‍ ഗുജറാത്ത്, ഡല്‍ഹി സര്‍വകലാശാലകളോട് ആവശ്യപ്പെടുകയായിരുന്നു. മോദി 62.3 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടി എന്നായിരുന്നു ഗുജറാത്ത് സര്‍വകലാശാലയുടെ മറുപടി. ഡല്‍ഹി സര്‍വകലാശാല ഇതുവരെ ഒരു മറുപടിയും നല്‍കിയിട്ടില്ല.

നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍