UPDATES

ട്രെന്‍ഡിങ്ങ്

മോദിയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കേണ്ട സമയമായി, അദ്ദേഹത്തെ പഴിച്ചുകൊണ്ടിരുന്നിട്ട് കാര്യമില്ല: കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്

മുന്‍കാലങ്ങളില്‍ ചെയ്യാത്ത കാര്യങ്ങളാണ് മോദി ചെയ്യുന്നതെന്നും കോണ്‍ഗ്രസ് നേതാവ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനശൈലിക്ക് അംഗീകാരവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രി ജയറാം രമേശ്. മോദിയുടെ ഭരണ രീതി പൂര്‍ണമായും തെറ്റായ രീതിയിലല്ലെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തിയുള്ള ജയറാം രമേഷിന്റെ പ്രസ്താവന

2014നും 2019നും ഇടയില്‍ മോദി നടത്തിയ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കേണ്ട സമയമായി. ആ പ്രവര്‍ത്തനം കൊണ്ടാണ് 30 ലേറെ ശതമാനം വോട്ടര്‍മാരുടെ പിന്തുണയുമായി അദ്ദേഹം അധികാരത്തിലെത്തിയതെന്നും ജയറാം രമേശ് പറഞ്ഞു.’മോദിയുടെ ഭാഷ ജനങ്ങളുമായി സംവേദിക്കാന്‍ ശേഷിയുള്ളതാണ്. മുന്‍ കാലങ്ങളില്‍ ചെയ്യാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. ഈ വസ്തുത അംഗീകരിച്ചില്ലെങ്കില്‍ അദ്ദേഹത്തെ നേരിടാന്‍ കഴിയില്ല.’ ജയറാം രമേശ് പറഞ്ഞു.

‘മോദിയെ പുകഴ്ത്തണമെന്നല്ല ഞാന്‍ പറയുന്നത്.’ ഭരണത്തില്‍ അദ്ദേഹം കാണിക്കുന്ന ചില സവിശേഷതകളെ രാഷ്ട്രീയ നേതൃത്വം അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിന്റെ രാഷ്ട്രീയം തീര്‍ത്തും വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ ഭരണ രീതിയില്‍ നിന്നുണ്ടായ സാമൂഹ്യ ബന്ധങ്ങളും തീര്‍ത്തും ഭിന്നമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഉദാഹരണമായി പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയെ എടുത്ത് പറയുകയും ചെയ്തു. 2019ല്‍ നമ്മള്‍ എല്ലാവരും അദ്ദേഹത്തിന്റെ പദ്ധതികളെ കളിയാക്കുകയായിരുന്നു. എന്നാല്‍ പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന എന്ന പദ്ധതിയ്ക്ക് വലിയ അംഗീകാരമാണ് ജനങ്ങളില്‍ നിന്ന് കിട്ടിയത്. കോടികണക്കിന് ജനങ്ങളെ ആകര്‍ഷിക്കാന്‍ ആ പദ്ധതിയ്ക്ക് കഴിഞ്ഞു. ഇതിനെയൊക്കെ തള്ളികളഞ്ഞുകൊണ്ട് നമുക്ക് അദ്ദേഹത്തെ നേരിടാന്‍ കഴിയില്ല.

കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയെകുറിച്ചാണ് തെരഞ്ഞെടുപ്പ് വേളയില്‍ നമ്മള്‍ പറഞ്ഞത്. എന്നാല്‍ ഇതിന് ഉത്തരവാദിയായി ജനങ്ങള്‍ മോദിയെ കാണുന്നില്ല. അതാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും കര്‍ണാടകയില്‍ നിന്നുള്ള എംപി കൂടിയായ ജയറാം രമേശ് പറഞ്ഞു.
കോമി റെഡ്ഢിയുടെ ‘മലവലന്റ് റിപ്പബ്ലിക്ക്’ എന്ന പുസ്തകമാണ് അദ്ദേഹം പ്രകാശനം ചെയ്തത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയമാണ് പുസ്തകം വിശകലനം ചെയ്യുന്നത്. രാജ്യത്തിലെ സകലമാന പ്രശ്‌നങ്ങള്‍ക്കും കാരണം നെഹ്‌റുവും കുടുംബവുമാണെന്ന പുസ്തകത്തിലെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും ജയറാം രമേശ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍