UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ ബനാന റിപ്പബ്ലിക്

Avatar

ടീം അഴിമുഖം

വാഴപ്പഴ കയറ്റുമതി പോലെ പരിമിതമായ വിഭവ കയറ്റുമതിയെ കാര്യമായി ആശ്രയിച്ച വിവിധ രാജ്യങ്ങള്‍ രാഷ്ട്രീയ അസ്ഥിരതയെ അഭിമുഖീകരിക്കേണ്ടി വന്ന ലാറ്റിന്‍ അമേരിക്കയില്‍ നിന്നാണ് ബനാന റിപ്പബ്ലിക് എന്ന പ്രയോഗത്തിന്റെ ഉത്ഭവം. എന്നാല്‍ മോദി സര്‍ക്കാരിന്റെ പോക്ക് കണക്കിലെടുക്കുകയാണെങ്കില്‍ ഈ വിശേഷണം സമകാലിക ഇന്ത്യയ്ക്കു ചാര്‍ത്തികൊടുക്കാന്‍ അതി ഭാവനയുടെയൊന്നും ആവശ്യമില്ല.

2007 ഫെബ്രുവരിയില്‍ സംഝോത ട്രെയിനിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ പാക്കിസ്ഥാനിലെ ലഷ്‌കര്‍ നേതാവ് അരിഫ് ഖസ്മാനിയാണെന്ന യുഎസ് ഏജന്‍സികളുടെ വിലയിരുത്തല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതിയില്‍ സമര്‍പ്പിക്കാന്‍ തയാറെടുക്കുകയാണ്. മാലെഗാവ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സാധ്വി പ്രഗ്യ താക്കൂറിനെ എന്‍ഐഎ കുറ്റവിമുക്തയാക്കി ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് പുതിയ ഈ നീക്കം.

സ്വാമി അസിമാനന്ദയേയും മറ്റു ചിലരേയും മുന്‍ യുപിഎ സര്‍ക്കാരാണ് സംഝോത സ്‌ഫോടനക്കേസില്‍ കുടുക്കിയതെന്നും സംഭവത്തിലെ പാക്കിസ്ഥാന്റെ പങ്ക് അന്വേഷിച്ചില്ല എന്നുമുള്ള കാലങ്ങളായി ചില ഹിന്ദു സംഘടനകള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. മാലേഗാവ് സ്‌ഫോടനക്കേസില്‍ സാധ്വി പ്രഗ്യയ്ക്കും മറ്റു അഞ്ചു പേര്‍ക്കും ഈയിടെ ക്ലീന്‍ ചിറ്റ് നല്‍കിയ എന്‍ഐഎ കേസിലെ മറ്റു പ്രതികളായ ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് അടക്കമുള്ളവര്‍ക്കെതിരായ മക്കോക കുറ്റം എടുത്തുമാറ്റുകയും ചെയ്തിരുന്നു.

ആരിഫ് ഖസ്മാനിയെ കുറിച്ചുള്ള കണ്ടെത്തലുകള്‍ മൂന്ന് മാസത്തിനകം കൈമാറുമെന്ന് ഏപ്രിലില്‍ എന്‍ഐഎ മേധാവി ശരദ് കുമാറിന്റെ യുഎസ് സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ അധികൃതരില്‍ നിന്നും വാഗ്ദാനം ലഭിച്ചിരുന്നതായി എന്‍ഐഎ വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. യുഎസ് കണ്ടെത്തലുകള്‍ കോടതിയില്‍ സമര്‍പ്പിക്കാനുള്ള നീക്കം പുതിയ സംഭവവികാസങ്ങള്‍ കോടതിയെ ധരിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ പറയുന്നു. കേസിലെ വിചാരണ ഏറെ മുന്നോട്ട് പോയ ഈ സാഹചര്യത്തില്‍ ഇത്തരമൊരു റിപ്പോര്‍ട്ട് സമര്‍പ്പണം ഒരു കുറ്റപത്രത്തിന്റേയും ഭാഗമായിരിക്കില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മാലെഗാവ് കേസിലെ എന്‍ഐഎ നീക്കം ചില സൂചനകളാണ്

2008-ല്‍ മഹാരാഷ്ട്രയിലെ മാലെഗാവ് നഗരത്തിലെ ഒരു പള്ളിയിലുണ്ടായ നാലു പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനക്കേസില്‍ കുറ്റപത്രം തയ്യാറാക്കുന്നതിന് സംഭവം അന്വേഷിച്ച മഹാരാഷ്ട്ര പൊലീസിന്റെ ഭീകരവിരുദ്ധ സംഘത്തിന്റെ (എടിഎസ്) റിപ്പോര്‍ട്ടില്‍ നിന്നും എന്‍ഐഎയ്ക്ക് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. അന്നത്തെ എടിഎസ് തലവന്‍ ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സ്‌ഫോടനത്തിന് ഉത്തരവാദികള്‍ അഭിനവ് ഭാരത് എന്ന സംഘടനയില്‍ അംഗങ്ങളായ സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണെന്ന് കണ്ടെത്തിയിരുന്നു.

2008-ലുണ്ടായ മുംബൈ ഭീകരാക്രമണത്തിനിടെ ഭീകരരുമായുള്ള പോരാട്ടത്തിനിടെ കര്‍ക്കരെ കൊല്ലപ്പെട്ടു. ഏറ്റവും പുതിയ എന്‍ഐഎ കുറ്റപത്രം കേസിലെ പ്രമുഖയായ സാധ്വി പ്രഗ്യ സിംഗ് ഉള്‍പ്പെടെയുള്ള ആറു പ്രതികളെ കുറ്റവിമുക്തരാക്കി. മറ്റൊരു കുറ്റാരോപിതന്‍ ലഫ്. കേണല്‍ പുരോഹിതിനെ പ്രതിപ്പട്ടികയില്‍ തന്നെ നിലനിര്‍ത്തിയെങ്കിലും അദ്ദേഹത്തിനുമേല്‍ ചുമത്തപ്പെട്ട കടുത്ത മക്കോക്ക കുറ്റങ്ങള്‍ എടുത്തുമാറ്റുകയും ചെയ്തു.

ആര്‍എസ്എസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപിയുടെ മുന്‍നേതാവായ പ്രഗ്യയെ പ്രതിചേര്‍ക്കപ്പെട്ട ഒരേ ഒരു ഭീകരാക്രമണ കേസ് 2008-ലെ സ്‌ഫോടനക്കേസ് മാത്രമായിരുന്നു. ഇതെ സംഘം തന്നെ ഉള്‍പ്പെട്ട 2007-ലെ സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസു കൂടി അന്വേഷിക്കുന്ന എന്‍ഐഎ മുംബൈ കോടതിയില്‍ സമര്‍പ്പിച്ച 24 പേജ് വരുന്ന കുറ്റപത്രത്തില്‍ പറയുന്നത് ഇങ്ങനെയാണ്: ‘ഗൂഢാലോചനയില്‍ പ്രഗ്യ സിംഗ് താക്കൂറിന്റേയും മറ്റു ചില വ്യക്തികളുടേയും പങ്കില്‍ സംശയമേറെയുണ്ട്. അവര്‍ക്കെതിരായ കൂടുതല്‍ അന്വേഷണങ്ങള്‍ തുടരും.’

എന്നിരുന്നാലും, 58 പേജുകള്‍ വരുന്ന പുതിയ എന്‍ഐഎ കുറ്റപത്രത്തിന്റെ പ്രധാന വശം പ്രഗ്യയോടും സംഘത്തോടുമുള്ള മാപ്പപേക്ഷ പോലുള്ള ഭാഗമാണ്. ‘എല്ലാ സാക്ഷികളും അവരുടെ മൊഴികളില്‍ നിന്ന് നേരത്തെ തന്നെ പിന്മാറിയ സാഹചര്യത്തില്‍ പ്രഗ്യ സിംഗ് താക്കൂറിനെതിരായ തെളിവുകള്‍ വിലയിരുത്തിയപ്പോള്‍ രേഖാമൂലമുള്ള തെളിവുകളൊന്നും അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തക്കതായവ അല്ല’ എന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്.

രണ്ട് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ പരസ്പര വിരുദ്ധമാകുന്നത് ഇത് ആദ്യമല്ല. 2006-ലെ മാലെഗാവ് സ്‌ഫോടനക്കേസ് എന്‍ഐഎക്ക് കൈമാറിയപ്പോള്‍ ഹിന്ദുക്കളായ പുതിയ പ്രതികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്ത 14 മുസ്ലിംകള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതുമില്ല. പ്രതികള്‍ക്കെതിരായ തെളിവുകളെ മാത്രമാണ് എന്‍ഐഎ എടുത്തു കാട്ടിയത്. മുസ്ലിംകളായ പ്രതികളെ കുറ്റവിമുക്തരാക്കുകയോ കേസിലുള്‍പ്പെടുത്തുകയോ ചെയ്യുന്ന കാര്യം കോടതിക്കു വിട്ടുകൊടുക്കുകയും ചെയ്തു. കുറ്റാരോപിതരായവരില്‍ ഒമ്പത് മുസ്ലിംകള്‍ക്ക് സ്‌ഫോടനത്തില്‍ ഒരു പങ്കുമില്ലെന്ന് വ്യക്തമാക്കുകയും അവര്‍ക്കുമേല്‍ ചുമത്തപ്പെട്ട കുറ്റങ്ങളെല്ലാം എടുത്തുകളയും ചെയ്ത് കോടതി ഉത്തരവ് കഴിഞ്ഞ മാസമാണ് വന്നത്. ഇതിനിടെ അവര്‍ക്ക് 10 വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്നു.

2006-ലെ സ്‌ഫോടനക്കേസിലെ തങ്ങളുടെ നിലപാടിനു വിരുദ്ധമായി ഇപ്പോള്‍ എന്‍ഐഎ ഒരു പടികൂടി കടന്ന് പ്രഗ്യാ സിംഗിനും കൂട്ടുപ്രതികള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നു. ബന്ധപ്പെട്ട ജഡ്ജിയില്‍ നിന്നുള്ള തീരുമാനത്തിനു കാത്തു നില്‍ക്കാതെ ‘ആറു പേരെ പ്രോസിക്യൂട്ട് ചെയ്യാന്‍ മതിയായ തെളിവില്ല’ എന്നു പറഞ്ഞ് എന്‍ഐഎ സംശയകരമായ തീര്‍പ്പിലെത്തിയിരിക്കുന്നു.

ഒരേ പ്രതികള്‍ തന്നെ ഉള്‍പ്പെട്ട 2006-ലേയും 2008-ലേയും മാലേഗാവ് സ്‌ഫോടനക്കേസുകളില്‍ എന്‍ഐഎ ഫയല്‍ ചെയ്ത കുറ്റപത്രങ്ങളിലൂടെ ലളിതമായി ഒന്നു കണ്ണോടിച്ചാല്‍ തന്നെ രണ്ടു കേസിലും ഏജന്‍സിയുടെ ഇരട്ടത്താപ്പ് നിലപാട് വ്യക്തമാകും. ആദ്യ കേസില്‍ തെറ്റായി പ്രതി ചേര്‍ക്കപ്പെട്ട മുസ്ലിംകള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ വിസമ്മതിച്ച എന്‍ഐഎ രണ്ടാം കേസില്‍ ആയാസപ്പെട്ട് പ്രഗ്യാ സിംഗ് താക്കൂറിനെയും സഹപ്രതികളേയും കുറ്റവിമുക്തരാക്കിയിരിക്കുന്നതായി കാണാം.

വൈരുധ്യമുള്ള രണ്ടു റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യപ്പെട്ടാല്‍, അതില്‍ ഏതു സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. നോയിഡയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അരുഷി തല്‍വാര്‍ കൊലക്കേസില്‍ കോടതി നിലപാട് ഈ രീതിയിലായിരുന്നു. അരുഷിയുടെ മാതാപിതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള സിബിഐ കുറ്റപത്രം തള്ളിക്കൊണ്ട് കോടതി കേസില്‍ പുനര്‍വിചാരണയ്ക്ക് ഉത്തരവിടുകയായിരുന്നു.

പ്രഗ്യ സിംഗിനെ തിടുക്കപ്പെട്ട് മോചിപ്പിക്കാനുള്ള കാരണം ഉജ്ജയ്‌നിലെ സിംഹസ്ഥ കുംഭമേളയില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് അവസരമൊരുക്കുക എന്നതായിരുന്നു. കുറ്റവിമുക്തയാക്കപ്പെട്ട ശേഷം മാധ്യമങ്ങളെ കണ്ട പ്രഗ്യ കുംഭമേളയിലെ മുഖ്യാഥിതിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും ചെയ്തു.

മഹാരാഷ്ട്ര എടിഎസിന്റെ വീഴ്ചകളില്‍ മാത്രം കേന്ദ്രീകരിക്കുകയും അതിലപ്പുറം ഒന്നു ചേര്‍ക്കപ്പെടുകയും ചെയ്യാത്ത പുതിയ കുറ്റപത്രം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ക്ഷമാപണ സ്വരത്തില്‍ തയ്യാറാക്കപ്പെട്ടത് യാദൃശ്ചികമല്ല. എടിഎസിനു എവിടെയാണ് പിഴച്ചത് എന്ന് അക്കമിട്ടു നിരത്തുന്ന എന്‍ഐഎ കുറ്റപത്രത്തില്‍ പ്രധാനമായും എടിഎസിനെതിരായ പരാതികളാണ്. കാലതാമസത്തേയും കുറ്റപ്പെടുത്തുന്നു. മക്കോക്ക വകുപ്പുകള്‍ പിന്‍വലിക്കുമ്പോള്‍ എന്‍ഐഎ പുതുതായി ഒരു തെളിവു പോലും ശേഖരിച്ചിട്ടില്ല. ഇതാണ് പ്രതികള്‍ക്ക് ക്ലീന്‍ ചിറ്റ് ലഭിക്കാന്‍ വഴിയൊരുക്കിയത്.

കുറ്റാന്വേഷണ, രഹസ്യാന്വേഷണ കേന്ദ്ര ഏജന്‍സികള്‍ വീണ്ടും അധികാരത്തിലിരിക്കുന്നവരുടെ കയ്യിലെ വെറും ഉപകരണങ്ങള്‍ മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നുവെന്ന പൊള്ളുന്ന ഓര്‍മ്മപ്പെടുത്തലാണ് പുതിയ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള എന്‍ഐഎയുടെ പെരുമാറ്റങ്ങള്‍. പുതിയ സര്‍ക്കാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പഴയ തന്ത്രങ്ങള്‍ തന്നെയാണ് എടുത്തു പയറ്റുന്നതും.

സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി പോലുള്ള ഏജന്‍സികളേയും സമാനമായ ദുരുപയോഗങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നവെന്നതാണ് ദല്‍ഹിയിലെ കൊടും വെയിലില്‍ പൊരിയുന്ന ഊഹാപോഹങ്ങള്‍. മോദി സര്‍ക്കാര്‍ നേരത്തെ വാഗ്ദാനം ചെയ്ത പോലെ കുറഞ്ഞ ഭരണം അല്ല നടപ്പാക്കുന്നത്. മറിച്ച് പ്രൊഫഷണലിസത്തേയും ഭരണഘടനാ മൂല്യങ്ങളേയും നശിപ്പിച്ച് ഭരണം കൂട്ടുകയാണ്. ഇന്ത്യ ഒരു ഉദാര ജനാധിപത്യമായി വളരണമെങ്കില്‍ ഈ അധികാര ദുര്‍വിനിയോഗം അവസാനിപ്പിച്ചെ മതിയാകൂ. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍