UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: നാസയുടെ പിറവിയും ഡയാന രാജകുമാരിയുടെ വിവാഹവും

Avatar

1958 ജൂലായ് 29
നാസയുടെ പിറവി

ശീതയുദ്ധത്തിന്റെ അലകള്‍ ബഹിരാകാശത്തേക്കും എത്തുന്നത് 1950 കളുടെ അവസാനത്തിലാണ്. കൃത്യമായി പറഞ്ഞാല്‍ 1957 ഒക്ടോബര്‍ 4ന് സോവിയറ്റ് യൂണിയന്റെ ആദ്യ ബഹിരാകാശ വാഹനം സ്പുടിനിക്-I,ലോകത്തിന് അത്ഭുതം സമ്മാനിച്ച്  ഭൂമിയുടെ ഭ്രമണപഥത്തില്‍ 98 മിനിട്ട് ചുറ്റിക്കറങ്ങിയപ്പോള്‍. ഒരു മാസം കഴിഞ്ഞ് നവംബര്‍ 3ന് സോവിയറ്റ് യൂണിയന്‍ സ്പുട്‌നിക്-II, ലൈക എന്ന പേരുള്ള നായ സഹിതം ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച് ചരിത്രം സൃഷ്ടിച്ചു. ഇതോടെ മോസ്‌കോ ബഹിരാകാശ പര്യവേഷണ രംഗത്ത് മേല്‍ക്കോയ്മ നേടുമെന്നുള്ള ചിന്ത അമേരിക്കയുടെ ഉറക്കം കെടുത്തി. തങ്ങള്‍ക്കെതിരെയുള്ള സൈനിക നീക്കത്തിനുപോലും ഈ ശാസ്ത്ര നേട്ടം കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയന്‍ ഉപയോഗപ്പെടുത്തുമോയെന്ന് അവര്‍ ഭയപ്പെട്ടു.

1958 ജൂലായ് 29ന് യു എസ് കോണ്‍ഗ്രസ് സോവിയറ്റ് യൂണിയനെതിരെയുള്ള ഉത്തരമെന്ന നിലയില്‍ നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍(നാസ) രൂപീകരണത്തിന് അനുമതി നല്‍കി. ബഹിരാകാശ ശാസ്ത്രരംഗത്ത് തങ്ങളുടെ പരീക്ഷണങ്ങളുമായി അമേരിക്ക മുന്നോട്ടു പോകുന്നതിനിടയിലായിരുന്നു സോവിയറ്റ് യൂണിയന്‍ അതിനെ പിന്നിലാക്കി സാറ്റലൈറ്റ് വിക്ഷേപണം നടത്തിയത്. അമേരിക്കയുടെ ബഹിരാകാശ പരീക്ഷണങ്ങളിലെ പാകപ്പിഴകള്‍ ശരിയാക്കുക എന്നതായിരുന്നു സിവിലിയന്‍ ഏജന്‍സിയായ നാസയുടെ പ്രധാന ലക്ഷ്യം. ബഹിരാകാശ മാത്സര്യത്തിന്‍റെ വിളംബരം കൂടിയായിരുന്നു നാസയുടെ രൂപീകരണത്തോടെ അമേരിക്ക നല്‍കിയത്. എന്നാല്‍ അമേരിക്കയുടെ ആദ്യത്തെസാറ്റലൈറ്റ് പരീക്ഷണം പരാജയപ്പെട്ടു. വാന്‍ഗ്വാര്‍ഡ് എന്ന പേരിട്ട ഈ ഉപഗ്രഹം വിക്ഷേപിച്ച ഉടന്‍ തന്നെ തകര്‍ന്നു വീഴുകയായിരുന്നു. എന്നാല്‍ അടുത്ത തവണ യു എസ് വിജയം കാണുക തന്നെ ചെയ്തു.  1958ജനുവരി 31ന് വിക്ഷേപിച്ച എക്‌സ്‌പ്ലോറര്‍-1 വിജയകരമായി ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. അതില്‍പ്പിന്നെ അമേരിക്കയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

നാസ പിന്നിട്ട സുപ്രധാന നാഴികല്ലായിരുന്നു 1969 ജൂലായ് 20ന് വിക്ഷേപിച്ച അപ്പോളോ-II.  അമേരിക്കന്‍ ബഹിരാകാശ യാത്രികന്‍ നില്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയ ആദ്യമനുഷ്യന്‍ എന്ന പെരുമ സ്വന്തമാക്കിയ ഈ ദൗത്യം മാനവ ചരിത്രത്തിന്റെ മഹത്തായ നേട്ടമായി മാറി. മനുഷ്യന്റെ  ഒരു ചെറിയ ചുവടുവയ്പ്പ്, മാനവരാശിയുടെ വലിയൊരു കുതിച്ചുച്ചാട്ടം- എന്നായിരുന്നു ചന്ദ്രനില്‍ കാലുകുത്തിക്കൊണ്ട് നീല്‍ ആംസ്‌ട്രോങ് പറഞ്ഞത്.

ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിന്റെ രൂപീകരണം,  ചൊവ്വയിലേക്ക് ബഹിരാകാശ വാഹനങ്ങള്‍ അയക്കുക തുടങ്ങി ഇക്കാലമോളം ബഹിരാകാശ പര്യവേഷണ രംഗത്ത് നാസ അമൂല്യമായ നിരവധി നേട്ടങ്ങള്‍ സമ്മാനിച്ചു. ഇതിനിടയില്‍ ചില ദുരന്തങ്ങളും നാസയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.1986ല്‍ നാസയുടെ സ്‌പേസ് ഷട്ടില്‍ ചലഞ്ചര്‍ ബഹിരാകാശ യാത്രികരോടൊപ്പം തകര്‍ന്നു വീണു.  2003ല്‍ മറ്റൊരു ബഹിരാകാശ വാഹനമായ കൊളംബിയയും തകര്‍ന്നു വീണു. അന്ന് അന്ന് ജീവന്‍ നഷ്ടപ്പെട്ട ബഹിരാകാശ യാത്രികരുടെ കൂട്ടത്തില്‍ ഇന്ത്യക്കാരിയായ കല്‍പ്പന ചൗളയും ഉണ്ടായിരുന്നു. ഇതൊക്കെയാണെങ്കിലും ഇന്ന് സ്‌പേസ് ടെക്‌നോളജിയിലെ അവസാന വാക്ക് നാസ തന്നെയാണ്.

1981 ജൂലായ് 29
ചാള്‍സ് രാജകുമാരന്റെയും ഡയാനയുടെയും വിവാഹം

നൂറ്റാണ്ടിലെ വിവാഹം എന്നായിരുന്നു 1981 ജൂലായ് 29 ന് ബ്രിട്ടന്റെ അടുത്ത കിരീടാവകാശി ചാള്‍സ് രാജകുമാരന്‍ സെന്റ്.പോള്‍സ് കത്തിഡ്രലില്‍ വച്ച് ഒരു ബ്രിട്ടീഷ് സ്‌കൂള്‍ അദ്ധ്യാപികയായിരുന്ന ഡയാന സ്പെന്‍സര്‍ എന്ന യുവതിയുടെ കഴുത്തില്‍ മിന്നുകെട്ടിയപ്പോള്‍ ലോകം വാഴ്ത്തിയത്. 2500നു മേല്‍ അതിഥികളാണ്,  ഒരു മുത്തശ്ശിക്കഥയിലേ എന്നപോല്‍ തോന്നിച്ച ആ വിവാഹ കര്‍മ്മത്തില്‍ പങ്കെടുത്തത്. കൂടാതെ എഴുപതോളം രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകള്‍ ആ വിവാഹത്തിന്  ടെലിവിഷനിലൂടെ സാക്ഷികളായി.

ലോകം വാഴ്ത്തിയ ഈ പ്രണയികള്‍ പതിനൊന്നു വര്‍ഷത്തിനുശേഷം തങ്ങളുടെ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതായി 1992ല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനിടയില്‍ ഇരുവരും രണ്ടുമക്കളുടെ മാതാപിതാക്കളുമായി. 1982ല്‍ വില്യം രാജകുമാരനും 1984ല്‍ ഹാരി രാജകുമാരനും ചാള്‍സ്-ഡയാന ദമ്പതികളുടെ മക്കളായി പിറന്നു.

ടാബ്ലോയിഡ് പത്രങ്ങളുടെ പ്രിയപ്പെട്ട മുഖമായിരുന്നു എന്നും ഡയാന രാജകുമാരി. കൊല്ലപ്പെടുന്ന ദിനം വരെ ഡയാനയുടെ ബന്ധങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങളുടെ വിരുന്നായിരുന്നു. 1997 ഓഗസ്റ്റ് 31 തങ്ങളെ പിന്തുടര്‍ന്ന പാപ്പരാസി ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഡയാനയും സുഹൃത്ത് ദോദി ഫയെദും കാര്‍ അപകടത്തില്‍പ്പെട്ട് പാരീസില്‍ കൊല്ലപ്പെട്ടു. 

പിന്നീട് 2005 ഏപ്രില്‍ 9ന് ചാള്‍സ് രാജകുമാരന്‍ കാമില പാര്‍ക്കര്‍ ബൗള്‍സിനെ വിവാഹം കഴിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍