UPDATES

ഷാരോണിന്റെ മികവുറ്റ ചിത്രങ്ങളുമായി നാസ

Avatar

അഴിമുഖം പ്രതിനിധി

പ്ലൂട്ടോയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ഷാരോണിന്റെ മികവുറ്റ ചിത്രങ്ങള്‍ നാസയുടെ ന്യൂ ഹൊറൈസണ്‍സ് സ്‌പേസ് ക്രാഫ്റ്റ് പകര്‍ത്തി. സ്‌പേസ് ക്രാഫ്റ്റിലെ മള്‍ട്ടി സ്‌പെക്ടറല്‍ വിഷ്വല്‍ ഇമേജിങ് കാമറയാണ് ഷാരോണിന്റെ നീല, ചുവപ്പ്, ഇന്‍ഫ്രാറെഡ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഷാരോണിന്റെ ഉപരിതലത്തെ കുറിച്ച് വ്യക്തമായ അറിവുകള്‍ നല്‍കുന്ന ചിത്രങ്ങളാണ് ഇവ. പ്ലൂട്ടോയുടേത് പോലെ വൈവിദ്ധ്യമാര്‍ന്നത് അല്ല ഷാരോണിന്റെ ഉപരിതലത്തിലെ നിറങ്ങള്‍. ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് ഷാരോണിന്റെ വടക്ക് ധ്രുവത്തിലെ ചുവപ്പ് നിറമാണ്. അനൗദ്യോഗികമായി ഈ ഭാഗത്തിന് മോര്‍ഡോര്‍ മാക്കുള എന്നാണ് പേര് നല്‍കിയിരിക്കുന്നത് എന്ന് നാസ അറിയിച്ചു. പ്ലൂട്ടോയുടെ പകുതി വ്യാസമാണ് ഷാരോണിനുള്ളത്.

ഷാരോണിന്റെ 2.9 കിലോമീറ്റര്‍ വലിപ്പത്തിലെ വരെ വസ്തുക്കളുടെ വിശദാംശങ്ങള്‍ വ്യക്തമായി ഒരു ചിത്രത്തില്‍ ലഭിച്ചിട്ടുണ്ട്. മറ്റൊരു ചിത്രത്തില്‍ 800 മീറ്റര്‍ വലിപ്പത്തിലെ വസ്തുക്കളുടെ വിശദാംശങ്ങളും വ്യക്തമാണ്. മറ്റൊരു ചിത്രത്തില്‍ ഷാരോണിന്റെ മധ്യഭാഗത്തെ മലയിടുക്കുകളുടേയും വിടവുകളുടേയും നിരകളുടെ വിശദാംശങ്ങള്‍ ലഭ്യമാണ്. ഈ മലയിടുക്ക് 1,600 കിലോമീറ്ററില്‍ അധികം നീളമുണ്ട്. ഷാരോണിന്റെ മറുവശത്തേക്ക് ഇത് വ്യാപിച്ചിട്ടുണ്ടാകുമെന്നാണ്‌ ശാസ്ത്രജ്ഞര്‍ കരുതുന്നത്. അരിസോണയിലെ ഗ്രാന്‍ഡ് കാനിയോണിന്റെ നാലിരട്ടി നീളവും ചിലയിടങ്ങളില്‍ രണ്ടിരട്ടി ആഴവും ഷാരോണിലെ മലയിടുക്കുകള്‍ക്ക് ഉണ്ട്. ഷാരോണിന്റെ ചരിത്രത്തില്‍ വലിയ ഭൂമിശാസ്ത്ര മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ഈ വിടവുകളും മലയിടുക്കുകളും സൂചിപ്പിക്കുന്നത്. ചൊവ്വയിലെ വാലെസ് മരിനെറിസ് മലയിടുക്കുകള്‍ക്ക് സമാനമാണ് ഷാരോണിലെ ഈ പ്രത്യേകത.

പ്ലൂട്ടോയുടേയും ഷാരോണിന്റേയും നിറവും തിളക്കവും സമാനമാണ്. ഇത് രണ്ടിന്റേയും പ്രതല സവിശേഷതകളെ താരതമ്യപ്പെടുത്താന്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്നുണ്ട്. ഷോരാണിന്റെ ധ്രുവത്തിലെ ചുവപ്പ് ഭൂപ്രദേശവും പ്ലൂട്ടോയുടെ മധ്യരേഖയിലെ ചുവപ്പ് പ്രദേശവും തമ്മിലെ സാമ്യതയും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. വടക്കു ഷാരോണിന്റെ വടക്ക് ഭാഗത്തെ മലയിടുക്കിലെ അഗ്നിപര്‍വതങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കിഴക്ക് ഭാഗത്ത് വളരെ കുറച്ച് വലിയ അഗ്നിപര്‍വതങ്ങളേയുള്ളൂ. ഇത് അവയ്ക്ക് പ്രായമേറെയില്ലെന്നതിന്റെ തെളിവാണ്.

ഷാരോണിലെ സമതല പ്രദേശത്തിന്റെ നിരപ്പ് സൂചിപ്പിക്കുന്നത് തണുത്ത അഗ്നിപര്‍വത പ്രവര്‍ത്തനം (ക്രെയോ വൊള്‍ക്കാനിസം) നടന്നിട്ടുണ്ടാകുമെന്നാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാരോണിന്റെ പ്രതലത്തിന് അടിയില്‍ സമുദ്രജലം ഉണ്ടായിക്കാനുള്ള സാധ്യതകള്‍ ശാസ്ത്രജ്ഞര്‍ പരിശോധിക്കുന്നുണ്ട്. ഈ ജലം തണുത്തുറഞ്ഞതു മൂലമാകാം ഷാരോണില്‍ വലിയ വിടവുകള്‍ ഉണ്ടായതും അതുവഴി ജലം അടങ്ങിയ ലാവ പുറത്ത് വന്നിട്ടുണ്ടാകാം എന്ന് അവര്‍ അനുമാനിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍