UPDATES

മായാവതി ചോദിച്ചത് 50 കോടി; 7 ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവിട്ട് നസീമുദ്ദീന്‍ സിദ്ദിഖി; ബിഎസ്പിയില്‍ കലാപം

മായാവതിക്കെതിരെ ഇത്തരത്തിലുള്ള 150 സിഡികള്‍ കൂടി തന്റെ പക്കലുണ്ടെന്നും സിദ്ദിഖി

മുതിര്‍ന്ന നേതാവ് നസീമുദ്ദീന്‍ സിദ്ദിഖിയെയും പുത്രന്‍ അഫ്സലിനെയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിന് പിറകെ പാര്‍ട്ടിയിലെ പോരാട്ടം കൂടുതല്‍ പരസ്യമായ വിഴുപ്പലക്കലിലേക്ക് നീങ്ങുന്നു. പാര്‍ട്ടി നേതാവ് മായാവതി തന്നോട് 50 കോടി രൂപ ആവശ്യപ്പെട്ടു എന്ന് തെളിയിക്കുന്നതിനായി ഏഴ് ഓഡിയോ ക്ലിപ്പുകള്‍ സിദ്ദിഖി പുറത്ത് വിട്ടതോടെയാണ് പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ പുതിയ തലത്തിലേക്ക് തിരിഞ്ഞത്. മായാവതിക്കെതിരെ ഇത്തരത്തിലുള്ള 150 സിഡികള്‍ കൂടി തന്റെ പക്കലുണ്ടെന്നും അവ പുറത്ത് വന്നാല്‍ രാജ്യം മാത്രമല്ല, ലോകം തന്നെ കിടുങ്ങുമെന്നും സിദ്ദിഖി അവകാശപ്പെടുകയും ചെയ്തു.

എന്നാല്‍ സിദ്ദീഖി തന്നെ ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ നേടാന്‍ ശ്രമിക്കുകയാണെന്ന് മായാവതി പറഞ്ഞു. പുറത്തുവിട്ട സംഭാഷണശകലങ്ങള്‍ സിദ്ദിഖ് എഡിറ്റ് ചെയ്തു എന്ന് വ്യക്തമാണെന്നും അവര്‍ ആരോപിച്ചു. താന്‍ പറയുന്നത് മാത്രമാണ് സിഡിയില്‍ ഉള്ളതെന്നും സംഭാഷണത്തിലെ സിദ്ദിഖിയുടെ മറുപടികള്‍ മുറിച്ചുമാറ്റപ്പെട്ടിരിക്കുകയാണെന്നും മായാവതി ചൂണ്ടിക്കാട്ടി. പാര്‍ട്ടി അംഗത്വമായി ലഭിച്ച വരിസംഖ്യയുടെ കണക്കാണ് താന്‍ ആവശ്യപ്പെട്ടതെന്ന് മായാവതി പറയുന്നു.

‘പുസ്തകത്തെ’ കുറിച്ചും കണക്കുകള്‍ ‘ബോധിപ്പിക്കേണ്ടതിനെ’ കുറിച്ചും മായാവതി സംഭാഷണങ്ങളില്‍ സിദ്ദിഖിയെ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നുണ്ട്. പടിഞ്ഞാറന്‍ യുപിയില്‍ നിന്നുള്ള അംഗത്വ വരിസംഖ്യയുടെ അമ്പത് ശതമാനത്തിന്റെ കണക്ക് സിദ്ദിഖി പാര്‍ട്ടിയെ അറിയിച്ചിട്ടില്ല എന്നാണ് മായാവതിയുടെ ആരോപണം. ബാക്കി അമ്പത് ശതമാനം പാര്‍ട്ടിക്ക് ലഭിച്ചതായി അവര്‍ പറയുമ്പോഴും തുക എത്രയാണെന്ന് വെളിപ്പെടുത്താന്‍ മായാവതി തയ്യാറായില്ല. തന്റെ ഫോണ്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്നും അതിനാല്‍ തന്നെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഫോണിലൂടെ സംസാരിക്കരുതെന്നും സിദ്ദിഖിക്ക് പല തവണ മുന്നറിയിപ്പ് നല്‍കിയതായും മായാവതി പറയുന്നു.

ബിഎസ്പി പാവങ്ങളുടെ പാര്‍ട്ടിയാണെന്നും വരിസംഖ്യയായി ലഭിക്കുന്നത് പാവങ്ങളുടെ പണമാണെന്നും മായാവതി പറഞ്ഞു. അതിന്റെ കണക്കുകള്‍ കൃത്യമായിരിക്കണമെന്ന് സിദ്ദിഖിയെ പല തവണ ഓര്‍മ്മപ്പെടുത്തിയതായും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് തന്നോട് പരാതി പറഞ്ഞിരുന്നതായും അവര്‍ പറയുന്നു. എന്നാല്‍ മായാവതി തന്നെ പീഢിപ്പിക്കുകയായിരുന്നു എന്നാണ് സിദ്ദിഖി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. തന്നോട് അവര്‍ അമ്പത് കോടി രൂപ ആവശ്യപ്പെട്ടിരുന്നതായി സിദ്ദിഖി ആരോപിച്ചു. പണം നല്‍കിയാല്‍ പാര്‍ട്ടിയില്‍ ഉയര്‍ച്ചയുണ്ടാവും എന്ന് മായാവതി പറഞ്ഞതായും എന്നാല്‍ അമ്പത് കോടി രൂപ ഉണ്ടാക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് അവരെ അറിയിച്ചതായും സിദ്ദിഖി പറയുന്നു.

തുടര്‍ന്ന് തന്റെ സ്വത്ത് വിറ്റ് കാശ് നല്‍കാന്‍ മായാവതി ആവശ്യപ്പെട്ടതായും സിദ്ധിഖി ആരോപിച്ചു. എന്നാല്‍ അതിന് കഴിയാതിരുന്നതിന്റെ പേരില്‍ ബിഎസ്പി സതീഷ് ചന്ദ്ര മിശ്രയും മായാവതിയുടെ സഹോദരനും തന്നെ അപമാനിച്ചതായും സിദ്ദിഖി പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ നിയമോപദേശം തേടുകയാണെന്നും ആവശ്യമെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് മായാവതി പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍