UPDATES

എഡിറ്റര്‍

തീയറ്ററുകളില്‍ ദേശീയഗാനം: ഒരേ ഹര്‍ജിക്കാരന്‍, ഒരേ ജഡ്ജി, 13 വര്‍ഷം

Avatar

അഴിമുഖം പ്രതിനിധി

തീയറ്ററുകളില്‍ സിനിമാപ്രദര്‍ശനത്തിന് മുമ്പായി ദേശീയഗാനം കേള്‍പ്പിക്കണമെന്നും സിനിമ കാണാനെത്തുന്നവര്‍ എഴുന്നേറ്റ് നിന്ന് അതിനെ ബഹുമാനിച്ചിരിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. ദേശീയഗാനത്തിന് തടസമുണ്ടാകാതിരിക്കാന്‍ ദേശീയഗാനം തുടങ്ങി അവസാനിക്കുന്നത് വരെ സിനിമാഹാളിന്റെ വാതിലുകള്‍ അടച്ചിടണമെന്നും അമിത നാടകീയതയോടെയോ വികലമായ രീതിയിലോ ഉള്ള ചിത്രീകരണം പാടില്ലെന്നും സുപ്രീംകോടതി നിര്‍ദ്ദേശിക്കുന്നു. സോഷ്യല്‍ മീഡിയയിലടക്കം കോടതി ഉത്തരവ് വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാകുന്നുണ്ട്.

സിനിമാ പ്രദര്‍ശനത്തിന് മുമ്പായി നിര്‍ബന്ധമായും ദേശീയഗാനം വയ്ക്കണമെന്ന് ആവശ്യപ്പെട്ട് 2003ല്‍ മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ മുന്നില്‍ ഹര്‍ജി വന്നിരുന്നു. ഇപ്പോള്‍ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി അനുകൂല ഉത്തരവ് സമ്പാദിച്ച അതേ ശ്യാം നാരായണ്‍ ചൗക്സി തന്നെയാണ് അന്നും മദ്ധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ചത് സുപ്രീംകോടതിയില്‍ വാദം കേട്ട അതേ ജഡ്ജിയും – ദീപക് മിശ്ര. അന്ന് ഹര്‍ജിക്കാരന്റെ ആവശ്യം പൂര്‍ണമായും ദീപക് മിശ്രയുടെ ബഞ്ച് അംഗീകരിച്ചില്ല. എന്നാല്‍ സുപ്രീംകോടതിയില്‍ കഥ മാറി.

കഭി ഖുശി കഭി ഖം എന്ന ചിത്രത്തില്‍ ദേശീയഗാനത്തെ അപമാനിക്കുന്ന രീതിയില്‍ ഉപയോഗിച്ചു എന്നാരോപിച്ച് നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറിനെതിരെയാണ് അന്ന് ശ്യാം നാരായണ്‍ ചൗക്സി കോടതിയെ സമീപിച്ചത്. ദേശീയഗാനം ആലപിക്കുന്ന രംഗം മോശമായാണ് ചിത്രീകരിച്ചതെന്ന് ആരോപിച്ച ചൗക്സി ദേശീയഗാനം വരുന്ന സമയത്ത് തീയറ്റുകളില്‍ ആളുകള്‍ എഴുന്നേറ്റുനില്‍ക്കുന്നില്ലെന്നും ചൗക്സി പരാതിപ്പെട്ടിരുന്നു. ദേശീയഗാനം ആലപിക്കുന്ന സീന്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. അല്ലാത്ത പക്ഷം ചിത്രം തീയറ്ററുകളില്‍ നിന്ന് പിന്‍വലിക്കേണ്ടി വരുമെന്നും അന്ന് കോടതി മുന്നറിയിപ്പ് നല്‍കി. അതേസമയം ദേശീയഗാനം പ്രദര്‍ശിപ്പിക്കുന്നത് നിര്‍ബന്ധമാക്കണമെന്നും ആളുകള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിച്ചില്ല.

എന്നാല്‍ 2004ല്‍ ഈ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ദേശീയ ഗാനം പ്രദര്‍ശിപ്പിക്കുന്നതോ ആളുകള്‍ എഴുന്നേറ്റ് നിക്കുന്നതോ തീയറ്ററുകളില്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് വിഎന്‍ ഖരെയുടെ ബഞ്ച് വ്യക്തമാക്കി. കരണ്‍ ജോഹര്‍ കോടതിയെ സമീപിച്ചിരുന്നു. 2005ല്‍ ചീഫ് ജസ്റ്റിസായിരുന്ന ആര്‍ എസ് ലഹോട്ടിയുടെ ബഞ്ച് ഹര്‍ജി വീണ്ടും സ്വീകരിച്ചു. പിന്നീട് ചൗക്സി നല്‍കിയ പുനപരിശോധന ഹാര്‍ജി 2006ല്‍ തീര്‍പ്പാക്കി. അന്നത്തെ ചീഫ് ജസ്റ്റിസ് വൈ കെ സബര്‍വാളിന്റേ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി തള്ളപ്പെട്ടു. ദേശീയ ഗാനരംഗമടക്കം യാതൊരു കട്ടുകളുമില്ലാതെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി.  

കേരളത്തില്‍ നിന്ന് ബിജോയ് മാന്വല്‍ എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് തീയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സ്‌കൂള്‍ അസംബ്ലിയില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ കൂടെ പാടിയില്ലെന്ന് പറഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടി വിവാദമായിരുന്നു. ഇതിനെതിരെയാണ് ബിജോയ് മാന്വല്‍ സുപ്രീംകോടതിയെ സമീപിച്ചത്. മൂന്ന് പേരെയും സ്‌കൂളില്‍ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടു. തങ്ങള്‍ ക്രിസ്തുമതത്തിലെ യഹോവസാക്ഷികള്‍ എന്ന വിഭാഗത്തില്‍ പെട്ടവരാണെന്നും പ്രാര്‍ത്ഥനയും മതവുമായി ബന്ധപ്പെട്ടവയുമല്ലാതെ മറ്റൊന്നും ഇത്തരത്തില്‍ പാടാന്‍ തങ്ങളും വിശ്വാസം അനുവദിക്കുന്നില്ലെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ വാദം. വിദ്യാലയങ്ങളിലും പൊതുചടങ്ങുകളിലും മറ്റും ദേശീയഗാനം ആലപിയ്ക്കുമ്പോള്‍ എഴുന്നേറ്റ് നിന്നാല്‍ മാത്രം മതിയെന്നും കൂടെ പാടണമെന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/ByjA2P

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍