UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭൂരഹിതര്‍ക്ക് ഭൂമിദാനം ചെയ്ത് വാര്‍ത്തയായ നടരാജന്‍ ഇപ്പോള്‍ സര്‍ക്കാര്‍ കണ്ണില്‍ മരംകൊള്ളക്കാരന്‍

Avatar

രാകേഷ് സനല്‍

ആദ്യം കോന്നി അഡീഷണല്‍ തഹസില്‍ദാര്‍ പുറപ്പെടുവിച്ച ഈ നോട്ടിസ് വായിക്കാം; 

കോന്നി താലൂക്കില്‍ കൂടല്‍ വില്ലേജില്‍ പോത്തുപാറ മുറിയില്‍ നിരവല്‍ വീട്ടില്‍ നടരാജന്‍ കോന്നി താലൂക്കില്‍ കൂടല്‍ വില്ലേജില്‍ ബ്ലോക്ക് 32 ല്‍ റീസര്‍വേ 131/1 നമ്പരിലേക്കുള്ള 14.80 ആര്‍ സര്‍ക്കാര്‍ സ്ഥലത്തില്‍ ഉള്‍പ്പെട്ട 4.65 ആര്‍ സ്ഥലത്ത് നിന്നിരുന്ന 10 മൂട് തേക്കു മരങ്ങള്‍ മുറിച്ചത് ചാര്‍ജ് ഓഫിസര്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നു. മുറിച്ച മരങ്ങളില്‍ ഒന്‍പതെണ്ണം കടത്തി കൊണ്ടു പോയിട്ടുള്ളതും ഒരു തേക്കുമരം രണ്ടു കഷ്ണങ്ങളായി തടി നിന്നിരുന്ന സ്ഥലത്ത് ഇട്ടിട്ടുള്ളതുമായി കണ്ടെത്തി. സ്ഥലത്ത് അവശേഷിക്കുന്ന മരക്കഷ്ണങ്ങളില്‍ കൂടല്‍ പൊലീസ് ക്രൈം നമ്പര്‍ 402/15 404/15 എന്നു രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. ഈ സാഹചര്യത്തില്‍ ടിയാനെതിരെ എല്‍സി കേസ് എടുത്ത് പിഴ ചുമത്താവുന്നതാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ടിയാന്റെ പ്രവൃത്തി കെ എല്‍ സി ആക്ട് 1957 സെക്ഷന്‍(7) പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവും നടപടിയെടുക്കാത്തക്കതുമായതിനാല്‍ ടിയാനെതിരെ 46,396 രൂപ (തടി വില- 23,048, തടി നഷ്ടം-23,048, പിഴ-300, ആകെ-46,396) പിഴ ഈടാക്കാനും തീരുമാനിച്ചിരിക്കുന്നു.

കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി നിയമം (1957) അനുസരിച്ചും 2005 ലെ സ്വകാര്യ വനസംരക്ഷണ നിയമം അനുസരിച്ചും മേല്‍വിവരിച്ച കുറ്റപ്രകാരം നടരാജന്‍ തെറ്റുകാരനും നിയമപ്രകാരം ചുമത്തപ്പെട്ട പിഴ ഒടുക്കാന്‍ ബാധ്യതപ്പെട്ടവനുമാണ്. പതിച്ചുകിട്ടിയ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലേതായാലും സ്വന്തം പുരയിടത്തിലേതായാലും സര്‍ക്കാര്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 25 ഓളം മരങ്ങള്‍ സ്വകാര്യാവിശ്യങ്ങള്‍ക്കായി മുറിക്കുന്നത് കുറ്റകരമാണ്. ഇപ്രകാരം സ്വന്തം ആവശ്യത്തിനായി ലിസ്റ്റില്‍പെട്ട തേക്ക് മരം മുറിച്ചത് തെളിവോടു കൂടി കണ്ടുപിടിക്കപ്പെട്ടതിനാല്‍ നടരാജന്‍ തന്റെ മേലുള്ള കുറ്റം ഏറ്റെടുത്ത് പിഴയൊടുക്കേണ്ടതാണ്.

ഇനി നടരാജനിലേക്ക് പോകാം
ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ കോന്നി അഡീഷണല്‍ തഹസില്‍ദാര്‍ പുറപ്പെടുവിട്ട നോട്ടീസ് നടരാജനെ ഞെട്ടിച്ചു. 46,396 രൂപ പിഴയൊടുക്കണമെന്ന ആവശ്യം ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലായെന്നു ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ ഓഫിസനു മുന്നില്‍ 10 ദിവസം സത്യാഗ്രഹം ഇരുന്നു. ഒരാള്‍പോലും തന്നെ തിരിഞ്ഞുനോക്കുന്നില്ലായെന്നു കണ്ടതോടെ കടുത്തൊരു തീരുമാനത്തിലേക്ക് ഈ വൃദ്ധന്‍ കടന്നു. അതെക്കുറിച്ചു നടരാജന്‍ തന്നെ പറയുന്നത് കേള്‍ക്കാം;

പത്തുദിവസം സിവില്‍ സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന തഹസില്‍ദാര്‍ ഓഫിസിനു മുന്നില്‍ ഞാന്‍ സമരം കിടന്നു. ഒരാള്‍പോലും ദയ തോന്നിയോ ന്യായം തിരക്കിയോ വന്നില്ല. പ്രായമോ വൃണം ബാധിച്ച കാലുമായി ശരിയായി നടക്കാന്‍ പോലുമാകാത്ത എന്റെ അവസ്ഥയോ ആരുടെയും മനസലിയിച്ചില്ല. അതോടെ മറ്റൊരു തീരുമാനമെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. മരിക്കുക; അതായിരുന്നു തീരുമാനം. സമരത്തിന്റെ പതിനൊന്നാം ദിവസം നാലു നിലയുള്ള സിവില്‍ സ്റ്റേഷന്റെ മുകളില്‍ ഒരുവിധത്തില്‍ എത്തപ്പെട്ടു. അവിടെ നിന്നു പത്തനംതിട്ട കളക്ടറെ വിളിച്ചു. എന്റെ തീരുമാനം അറിയിച്ചു. എന്നെ തടയാന്‍ അദ്ദേഹം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാനതൊന്നും കേട്ടില്ല. ചാടാന്‍ തന്നെ തീരുമാനിച്ചു. പെട്ടെന്നെനിക്കൊരു ചിന്ത. ഇവിടെ നിന്നും താഴേക്കു ചാടിയാല്‍ നിലത്തുവീഴും മുന്നെ ഞാന്‍ മരിക്കും. അങ്ങനെ വന്നാല്‍ എന്തിനു ഞാനിതു ചെയ്തു എന്ന് ഒരാളോടുപോലും പറയാന്‍ സാധിക്കില്ല. അതുകൊണ്ട് കൈയില്‍ കരുതിയിരുന്ന വിഷമെടുത്തു. പാറ്റയ്ക്കും എലിക്കുമൊക്കെ വയ്ക്കുന്ന വിഷം ഞാന്‍ നേരത്തെ കരുതിയിരുന്നു. വിഷക്കുപ്പി തുറന്ന് അടപ്പിലേക്ക് പകര്‍ന്ന് കുടിച്ച സമയത്തിനകം സെക്യൂരിറ്റിക്കാര്‍ എങ്ങനെയോ അവിടെയോടിയെത്തി. കളക്ടര്‍ വിളിച്ചു പറഞ്ഞിട്ടുണ്ടായിരിക്കണം. അവര്‍ ഉടനെ തന്നെ എന്നെ ആശുപത്രിയില്‍ എത്തിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കുറച്ചു ദിവസം കിടന്നു. മരിക്കാന്‍ തീരുമാനിച്ചത് തോറ്റുപോകുമെന്ന പേടികൊണ്ടല്ല, ജീവിച്ചിരുന്നുകൊണ്ട് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ എന്റെ ശവത്തിനു കഴിഞ്ഞെങ്കിലോ എന്നോര്‍ത്തു. പക്ഷേ മരിക്കാന്‍ പറ്റിയില്ല. ഇനി എന്നെത്തേടി മരണം വരുമ്പോള്‍ വരട്ടെ, അതുവരെ ഞാന്‍ പോരാടാന്‍ പോവുകയാണ്.


നടരാജന്റെ താമസിക്കുന്നതിനോട് ചേര്‍ന്നുള്ള ക്രഷര്‍. കുളത്തുമണ്‍ വാര്‍ഡില്‍ മാത്രം സ്ഥിതി ചെയ്യുന്ന മൂന്നു ക്രഷര്‍ യൂണിറ്റുകളില്‍ ഒന്നാണിത്.

ആരോടാണ് നടരാജന്റെ വെല്ലുവിളി? 
മരണംകൊണ്ട് പറയയാന്‍ ഉദ്ദേശിച്ചത് പോത്തുപാറയിലെ കുടിലിനു മുന്നില്‍ ഇട്ടിരിക്കുന്ന പഴകിയ പ്ലാസ്റ്റിക് കസേരയില്‍ ഇരുന്ന് നടരാജന്‍ പറയുന്നത് കേള്‍ക്കുക;

1970 ല്‍ അന്ന് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു പോത്തുപാറ എന്ന ഗ്രാമം. ബേബി ജോണ്‍ മന്ത്രി ഇടപ്പെട്ട് കൃഷിക്കും താമസത്തിനുമായി സര്‍ക്കാരില്‍ നിന്നും നല്‍കിയ ഭൂമിയാണ്. കോന്നി കലഞ്ഞൂര്‍ പഞ്ചായത്തില്‍ കുളത്തുമണ്‍ ആറാം വാര്‍ഡില്‍ താമസിക്കുന്ന എനിക്ക് ഇപ്പോള്‍ ഒരേക്കര്‍ അറുപത്തി മൂന്ന് സെന്റ് സ്ഥലം ഉണ്ട്. ഇതില്‍ 50 സെന്റ് 1970ല്‍ അച്ഛനു പട്ടയം കിട്ടിയ ഭൂമിയാണ്. ഈ ഭൂമി അമ്മ എനിക്ക് ദാനം നല്‍കി. ഒരു സഹോദരിയുടെ വീതമായ 50 സെന്റ് പിന്നീട് ഞാന്‍ വില കൊടുത്തു വാങ്ങി. ഇതുകൂടാതെ 63 സെന്റ് സര്‍ക്കാരില്‍ നിന്നും പതിച്ചു കിട്ടി. ഇതെല്ലാം കൂടി ചേര്‍ത്താണ് ഒരേക്കര്‍ അറുപത്തിമൂന്നു സെന്റ് ഭൂമിയുടെ ഉടമയായത്.

കൃഷിക്കും താമസത്തിനുമായി കിട്ടിയ ഭൂമി ഇപ്പോള്‍ പലരും വിറ്റൊഴിഞ്ഞു പോയിരിക്കുകയാണ്. ആ ഭൂമിയെല്ലാം ആര്‍ക്കാണ് വിറ്റത്? പോത്തുപാറയില്‍ കടന്നുവന്ന ക്രഷര്‍-ക്വാറി മുതലാളിമാര്‍ക്ക്.

അയല്‍വാസികളില്ലാതായ ഞാന്‍ 2014 ല്‍ എന്റെ ഉടമസ്ഥതയിലുള്ള 1.63 ഏക്കറില്‍ നിന്നും അഞ്ച് സെന്റ് വീതം 50 സെന്റ് ഭൂമി 10 ഭൂരഹിതര്‍ക്കായി വീടുവച്ചു താമസിക്കാനായി ദാനം ചെയ്തു. ഈ പ്രദേശത്തേക്ക് കൂടുതല്‍ ആളുകള്‍ താമസത്തിനെത്തിയാല്‍ വൈദ്യുതിയും കുടിവെള്ളവും അയല്‍പക്കവും ഉണ്ടാകുമെന്നു വിശ്വസിച്ചു.

എന്റെ തീരുമാനങ്ങള്‍ ക്വാറി-ക്രഷര്‍ ഉടമകളെ നിരാശരാക്കിയെന്നു കരുതുന്നു. അവര്‍ അധികാരികളുടെ സഹായത്തോടെ എന്നെ നിരന്തരം ഉപദ്രവിക്കുകയാണ്. 

അരലക്ഷത്തിനടുത്ത് എനിക്ക് പിഴ വന്നിരിക്കുന്നതും അതിന്റെ ഭാഗമാണ്. 40 വര്‍ഷത്തിനുമേല്‍ കൈവശം വയ്ക്കുകയും കരം അടയ്ക്കുകയും എനിക്ക് പോക്കുവരവ് ചെയ്ത് നല്‍കിയതുമായ ഭൂമി ഇപ്പോള്‍ സര്‍ക്കാരിന്റെ വകയാണെന്നാണ് പറയുന്നത്.


നടരാജനും ഭാര്യയും ഈ ഷെഡിലാണ് താമസിക്കുന്നത്

തകരയും ടാര്‍പ്പോളിനും കൊണ്ടു മറച്ചൊരു ചെറിയ ഷെഡിലാണ് ഞാനും ഭാര്യയും താമസിക്കുന്നത്. 75 വയസുണ്ടെനിക്ക്. തോട്ടപ്പുഴു കടിച്ചതിനെ തുടര്‍ന്ന് കാലില്‍ ഉണ്ടായ വൃണമൂലം കഴിഞ്ഞ മൂന്നുവര്‍ഷമായി ഊന്നുവടിയുടെ സഹായമില്ലാതെ നടക്കാന്‍ പോലും ആവില്ല. പ്രായം ചെന്ന എന്റെ ഭാര്യ കൂലിപ്പണിക്കു പോയി കിട്ടുന്നതുകൊണ്ടാണ് രണ്ടുപേരുടെയും ജീവിതം നടന്നുപോകുന്നത്. അങ്ങനെയുള്ള ഞാനിപ്പോള്‍ സര്‍ക്കാരിന്റെ കണ്ണില്‍ വലിയൊരു കൊള്ളക്കാരനാണ്. മൂന്നു നേരം ആഹാരം കഴിക്കാന്‍ പോലും നിവൃത്തിയില്ലാത്ത ഞാന്‍ ചെയ്ത് തെറ്റെന്താണ്? കാറ്റത്തും മഴയും തകര്‍ന്ന ഷെഡ് പുതുക്കി കെട്ടാനായി എന്റെ പറമ്പില്‍ നിന്ന കുറച്ചു തേക്കു മരത്തിന്റെ കൊമ്പുകള്‍ മുറിച്ചു. അതിന്റെ പേരില്‍ എനിക്കെതിരെ കേസും 46,396 രൂപ പിഴയും. പത്തു മരങ്ങള്‍ ഞാന്‍ മുറിച്ചെന്നും അതില്‍ ഒമ്പതെണ്ണം കടത്തിക്കൊണ്ടു പോവുകയും ഒരെണ്ണം മുറിച്ചെടുത്തു നിന്നു തന്നെ കണ്ടെത്തിയെന്നുമാണ് കേസില്‍ പറയുന്നത്. എങ്ങോട്ടാണ് ഞാന്‍ കടത്തി കൊണ്ടുപോയത്. എന്റെ ഷെഡ് വന്നു നോക്കണം. മുന്‍വശത്തെ കതക് ഉറപ്പിക്കാനായി രണ്ടു തടികള്‍ ഉപയോഗിച്ചിട്ടുണ്ട്. ബാക്കി തടികള്‍ ഷെഡിനോട് ചേര്‍ന്നൊരു ചെറിയ ചായ്പ്പില്‍ ഇരിപ്പുണ്ട്. പത്തു മരങ്ങള്‍ മുറിച്ചെന്നു പറയുന്നത് തന്നെ കള്ളത്തരമാണ്.


നടരാജന്‍ കടത്തി കൊണ്ടുപോയെന്നു പറയുന്ന തേക്കു തടികള്‍

120 ഇഞ്ച് വണ്ണുള്ള തേക്ക് മരങ്ങള്‍ ഇവിടെയുള്ളൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വിലപറഞ്ഞു വാങ്ങിയിട്ട് മുറിക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടയുകയും തുടര്‍ന്ന് സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന മരങ്ങള്‍ സ്വകാര്യപുരയിടത്തിലേക്കാക്കി ആരുടെയും എതിര്‍പ്പില്ലാത മുറിച്ചുകൊണ്ടു പോകുന്നതിനു ഞാനും സാക്ഷിയായിരുന്നു.

ടാറ്റയും ഹാരിസണും ലക്ഷക്കണക്കിനു ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറുകയും കോടിക്കണക്കിനു രൂപയുടെ മരങ്ങള്‍ മുറിച്ചു കടത്തുകയും ചെയ്തിട്ടും നടപടിയെടുക്കാത്ത, മെത്രാന്‍ കായലിലും കടമക്കുടിയിലും ആയിരക്കണക്കിന് ഏക്കര്‍ ഭൂമി മാഫിയകള്‍ക്ക് പതിച്ചു കൊടുത്തവര്‍ തന്നെയാണ് മുപ്പത് ഇഞ്ചുപോലും കനമില്ലാത്ത ഏതാനും തേക്ക് കഷ്ണങ്ങള്‍ കയറിക്കിടക്കുന്ന കൂര നന്നാക്കാന്‍ വേണ്ടി മുറിച്ചതിന്റെ പേരില്‍ എന്നെ മരക്കടത്തുകാരനും കുറ്റവാളിയുമാക്കുന്നത്. 40 വര്‍ഷമായി ഞാന്‍ കരം അടച്ചു കൊണ്ടിരിക്കുന്ന ഭൂമിപോലും ഇപ്പോള്‍ സര്‍ക്കാരിന്റെതാണെന്നു വരുത്തി തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്.

വിവരാവകാശരേഖകള്‍ കള്ളം പറയുമോ?
നടരാജന്‍ തേക്ക് മരം മുറിച്ച ഭൂമി സര്‍ക്കാരിന്റെതാണെന്ന വാദമാണ് റവന്യു ഉദ്യോഗസ്ഥര്‍ക്ക്. എന്നാല്‍ ഈ ഭൂമി തനിക്ക് പതിച്ചു കിട്ടിയ 63 സെന്റില്‍ ഉള്‍പ്പെട്ടതാണെന്നും ഇതിനു താന്‍ കരം അടയക്കുന്നുണ്ടെന്നും നടരാജന്‍ പറയുന്നു. പത്തനംതിട്ട കളക്‌ട്രേറ്റില്‍ നല്‍കിയ വിവരാവകാശ രേഖകള്‍ നടരാജന്‍ തെളിവായി ഹാജരാക്കുന്നു. എത്ര ആര്‍ പുരയിടം തനിക്കു പോക്കുവരവ് ചെയ്തു തന്നിട്ടുണ്ടെന്ന ചോദ്യത്തിന് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നല്‍കിയിരിക്കുന്ന മറുപടി പ്രകാരം പറയുന്നത്; വില്ലേജാഫീസിലെ 2619 ആം നമ്പര്‍ തണ്ടപ്പേരിലെ രേഖകള്‍ പ്രകാരം 66.00 ആര്‍ സ്ഥലം 16/2/09 ല്‍ അടൂര്‍ റീസര്‍വ്വേ സൂപ്രണ്ട് പോക്കുവരവ് ചെയ്തു നല്‍കിയിരിക്കുന്നു എന്നാണ്.

വിവരാവകാശപ്രകാരം തന്നെ 66 ആര്‍ ഭൂമി നടരാജന് പോക്കുവരവ് ചെയ്തു നല്‍കിയിട്ടുണ്ടെന്നു പറയുമ്പോള്‍ തന്നെ അതില്‍ 14.80 ആര്‍ സര്‍ക്കാരിന്റെതാണെന്നു റവന്യു വകുപ്പും പറയുന്നു. ഈ സ്ഥലം പൊതുറോഡാണെന്നു കൂടി പറയുന്നുണ്ട്. പ്രസ്തുത പ്രദേശം സന്ദര്‍ശിച്ചാല്‍ അവിടെയൊരു പൊതുവഴിയുണ്ടെന്നോ ഉണ്ടായിരുന്നുവെന്നോ വ്യക്തമാക്കുന്ന യാതൊരു അടയാളവും കാണാനാകില്ല. മറ്റൊരു സ്വകാര്യഭൂമിയുമായി അതിരു കെട്ടി തിരിക്കപ്പെട്ടു കിടക്കുകയാണ് നടരാജന്റെ പ്രദേശം. ഒരുഭാഗത്ത് സര്‍ക്കാര്‍ തന്നെ ഈ ഭൂമി നടരാജന്റെതാണെന്നു പറയുകയും മറുവശത്തു കൂടി സര്‍ക്കാരിന്റെതാണെന്നു പറയുന്നതിലും വലിയ ചതിയുണ്ടെന്നാണ് നടരാജന്‍ പറയുന്നത്. വിവരാവകാശത്തിന് അപേക്ഷ നല്‍കിയിട്ടുപോലും അവരെത്ര തവണ എന്നെ നടത്തിച്ചെന്നോ. കാശുള്ളവനെ ഇതൊക്കെ ചെയ്തു കൊടുക്കത്തുള്ളോയെന്നു ചോദിച്ചപ്പോള്‍ ഒരുദ്യോഗസ്ഥന്‍ എന്റെ മുഖത്തു നോക്കി പറഞ്ഞത്, അതു നിങ്ങള്‍ക്ക് ഇതുവരെ മനസിലായില്ലേ എന്നാണ്. പിന്നീട് കളക്ടര്‍ക്ക് പരാതി കൊടുത്തപ്പോള്‍ അവര്‍ പറഞ്ഞത് മറുപടി അയച്ചതാണെന്നും ഞാന്‍ കൈപ്പറ്റിയില്ലെന്നുമാണ്. പിന്നീട് കളക്ടറുടെ ആവശ്യപ്രകാരം വീണ്ടും അപേക്ഷ സമര്‍പ്പിച്ചതും വിവരം കിട്ടിയതും. ഇങ്ങനെയൊക്കെ പല രീതിയിലും ഉദ്യോഗസ്ഥന്‍മാര്‍ എന്നെ ദ്രോഹിക്കുകയാണ്.

സ്വകാര്യ വസ്തുവില്‍ നിന്നാണെങ്കിലും തേക്കും വീട്ടിയുമൊക്കെ മുറിക്കുന്നത് കുറ്റമാണ്. പക്ഷേ ഞാന്‍ എന്റെ കിടപ്പാടം നന്നാക്കാന്‍ വേണ്ടിയാണത് ചെയ്തത്. ഈ പോത്തുപാറയില്‍ തന്നെ എത്രയോ ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയിരിക്കുന്നു. ക്വാറിക്കാര്‍ എത്ര മരങ്ങള്‍ മുറിച്ചു. അതൊന്നും ആരും ചോദ്യം ചെയ്തു കണ്ടില്ല. ഇവരിപ്പോള്‍ ഈ സ്ഥലം സര്‍ക്കാര്‍ ഭൂമിയാണെന്നു പറയുന്നത് മറ്റൊരു ചതിക്കാണ്. എന്റെ കൈവശമുള്ള ഭൂമി സര്‍ക്കാര്‍ പുറമ്പോക്കാക്കിയാല്‍ പിന്നെയത് ക്വാറിയുടമകള്‍ക്ക് മറിച്ചു കൊടുക്കാന്‍ പ്രയാസം കാണില്ല. എനിക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ അവര്‍ കാത്തുനില്‍ക്കുകയായിരുന്നു.


മുറിച്ച തേക്ക് തടിയുടെ അരികല്‍ നടരാജന്‍. ഈ സ്ഥലം തന്നെയാണ് സര്‍ക്കാര്‍ വക റോഡ് ആണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നതും

തിരുവനന്തപുരം  വെള്ളറട  വില്ലേജ് ഓഫിസ് തീവച്ച സാംകുട്ടിയെ മറന്നു കാണില്ലെന്നു കരുതുന്നു. എന്തിനായിരുന്നു സാംകുട്ടി അങ്ങനെയൊരു അതിക്രമം കാണിച്ചത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ മനുഷ്യാവകാശ ലംഘനത്തിന്റെ ഫലമാണ് അയാളെക്കൊണ്ട് അത്തരമൊരു നീക്കം നടത്താന്‍ പ്രേരിപ്പിച്ചത്. കരമടച്ചുകൊണ്ടിരുന്ന 18 സെന്റ് സ്ഥലം റീ സര്‍വ്വെ നടത്തിയ ഉദ്യോഗസ്ഥന്റെ അലംഭാവം മൂലം സര്‍ക്കാര്‍ വകയായി. തന്റെ പേരില്‍ പട്ടയമുള്ള ഭൂമി സര്‍ക്കാര്‍ ഭൂമിയായതോടെ തെറ്റു തിരുത്തി കിട്ടാന്‍ ഒത്തിരി നടന്നു സാംകുട്ടി. നാലരവര്‍ഷവും രണ്ടരലക്ഷം രൂപ കൈക്കൂലിയിനത്തിലും നഷ്ടപ്പെടുത്തിയശേഷവും നീതി കിട്ടാതൈ വന്നതിനെ തുടര്‍ന്നാണ് സാംകുട്ടി വില്ലേജ് ഓഫിസിനു തീവച്ചത്. 

സാംകുട്ടിയുടെ അനുഭവം ഒറ്റപ്പെട്ടതല്ലെന്നതിനു നടരാജനും തെളിവാണ്. താന്‍ കരമൊടുക്കി കൊണ്ടിരുന്ന ഭൂമിയില്‍ 33 സെന്റോളം റീ സര്‍വ്വെയില്‍ അയല്‍ക്കാരന്റെ പേരിനൊപ്പം ചേര്‍ന്നു പോകുന്നതിന് നടരാജനും അനുഭവസ്ഥനായി. തന്റെ ഭൂമിയുടെ പോക്കുവരവ് റദ്ദാക്കിയതിനെതിരെ സുതാര്യ കേരളം പദ്ധതിയില്‍ നല്‍കിയ ആക്ഷേപത്തിന് 5-3-2009 ല്‍ കിട്ടിയ മറുപടിയില്‍ ഇപ്രകാരം പറയുന്നുണ്ട്; അടൂര്‍ താലൂക്കില്‍ കൂടല്‍ വില്ലേജില്‍ പോത്തുപാറ നിരവില്‍ വീട്ടില്‍ നടരാജന്‍ തന്റെ പോക്കുവരവ് റദ്ദാക്കിയതായുള്ള ഒരാക്ഷേപം സുതാര്യകേരളം വഴി സമര്‍പ്പിക്കുകയും അതിന്റെ സൂചന പ്രകാരം അടൂര്‍ തഹസില്‍ദാര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.

അടൂര്‍ റീ-സര്‍വ്വെ സൂപ്രണ്ടിന്റെ 16.02.09 ലെ JSA19/2009 നമ്പര്‍ ഉത്തരവ് പ്രകാരം 66.00 ആര്‍ പുരയിടം പരാതിക്കാരന്റെ പേരില്‍ പേര് മാറ്റം ചെയ്ത് നമ്പര്‍ 32 ല്‍ ല്‍ റീ-സര്‍വ്വെ നമ്പര്‍ 131/2 ല്‍ 2619 ആം നമ്പര്‍ തണ്ടപ്പേരില്‍ നിലനിര്‍ത്തിയിട്ടുള്ളതും പരാതിക്കാരന്റെ പരാതി പരിഹരിച്ചിട്ടുള്ളതാണെന്നും തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇപ്രകാരമെല്ലാം 66 ആര്‍ ഭൂമി നടരാജന്റെ പേരിലുള്ളതാണെന്നും അതിനുള്ള പട്ടയവും കരമൊടുക്കുന്ന രസീതുകളും തെളിവായുണ്ടായിട്ടും റവന്യു ഉദ്യോഗസ്ഥരുടെ വേട്ടയാടല്‍ എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. കേവലം തേക്കുതടി മുറിച്ചതു മാത്രമല്ല ഇവിടെ വിഷയം. അങ്ങനെയൊരു കേസ് ഉയര്‍ത്തി കൊണ്ടുവന്ന് ഈ വൃദ്ധനെ താമസിക്കുന്ന ഭൂമിയില്‍ നിന്നും ഒഴിപ്പിക്കുക; അതിനുള്ള ഗൂഡാലോചനകളാണു നടക്കുന്നത്.

വാഴത്തടയുടെ മറവില്‍ നിന്ന് ആനക്കൂട്ടത്തെ കല്ലെറിയുന്നവന്‍
രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് നടരാജനെ തേടിയുള്ള ആദ്യ യാത്ര. ഭൂരഹിതരായ 10 പേര്‍ക്ക് അഞ്ചു സെന്റ് സ്ഥലം വീതം ദാനം ചെയ്യുന്ന വൃദ്ധനെ കുറിച്ചുള്ള ഫീച്ചറായിരുന്നു ലക്ഷ്യം.

പത്തനംതിട്ട കലഞ്ഞൂരിലെ നടരാജന്‍ എന്ന ഭൂപ്രഭുവിന്‍റെ കഥ
പോത്തുപാറയിലെ ടിപ്പര്‍ മുതലാളിമാര്‍ അഥവാ നിശബ്ദതയുടെ രാഷ്ട്രീയം

 

പോത്തുപറയിലെ ഒമ്പതാം വാര്‍ഡായ കുളത്തുമണ്ണില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് മൂന്നു വന്‍കിട ക്രഷര്‍ യൂണിറ്റുകളാണ്. 500 അടിവരെ ഉയരത്തില്‍ പൊങ്ങിനിന്ന പാറകളെ കൊന്നു തിന്നുന്നവര്‍. പശ്ചിമഘട്ടവനമേഖലയില്‍ ഉള്‍പ്പെടുന്ന പോത്തുപാറ ഇന്ന് പാറപ്പൊടികള്‍ നിറഞ്ഞൊരു പ്രദേശമായി മാറുകയാണ്. ഇവിടെ നടക്കുന്ന മുലാളിത്ത ചൂഷണത്തിനെതിരെ തന്നാല്‍ ആവും വിധം പൊരുതുന്നൊരാളാണ് നടരാജന്‍. 2005 വരെ നടരാജന് അയല്‍ക്കാരുണ്ടായിരുന്നു. ഇന്നിപ്പോള്‍ ഒന്നു രണ്ട് ഒഴിഞ്ഞ വീടുകള്‍ മാത്രം. ക്രഷര്‍ മുതലാളി തന്റെ സാമ്രാജ്യം വിപുലമാക്കാന്‍ അവരെയൊക്കെ വില കൊടുത്തു പറഞ്ഞുവിട്ടു. എന്നാല്‍ തന്റെ 1.63 ഏക്കര്‍ ഭൂമി മാത്രം ഒരു മുതലാളിക്കും വിട്ടുകൊടുക്കാന്‍ നടരാജന്‍ തയ്യാറായില്ല. പ്രകൃതിയെ ഇല്ലാതാക്കുന്നവന് തന്റെ മണ്ണ് കൊടുക്കുന്നതെങ്ങനെയെന്നാണ് നടരാജന്‍ ചോദിക്കുന്നത്. പക്ഷേ എതിരാളികള്‍ ശക്തരായിരുന്നു. അതിന്റെ ഫലം നടരാജന് അനുഭവിക്കേണ്ടിയും വന്നു. ഒരേക്കറിലേറെ ഭൂമി സ്വന്തമായുള്ളവന്‍ ഭൂപ്രഭുവാണെന്നു കല്‍പ്പിച്ചു ഭവനനിര്‍മാണത്തിനു സമര്‍പ്പിച്ച അപക്ഷ പഞ്ചായത്ത് തള്ളി. കുടിവെള്ളം ശേഖരിച്ചിരുന്ന പൊതുകിണര്‍ ആരോ മൂടി. വയറിംഗ് ചെയ്തിട്ടിട്ടു വര്‍ഷങ്ങളായെങ്കിലും 11 കെവി ലൈന്‍ മാത്രമെ സമീപത്തു കൂടി പോകുന്നുവുള്ളൂ എന്നതിനാല്‍ സര്‍വീസ് വയര്‍ വലിച്ചു കണക്ഷന്‍ തരാന്‍ കഴിയില്ലെന്നു കെഎസ്ഇബിക്കാര്‍ പറഞ്ഞൊഴിഞ്ഞു. വീടും വെള്ളവും വെളിച്ചവും ശുദ്ധ വായുവും നല്‍കാതെ ഈ മനുഷ്യനെ ഒറ്റപ്പെടുത്തി ഓടിച്ചുവിടാന്‍ നോക്കി.


കുളത്തുമണ്‍ വാര്‍ഡില്‍ സ്ഥി ചെയ്യുന്ന മറ്റൊരു ക്വാറിയുടെ വിദൂരദൃശ്യം

ക്വാറി മാഫിയയും അവരുടെ കൂട്ടാളികളായി നിന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥവൃന്ദവും ചേര്‍ന്ന് തനിക്കെതിരെ നീക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് നടരാജന് അത്തരമൊരു ബുദ്ധി തോന്നിയത്. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് കുറച്ചു ഭൂമി കൊടുക്കുക. അതുവഴി തനിക്ക് അയല്‍ക്കാര്‍വരും. പത്തിലേറെ കുടുംബങ്ങള്‍ ഒരുമിച്ചുണ്ടാകുമ്പോള്‍ വെള്ളവും വൈദ്യുതിയും തരാതൊഴിഞ്ഞു നില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്കാവില്ല. ഇത്തരം ചിന്തകളോടെയാണ് പശ്ചിമഘട്ട സംരക്ഷണസമിതിയുടെ സഹായത്തോടെ പത്രത്തില്‍ പരസ്യം കൊടുത്ത് ഭൂരഹിതരെ തേടി നടരാജന്‍ കാത്തിരുന്നത്.

പക്ഷേ അവിടെയും എതിരാളികളുടെ കുബുദ്ധി പ്രവര്‍ത്തിച്ചു. സ്വന്തമായി ഭൂമിയില്ലാത്തവരാകണം അപേക്ഷിക്കേണ്ടതെന്നു വ്യക്തമാക്കിയിരുന്നിട്ടും തന്നെ തേടിവന്നവരില്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍വരെയുണ്ടായിരുന്നതായി നടരാജന്‍ പറയുന്നു. ക്വാറി മുതലാളിയുടെ ബുദ്ധി. അയാളുടെ ആളുകളെവച്ച് ഭൂമി തട്ടിയെടുക്കുക, പിന്നീടത് അയാള്‍ക്ക് കൈമാറുക. എനിക്കതു കുറെയൊക്കെ മനസിലാക്കാന്‍ പറ്റി. പൂര്‍ണമായുമല്ല. കാരണം ഇപ്പോള്‍ ഭൂമി കൊടുത്തവരില്‍ ചിലരുടെ കൂറ് മുതലാളിമാരോടാണ്; നടരജാന്‍ പറയുന്നു. പക്ഷേ മറ്റൊന്ന് ഞാന്‍ കരുതിയതുപോലെ നടന്നു. വെളിച്ചം കിട്ടി. എനിക്കൊരാള്‍ക്കുവേണ്ടി മാത്രം പോസ്റ്റ് ഇട്ടുതരാന്‍ ബുദ്ധിമുട്ടാണെന്നു പറഞ്ഞ കെഎസ്ഇബി ഇപ്പോള്‍ ഇവിടെവരെ പോസ്റ്റുകളിട്ട് ലൈന്‍ വലിച്ചു. എന്നിരിക്കിലും അയല്‍ക്കാരെ ഉണ്ടാക്കുക എന്ന എന്റെ ലക്ഷ്യം സാധ്യമായിട്ടില്ല. പത്തുപേരില്‍ ഒരു കുടുംബം മാത്രമാണ് ഇവിടെ താമസിക്കുന്നത്. ബാക്കിയെല്ലാവരും ചെറിയൊരു കുടിലുകെട്ടിയിട്ട് പോയിരിക്കുകയാണ്. അവരുടെ മനസില്‍ എന്താണെന്ന് അറിയില്ല. അതുകൊണ്ട് തന്നെ ആരുടെ പേരിലും ഭൂമി സ്വന്തമായി പതിച്ചു കൊടുത്തിട്ടില്ല. വഴിയെ ഓരോരുത്തരെയും അറിയാം. എന്നിട്ടാകാം ബാക്കി പരിപാടി; നടരാജന്‍ തന്റെ നയം വ്യക്തമാക്കുന്നു.

രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പത്തെ സംസാരത്തിനൊടുവില്‍ നടരാജന്‍ പറഞ്ഞൊരു കാര്യമുണ്ട്; ‘വാഴത്തടയുടെ മറവില്‍ നിന്നും ആനക്കൂട്ടത്തെ കല്ലെറിയുന്നവനാണ് ഞാന്‍’. പ്രായം കൂടുതല്‍ തളര്‍ത്തിക്കൊണ്ടിരിക്കുമ്പോഴും എതിരാളികളുടെ ഉപദ്രവം ശക്തമാകുമ്പോഴും നടരാജന് അന്നത്തെ അതേ ആത്മവിശ്വാസം ഇപ്പോഴുമുണ്ട്.

നാളെ(6-6-206) അടൂര്‍ ആര്‍ഡിഒ ഓഫിസല്‍ പ്രസ്തുത കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്ക് എത്താന്‍ നടരാജന് നോട്ടീസ് അയച്ചിട്ടുണ്ട്. പിഴ അടപ്പിക്കുമെന്നതില്‍ ഉറച്ചു നില്‍ക്കുകയാണ് ഉദ്യോഗസ്ഥര്‍. എന്നാല്‍ താനായിട്ട് അഞ്ചുകാശുപോലും അടയക്കില്ലെന്നാണ് നടരാജനും പറയുന്നത്.

കേറികിടക്കാന്‍ അടച്ചുറപ്പുള്ളൊരു വീട് എനിക്കില്ല. മൂന്നുനേരം തികച്ചും ആഹാരം കഴിക്കാന്‍ പോലുമില്ലാത്ത ഞാന്‍ ഭൂപ്രഭുവാണെന്നു പറഞ്ഞ് അവരെനിക്ക് വീടുതരുന്നില്ല. ഈ തകരഷെഡില്‍ ഞാനും ഭാര്യയും കഴിയുകയാണ്. പ്രായമായവരാണ് ഞങ്ങള്‍. വലിയൊരു കാറ്റടിച്ച് ഈ ഷെഡ് തകര്‍ന്നാല്‍ അതിനകത്ത് കിടന്നു ചാകാനാല്ലാതെ എഴുന്നേറ്റോടാന്‍ പോലും ഞങ്ങള്‍ക്കാവില്ല. ഇതൊന്നു നന്നാക്കാന്‍ അഞ്ചാറു തേക്കിന്‍ കൊമ്പ് മുറിച്ചതിന് ഇത്രയും വലിയ പിഴയിടുന്നവര്‍ക്ക് മനസാക്ഷി എന്ന സാധനമില്ലേ. പോത്തുപാറയിലെ മുതലാളിമാര്‍ നടത്തുന്ന കൊള്ളയൊന്നും അവര്‍ കാണുന്നില്ലേ. പട്ടിണിക്കാരനായ ഈ വൃദ്ധനെയാണോ അവര്‍ക്ക് ശിക്ഷിക്കേണ്ടത്. ഈ മണ്ണ് ഞാന്‍ കള്ളത്തരം കാണിച്ച് ഉണ്ടാക്കിയതല്ല. ഒരു മുതലാളിക്കും കൊടുക്കുകയുമില്ല. അതിന്റെ പേരില്‍ എന്നെ ഉപദ്രവിക്കാവുന്നത്ര ഉപദ്രവിച്ചോ.. ഇനി ഞാന്‍ അബദ്ധമൊന്നും കാണിക്കില്ല. എന്നെങ്കിലുമൊരിക്കല്‍ ചാകും,അതുവരെ ഇവരുടെ മുന്നില്‍ തോല്‍ക്കില്ല. എന്റെ കൂടെ ആരെങ്കിലും ഉണ്ടോയെന്നറിയില്ല… ഉണ്ടെങ്കില്‍ സന്തോഷം… ഒരു വടിയുടെ സഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിവില്ലാത്തവനാണു ഞാന്‍…

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ്‌ ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍