UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാം കുട്ടി മാത്രമല്ല, ഉള്ളില്‍ തീയുമായി നടക്കുന്ന ഒരു നടരാജനുമുണ്ടിവിടെ

Avatar

രാകേഷ് സനല്‍

ഒന്നുകില്‍ നിങ്ങള്‍ നീതി കാണിക്കണം, അല്ലെങ്കില്‍ എന്നെ ജയില്‍ അടയ്ക്കുക. 

ഈ നാട്ടിലെ ഭരണസംവിധാനത്തോട് ഒരു വൃദ്ധനുള്ള അവസാനത്തെ അപേക്ഷയാണ്. പ്രായത്തിന്റെ എല്ലാ അവശതകളുംപേറി, വൃണം പൊട്ടിയൊലിക്കുന്ന കാലുമായി പത്തനംതിട്ട പോത്തുപാറയിലെ നടരാജന്‍ ഉദ്യോഗസ്ഥന്മാരുടെ ദയതേടി നടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളാകുന്നു. കുറ്റവാളിയെന്നു വിധിയെഴുതിയവര്‍ തന്നെ നല്‍കിയ തിട്ടൂരത്തിന് മറുപടിയായി ഈ വൃദ്ധനു പറയാനുള്ളതെന്താണെന്നു കേള്‍ക്കാന്‍ പോലും സമയമില്ല.

കിലോമീറ്ററുകള്‍ യാത്ര ചെയ്താണ് ഞാന്‍ പത്തനംതിട്ടയിലുള്ള കളക്ടര്‍ ഓഫിസില്‍ എത്തുന്നത്. വണ്ടിക്കൂലി ആരൊടെങ്കിലും കടംവാങ്ങുകയാണ്. പക്ഷേ ഓരോ തവണ വരുമ്പോഴും സങ്കടപ്പെട്ട് മടങ്ങിപ്പോരാനാണ് വിധി. സര്‍ക്കാരിനു മുന്നില്‍ ഞാനൊരു മരം കൊള്ളക്കാരനും നാട്ടുകാരുടെ മുന്നില്‍ വിശ്വാസവഞ്ചകനുമായിരിക്കുന്നു. ഈ ദുഷ്‌പേരുകളുമായി മരിക്കാനാണോ വിധി; നടരാജന്‍ തന്റെ തളര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ കണ്ണിലെ മരം കൊള്ളക്കാരന്‍

കോന്നി അഡീഷണല്‍ തഹസില്‍ദാര്‍ 2016 മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഒരു നോട്ടീസ് പ്രകാരം നടരാജന്‍ അനധികൃതമായി തേക്കുമരം മുറിച്ചു കടത്തിയ കുറ്റവാളിയാണ്!

ആ നോട്ടീസില്‍ പറയുന്നത് ഇപ്രകാരമാണ്; കോന്നി താലൂക്കില്‍ കൂടല്‍ വില്ലേജില്‍ പോത്തുപാറ മുറിയില്‍ നിരവല്‍ വീട്ടില്‍ നടരാജന്‍ കോന്നി താലൂക്കില്‍ കൂടല്‍ വില്ലേജില്‍ ബ്ലോക്ക് 32 ല്‍ റീസര്‍വേ 131/1 നമ്പരിലേക്കുള്ള 14.80 ആര്‍ സര്‍ക്കാര്‍ സ്ഥലത്തില്‍ ഉള്‍പ്പെട്ട 4.65 ആര്‍ സ്ഥലത്ത് നിന്നിരുന്ന 10 മൂട് തേക്കു മരങ്ങള്‍ മുറിച്ചത് ചാര്‍ജ് ഓഫിസര്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നു. മുറിച്ച മരങ്ങളില്‍ ഒന്‍പതെണ്ണം കടത്തി കൊണ്ടു പോയിട്ടുള്ളതും ഒരു തേക്കുമരം രണ്ടു കഷ്ണങ്ങളായി തടി നിന്നിരുന്ന സ്ഥലത്ത് ഇട്ടിട്ടുള്ളതുമായി കണ്ടെത്തി. സ്ഥലത്ത് അവശേഷിക്കുന്ന മരക്കഷ്ണങ്ങളില്‍ കൂടല്‍ പൊലീസ് ക്രൈം നമ്പര്‍ 402/15 404/15 എന്നു രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. ഈ സാഹചര്യത്തില്‍ ടിയാനെതിരെ എല്‍സി കേസ് എടുത്ത് പിഴ ചുമത്താവുന്നതാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ടിയാന്റെ പ്രവൃത്തി കെ എല്‍ സി ആക്ട് 1957 സെക്ഷന്‍(7) പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവും നടപടിയെടുക്കാത്തക്കതുമായതിനാല്‍ ടിയാനെതിരെ 46,396 രൂപ (തടി വില 23,048, തടി നഷ്ടം23,048, പിഴ300, ആകെ46,396) പിഴ ഈടാക്കാനും തീരുമാനിച്ചിരിക്കുന്നു.

വയസ്സായ ഞാനും എന്റെ ഭാര്യയും കിടന്നുറങ്ങുന്ന ഒരു കുടില്‍, അതേതു നിമിഷം തകര്‍ന്നു വീഴാമെന്ന നിലയിലായപ്പോള്‍ ഒന്നു ബലപ്പെടുത്താനായി സ്വന്തം പറമ്പില്‍ നിന്നു മുപ്പതിഞ്ചു പോലും കനമില്ലാത്ത അഞ്ചാറു തേക്കുമരങ്ങള്‍ മുറിച്ചെടുത്തു. അതില്‍ നിന്നും ഒന്നുരണ്ടെണ്ണമെടുത്ത് വാതിലിന്റെ കട്ടിളയാക്കി ഉപയോഗിച്ചു. ബാക്കി വന്ന ചെറുകഷ്ണങ്ങള്‍ ഷെഡിനോട് ചേര്‍ന്ന് തന്നെവച്ചിട്ടുമുണ്ട്.

ഇതിനാണ് തേക്കുമരങ്ങള്‍ മുറിച്ചു കടത്തിയെന്ന പേരില്‍ എന്നെ കാട്ടുകള്ളനാക്കുന്നത്. ഭാര്യ കൂലിപ്പണിയെടുത്തു കൊണ്ടുവരുന്നതുകൊണ്ടു രണ്ടുനേരമെങ്കിലും ഭക്ഷണം കഴിച്ചുകിടക്കാന്‍ ശ്രമിക്കുന്ന എനിക്ക് അവര്‍ ഇട്ടിരിക്കുന്ന പിഴ അരലക്ഷം രൂപയ്ക്കടുത്ത്; നടരാജന്‍ കണ്ണുനീരു കലര്‍ന്ന ചിരിയോടെ തന്റെ അവസ്ഥ പറയുന്നു.

മരണം കൊണ്ടൊരു പ്രതിരോധശ്രമം
മരുന്നിനുപോലും നിവൃത്തിയില്ലാത്ത ഞാന്‍ അമ്പതിനായിരം രൂപയ്ക്കടുത്ത് പിഴ കെട്ടുന്നതെങ്ങനെ? അതുമാത്രമല്ല, സകല രേഖകളോടും കൂടി തന്നെ ഈ വസ്തു എന്റെതാണെന്നും എനിക്ക് തെളിയിക്കാന്‍ പറ്റും. കരവും അടയ്ക്കുന്നുണ്ട്. എന്നിട്ടും ഇത് പുറമ്പോക്കാണെന്നും സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന മരങ്ങളാണ് മുറിച്ചതെന്നും റവന്യു ഉദ്യോഗസ്ഥര്‍ പറഞ്ഞാല്‍ സമ്മതിക്കുന്നതെങ്ങനെ? പത്തുദിവസം തഹസില്‍ദാര്‍ ഓഫിസിനു മുന്നില്‍ സമരം ചെയ്തു. ആരും തിരിഞ്ഞുനോക്കിയില്ല. അതോടെയാണ് മരിക്കാന്‍ തീരുമാനിച്ചത്!

സിവില്‍ സ്‌റ്റേഷനു മുകളില്‍ നിന്നും ചാടി ചാകാനായിരുന്നു ആദ്യം ഉറപ്പിച്ചതെങ്കിലും പിന്നെ മാറ്റി. വിഷം കുടിച്ചു. അതു ചെയ്യുന്നതിനു മുമ്പു കളക്ടറെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. ചത്തില്ല. ആരൊക്കെയോ വന്നു ആശുപത്രിയിലാക്കി. കുറച്ചു ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കിടന്നു. ജീവച്ചിരിക്കുമ്പോള്‍ എന്റെ പ്രശ്‌നം കാണാത്തവര്‍ക്ക് എന്റെ ശവത്തെ ചവിട്ടി നിന്നുകൊണ്ടെങ്കിലും എന്റെ പേരിലുള്ള കള്ളക്കേസ് നീക്കാന്‍ ദയതോന്നിയാലോ എന്നുകരുതിയാണ് അങ്ങനെ ചെയ്തത്. പക്ഷേ തെറ്റി…എന്നെപ്പോലൊരുത്തന്‍ ചത്താല്‍ പോലും ഇവിടുത്തെ സര്‍ക്കാരിനോ ഉദ്യോഗസ്ഥന്മാര്‍ക്കോ ഒന്നുമില്ല.

എന്നെയെന്തിനവര്‍ ഇങ്ങനെ നടത്തുന്നു?
കഴിഞ്ഞ മാസം ആറിന് അടൂര്‍ ആര്‍ഡിഒ ഓഫിസില്‍ എനിക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ട് വിചാരണ വച്ചിട്ടുണ്ടെന്നും ഹാജരാകണമെന്നും കാണിച്ച് നോട്ടീസ് കിട്ടിയിരുന്നു. പിഴ അടയ്ക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ എനിക്ക് പറയാനുള്ളതു പറയണം, എന്റെ കൈയിലുള്ള രേഖകള്‍ കാണിക്കണം അതു തീരുമാനിച്ചാണ് പറഞ്ഞ ദിവസം തന്നെ അടൂര് പോയത്. പോത്തുപാറയില്‍ നിന്നും പത്തുമുന്നൂറു രൂപ മുടക്കിയാണ് അടൂരു വരെ എത്തുന്നത്. പക്ഷേ ഞാന്‍ ചെന്നിട്ടും തഹസില്‍ദാര്‍ ഇല്ല, കളക്ടര്‍ ഇല്ല എന്ന കാരണങ്ങള്‍ കൊണ്ട് മടങ്ങിപ്പോരേണ്ടി വന്നു. ഇന്നീ നിമിഷം വരെ അവര്‍ പറഞ്ഞതുപോലെ ഒരു വിചാരണയും നടന്നിട്ടില്ല. ഞാന്‍ പലവട്ടം ബന്ധപ്പെടുമ്പോഴും ഓരോ ന്യായങ്ങളാണ്. കളക്ടറെ വിളിക്കുമ്പോള്‍ പറയുന്നത് എന്റെ പേരിലുള്ള കുറ്റം ഉള്ളതു തന്നെയാണെന്നു മാത്രം. ബാക്കിയൊന്നും പറയാതെ ഫോണ്‍ വയ്ക്കും. ഞാന്‍ ആരോടാണ് ഇനിയെന്റെ സങ്കടം പറയേണ്ടത്.

ഇത്രദിവസമായിട്ടും എന്റെ കാര്യത്തില്‍ അവര്‍ക്കൊരു തീരുമാനം എടുക്കാന്‍ കഴിയുന്നില്ല. എന്നാലും ഞാന്‍ മരം കൊള്ളക്കാരനാണെന്നു തന്നെ പറഞ്ഞുകൊണ്ടേയിരിക്കുന്നു. മുറിച്ചെന്നു പറയുന്ന മരങ്ങളും അതിന്റെ ബാക്കി ഭാഗങ്ങളും എന്റെ പുരയോട് ചേര്‍ന്നു തന്നെയുണ്ട്. ഞാനൊരിടത്തേക്കും കടത്തിക്കൊണ്ടുപോയിട്ടില്ല. മുപ്പതിഞ്ചു കനംപോലുമില്ലാത്ത തടി എവിടെ കൊണ്ടു പോയി വില്‍ക്കാനാണ്. അവര്‍ പറയുന്നതുപോലെ ആകെയുള്ള 4.65 ആര്‍ ഭൂമിയും എന്റേതുമാത്രമാണ്. അതില്‍ സര്‍ക്കാരിന്റെ ഒരിഞ്ചുപോലുമില്ല. മൊത്തം സ്ഥലത്തിനും കരമടച്ചുകൊണ്ടിരുന്നതും ഞാനാണ്. പിന്നെയെങ്ങനെയാണ് 14.08 ആര്‍ സര്‍ക്കാരിന്റെതാകണത്? ഞാന്‍ വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയില്‍ തന്നെ പറയുന്നുണ്ട്, കൂടല്‍ വില്ലേജ് ഓഫിസിലെ 2619 ആം നമ്പര്‍ തണ്ടപ്പേരിലെ രേഖകള്‍ പ്രകാരം 66.00 ആര്‍ സ്ഥലം 16/2/09 ല്‍ അടൂര്‍ റീസര്‍വ്വേ സൂപ്രണ്ട് പോക്കുവരവ് ചെയ്തു നല്‍കിയിരിക്കുന്നു എന്ന്. 14. 08 ആര്‍ സര്‍ക്കാരിന്റെതാണെന്നും അതു പൊതുവഴിയാണെന്നുമാണ് റവന്യു ഉദ്യോഗസ്ഥര്‍ പറയുന്നത്. ആര്‍ക്കും വന്നു പരിശോധിക്കാവുന്നതാണ് അവിടെ അങ്ങനെയൊരു പൊതുവഴിയുണ്ടോയെന്ന്. ഇല്ലാത്ത വഴിയുടെ പേരിലാണ് എന്നെയവര്‍ വേട്ടയാടുന്നത്.

കൊള്ളക്കാരനും ഇപ്പോള്‍ വിശ്വാസവഞ്ചകനും 
സര്‍ക്കാരിനു മുമ്പില്‍ ഞാന്‍ വലിയ കൊള്ളക്കാരനാണെങ്കില്‍ ജനത്തിനു വാക്കുപാലിക്കാത്തവനായി. ഭൂമിയില്ലാത്ത പത്തുകുടുംബങ്ങള്‍ക്ക് എന്റെ പുരയിടത്തില്‍ നിന്നും അഞ്ചു സെന്റ് വീതം നല്‍കാമെന്ന തീരുമാനം എടുക്കുന്നത് 2014 ലാണ്. അതിന്റെ പിന്നിലെ പ്രധാന കാരണം ക്വാറി മാഫിയകള്‍ക്ക് എന്റെ മണ്ണ് വിട്ടുകൊടുക്കില്ലെന്നതായിരുന്നു. മലപൊട്ടിച്ചു കോടികളുണ്ടാക്കുന്നവരുടെ കൈവശമാണിപ്പോള്‍ പോത്തുപാറ. ഞാന്‍ താമസിക്കുന്നതിനു ചുറ്റുമുള്ള ഭൂമി അവര്‍ സ്വന്തമാക്കി കഴിഞ്ഞു. അവരുടെ കോട്ടയ്ക്കുള്ളില്‍ ഞാന്‍ ഒറ്റയാനെപോലെ നില്‍ക്കുകയാണ്. പലവഴിയും നോക്കി എന്നെയും അവിടെ നിന്നും ഓടിക്കാന്‍. പഞ്ചായത്ത് മെംബര്‍മാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെയും ഉപയോഗിച്ചു പലവഴിക്കും വിരാട്ടന്‍ നോക്കി. തകരപ്പാട്ടകൊണ്ട് മറച്ചൊരു ചായ്പ്പില്‍ കിടക്കുന്ന എനിക്കൊരു വീട് വയക്കാനുള്ള സൗകര്യം പോലും പഞ്ചായത്ത് ചെയ്തു തന്നില്ല. ഞാന്‍ ഭൂപ്രഭുവാണെന്നായിരുന്നു അവര്‍ക്കു പറയാനുണ്ടായിരുന്ന കാരണം.1970 ല്‍ അന്നു കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു പോത്തുപാറയില്‍, ബേബി ജോണ്‍ മന്ത്രിയായിരുന്നപ്പോള്‍ കൃഷിക്കും താമസത്തിനുമായി സര്‍ക്കാരില്‍ നിന്നും നല്‍കിയ ഭൂമിയിലാണ് ഞാന്‍ താമസിക്കുന്നത്. ഇത് ഒരേക്കര്‍ അറുപത്തി മൂന്ന് സെന്റ് സ്ഥലം ഉണ്ട്. ഇതില്‍ 50 സെന്റ് 1970ല്‍ അച്ഛനു പട്ടയം കിട്ടിയ ഭൂമിയാണ്. ഈ ഭൂമി അമ്മ എനിക്ക് ഇഷ്ടദാനം തന്നു. ഒരു സഹോദരിയുടെ വീതമായ 50 സെന്റ് പിന്നീട് ഞാന്‍ വില കൊടുത്തു വാങ്ങി. ഇതുകൂടാതെ 63 സെന്റ് സര്‍ക്കാരില്‍ നിന്നും പതിച്ചു കിട്ടി. ഇതെല്ലാം കൂടി ചേര്‍ത്താണ് ഒരേക്കര്‍ അറുപത്തിമൂന്നു സെന്റ് ഭൂമിയുടെ ഉടമയായത്. ഇതിനെല്ലാം രേഖയുണ്ട്. കരവും അടയ്ക്കുന്നുണ്ട്. അയല്‍പക്കത്തുണ്ടായിരുന്നവരൊക്കെ വളരെ മുമ്പു തന്നെ ക്വാറി മുതലാളിക്ക് ഭൂമി വിറ്റു എങ്ങോട്ടോ പോയി. എനിക്ക് വിലയിട്ടെങ്കിലും മണ്ണും മലയും കൊള്ളയടിച്ചു പണമുണ്ടാക്കുന്നവന് എന്റെ മണ്ണ് നല്‍കില്ലെന്നു തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് എനിക്ക് വീട് നിഷേധിച്ചത്, വെള്ളവും വെളിച്ചവും തരാതിരിക്കാന്‍ ശ്രമിച്ചത്. അപ്പോഴാണ് മനസില്‍ ഇങ്ങനെയൊരു ബുദ്ധി തോന്നിയത്. ഉള്ള മണ്ണ് പങ്കുവച്ച് സ്വന്തമായി വസ്തുവില്ലാത്ത കുറച്ചു പേര്‍ക്ക് കൊടുക്കുക. പത്തുപേരു വന്നാല്‍ എനിക്ക് കിട്ടുന്നത് പത്ത് അയല്‍ക്കാരെയാണ്, അവര്‍ക്ക് സ്വന്തമെന്നു പറയാന്‍ അഞ്ചെങ്കില്‍ അഞ്ചുസെന്റ് ഭൂമിയും. നേരത്തെ ഞാനൊരുത്തനായതിന്റെ പേരിലാണ് കറണ്ട് പോലും തരാന്‍ ബുദ്ധിമുട്ട് പറഞ്ഞത്. ആളു കൂടിയാല്‍ അവര്‍ക്ക് തന്നല്ലേ പറ്റൂ…

പക്ഷേ ഇപ്പോള്‍ ഞാന്‍ എന്തു ചെയ്യാന്‍ ആഗ്രഹിച്ചോ അതും എനിക്ക് ചീത്തപ്പേര് തരികയാണ്. ഭൂമി കൊടുത്തവര്‍ക്ക് അതവരുടെ പേരിലേക്ക് മാറ്റാന്‍ സാധിക്കുന്നില്ല. എന്റെ കരം വാങ്ങാന്‍ വില്ലേജ് ഓഫിസുകാര് സമ്മതിക്കുന്നില്ല. മാത്രമല്ല, സര്‍ക്കാരിന്റെ ഭൂമിയാണെന്നുമല്ലേ അവര്‍ പറയുന്നത്. സര്‍ക്കാര്‍ ഭൂമി എനിക്ക് കൈമാറാന്‍ അവകാശമില്ലെന്ന്! സര്‍ക്കാരിന്റെതല്ല  മറിച്ച് ഈ ഭൂമിയത്രയും എന്റെതാണെന്നതിന് എല്ലാ രേഖകളും കൈവശമുണ്ട്. പക്ഷേ അവര്‍ വൈരാഗ്യം തീര്‍ക്കാന്‍ എന്നെയിട്ടു കഷ്ടപ്പെടുത്തുകയാണ്. ഭൂമി കിട്ടുമെന്ന വിശ്വാസത്തില്‍ എന്റെ പറമ്പില്‍ താമസിച്ചിരുന്നവരില്‍ ഒരാള്‍ കഴിഞ്ഞദിവസം പിണങ്ങി പോയി. ഞാന്‍ പറഞ്ഞു പറ്റിക്കുകയാണെന്നാണ് അവര്‍ പറയുന്നത്. ആരെയും വഞ്ചിക്കാനല്ല. മണ്ണ് കൊടുക്കാന്‍ തന്നെയാണ് ഞാന്‍ ആള്‍ക്കാരെ വിളിച്ചത്. പക്ഷേ എനിക്കതിനിപ്പോള്‍ കഴിയുന്നില്ല. തടസം നില്‍ക്കുന്നത് ഉദ്യോഗസ്ഥരാണ്. ഈ പ്രശ്‌നങ്ങളൊക്കെ പറഞ്ഞ് കളക്ടറെ കൊണ്ട് ഒരു തീരുമാനത്തില്‍ എത്താനാണ് വയ്യെങ്കിലും ഞാനിപ്പോള്‍ അലയുന്നത്. എന്നാല്‍ എന്റെ സങ്കടം കേള്‍ക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല. ഒരേ സമയം കള്ളനും വാക്കുപാലിക്കത്താവനുമായി ജീവിക്കേണ്ടി വരികയാണെനിക്ക്. ആരെങ്കിലും അല്‍പ്പം ദയ ഈ വൃദ്ധനോട് കാണിക്കണം; നടരാജന്‍ ഒരപേക്ഷപോലെ പറഞ്ഞു നിര്‍ത്തുകയാണ്.

നിയമം എതിര് എന്നാലും സര്‍ക്കാരിന് നീതി ചെയ്യാം
കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി നിയമം (1957) അനുസരിച്ചും 2005 ലെ സ്വകാര്യ വനസംരക്ഷണ നിയമം അനുസരിച്ചും തേക്കു തടികള്‍ മുറിച്ചതില്‍ നടരാജന്‍ തെറ്റുകാരനും നിയമപ്രകാരം ചുമത്തപ്പെട്ട പിഴ ഒടുക്കാന്‍ ബാധ്യതപ്പെട്ടവനുമാണ്. പതിച്ചുകിട്ടിയ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലേതായാലും സ്വന്തം പുരയിടത്തിലേതായാലും സര്‍ക്കാര്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 25 ഓളം മരങ്ങള്‍ സ്വകാര്യാവിശ്യങ്ങള്‍ക്കായി മുറിക്കുന്നത് കുറ്റകരമാണ്. ഇപ്രകാരം സ്വന്തം ആവശ്യത്തിനായി ലിസ്റ്റില്‍പെട്ട തേക്ക് മരം മുറിച്ചത് തെളിവോടു കൂടി കണ്ടുപിടിക്കപ്പെട്ടതിനാല്‍ നടരാജന്‍ തന്റെ മേലുള്ള കുറ്റം ഏറ്റെടുത്ത് പിഴയൊടുക്കേണ്ടതാണ്.

അതേസമയം നടരാജന്റെ ജീവിതസാഹചര്യങ്ങള്‍ കണക്കിലെടുത്തും പത്തു കുടുംബങ്ങള്‍ക്ക് ഭൂമി വിട്ടു നല്‍കാന്‍ തയ്യാറായതും പരിഗണിച്ച് സര്‍ക്കാരിന് അനുഭാവപൂര്‍വം ഈ വിഷയത്തില്‍ ഇടപെടാവുന്നതാണ്. പിഴസംഖ്യ ഒഴിവാക്കിയോ അതല്ലെങ്കില്‍ കുറച്ചുകൊടുത്തോ ഈ കേസില്‍ നിന്നും അദ്ദേഹത്തിനു വിടുതല്‍ നല്‍കാവുന്നതാണ്. ആരോഗ്യസ്ഥിതി പരിഗണിച്ച് ഇക്കാര്യത്തില്‍ കഴിവതും വേഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇടപെടല്‍ നടത്തുകയോ അതല്ലെങ്കില്‍ റവന്യു മന്ത്രിയുടെ ഭാഗത്തു നിന്നും ഉടനടിയുള്ള ആക്ഷന്‍ ഉണ്ടാവുകയോ വേണം.

വെള്ളറട വില്ലേജ് ഓഫിസിന് തീവയ്ക്കുന്ന തരത്തിലേക്ക് സാംകുട്ടിയെന്ന മനുഷ്യനെ എത്തിച്ച നമ്മുടെ റവന്യു ഉദ്യോഗസ്ഥര്‍ തന്നെയാണ് നടരാജനെ പോലുള്ളവരോടും ക്രൂരത കാണിക്കുന്നത്. സാം കുട്ടിയുടെ വസ്തുവിന്റെ പോക്കുവരവ് നടത്തികൊടുക്കാന്‍ ഇടപെടല്‍ നടത്തിയ റവന്യു മന്ത്രി ഇ ചന്ദ്രശേഖറില്‍ നിന്നും നടരാജനും ദയാപൂര്‍വമായ സഹായം പ്രതീക്ഷിക്കുകയാണ്…എല്ലാവര്‍ക്കും ഭൂമിയെന്ന സ്വപ്‌നം കാണുന്ന ഒരു രാഷ്ട്രീയാശയം കൊണ്ടുനടക്കുന്ന സര്‍ക്കാരില്‍ നിന്നും നടരാജനെ പോലുള്ളവര്‍ക്ക് സഹായം കിട്ടേണ്ടത് അത്യാവശ്യമാണ്. 

ഉദ്യോഗസ്ഥരോട്, മണ്ണിനും മനുഷ്യനുമൊപ്പം നില്‍ക്കാന്‍ ശ്രമിച്ച ഒരു വൃദ്ധനെ ഇനിയും കുറ്റവാളിയെന്ന പേരു ചുമത്തി നിങ്ങളുടെ ഓഫിസുകളുടെ വരാന്തയില്‍ നിര്‍ത്തരുത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍