UPDATES

ഹേ റാം… നാഥുറാം; ഗോഡ്സെ നാടകം വീണ്ടും വരുന്നു

ഗാന്ധിജിയുടെ കൊലപാതകത്തില്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ ഭാഗം ന്യായീകരിക്കുന്ന ‘മേം നാഥുറാം ഗോഡ്‌സെ ബോല്‍തേ’ വന്നിട്ട് 30 വര്‍ഷം

ഗാന്ധിജിയുടെ കൊലപാതകത്തില്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ ഭാഗം ന്യായീകരിക്കുന്ന ‘മേം നാഥുറാം ഗോഡ്‌സെ ബോല്‍തേ’ എന്ന നാടകം പുറത്തുവന്ന് ഏകദേശം മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ഗോഡ്‌സെ പക്ഷ നാടകം മഹാരാഷ്ട്രയില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു. പ്രദീപ് ദാര്‍വി മറാത്തിയിലെഴുതി മേം നാഥുറാം ഗോഡ്‌സെ ബോല്‍തേ 1989-ല്‍ അരങ്ങേറിയെങ്കിലും വിവാദമായതിനെ തുടര്‍ന്ന് നാലുവര്‍ഷത്തേക്ക് നാടകം കളിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഈ നാടകത്തില്‍ ഗോഡ്‌സെയായി വേഷമിട്ട ശരദ് പോണ്‍ക്ഷെയാണ് പുതിയ നാടകം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ‘ഹേ റാം…നാഥുറാം’ എന്നാണ് നാടകത്തിന്റെ പേര്. നാടകം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 1948-ല്‍ ഗാന്ധിജിയെ വധിച്ചതിനുള്ള കാരണങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു എന്നതാണ് ശിവസേന പ്രവര്‍ത്തകന്‍ കൂടിയായ പോണ്‍ക്ഷെ സംവിധാനം ചെയ്ത നാടകം കൊണ്ട് വ്യക്തമാക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു. നാടകം നടന്ന സാംഗ്ലി, ഔറംഗബാദ്, താനെ, നാഗ്പൂര്‍, പൂനെ എന്നിവിടങ്ങളിലെ തിയേറ്ററുകള്‍ക്ക് പുറത്ത് ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, എന്‍സിപിയുടെ മറാത്ത സംരക്ഷണ വിഭാഗമായ സംബാജി ബ്രിഗേഡ് എന്നീ സംഘടനകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. തങ്ങളുടെ ആശയം അടിച്ചുമാറ്റി എന്ന് ആരോപിച്ച് മേം നാഥുറാം ഗോഡ്‌സെ ബോല്‍തേ എന്ന നാടകത്തിന്റെ നിര്‍മ്മാതാക്കളും വിമര്‍ശനവുമായി രംഗത്തെത്തി.

അഹിംസ മാത്രമല്ല മുന്നോട്ട് ഒരേയൊരു വഴിയെന്നാണ് ഗോഡ്‌സെ വിശ്വസിച്ചിരുന്നതെന്ന് നാടകത്തെ ന്യായീകരിച്ചുകൊണ്ട് പോണ്‍ക്ഷെ പറയുന്നു. ഗോഡ്‌സെയുടെ കഥാപാത്രത്തെ ആദര്‍ശവല്‍ക്കരിക്കാതെ അദ്ദേഹത്തിന്റെ സ്വഭാവം തുറന്നുകാട്ടാനാണ് നാടകം ശ്രമിക്കുന്നതെന്ന് ഒരു മറാത്തി വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം കിട്ടി എഴുപത് വര്‍ഷങ്ങള്‍ അഹിംസാ സിദ്ധാന്തം ഉരുവിട്ടപ്പോഴൊക്കെ പാകിസ്ഥാന്‍ ഉള്‍പ്പെടെ ഇന്ത്യയെ ആക്രമിച്ചിട്ടുണ്ടെന്നാണ് പോണ്‍ക്ഷെയുടെ ന്യായീകരണം. ഇതിനെതിരെയാണ് ഗോഡ്‌സെ സംസാരിച്ചതെന്ന് ശിവസേനയുടെ സിനിമ വിഭാഗത്തിന്റെ ഉപാധ്യക്ഷന്‍ കൂടിയായ പോണ്‍ക്ഷെ പറയുന്നു.

എന്നാല്‍ ചരിത്രത്തെ വളച്ചൊടിക്കുക എന്ന സ്ഥിരം സംഘപരിവാര്‍ തന്ത്രത്തിന്റെ ഭാഗമാണ് ഈ നാടകവുമെന്ന് പ്രമുഖ നാടക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറയുന്നു. പഴയ ഹിന്ദുത്വ അജണ്ടയില്‍ നിന്നും പരിവാര്‍ സംഘടനകള്‍ ഒരു ചുവട് പോലും മാറിയിട്ടില്ലെന്നാണ് രണ്ട് നാടകങ്ങളും തെളിയിക്കുന്നതെന്ന് പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്വര്‍ദ്ധന്‍ ചൂണ്ടിക്കാണിക്കുന്നു. എല്ലാക്കാലത്തും ഗോഡ്‌സെയെ ഒരു നായകനായും ഗാന്ധി കൊല്ലപ്പെടേണ്ട ആളുമായി തന്നെയാണ് സംഘപരിവാരങ്ങള്‍ കണ്ടിട്ടുള്ളതെന്ന് പ്രമുഖ നാടക വിമര്‍ശക ശാന്ത ഗോഖലെ വിശദീകരിക്കുന്നു. ഗാന്ധിജിയുടെ കൊലപാതകത്തെ അവര്‍ ‘വധം’ ആയാണ് വിശേഷിപ്പിക്കുന്നത്. നായകന്‍ വില്ലനെ കൊല്ലുമ്പോഴൊക്കെ നമ്മുടെ പുരാണങ്ങളില്‍ അത് വധമായാണ് രേഖപ്പെടുത്തുന്നത്. അതേ മാനസികാവസ്ഥ തന്നെയാണ് തീവ്രഹിന്ദു വിഭാഗങ്ങള്‍ വച്ചുപുലര്‍ത്തുന്നതും.

കഴിഞ്ഞ രണ്ടു ദശാബ്ദമായി ഗോഡ്‌സെ മഹത്വവല്‍ക്കിരക്കാനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ സംഘടനകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് നാടകകൃത്തായ രാമു രാമനാഥന്‍ പറയുന്നു. ബിജെപി നേതാക്കള്‍ പരസ്യമായി ഗാന്ധിജിയെയും അംബേദ്കറെയും പ്രകീര്‍ത്തിക്കും. പക്ഷെ അവര്‍ പ്രത്യയശാസ്ത്ര പ്രചാരകരെയും ആര്‍എസ്എസ് സ്ഥാപിച്ചവരെയും ശ്രദ്ധിക്കുമ്പോള്‍ കള്ളി വെളിച്ചത്താവുമെന്നും അദ്ദേഹം പറയുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ബിജെപിയും ശിവസേനയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍ നേട്ടം കൊയ്യുന്നതിന്റെ ഭാഗമായാണ് ശിവസേന പുതിയ നാടകത്തിന് പ്രചാരം നല്‍കുന്നതെന്നും ചില നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ചരിത്രത്തെ വളച്ചൊടിക്കുക എന്നത് രണ്ട് കൂട്ടരുടെയും സ്ഥിരം കലാപരിപാടിയാണ്. ഇതിനിടയില്‍ പഴയ നാടകത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പരിപാടികളും അണിയറയില്‍ ശക്തമാവുന്നുണ്ട്.

നിലനില്‍ക്കുന്ന സാമൂഹിക അടിത്തറയെ ദുര്‍ബലപ്പെടുത്തുന്നതാണ് ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുന്ന നാടകമെന്ന് പട്വര്‍ദ്ധന്‍ പറഞ്ഞു. ഇതിനെതിരെ മതേതര സാംസ്‌കാരിക പ്രവര്‍ത്തകര്‍ ശക്തമായി രംഗത്തിറങ്ങുന്നില്ല. എന്നാല്‍ നാടകങ്ങള്‍ നിരോധിക്കണമെന്ന അഭിപ്രായം അദ്ദേഹത്തിനില്ല. സംഘപരിവാറിന്റെ ഇത്തരം ഗൂഢോദ്യേശങ്ങള്‍ പുറത്തുവരുന്നതാണ് നല്ലതെന്ന് അദ്ദേഹം പറയുന്നു. ഗാന്ധിജിയെ കൊന്നതിനെ ന്യായീകരിക്കാനാണ് വലതുപക്ഷ തീവ്രവാദികള്‍ ഇപ്പോഴും ശ്രമിക്കുന്നതെന്ന് ജനം തിരിച്ചറിയണം. അങ്ങനെ സംഭവിച്ചാല്‍ അതൊരു സാംസ്‌കാരിക പ്രതിരോധത്തിന് കാരണമായി തീരുമെന്ന് പട്വര്‍ദ്ധനെ പോലുള്ളവര്‍ പ്രതീക്ഷിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍